ADVERTISEMENT

മുടികൊഴിച്ചില്‍ ഉണ്ടെന്നു പറഞ്ഞാല്‍ ആരും പറയുന്ന മറുപടി താരന്‍ ഉണ്ടെങ്കില്‍ ഉറപ്പായും മുടികൊഴിയും എന്നാണ്. എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന എത്രയോ കാരണങ്ങളുണ്ട് മുടി കൊഴിച്ചിലിന് എന്നറിയാമോ?

ഗര്‍ഭാവസ്ഥയില്‍ത്തന്നെ കുഞ്ഞുങ്ങളില്‍ മുടിവളര്‍ച്ചയുണ്ട്. ജനിച്ച്‌ ആറു മാസം മുതല്‍ ഒരു വർഷം വരെ നനുനനുത്ത രോമങ്ങള്‍ (lanugo hair) ആയിരിക്കും. അതു കൊഴിഞ്ഞുപോയി പിന്നീട് വളരുന്ന മുടി കുറച്ചുകൂടി കട്ടിയുള്ളതായിരിക്കും (vellus hair). ഒന്‍പതു വയസ്സുവരെ ഈ മുടിയായിരിക്കും കുട്ടികള്‍ക്ക് ഉണ്ടാവുക. ഹോര്‍മോണ്‍ മാറ്റങ്ങള്‍ വന്നു തുടങ്ങുന്ന കൗമാരമാകുമ്പോഴാണ് മിക്കവരിലും നല്ല കറുത്ത മുടി കണ്ടു തുടങ്ങുന്നത്, ഇതാണ് സ്ഥിരമായി നില്‍ക്കുന്ന മുടി (terminal hair). ഇത്തരത്തില്‍ സ്വാഭാവികമായുള്ള മുടി കൊഴിച്ചില്‍ ആണ് സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നത്. എന്നാല്‍ കുട്ടികളില്‍ അസാധാരണമായ മുടികൊഴിച്ചിലുണ്ടായാൽ അതിന്‍റെ കാരണം അറിഞ്ഞു ചികിത്സിച്ചാല്‍ പെട്ടെന്നു തന്നെ പരിഹരിക്കാമെന്നാണ് ഹോമിയോപ്പതി വിദഗ്ധൻ ഡോ: വി.കെ.അഭിരാം പറയുന്നത്. 

ഒരു മാസത്തില്‍ അര ഇഞ്ച്‌ മുതല്‍ ഒന്നര ഇഞ്ച്‌ വരെയാണ് മുടിയുടെ വളര്‍ച്ച. വര്‍ഷത്തില്‍ ഇതൊരു ആറിഞ്ച്‌ വരെയൊക്കെ ആകാം. ചിലരില്‍ ജനിതക പാരമ്പര്യമനുസരിച്ച് മുടിയുടെ വളര്‍ച്ച കൂടുകയോ കുറയുകയോ ചെയ്യാം. ഒരു മുടിയുടെ ജീവിതകാലം രണ്ടു മുതല്‍ ആറു വരെ വർഷമാണ്.ആ സമയത്ത് ഓരോ മുടിയും കൊഴിയുകയും അതേ വേരില്‍നിന്ന് പുതിയ മുടി വളരുകയും ചെയ്യും. 

കുട്ടികളില്‍ തലയോട്ടിയില്‍ ഉണ്ടാകുന്ന ഫംഗസ് മൂലമുള്ള വട്ടച്ചൊറി പോലുള്ള അണുബാധ (tinea capitis), അവിടെയിവിടെയായി മുടി കുറേശ്ശെ കൊഴിഞ്ഞു പോകുന്ന (alopecia areata) എന്ന അവസ്ഥ, കുട്ടികള്‍ ദേഷ്യം വരുമ്പോള്‍ മുടിപിടിച്ചു വലിക്കുന്ന ശീലം (tricho tillo mania), കടുത്ത പനി, മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ് തുടങ്ങീയ അസുഖങ്ങളിലൂടെ കൂടിയ തോതിലുള്ള അണുബാധ ശരീരത്തിലേക്ക് എത്തുമ്പോഴും മാനസിക സമ്മര്‍ദം ഉണ്ടാകുമ്പോഴും തലയില്‍ ഗുരുതരമായ മുറിവുകള്‍ പറ്റുന്ന ഭാഗത്തും ഒക്കെ കുട്ടികളില്‍ മുടി വലിയ തോതില്‍ കൊഴിഞ്ഞു പോകാറുണ്ട്.   

