ADVERTISEMENT

 കുഞ്ഞുങ്ങള്‍ ആദ്യമായിട്ട് വാക്കുകള്‍ പറഞ്ഞു തുടങ്ങുന്നത് മാതാപിതാക്കള്‍ക്ക് വളരെ കൗതുകമാണ്. അവരുടെ കൊഞ്ചിക്കൊണ്ടുള്ള ഓരോ വാക്കും നിങ്ങള്‍ ആസ്വദിക്കുന്നുമുണ്ടാകാം. അതിനാല്‍ ശരിയായ ഉച്ചാരണം പറഞ്ഞു കൊടുത്തു തിരുത്താനും നാം ശ്രമിക്കാറില്ല. എന്നാല്‍ രണ്ടു വയസ്സ് കഴിഞ്ഞ കുട്ടി വെള്ളത്തിനു ‘ഉമ്പം’ എന്നും ചോറിനു ‘മമ്മം’ എന്നുമൊക്കെയാണ് പറയുന്നതെങ്കില്‍ ആ വാക്കുകള്‍ തിരുത്തി കൊടുക്കേണ്ട സമയമായി. നടക്കാന്‍ തുടങ്ങിയാല്‍ പിന്നെ കുഞ്ഞുങ്ങള്‍ക്ക് വാക്കുകള്‍ എളുപ്പത്തില്‍ പഠിക്കാനുമാകും. വികസിക്കാന്‍ തുടങ്ങിയ അവരുടെ തലച്ചോറിനു, ചുറ്റുമുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ ഗ്രഹിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഈ സമയത്ത് ശരിയായ വാക്കുകളും ഉച്ചാരണവും പറഞ്ഞുകൊടുത്ത് കുഞ്ഞുങ്ങളുടെ പദസമ്പത്ത് വികസിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ആ കഴിവ് മുരടിച്ചു പോകും. 

കുഞ്ഞുങ്ങളുടെ പദസമ്പത്ത് വികസിപ്പിക്കാന്‍ 10 വഴികള്‍ 

1. കുഞ്ഞുങ്ങളിലേയ്ക്ക് ചെവി കൂര്‍പ്പിക്കുക: കുഞ്ഞുങ്ങള്‍ വ്യത്യസ്ത ശബ്ദങ്ങള്‍ ഉണ്ടാക്കുന്നത് അവരുടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നു ശ്രദ്ധിച്ചാല്‍ മനസിലാകും. അവര്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ അത് ശ്രദ്ധിക്കുക. നിങ്ങള്‍ കുഞ്ഞുങ്ങളോട് കണ്ണില്‍ നോക്കി സംസാരിക്കുമ്പോള്‍ അവര്‍ക്ക് നിങ്ങളോടുള്ള അടുപ്പം കൂടും. കുഞ്ഞുങ്ങള്‍ വളരുന്തോറും അവരോട് ശരിയായ ഉച്ചാരണത്തില്‍ വാക്കുകള്‍ പറയുക. അവ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുമ്പോള്‍ പിന്നീട് കുഞ്ഞുങ്ങള്‍ക്ക് ആ വാക്കുകള്‍ ശരിയായി പറയാനാകും. 

 

2. ആഹാരനേരത്തെ സംസാരം : കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം മേശയില്‍ ഇരുത്തി കൊടുക്കുന്ന സമയത്തോ, എടുത്തു കൊണ്ട് നടന്നു കൊടുക്കുന്ന സമയത്തോ ചുറ്റും കാണുന്ന കാര്യങ്ങളെ പേര് പറഞ്ഞു ചൂണ്ടി കാണിക്കുക. സ്പൂൺ, കപ്പ്, പാത്രം തുടങ്ങിയ വാക്കുകള്‍ ആവര്‍ത്തിച്ചു പറഞ്ഞു പരിച്ചയപ്പെടുത്തുക. കൊടുക്കുന്ന ഭക്ഷണ സാധനത്തിന്റെ പേര് പറഞ്ഞു കൊടുക്കുക. ആവര്‍ത്തിച്ചു കേള്‍ക്കുന്ന ആ വാക്കുകള്‍ ആയിരിക്കും അവര്‍ ആദ്യ ഘട്ടത്തില്‍ പറഞ്ഞു തുടങ്ങുന്നത്. 

 

3. കളിയിലൂടെ : കുഞ്ഞുങ്ങളുടെ ഏറ്റവും നല്ല സമയം കളിസമയമാണ്. അവരോടൊത്ത് കളിക്കുമ്പോള്‍ കളിപ്പാട്ടങ്ങളുടെ പേര് പറഞ്ഞു കൊടുക്കുക. നിങ്ങള്‍ പറയുന്ന കാര്യങ്ങളെല്ലാം അവര്‍ക്ക് പഠിക്കാനായില്ലെങ്കിലും ആ കളിപ്പാട്ടങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു അവര്‍ മനസ്സിലാക്കുന്നുണ്ട്. മുതിര്‍ന്ന കുട്ടികളോടൊത്തു കളിക്കുമ്പോഴാണ് കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ പുതിയ വാക്കുകള്‍ പഠിക്കാനാകുന്നത്. 

