ADVERTISEMENT

കുട്ടികളുടെ വാശി മാതാപിതാക്കൾക്ക് ഒരു തലവേദനയാണ്. സ്വാർഥതയും തൻ കാര്യം ഉടൻ സാധിച്ചു കിട്ടണമെന്ന നിർബന്ധ ബുദ്ധിയുമൊക്കെ കുട്ടിത്തത്തിന്റെ സഹജ ഭാവങ്ങളാണ്. ആവശ്യങ്ങൾ അവസരോചിതമായി നീട്ടി വയ്ക്കാനുള്ള വിവേകം ആ പ്രായത്തിൽ കുറവായിരിക്കും. നല്ല വളർത്തലിലൂടെ ഇതൊക്കെ മാറ്റിയെടുക്കണം. കടുംപിടുത്തങ്ങൾ ഒഴിവാക്കി, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്ന പാകതയിലേക്കാണ് കുഞ്ഞുങ്ങൾ വളരേണ്ടത്.

ചൊട്ടയിലെ തുടങ്ങാം

ചെറുപ്രായത്തിൽ ആഗ്രഹങ്ങൾ  ഏതു വിധേനയും സാധിച്ചു കൊടുക്കുന്ന തരത്തിലുള്ള വാത്സല്യപ്രകടനം കാണിക്കുന്ന മാതാപിതാക്കൾ ധാരാളം. എന്തു പറഞ്ഞാലും നിറവേറ്റി കിട്ടുമെന്ന ഒരു വിചാരം പല കുട്ടികളുടെയും മനസ്സിൽ അതുകൊണ്ട് ഉണ്ടായേക്കാം. മോഹങ്ങൾ പൂർത്തീകരിക്കാതെ വരുമ്പോൾ പിടി വാശിയെന്ന തന്ത്രം പതിയെ എടുക്കാൻ തുടങ്ങുന്നു. കരച്ചിലും പിഴിച്ചിലുമായി തുടങ്ങി, പ്രായം കൂടി വരുമ്പോൾ അക്രമവാസനകളിലേക്കും മറ്റു സമ്മർദ്ദ തന്ത്രങ്ങളിലേക്കുമൊക്കെ പെരുമാറ്റ പ്രശ്നങ്ങൾ വളരുന്നു. വെറുതെയൊരു സീൻ ഉണ്ടാക്കേണ്ടെന്ന വിചാരത്തിലോ, കുട്ടി എന്തെങ്കിലും അവിവേകം കാട്ടുമെന്ന ഭയത്തിലോ വഴങ്ങി കൊടുക്കുമ്പോൾ സ്വയം പാലിക്കേണ്ട ചില അച്ചടക്കങ്ങളുടെയും ആത്മനിയന്ത്രണങ്ങളുടെയും പാഠങ്ങൾ കുട്ടിക്ക് കിട്ടാതെ പോകുന്നു. ഇഷ്ടങ്ങൾ സാധിച്ചു കിട്ടാൻ വാശിയെന്ന ആയുധം ഉപയോഗിച്ചാൽ മതിയെന്ന കുബുദ്ധി ഉണ്ടാവുകയും ചെയ്യും. 

മാതാപിതാക്കളെ മുൾമുനയിൽ നിർത്തുന്ന ദുർവാശിയെന്ന ഗുരുതരമായ പെരുമാറ്റ വൈകല്യത്തിന്റെ അടിത്തറ ഉണ്ടാകുന്നത് അങ്ങനെയാണ്. ശൈശവത്തിൽ തന്നെ വാശികൾക്കു കടിഞ്ഞാണിടാനുള്ള നടപടികൾ തുടങ്ങണം. ആവശ്യങ്ങൾ നീട്ടി വയ്ക്കാനുള്ള മനോഭാവം ഉണ്ടാക്കിയെടുക്കണം. സ്നേഹശൂന്യമായ നിഷേധിക്കലല്ല, സ്നേഹപൂർവ്വമുള്ള മനസ്സിലാക്കി കൊടുക്കൽ ചെറു പ്രായത്തിൽ തുടങ്ങണം. കുഞ്ഞല്ലേ, ചെറിയ ആഗ്രഹമല്ലേയെന്നൊക്കെ പറഞ്ഞു ഇടയ്ക്കു കയറി കാര്യങ്ങൾ സാധിച്ചു കൊടുത്തു വഷളാക്കുന്ന മറ്റു കുടുംബാംഗങ്ങളെ വിലക്കുകയും വേണം. എല്ലാ ദുശീലങ്ങളുടെയും അടിത്തറ നന്നേ ചെറുപ്പത്തിൽ ഉണ്ടാകുന്നുവെന്ന തത്വം മറക്കരുത്. വാശി കുടുക്കയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതും അറിഞ്ഞിരിക്കണം.

