ADVERTISEMENT

മാതാപിതാക്കള്‍ എന്ന നിലയില്‍ കുഞ്ഞിനെ വളര്‍ത്തുന്നതിനെയാണല്ലോ പേരന്റിങ് എന്നു വിളിക്കുന്നത്. തികച്ചും ബയോളജിക്കല്‍ ആയ ഈ ബന്ധം മാത്രമല്ല നാമിവിടെ പേരന്റിങ് എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ പരിഗണിക്കുന്നത്. കുട്ടിയുടെ ഭൗതീകവും സമൂഹികവും ബൗദ്ധികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണിവിടെ പ്രാഥമികമായി ഉദ്ദേശിക്കുന്നത്. ലളിതമായതും എന്നാല്‍ അത്രയ്ക്കങ്ങ് ലളിതമല്ലാത്തതുമായ നിരവധി ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നുണ്ട്. 

മാതാപിതാക്കളുടെ ഉത്തരവാദിത്തം

മികച്ച മാതാവോ പിതാവോ ആകുന്നതിന് ചില കഴിവുകള്‍ ആവശ്യമാണല്ലോ. അതു വളര്‍ത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയിലുള്ള ജനറേഷന്‍ ഗ്യാപ് മറികടക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. ഇക്കാര്യത്തില്‍ കുട്ടികള്‍ക്കല്ല, മാതാപിതാക്കള്‍ക്കാണ് ചുമതലയുള്ളതെന്നു മനസിലാക്കണം. 

ആദ്യം അവര്‍ പറയുന്നതു കേള്‍ക്കാന്‍ പഠിക്കണം.

Listen First....2018-ലെ ആഗോള ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം ഇതായിരുന്നു. നമ്മുടെ കുട്ടികള്‍ പറയുന്നത് കേള്‍ക്കുക. ആദ്യം അതാണ് ചെയ്യേണ്ടത്. അതിനാവശ്യമായ ക്വാളിറ്റി ടൈം കണ്ടെത്തേണ്ടത് നമ്മുടെ ചുമതലയാണ്. അതുവഴി മാതാപിതാക്കളും കുട്ടികളും തമ്മില്‍ നല്ലൊരു ബന്ധം വളര്‍ത്തിയെടുക്കാനാവും. എന്തു പ്രശ്‌നമുണ്ടായാലും അക്കാര്യം ആദ്യം മാതാപിതാക്കളോടു പറയുന്ന തരത്തിലുള്ള ആ ബന്ധം വളര്‍ത്തിയെടുത്താല്‍ കുട്ടികളുടെ പല സമ്മര്‍ദ്ദങ്ങളും, പ്രത്യേകിച്ച് കൗമാര പ്രായത്തിലേത്, ഒഴിവാക്കാനാവും. മയക്കു മരുന്നുകളിലേക്കും മറ്റും കുട്ടികള്‍ തെന്നി വീഴുന്നത് ഇത്തരമൊരു ബന്ധം ഇല്ലാത്ത സാഹചര്യത്തിലാണ്. കുട്ടികള്‍ക്കു വേണ്ടി ഇങ്ങനെ സമയം ചെലവഴിക്കുക എന്നത് ഓരോരുത്തരും അവരവരുടെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ചെയ്യണം. ചിലര്‍ക്ക് മണിക്കൂറുകളോളം ഇങ്ങനെ ചെലവഴിക്കാനാവും. മറ്റു ചിലര്‍ക്ക് അര മണിക്കൂര്‍ തന്നെ ഇതിനായി കണ്ടെത്താനാവുക ഏറെ ബുദ്ധിമുട്ടിയാകും. എത്ര സമയമായാലും അവരോടൊപ്പം, അവര്‍ക്കു വേണ്ടി ചെലവിടുന്നത് ക്വാളിറ്റി ടൈം ആണെന്ന് ഉറപ്പാക്കണം. അല്ലാതെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഫോര്‍വേഡു ചെയ്യുന്നതിനിടയിലോ ഭാര്യയുമായോ ഭര്‍ത്താവുമായോ ഭവനവായ്പാ ഇഎംഐ മുടങ്ങിയതിനെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനിടയിലോ കുട്ടികളുടെ സമീപത്തിരിക്കുന്നതല്ല ക്വാളിറ്റി ടൈം. 