പോഷകാഹാരത്തിന്റെ അഭാവം മുടികൊഴിച്ചിലിന്റെ കാരണങ്ങളില്‍ ഒരു നിര്‍ണ്ണായകഘടകമാണ്. കാത്സ്യം, പ്രോട്ടീന്‍, മിനറല്‍സ്, അയൺ, സിങ്ക്, വിറ്റാമിന്‍ ബി എന്നിവ ഭക്ഷണത്തില്‍ കുറയുന്നതും മുടി കൊഴിയുന്നതിനു കാരണമാകുന്നു. മുട്ട, പാല്‍, സോയ, സമുദ്രമല്‍സ്യങ്ങള്‍, ഇലക്കറികള്‍, ഫലവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഫലപ്രദമായിരിക്കും. ഏത് അസുഖത്തിനും നന്നായി വെള്ളം കുടിക്കുന്നത് രോഗശമനത്തിനു വളരെയധികം നല്ലതാണ്. ഹൈപ്പോ തൈറോയിഡ് ഉള്ളവരാണെങ്കില്‍ ആ ഹോര്‍മോണിന്‍റെ അഭാവം പരിഹരിച്ചെങ്കില്‍ മാത്രമേ മുടി കൊഴിച്ചിലും കുറയുകയുള്ളൂ.

മുടി കൊഴിച്ചില്‍ പരിഹരിക്കാനുള്ള എണ്ണകള്‍ വാങ്ങി തേച്ചതുകൊണ്ടു മാത്രം ഇതിനു പരിഹാരമാകില്ല. തലയില്‍ എണ്ണ തേക്കുന്നത് മുടിയുടെ വേരുകളെ ഉത്തേജിപ്പിക്കാനാണ് ഉപകരിക്കുന്നത്. തലയോട്ടിയില്‍ രക്തപ്രവാഹം കൂട്ടാന്‍ എണ്ണ ഉപകരിക്കും, എണ്ണ തലയില്‍ നന്നായി മസ്സാജ് ചെയ്ത കൊടുത്താല്‍ വേരുകളിലേക്ക് ഇറങ്ങി ചെന്ന് മുടി വളര്‍ച്ചക്കും സഹായകമാകും. എന്നാല്‍ നമ്മുടെ ശരീരത്തില്‍ എന്തിന്‍റെ അഭാവമാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞു ചികിത്സിച്ചാല്‍ മാത്രമേ മുടി കൊഴിച്ചിലിനു സ്ഥിരമായ പരിഹാരം ലഭിക്കുകയുള്ളൂ എന്നാണ് ഡോ. അഭിരാം പറയുന്നത്.  

മുടി പിടിച്ചു വലിക്കുന്നതോ മുടി വലിച്ചു മുറുക്കി കെട്ടിവെക്കുന്നതോ മുടി കൊഴിച്ചിലിന് ഇടയാക്കുന്നുണ്ട് എന്നു തോന്നിയാല്‍ അത്തരം ശീലങ്ങളും രീതികളും ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. കുട്ടികളിലും മുതിര്‍ന്നവരിലും മാനസികസമ്മര്‍ദമോ അസുഖങ്ങളോ മുടി കൊഴിച്ചിലിനു കാരണമായി വരുന്നത് അത്തരം സാഹചര്യമുണ്ടായി രണ്ടുമാസമൊക്കെ കഴിയുമ്പോള്‍ ആകാം. കാരണം മുടിയുടെ വളര്‍ച്ച മൂന്നു ഘട്ടങ്ങളായാണ്. മാനസിക സമ്മര്‍ദം അനുഭവപ്പെടുന്ന നാളുകളില്‍ ഒരു കൂട്ടം മുടി, കൊഴിയുന്നതിനു തൊട്ടു മുന്‍പുള്ള ഘട്ടത്തിലായിരിക്കും. ഇത് കൊഴിഞ്ഞു പോകുന്നത് രണ്ടോ മൂന്നോ മാസങ്ങള്‍ കഴിഞ്ഞ് ആയിരിക്കും. ഗണ്യമായ തോതില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ ഒന്നു പിന്നോട്ടു ചിന്തിച്ചാല്‍, രണ്ടോ മൂന്നോ മാസം മുന്‍പ് നമ്മുടെ മനസ്സിനെ കാര്യമായി ഉലച്ച എന്തെങ്കിലും സംഭവമോ, നമുക്കോ വീട്ടിലുള്ളവർക്കോ എന്തെങ്കിലും അപകടമോ അസുഖമോ ഉണ്ടായിട്ടുണ്ടോ എന്നു മനസ്സിലാക്കാം. 