വാശി കുരുന്നിനെ മെരുക്കാൻ ടിപ്സ്

∙ ആവശ്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കാം. എനിക്കിപ്പോൾ വേണമെന്ന നിർബന്ധ ബുദ്ധിയോടെ അവതരിപ്പിച്ചാൽ ശരിയായ ആവശ്യങ്ങളും കേൾക്കപ്പെടില്ലെന്ന തോന്നൽ ഉണ്ടാകണം. ആദരവോടെ, ശാന്തമായി വേണം പറയാൻ എന്നറിയണം. ആവശ്യവും അനാവശ്യവും സ്വയം വിശകലനം ചെയ്യാനുള്ള പ്രാപ്തി പ്രായത്തിനു ചേർന്ന വിധത്തിൽ ഉണ്ടാക്കി കൊടുക്കണം. ആവശ്യങ്ങൾ സ്നേഹപൂർവ്വം നിരാകരിക്കുമ്പോൾ കാരണങ്ങൾ ചൂണ്ടി കാണിച്ചു കൊടുക്കണം. ശാന്തതയോടെ എന്നാൽ ദൃഡ മനസ്സോടെ എല്ലാ വാശി സാഹചര്യങ്ങളിലും ഇതൊക്കെ ചൊല്ലി കൊടുക്കാനുള്ള ക്ഷമയുണ്ടാകണം.

 

∙ ദുർവാശി കലരുന്ന പെരുമാറ്റ വൈകല്യങ്ങളെ ശക്തമായി അവഗണിക്കണം. വാശി വെടിഞ്ഞു  ശാന്തമായി പറഞ്ഞാലേ ശ്രദ്ധിക്കുവെന്ന തോന്നൽ ഉണ്ടാകണം. ശ്രദ്ധ നേടുവാനായി ഭീതി ഉണ്ടാക്കുന്ന കുരുത്തക്കേടുകൾ കാട്ടിയാൽ ശാരീരികമായി തന്നെ നിയന്ത്രിക്കാൻ  മടിക്കില്ലെന്ന സൂചന വാശിയില്ലാത്ത നേരം നൽകിയിരിക്കണം. അത് ശാരീരിക ഉപദ്രവമായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടിയുടെയും വീട്ടിലിലുള്ളവരുടെയും സുരക്ഷയാണ് ലക്ഷ്യം. വേണ്ടി വന്നാൽ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടാം. മറ്റുള്ളവരുടെ സാന്നിധ്യം ഉണ്ടാകുമ്പോൾ പല കുട്ടികളും പത്തി മടക്കും. നാണക്കേട് ഭയന്ന് മാതാപിതാക്കൾ ഇത് ചെയ്യില്ലെന്നത് കുട്ടികൾക്ക് പച്ച കൊടിയാകുന്നു .

 

∙ എല്ലാ സന്ദർഭങ്ങളിലും അതെയല്ലെന്നും പലപ്പോഴും അല്ലായെന്നാകാമെന്നുമുള്ള  ജീവിത തത്വം കുട്ടിയുടെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും ഓർമ്മിപ്പിക്കാനുള്ള അവസരം ദുർവാശി കൈകാര്യംചെയ്യുമ്പോൾ ഉണ്ടാകുന്നുണ്ട്. അത് നന്നായി ഉപയോഗിക്കുക. ജീവിത പ്രതിസന്ധികളെ കൈകാര്യം ചെയ്യാൻ ഇത് പ്രയോജനകരമാകും. എന്നോട് സ്നേഹമില്ലാത്തത് കൊണ്ടാണ് ഇതൊന്നും ചെയ്ത് തരാത്തതെന്ന് തുടങ്ങി പല തരം ബ്ലാക്ക് മെയിലിങ് തന്ത്രങ്ങളും ഉണ്ടാകും. അതിൽ വീണു പോകരുത്.

 

∙ ഒരു കാരണവശാലും കുട്ടിയുടെ ദുർവാശിക്ക്‌ വഴങ്ങാൻ പാടില്ല. പ്രതിസന്ധി താൽക്കാലികമായി മാറുമെന്നത് ശരിയാണ്. എന്നാൽ അതവരുടെ സ്വഭാവ രൂപീകരണത്തെ തകിടം മറിക്കും. അത് ശാന്തമായി തന്നെ നേരിടുകയും വേണം. കോപമോ, സങ്കടമോ, അസ്വസ്ഥതയോ കാണിച്ചാൽ മുതിർന്നവരുടെ മനസ്സ് ചഞ്ചലപ്പെടുന്നുവെന്ന സന്ദേശം കുട്ടികൾക്ക് കിട്ടും. വാശിയുടെ തോത് വർധിക്കുകയും ചെയ്യും.