കുട്ടികളോടുള്ള ആശയ വിനിമയം

ഓരോ കുട്ടിയും വ്യത്യസ്ത സാഹചര്യങ്ങളിലാണ് മനസു തുറന്നു സംസാരിക്കുന്നത്. ചിലര്‍ ഉറങ്ങാന്‍ പോകുമ്പോഴായിരിക്കും. ചിലര്‍ ഭക്ഷണം കഴിക്കുമ്പോഴായിരിക്കും. ചിലര്‍ മാതാപിതാക്കളുമൊത്ത് യാത്ര ചെയ്യുമ്പോഴായിരിക്കും. ഇതു നിങ്ങള്‍ക്കു വളരെ എളുപ്പത്തില്‍ കണ്ടെത്താനാവും. അതനുസരിച്ച് കൂടുതല്‍ ശ്രദ്ധ കൊടുക്കുക. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാവരുത് കുട്ടികളുമായുള്ള സംസാരത്തിനു തുടക്കം കുറിക്കേണ്ടത്. അതവരെ മനസു തുറന്നു സംസാരിക്കുവാന്‍ വിമുഖരാക്കിയേക്കാം. സംസാരത്തിനു തുടക്കം കുറിക്കുന്നത് നിങ്ങളാണെങ്കില്‍ അതായിരിക്കും നല്ലത്. അവരെ കുറിച്ചു നിങ്ങള്‍ ശ്രദ്ധിക്കുന്നു എന്ന തോന്നല്‍ ഉണര്‍ത്താന്‍ അതു സഹായിക്കും. 

നിങ്ങളുടെ താല്‍പ്പര്യം കുട്ടികള്‍ക്കു മനസിലാകുകയും വേണം.

കുട്ടികള്‍ പറയുന്നത് നിങ്ങള്‍ കേട്ടതു കൊണ്ടായില്ല. അവരുടെ കാര്യങ്ങളില്‍ നിങ്ങള്‍ക്കു ശ്രദ്ധയും താല്‍പ്പര്യവും ഉണ്ടെന്ന് അവര്‍ക്കു മനസിലാവണം. ആ രീതിയിലാവണം നിങ്ങളുടെ ഇടപെടല്‍. ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ ഇതു സാധ്യമാകും. ഉദാഹരണത്തിന് അവരുടെ ഏതെങ്കിലും പ്രശ്‌നങ്ങളെ കുറിച്ചവര്‍ പറയുകയാണെന്നു കരുതുക. ആ സമയത്ത് നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യം ഒന്നു നിര്‍ത്തി വെച്ചിട്ടാണ് അവര്‍ പറയുന്നതു കേള്‍ക്കുന്നതെങ്കില്‍ കുട്ടികള്‍ക്ക് അല്‍പം കൂടി പിന്തുണയാകും. അവര്‍ പറയുന്നതു പൂര്‍ത്തിയാക്കുവാന്‍ അനുവദിക്കുക എന്നതും ഏറെ പ്രധാനപ്പെട്ടതാണ്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടാണ് നിങ്ങളുടെ പ്രതികരണം എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നു എന്ന തോന്നല്‍ അവരിലുണ്ടാകും. 

