ADVERTISEMENT

ഓരോ മാതാപിതാക്കൾക്കും അവരുടെ കുട്ടികളോട് ഉത്തരവാദിത്ത ബോധമുണ്ട്. തങ്ങൾ നൽകുന്ന വാത്സല്യത്തിനും സ്നേഹത്തിനും മക്കൾ തിരിച്ചും തീവ്രമായ വില മതിപ്പ് കാണിക്കുമെന്നാണ് എല്ലാ മാതാപിതാക്കളും പ്രതീക്ഷിക്കുന്നത്. എന്നാൽ എല്ലാം തികഞ്ഞു  ഒരു ബന്ധവുമില്ല. നമ്മുടെ കുട്ടികളെ സ്നേഹിക്കുക എന്നതിനർത്ഥം നമ്മുടെ ചിന്തകൾ ക്രമീകരിക്കുകയെന്നതാണ്. മക്കളിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതിന്റെ ബാർ ഉയർത്തരുത്  കുട്ടികളാണെന്ന സത്യം മനസ്സിലാക്കിക്കൊണ്ടു തന്നെ അവരുടെ മോശം പെരുമാറ്റങ്ങളെ സഹിക്കണം. അവരുണ്ടാക്കുന്ന പ്രകോപനങ്ങളെയും അസ്വസ്ഥതകളെയും ക്ഷമിക്കുക. നിങ്ങൾ കുട്ടികളിൽ നിന്നും പ്രതീക്ഷ വച്ചു  പുലർത്താൻ പാടില്ലാത്ത 9 കാര്യങ്ങൾ ഇതാ

1. എല്ലാം തികഞ്ഞ റിപ്പോർട്ട് കാർഡ് 

എല്ലാവരുടെയും ആഗ്രഹം മക്കൾ ഉയർന്ന ഗ്രേഡ് വരണമെന്നായിരിക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാൻ മക്കളിൽ നിന്നും എല്ലാം തികഞ്ഞ റിപ്പോർട്ട് കാർഡ് ആയിരിക്കും മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. എന്നാൽ കുട്ടികൾ വിദ്യാഭ്യാസത്തോട് പ്രതികരിക്കുന്നത് വ്യത്യസ്‌ത മാർഗങ്ങളിലൂടെയാകാം. ആൽബർട്ട് ഐൻസ്റ്റൈനും സ്റ്റീവ് ജോബ്‌സിനും പോലും പ്രാഥമിക വിദ്യാലയത്തിൽ എ ഗ്രേഡുകൾ ലഭിച്ചിട്ടില്ല. വളരാനുള്ള അവസരം അവർക്ക് വാഗ്‌ദാനം ചെയ്യുക. ഒപ്പം അവർ സമയത്തിനനുസരിച്ച് മികച്ച ഗ്രേഡുകൾ നേടുകയും ചെയ്യും.

2. മക്കളെങ്ങനെയാകണമെന്ന് ആഗ്രഹിക്കരുത് 

മക്കൾ അവർ ആഗ്രഹിക്കുന്ന സാധനം കിട്ടുന്നതിന് വേണ്ടി കരഞ്ഞു വാശിപിടിച്ചേക്കാം. പഠിക്കാനുള്ളതൊന്നും ചെയ്യാതെ മക്കൾ ടി വി കണ്ടുകൊണ്ടിരിക്കുന്നത് നിങ്ങളെ പ്രകോപിച്ചേക്കാം. മക്കൾ അവരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന കാര്യം കുട്ടികളോട് പറഞ്ഞു വ്യക്തമാക്കണം. അതിന് അവരെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്തു കൊടുക്കണം. എന്നാൽ മെച്ചപ്പെടുത്തൽ വേഗത്തിൽ വേണമെന്ന് പ്രതീക്ഷിക്കരുത്. ക്രമേണയുള്ള മാറ്റം സാവധാനത്തിലേ സാധ്യമാകൂ.

3. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളാണ് മക്കൾ പകർത്തുന്നത് 

ചില സാഹചര്യങ്ങളിൽ കുട്ടികൾ നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിലൊക്കെ പ്രതികരിച്ചെന്നു വരാം. നിങ്ങൾ പറയുന്നത് മാത്രം അനുസരിക്കാൻ മക്കൾ റോബോട്ടുകളല്ല. നിങ്ങൾ പറയുന്നത് അനുസരിക്കുന്നതിനേക്കാൾ അവർക്കിഷ്ടം നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ പ്രാവർത്തികമാക്കാനാണ്. ഉദാഹരണത്തിന് അവർ കള്ളം പറയരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരോട് കള്ളം പറയരുത്. മാതാപിതാക്കൾ അശ്ലീല വാക്കുകൾ ഉപയോഗിക്കാതിരുന്നാൽ മക്കളും അവ ഉപയോഗിക്കില്ല.

4. മക്കൾ എപ്പോഴും നന്ദിയുള്ളവരായിരിക്കണം 

നിങ്ങൾ വഹിക്കുന്ന സ്‌കൂൾ ചെലവുകൾ, മക്കൾക്ക് നൽകുന്ന ഭക്ഷണം, വസ്ത്രം തുടങ്ങിയവയ്‌ക്കെല്ലാം മക്കൾ നന്ദിയുള്ളവരായിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കാൻ പാടില്ല. രക്ഷാകർത്താവ് എന്ന നിലയിൽ അതെല്ലാം നമ്മുടെ കടമയാണ്. അതേസമയം കൃതജ്ഞത എന്ന ആശയം മക്കളുടെ മനസ്സിൽ വളർത്തിയെടുക്കാൻ നിങ്ങൾ ശ്രമിക്കണം.