 

4. വായിച്ചു കൊടുക്കുക : പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനായാല്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ കിടത്തുമ്പോള്‍ കഥകള്‍ പറഞ്ഞു കൊടുക്കാം. വലിയ ചിത്രങ്ങളുള്ള പുസ്തകങ്ങളില്‍ ഓരോന്നും കാണിച്ചു കൊടുത്ത് മൃഗങ്ങളേയും പക്ഷികളേയുമൊക്കെ പരിചയപ്പെടുത്താം. കഥ പറയുമ്പോള്‍ ആ ഭാവങ്ങള്‍ കൂടി നിങ്ങളുടെ മുഖത്തു വരുത്തണം. കാക്ക കരഞ്ഞു എന്ന് പറയുമ്പോള്‍ ക്രാ ക്രാ എന്നും സിംഹം ഗര്‍ജ്ജിച്ചു എന്ന് പറയുന്നതോടൊപ്പം ഗർർർ എന്നുമൊക്കെയുള്ള ശബ്ദങ്ങൾ കേള്‍പ്പിക്കുക. അപ്പോള്‍ കുട്ടികള്‍ക്ക് കഥ കേള്‍ക്കാന്‍ താല്പര്യം കൂടുകയും അവര്‍ ആ ശബ്ദങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. മുതിര്‍ന്നു കഴിയുമ്പോള്‍ സ്വയം കഥ വായിക്കാന്‍ അവര്‍ക്കിത് പ്രചോദനമാവുകയും ചെയ്യും. 

 

5. കാണിച്ചു പറയുക : പുതിയ കാര്യങ്ങളെ കാണാനും കേള്‍ക്കാനും കുഞ്ഞുങ്ങള്‍ക്ക് നല്ല കൗതുകമാണ്. യാത്രയിലും മറ്റും ഒാരോന്നു ചൂണ്ടികാണിച്ചു അവര്‍ക്ക് പേര് പറഞ്ഞു കൊടുക്കുക. കുഞ്ഞുങ്ങളുടെ പ്രായമനുസരിച്ച് ചെറു വിശദീകരണവും ആകാം. അപ്പോള്‍ കുഞ്ഞുങ്ങള്‍ നിങ്ങളോടും ഓരോന്ന് ചോദിച്ചു തുടങ്ങും. 

 

6. കൊഞ്ചി പറയരുത് : കൊഞ്ചിക്കൊണ്ടുള്ള പറച്ചില്‍ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്. അത് കേള്‍ക്കാനും രസമാണ്. കുഞ്ഞുങ്ങളോട് മുതിര്‍ന്നവര്‍ കൊഞ്ചിപ്പറഞ്ഞാല്‍ അവര്‍ അതുതന്നെയേ ആവര്‍ത്തിക്കുകയുള്ളൂ. അതേസമയം നിങ്ങള്‍ ശരിയായ വാക്കുകളും ഉച്ചാരണവും പറഞ്ഞു കൊടുത്താല്‍ കുഞ്ഞുങ്ങള്‍ക്ക് വേഗത്തില്‍ ആ വാക്കുകള്‍ പഠിക്കാനാകും. 

 

7. അഭിനയിച്ചു കാണിക്കുക : കുഞ്ഞുങ്ങള്‍ക്കൊപ്പം കഥകള്‍ അഭിനയിച്ചു കളിപ്പിക്കുക. കഥയിലെ വലിയ സംഭാഷണങ്ങള്‍ നിങ്ങളും ചെറിയ സംഭാഷണങ്ങള്‍ കുട്ടികള്‍ക്കും പറയാന്‍ നല്‍കുക. സമപ്രായക്കാരായ രണ്ടോ മൂന്നോ കുഞ്ഞുങ്ങള്‍ കളിയ്ക്കാന്‍ കൂടുമ്പോള്‍ ഇത് ഏറെ രസകരമാകും. 8. മുഖഭാവത്തിലൂടെ പറയുക : കുട്ടികള്‍ ഓരോന്നും എടുക്കുമ്പോള്‍ അത് നല്ലതാണ് ചീത്തയാണ്‌ എന്ന് പറയുന്നതോടൊപ്പം ആ ഭാവങ്ങള്‍ കൂടി മുഖത്തു വരുത്തിയാല്‍ നിങ്ങള്‍ പറയുന്ന വാക്കിന്റെ ഉദ്ദേശം കുഞ്ഞുങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിലാകും. 