പ്രായത്തിനനുസരിച്ച് അവരുടെ പ്രശ്‌നങ്ങളും മാറും. കുട്ടികള്‍ അവരുടെ ആശങ്കകളും പ്രശ്‌നങ്ങളും മാതാപിതാക്കളോടു പങ്കു വെക്കുന്നത് ശ്രദ്ധയോടെ കേള്‍ക്കണം എന്നു പറഞ്ഞല്ലോ. ഇതെല്ലാം ഒരൊറ്റ ദിവസം കൊണ്ട് സാധ്യമാകുന്നതല്ല. തുടര്‍ച്ചയായ ഇടപെടലുകള്‍ കൊണ്ടേ ഇത്തരം ബന്ധം വളര്‍ത്തിയെടുക്കാനാവൂ. എല്‍കെജിയിലും മറ്റും പോകുന്ന കുട്ടികള്‍ക്ക് അവരുടെ തലത്തിലുള്ള ആശങ്കയാവും ഉണ്ടാകുക. കൂട്ടുകാര്‍ പെന്‍സില്‍ ഒടിച്ചു കളഞ്ഞതോ പൂക്കള്‍ തുന്നിപ്പിടിപ്പിച്ച ബാഗു കീറിയതോ ഒക്കെയാവും അവര്‍ വലിയ കാര്യങ്ങളായി നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക. അതെല്ലാം കേള്‍ക്കാനായി നേരത്തെ പറഞ്ഞ ക്വാളിറ്റി ടൈം കണ്ടെത്തണം. അല്ലാതെ വെറുമൊരു പെന്‍സില്‍ ഒടിഞ്ഞ കാര്യമല്ലേ. ഞാനിവിടെ അത്യാവശ്യമായൊരു മെസേജ് അയക്കുന്നതിനിടയിലാണ് ഒരു പെന്‍സില്‍ കഥയെന്ന ചിന്താഗതിയുമായി അതിനെ കാണരുത്. ഇത്തരം ചെറിയ കാര്യങ്ങളില്‍ ചെറു പ്രായത്തില്‍ നിങ്ങളവരെ അവഗണിക്കുകയാണെങ്കില്‍ പിന്നീട് അത്ര ശക്തമായ ബന്ധം കുട്ടികളുമായി വളര്‍ത്തിയെടുക്കുവാന്‍ സാധിക്കില്ല. 

കൗമാര പ്രായത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളോ സമ്മര്‍ദ്ദമോ ഉണ്ടായാല്‍ അതവതരിപ്പിക്കുന്നത് നിങ്ങള്‍ക്കു മുന്നിലായിരിക്കണമെങ്കിലും ഇത്തരത്തിലൊരു ബന്ധം വളര്‍ത്തിയെടുക്കണം. കൗമാര പ്രായത്തിലെ പ്രശ്‌നങ്ങളും പലപ്പോഴും തുടക്കത്തില്‍ അത്ര ഗൗരവമുള്ളതായിരിക്കില്ല. മാതാപിതാക്കളുമായുള്ള ഗുണമേന്‍മയുള്ള ആശയ വിനിമയത്തിലൂടെ നിസാരമായി പരിഹരിക്കാവുന്നതായിരിക്കും ഇവയില്‍ പല പ്രശ്‌നങ്ങളും. പക്ഷേ, ആശയ വിനിമയത്തിന്റെ അഭാവവും ജനറേഷന്‍ ഗ്യാപ്പും അതു മനസിലാക്കാനോ ചര്‍ച്ച ചെയ്യാനോ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കും. ഇവിടെ ഉണ്ടാകുന്ന ശൂന്യതയിലേക്കു നുഴഞ്ഞു കയറുന്നവരാണ് പലപ്പോഴും പ്രശ്‌നക്കാരാകുന്നത്. 

കുട്ടികളും ആശയ വിനിമയത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്

ചില കാര്യങ്ങള്‍ പറയുമ്പോള്‍ നിങ്ങളുടെ പ്രതികരണം എന്താണെന്ന് അറിയാനായി അവര്‍ കാത്തിരിക്കും. അതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അവര്‍ തുടര്‍ന്നു കാര്യങ്ങൾ പറയുക. അവര്‍ പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കുകയും തുടര്‍ന്നു സംസാരിക്കാനുള്ള താല്‍പ്പര്യം അവരില്‍ ഉണര്‍ത്തുകയും ചെയ്യുക. പലപ്പോഴും കുട്ടികള്‍ നേരിടുന്ന നിസാരമായ പ്രശ്‌നങ്ങളേക്കാള്‍ വലിയ സമ്മര്‍ദ്ദങ്ങളുടെ നടുവിലായിരിക്കും മാതാപിതാക്കള്‍. പക്ഷേ, അതു കുട്ടികള്‍ക്കു പകര്‍ന്നു നല്‍കേണ്ടതില്ല. നിങ്ങള്‍ മാതാപിതാക്കളും അവര്‍ കുട്ടികളുമാണെന്നു മറക്കാതിരിക്കുക. 