5. മറ്റുകുട്ടികളെപ്പോലെയാകണം എന്ന് പ്രതീക്ഷിക്കരുത് 

അയൽപക്കത്തെ കുട്ടിയുടെ അതേ  കഴിവും പെരുമാറ്റ രീതികളുമൊക്കെ  സ്വന്തം മക്കളിൽ നിന്നും പ്രതീക്ഷിക്കരുത്. ഓരോ കുട്ടിയും  വളരുന്നത് വ്യത്യസ്‌ത പരിസ്ഥിതികളിലാണ്. അവർ വ്യത്യസ്‌തമായ വ്യക്തിത്വങ്ങളും ശക്തികളും ബലഹീനതകളും ഉള്ളവരുമാണ്. കുട്ടികളെ അപലപിക്കുകയോ അവരിൽ നിന്നും വളരെയധികം പ്രതീക്ഷിക്കുകയോ  ചെയ്യുന്നതിനേക്കാൾ അവരിലെ പോസിറ്റീവ് ഗുണങ്ങളെ പ്രോൽസാഹിപ്പിക്കാൻ  ശ്രമിക്കുക. 

6. കുട്ടികൾ എല്ലാം സഹിച്ചു ജീവിക്കട്ടെ 

മാതാപിതാക്കളുടെ പെട്ടെന്നുള്ള  വിവാഹമോചനം,  അന്യരാജ്യത്തേക്ക് പോകൽ, ജോലി നഷ്ടപ്പെടുമ്പോഴുള്ള സാമ്പത്തിക ഞെരുക്കം ഇതെല്ലാം കുട്ടികളെ സമ്മർദ്ദത്തിലാക്കിയേക്കാം. തങ്ങളുടെ ഉത്തരവാദിത്തത്തിൽ പെടാത്ത കാര്യങ്ങളിൽ പെട്ടെന്ന് വൈകാരികമായി ഇടപഴകേണ്ടി വരുമ്പോൾ അവർക്ക് എല്ലായ്‌പ്പോഴും സഹിക്കുവാനും ക്ഷമിക്കുവാനും കഴിയില്ല.

7. കുട്ടികൾ പരസ്‌പരം ബഹുമാനം ഉള്ളവരാകണം 

പരസ്‌പരം ബഹുമാനമെന്നത് കുട്ടികൾ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. മാതാപിതാക്കൾ പരസ്‌പര ബഹുമാനത്തോടെ സംസാരിക്കുന്നതും പെരുമാറുന്നതും കണ്ടു വളരുന്ന കുട്ടികൾ, മുതിർന്നാലും അവരുടെ പങ്കാളിയോട്  അത്തരത്തിലേ പെരുമാറൂ. 

8. എന്റെ മക്കൾ ശരിയാണ് 

ആരും ഒരിക്കലും ശരിയല്ല. ഓരോ കുട്ടികൾക്കും അവരുടേതായ അപവാദങ്ങളുമുണ്ടായിരിക്കും. അത് അംഗീകരിക്കാൻ മാതാപിതാക്കളും തയ്യാറായിരിക്കണം. കുട്ടികളിൽ അമിത ആത്മവിശ്വാസം അർപ്പിക്കരുത്.

9. പ്രതിസന്ധികളോട് പൊരുതാൻ അനുവദിക്കുക 

ചില സമയങ്ങളിൽ, ചില സാഹചര്യങ്ങളിൽ ജീവിതപാഠങ്ങൾ പഠിക്കാൻ കുട്ടികളെ അനുവദിക്കുന്നതാണ്, അവരെ ശിക്ഷിക്കുന്നതിനേക്കാൾ നല്ലത്. അത് അവരെ മികച്ച വ്യക്തികളാക്കും. കുട്ടികൾ എല്ലാം തികഞ്ഞവരല്ല. അവർ തെറ്റുകൾ വരുത്തും. എന്നാലും ഓരോ പ്രവൃത്തിക്കും അനന്തരഫലങ്ങൾ  ഉണ്ടെന്ന് അവർ മനസ്സിലാക്കട്ടെ. 

മക്കളെ കണ്ടും മാമ്പൂവ് കണ്ടും കൊതിക്കരുതെന്ന ചൊല്ലിൽ ഒരുപാട് സത്യങ്ങൾ ഉണ്ട്. എന്നുകരുതി ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടാൻ മാതാപിതാക്കൾക്ക് കഴിയുകയുമില്ല. നന്ദി, സ്നേഹം, കടമ എന്നിവയെക്കുറിച്ച് മക്കളോട് പറഞ്ഞു മനസിലാക്കാം. നമ്മളുടെ പ്രവൃത്തിയിലൂടെ  ചെയ്‌തു  കാണിക്കാം, അത് അവർ ഭാവിയിൽ പ്രാവർത്തികമാക്കിക്കോളും. പ്രതീക്ഷകൾക്ക് അതിരിടുക.

English Summary : Nine Things Parents Should Stop Expecting For Their Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com