 

∙ഷോപ്പിങ് മാളിലോ അത് പോലെയുള്ള സ്ഥലങ്ങളിലോ പോകുമ്പോൾ എന്തൊക്കെ വാങ്ങുമെന്ന് മുൻകൂറായി നിശ്ചയിക്കണം. അവിടെ എത്തുമ്പോൾ മറ്റുള്ളവർ കാൺകെ വാശി കാട്ടുന്ന കുട്ടികളുണ്ട്. പൊതു സ്ഥലത്തോ മറ്റുള്ളവരുടെ മുമ്പിലോ വാശി കാട്ടിയാൽ ഉത്തരം പറ്റില്ലെന്നാകുമെന്ന പൊതു നയം വേണം. കൂട്ടുകാരുമായി പുറത്തു പോകൽ, അവരുടെ ജന്മദിനത്തിന് അവരോടൊപ്പം താമസിക്കൽ തുടങ്ങിയ കാര്യങ്ങളിലും പൊതുവായ തീരുമാനങ്ങൾ വേണം. അതിൽ നിന്നും നിർബന്ധ ബുദ്ധി കാട്ടിയുള്ള  മാറ്റങ്ങൾ പാടില്ല. എല്ലാ മക്കൾക്കും ഇത് ഒരു പോലെ ബാധകവുമാകണം.

 

∙നിർബന്ധ ബുദ്ധിയുടെയും വാശിയുടെയും തെറ്റായ മാതൃകകൾ  കുട്ടികളുടെ മുമ്പിൽ പ്രകടിപ്പിക്കാതിരിക്കാൻ മാതാ പിതാക്കളും ശ്രദ്ധിക്കണം.

 

∙വാശിയടങ്ങുമ്പോൾ ആശയ വിനിമയത്തിനുള്ള പാലം തുറക്കുക. എന്തുകൊണ്ട് കുട്ടി ഇത്തരം ആവശ്യത്തിലേക്ക് പോയി എന്നു മനസ്സിലാക്കുക. അത് എന്തുകൊണ്ട് നിഷേധിച്ചുവെന്ന്  ബോധ്യപ്പെടുത്തുക. കുട്ടിയുടെ മുൻകാല നല്ല പെരുമാറ്റങ്ങൾ ചൂണ്ടി കാട്ടി സ്നേഹം കാട്ടുക. എന്തുകൊണ്ട് ഗുണ്ടായിസത്തോട് ചേർന്ന് നിൽക്കുന്ന ഈ വാശി ഇഷ്ടം കുറയ്ക്കുന്നുവെന്നും മനസ്സിലാക്കുക. അനിഷ്ടം ഈ പെരുമാറ്റത്തിനോടാണെന്നും കുട്ടിയോടല്ലെന്നും വ്യക്തമാക്കേണ്ടതുണ്ട്. നിന്നെ ഞാൻ രക്ഷാകർത്താവെന്ന അധികാരമുപയോഗിച്ച് നേരയാക്കുമെന്ന ശൈലിയെക്കാൾ നമുക്ക് ഇത് പരിഹരിക്കണമെന്ന ശൈലിയാണ് അഭികാമ്യം. ബദൽ പെരുമാറ്റങ്ങളെ കുറിച്ച് കുട്ടിയും ആലോചിക്കട്ടെ. അതിനുള്ള അന്തരീക്ഷം ഉണ്ടാകട്ടെ.

 

∙ചില കുട്ടികളുടെയെങ്കിലും ദുർവാശിക്ക്‌ പിന്നിൽ വിദഗ്ധ സഹായം വേണ്ട മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ശ്രദ്ധ വൈകല്യം, ചില വിഷാദാവസ്ഥകൾ ഇങ്ങനെ പല മാനസിക ബുദ്ധിമുട്ടുകളിലും കുട്ടികൾ വാശിക്കാരായി മാറാറുണ്ട്. കൂടുതൽ ശ്രദ്ധ വേണമെന്ന തരത്തിലുള്ള സ്വഭാവ പ്രകൃതമുള്ള കുട്ടികളും പിടിവാശി കാണിക്കാറുണ്ട്. എല്ലാ സന്ദർഭങ്ങളിലും പരിഹാര ക്രീയകളിൽ മാതാ പിതാക്കൾക്ക് വലിയ പങ്കുണ്ട് .

 

നല്ലൊരു ശതമാനം കുട്ടികളും വീട്ടിൽ മാത്രമാണ് ഇതൊക്കെ തുടക്കത്തിൽ പ്രകടിപ്പിക്കുന്നത്. അതുകൊണ്ട്വീട്ടിലുള്ളവർ ഇത് നേരത്തെ തിരിച്ചറിയണം, തിരുത്തണം. തീരുമാനങ്ങളുടെ കടിഞ്ഞാൺ കുട്ടികളുടെ കൈകളിലേക്ക് പൂർണ്ണമായും പോയാൽ പിന്നെ തിരുത്തൽ ക്ലേശകരമാകും.

(കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനാണ് ലേഖകൻ )

English Summary : Teaching Your Child Self-Control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com