സമ്മര്‍ദ്ദത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍.....

കുട്ടികള്‍ അവര്‍ നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സമ്മര്‍ദ്ദമുണ്ടെന്നോ പ്രശ്‌നമുണ്ടെന്നോ പറഞ്ഞാവില്ല അവര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക. പലപ്പോഴും അവര്‍ അതറിയുന്നു പോലും ഉണ്ടാകില്ല. ഇനി അറിഞ്ഞാലും അവരതായിരിക്കില്ല പറയുക. അതു കണ്ടു പിടിക്കേണ്ടതും മാതാപിതാക്കള്‍ തന്നെയാണ്. അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രതികരണങ്ങള്‍ക്കും അതിന്റേതായ പ്രസക്തിയുണ്ട്. നിങ്ങള്‍ കൂടി സമ്മര്‍ദ്ദത്തിലേക്കു വീഴുകയോ അതു പ്രകടിപ്പിക്കുകയോ ചെയ്യരുത്. ദേഷ്യം വന്നാല്‍ പോലും അത് അടക്കിപ്പിടിക്കുക. കുട്ടികള്‍ പറയുന്നത് ദേഷ്യത്തോടും മുന്‍വിധിയോടും കൂടി കേള്‍ക്കാതിരിക്കുക എന്നതും ഏറെ പ്രധാനപ്പെട്ടതാണ്. തീര്‍ച്ചയായും നിങ്ങള്‍ക്കു നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടി വരും. അതു പക്ഷേ, കുട്ടികളുടെ അഭിപ്രായത്തെ അവഗണിച്ചു കൊണ്ടോ അടിച്ചമര്‍ത്തിക്കൊണ്ടോ ആവരുത്. അവരുടെ ചിന്താഗതികള്‍ പരിഗണിക്കുന്നു എന്ന തോന്നല്‍ ഉണര്‍ത്താനാവണം കൂടുതല്‍ ശ്രദ്ധ. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ നിങ്ങളില്‍ നിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നും കണ്ടെത്തണം. അതിനനുസൃതമായിരിക്കണം നിങ്ങളുടെ പെരുമാറ്റവും പ്രതികരണവും. 

എല്ലാ കാര്യങ്ങളും പറയണമെന്നുമില്ല

എത്ര മികച്ച രീതിയിലെ ആശയ വിനിമയത്തിനു ശ്രമിച്ചാലും കുട്ടികള്‍ എല്ലാ കാര്യങ്ങളും പറയണമെന്നില്ല. പ്രത്യേകിച്ചു കൗമാരത്തിലെത്തുമ്പോള്‍ അവര്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാതാപിതാക്കളേക്കാള്‍ കൂട്ടുകാരോടു താല്‍പ്പര്യം കാട്ടുന്നതു സ്വാഭാവികം മാത്രം. ഇത്തരം സാഹചര്യങ്ങളില്‍ കളികളിലും മറ്റും അവരുടെ രീതികള്‍ നിരീക്ഷിച്ചാല്‍ അസ്വാഭാവികതയുണ്ടെങ്കില്‍ മനസിലാക്കാനാവും. അവരുടെ ആശങ്കകളും മറ്റും കളികളില്‍ പ്രതിഫലിക്കുന്നുണ്ടാവും. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ അവരെ അറിയിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. കൗമാരത്തില്‍ അവര്‍ എല്ലാം അറിയുവാന്‍ പ്രാപ്തരായി എന്നൊരു തോന്നല്‍ ചില മാതാപിതാക്കളിലെങ്കിലും ഉണ്ടാവാം. പ്രായത്തിനനുസരിച്ച് അവര്‍ അറിയേണ്ട കാര്യങ്ങള്‍ മാത്രം അവരെ അറിയിക്കുക എന്നതാവണം ഇവിടെ കൈക്കൊള്ളേണ്ട നയം. 