 

9. പഠിച്ച വാക്കുകളെ ഓര്‍മിപ്പിക്കുക: വര്‍ത്തമാനം പറഞ്ഞു തുടങ്ങിയ കുട്ടികളോട് ദിവസവും ഓരോ സാധനങ്ങളുടെ വാക്കുകള്‍ പഠിപ്പിക്കുന്നതോടൊപ്പം തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവയുടെ പേര് പറയാന്‍ ഓര്‍മിപ്പിക്കുകയും ആവര്‍ത്തിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്യുക. 

 

10. നഴ്സറി ഗാനങ്ങള്‍ : കുട്ടികള്‍ക്കുള്ള പാട്ടുകള്‍ അവര്‍ക്ക് പെട്ടെന്ന് പഠിക്കാനാകും. കാരണം അവയിലെ പല വരികളും വാക്കുകളും ആവര്‍ത്തിച്ചു വരുന്നവയാണ്. നല്ല താളത്തോടെ പാട്ടുപാടി കൊടുക്കുന്നതോടൊപ്പം അഭിനയിച്ചു കൂടി കാണിച്ചാല്‍ അതും കുഞ്ഞുങ്ങള്‍ അനുകരിക്കും. 

 

കുഞ്ഞുങ്ങളുടെ പദസമ്പത്ത് ഉചിതമായി വികസിപ്പിച്ചെടുക്കാനായാല്‍ മാത്രമേ അവര്‍ക്ക് നന്നായി ആശയവിനിമയം നടത്താന്‍ കഴിയൂ. ഉച്ചാരണ ശുദ്ധിയുള്ള കുട്ടികള്‍ക്ക് ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവ് മെച്ചപ്പെട്ട രീതിയില്‍ ഉണ്ടായിരിക്കുമെന്നാണ് മനശാസ്ത്രഞര്‍ പറയുന്നത്. കുട്ടികള്‍ക്ക് ചിന്തിക്കാനുള്ള കഴിവ് നല്‍കുന്നതിന്റെ പ്രധാന ഘടകം അവരുടെ ഉച്ചാരണത്തിലെ ഒഴുക്കാണ്. അത്തരം കുട്ടികള്‍ക്കേ വിദ്യാഭ്യാസ മേഘലയില്‍ നല്ല സംഭാവനകള്‍ നൽകാന്‍ കഴിയൂ. ഒഴുക്കോടെ സംസാരിക്കാനും കൃത്യമായ വാക്യഘടനയോടെ പറയാനും സാധിക്കാത്ത കുട്ടികള്‍ക്ക് നന്നായി ചിന്തിക്കാനും ബുദ്ധിമുട്ടായിരിക്കും” എന്നാണ് അമേരിക്കന്‍ മനശാസ്ത്രജ്ഞനായ ജെറോം ബ്രൂണര്‍ പറയുന്നത്. 

 

നല്ല പദസമ്പത്തുള്ള കുട്ടികള്‍ക്ക് നന്നായി സംസരിക്കാനാകാത്ത കുട്ടികളേക്കാള്‍ വേഗത്തില്‍ വായിക്കാനും എഴുതാനും സാധിക്കും. അതിനാല്‍ കുഞ്ഞുനാള്‍ മുതല്‍ കുട്ടികളെ നല്ല വാക്കുകളും ശരിയായ ഉച്ചാരണവും പറഞ്ഞുകൊടുത്തു പരിശീലിപ്പിക്കുക. എങ്കിലും കുട്ടികള്‍ ഓരോരുത്തരും വ്യത്യസ്തമായ പല കഴിവുകളാല്‍ മിടുക്കരായിരിക്കും. ഓരോരുത്തര്‍ക്കും അവരുടേതായ ജീവിതപാതയില്‍ വിജയിക്കാനാകും എന്ന കാര്യവും ഇതോടൊപ്പം ഓര്‍മിക്കുക. കുട്ടികള്‍ക്ക് നടക്കാന്‍ തുടങ്ങുന്ന പ്രായം മുതല്‍ വാക്കുകള്‍ പെട്ടെന്ന് ഗ്രഹിക്കാനും പറഞ്ഞു ശീലിക്കാനും കഴിയുമെന്ന് സൂചിപ്പിച്ചത് ഓര്‍മയുണ്ടല്ലോ? അതുകൊണ്ട് മുതിര്‍ന്നവര്‍ പരസ്പരം ഉപയോഗിക്കുന്ന വാക്കുകളിലും പ്രത്യേക ശ്രദ്ധ വേണം. കുട്ടികളുടെ മുന്നില്‍ വച്ചുള്ള മുതിര്‍ന്നവരുടെ ഭാഷക്കും നല്ല നിലവാരം ഉണ്ടായിരിക്കണം.....എല്ലാം കേട്ടുകൊണ്ട് കുഞ്ഞുങ്ങള്‍ തൊട്ടടുത്തു തന്നെയുണ്ട്..

English Summary : Ways to develop vocabulary skills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com