മാനസിക സമ്മര്‍ദം ഉള്ളവർക്ക് അത് കുറയ്ക്കാനുള്ള മരുന്നുകളും മറ്റു മാർഗങ്ങളും സ്വീകരിക്കാം. ഹോര്‍മോണ്‍ അഭാവമോ പോഷകാഹാരക്കുറവോ ആണെങ്കില്‍ അതു പരിഹരിക്കാനുള്ള മാർഗങ്ങൾ തേടാം. അതോടെ ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം ആകുകയും മുടി കൊഴിച്ചില്‍ നില്‍ക്കുകയും ചെയ്യും. എണ്ണയോടൊപ്പം മരുന്നുകളും കഴിച്ചാല്‍ ഏകദേശം മൂന്നു മുതല്‍ ആറു വരെ മാസത്തിനുള്ളില്‍ ഹോമിയോപ്പതി ചികിത്സയിലൂടെ മുടികൊഴിച്ചിലിനു പരിഹാരം കണ്ടെത്താനാകും എന്നാണ് ഡോ.അഭിരാം പറയുന്നത്. ഓരോരുത്തരുടെയും ജനിതക സ്വഭാവം അനുസരിച്ച് ചിലര്‍ക്ക് ഒരു മാസത്തിനുള്ളില്‍ത്തന്നെ മുടി കൊഴിച്ചില്‍ പരിഹരിക്കാനാകും.

മുടി കൊഴിച്ചിലിന് താരന്‍ നേരിട്ടൊരു കാരണമല്ല. തലയില്‍ പൊറ്റപോലെ വരുന്ന താരന്‍ ഇളക്കി കളയുമ്പോള്‍ ആ ഭാഗത്തെ മുടിയുടെ വേര് നഷ്ടപ്പെടുന്നതാണ് മുടി കൊഴിയാന്‍ ഇടയാക്കുന്നത്.

കുട്ടികളിലെയും മുതിർന്നവരിലെയും മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍ ഒന്നു തന്നെയല്ല. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ മാനസിക സമ്മര്‍ദം കൊണ്ടുള്ള മുടി കൊഴിച്ചില്‍ കാണാറില്ല. ഹോര്‍മോണ്‍ ഉൽപാദനത്തില്‍ വരുന്ന മാറ്റങ്ങള്‍ കുട്ടികളെ കൗമാരകാലത്തു നന്നായി ബാധിക്കും, അതു മൂലം മുടികൊഴിച്ചില്‍ ഉണ്ടാകാം. പോഷകാഹാരത്തിന്‍റെ അഭാവം മൂലം വൈറ്റമിനുകളും മിനറലുകളും കാത്സ്യവും ഒക്കെ ശരീരത്തില്‍ കുറയുന്നതും എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, അമിതമായ അളവില്‍ പഞ്ചസാര എന്നിവ ശരീരത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തനങ്ങളും കുട്ടികളിലെ മുടികൊഴിച്ചിലിന്റെ പ്രധാന കാരണം ആണ്. മുതിര്‍ന്നവരിലെ ഹോര്‍മോൺ വ്യതിയാനങ്ങളും വൈറ്റമിൻ ഡി യുടെ കുറവും കൂടുതായി ഷാംപൂ ഉപയോഗിക്കുന്നതും മുടി സ്ട്രെയ്റ്റന്‍ ചെയ്യുന്നതും അയണ്‍ ചെയ്യുന്നതും കെമിക്കലുകള്‍ മുടിയില്‍ തേക്കുന്നതും എല്ലാം മുടികൊഴിച്ചിലിന്റെ കാരണങ്ങള്‍ ആണ്. പുരുഷന്മാരില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ഇതേ കാരണങ്ങള്‍ കൊണ്ടൊക്കെത്തന്നെ കഷണ്ടിയും വരുന്നുണ്ട്. പാരമ്പര്യ, ജനിതക ഘടകങ്ങളും ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

മുകളില്‍ പറഞ്ഞവയില്‍ ഏതാണു നിങ്ങളുടെ  കുട്ടിയുെട പ്രശ്നമെന്നു കണ്ടെത്തി അവ തിരുത്തുകയും നല്ല ചികിത്സ സ്വീകരിക്കുകയും ചെയ്താല്‍ മുടി കൊഴിച്ചില്‍ നിയന്ത്രിക്കാം

വിവരങ്ങള്‍ക്ക് കടപ്പാട്: 

ഡോ .അഭിരാം വി.കെ. BHMS  MD

സീനിയര്‍ കണ്‍സൽറ്റന്റ്

സ്കിന്‍ ആന്‍ഡ്‌ കൊസ്മെറ്റിക് ക്ലിനിക് 

AIHMS ഹോമിയോപ്പതി

കോഴിക്കോട്

Engish Summary : Hair loss in children: Causes, symptoms and treatments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com