സുരക്ഷിതരാണെന്ന ബോധം സൃഷ്ടിക്കുക

എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങളുമായി പങ്കു വെയ്ക്കുന്ന കാര്യത്തില്‍ ചെറിയ കുട്ടികള്‍ക്കു ഭയമുണ്ടാകുന്നതിനു പിന്നിലെ പ്രധാന കാരണം ശിക്ഷയെ കുറിച്ചുള്ള ഭയമാണ്. അവര്‍ സുരക്ഷിതരാണെന്ന ഒരു തോന്നല്‍ വളര്‍ത്തിയെടുക്കണം. അതിനര്‍ത്ഥം എന്തും ചെയ്യാം എന്ന തോന്നല്‍ ഉണ്ടാക്കുകയല്ല. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തന്നെ അതു മാതാ പിതാക്കളുമായി പങ്കു വെയ്ക്കാനാവും എന്ന തോന്നലാണ് വളര്‍ത്തേണ്ടത്. അതു പോലെ തന്നെ സഹായം ആവശ്യമുണ്ടായാല്‍ മാതാ പിതാക്കളില്‍ നിന്നതു ലഭിക്കും എന്ന ബോധ്യവും അവര്‍ക്കുണ്ടാകണം. 

സത്യസന്ധരായിരിക്കുക

യാഥാര്‍ത്ഥ്യം എന്തോ അതു പ്രകടിപ്പിക്കുന്ന ശീലം കുട്ടികള്‍ക്കും പകര്‍ന്നു കൊടുക്കണം. മാതാപിതാക്കള്‍ സത്യസന്ധരാണെന്നു കണ്ടാല്‍ അതു പകര്‍ത്താന്‍ കുട്ടികളും ശ്രദ്ധിക്കും. ചെറിയ കുട്ടികള്‍ കരുതുന്നത് തങ്ങളുടെ മാതാപിതാക്കള്‍ എല്ലാം അറിയാവുന്നവരാണെന്നാണ്. അതനുസരിച്ചായിരിക്കും അവരുടെ രീതികള്‍. പക്ഷേ, അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്നു പറയുന്നതാവും നല്ലത്. ഇതു കുട്ടികളോടു പറയുന്ന രീതി തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ പ്രായം കൂടി കണക്കിലെടുക്കണം. കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്തുന്ന രീതിയിലാവണം നീക്കങ്ങള്‍. 

നിങ്ങളുടെ കുട്ടികള്‍ വളരുന്നത് ഒറ്റപ്പെട്ട ദ്വീപിലല്ല

മയക്കു മരുന്നുപയോഗം, ആത്മഹത്യാ പ്രവണത എന്നിവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുകയോ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശകലനം നടത്തുകയോ ചെയ്യുന്ന മാതാപിതാക്കളുടെ പൊതുവായൊരു ചിന്താഗതി അതു മറ്റുള്ളവര്‍ക്കു മാത്രം ബാധകമായ എന്തോ ഒന്നാണെന്നാണ്. മദ്യം, മയക്കു മരുന്ന് ഉപയോഗം, ആത്മഹത്യാ പ്രവണത എന്നിവയെല്ലാം നിങ്ങളുടെ കുട്ടികളേയും ബാധിക്കാവുന്ന വിപത്തുകളാണെന്ന് കരുതിയിരിക്കണം. മുതിര്‍ന്നവര്‍ അല്ലെങ്കില്‍ അപൂര്‍വമായി കൗമാരക്കാര്‍ മാത്രം പരിഗണിക്കുന്ന ഒന്നാണ് ആത്മഹത്യ എന്നു കരുതരുത്. വിഷാദവും ആത്മഹത്യാ ചിന്തയുമെല്ലാം കുട്ടികളിലും ഉണ്ടായേക്കാം. കാരണങ്ങള്‍ വ്യത്യസ്തമായിരിക്കാം എന്നു മാത്രം. സാമൂഹികമായ കാര്യങ്ങളില്‍ നിന്നു പിന്‍മാറുക, ആത്മഹത്യയെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം സംസാരിക്കുക, ആത്മഹത്യയെ കുറിച്ചു നെറ്റില്‍ പരതുക തുടങ്ങിയ നിരവധി മുന്‍ സൂചനകള്‍ ആത്മഹത്യയുമായി ബന്ധപ്പെട്ടു കണ്ടെത്താം. 

English Summary : Duties and responsibilities of parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com