ADVERTISEMENT

ഇന്നത്തെ കാലത്ത് അണുകുടുംബങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുടുംബത്തിലെ കുരുന്ന് തികഞ്ഞ വാശിക്കുടുക്കയായി മാറുക എന്നത്. എന്നാൽ ഇത് കുട്ടികളിൽ ജന്മനാ ഉണ്ടായിരിക്കുന്ന ഒരു മോശം സ്വഭാവമാണ് എന്ന ചിന്ത വേണ്ട. നിങ്ങളുടെ കുട്ടി കാണിക്കുന്ന ദേഷ്യത്തിന്റെ മൂലകാരണം കുട്ടികളോടുള്ള നിങ്ങളുടെ സമീപനവുമാകാം. അധികമായാൽ അമൃതും വിഷം എന്ന പോലെ അമിതമായി ശ്രദ്ധ നൽകിയാലും ഈ പ്രശ്നം ഉണ്ടാകാം. അതുപോലെ തന്നെ ജോലിത്തിരക്കുകളിൽപ്പെട്ട് കുഞ്ഞിനെ പാടെ അവഗണിച്ചാലും ഈ പ്രശ്നം വരാം.  

 

കുഞ്ഞു മനസിലെ വേദനകളും വിഷമങ്ങളും ഒക്കെ വാശിയുടെ രൂപത്തിൽ പുറത്ത് വരുന്ന സന്ദർഭങ്ങളും വിരളമല്ല. കുഞ്ഞു വാശിക്കുടുക്കയാകാതിരിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഇനിയിപ്പോൾ വാശിക്കുടുക്കയായിപ്പോയി എങ്കിൽ നിലയ്ക്ക് നിർത്താനുള്ള വഴികളും ഉണ്ട്. ഇലക്കും മുള്ളിനും കേടില്ലാതെ അമ്മമാർക്ക് പരിഹാരം കണ്ടെത്താനാകും. അച്ഛനെക്കാൾ ഏറെ കുരുന്നുകൾക്ക് അടുപ്പം അമ്മയോടാണ് എന്നതാണ് ഇതിനുള്ള പ്രധാനകാരണം. 

 

കുഞ്ഞുങ്ങൾക്കൊപ്പം ചൂടാവല്ലേ ...

വാശിക്കുടുക്കയായ മകനോ മകളോ ഒച്ചയിൽ ദേഷ്യപ്പെട്ട് സംസാരിക്കുകയും കരയുകയും ഒക്കെ ചെയ്യുമ്പോൾ അമ്മമാർ പരമാവധി സംയമനം പാലിക്കണം. കുട്ടികളോട് തിരിച്ച ഇതേ രീതിയിൽ പെരുമാറിയാൽ അവർ കൂടുതൽ അകൽച്ച കാണിക്കാൻ തുടങ്ങും. സ്നേഹത്തോടെയും ക്ഷമയുടെയും ഉള്ള സമീപനമാണ് ഏതൊരു വാശിക്കാരന്റേയും മുന്നിൽ അനിവാര്യം. അമ്മമാർ ഒപ്പം ചൂടായാൽ എരി തീയിൽ എണ്ണ ഒഴിക്കുന്ന ഫലമാണ് ഉണ്ടാകുക. 

 

അടി ഒന്നിനും ഒരു പരിഹാരമല്ല 

കുട്ടികൾ ദേഷ്യപ്പെട്ടാൽ ഉടനെ വടി എടുക്കുകയും രണ്ടു ചുട്ട അടി കൊടുക്കുകയും ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. മാത്രമല്ല, ഇതിൽ രണ്ടു വലിയ തെറ്റുകൾ ഉണ്ടു താനും. ആദ്യമായി, വാശി പിടിച്ച് നിൽക്കുന്ന കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവന്റെ ഭാഗത്താണ് ശരി. അവന്റെ തെറ്റ് അവനെ പറഞ്ഞു ബോധ്യപ്പെടുത്താതെ അടിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം. രണ്ടാമതായി വാശിപിടിച്ചു നിൽക്കുന്ന ഒരു കുഞ്ഞിന് എപ്പോഴും വൈകാരികമായ സമീപനമാണ് ഉണ്ടാകുക. വാശിപിടിക്കാൻ ഇടയായ സാഹചര്യം മറന്നാലും അപ്പോൾ കിട്ടിയ അടിയുടെ മുറിവ് അവൻ മറക്കില്ല. 

 

കുട്ടികൾ ഫുൾ ടൈം ആക്റ്റീവ് ആകട്ടെ 

വെറുതെയിരിക്കുന്ന കുട്ടികളിലാണ് ഹൈപ്പർ ആക്ടിവിറ്റിയും ദേഷ്യവും വാശിയും എല്ലാം കണ്ടു വരുന്നത്. അതിനാൽ അമ്മമാർ കുട്ടികൾക്കൊപ്പം ചേർന്ന് അവരുടെ അഭിരുചി കണ്ടെത്തി അത് വികസിപ്പിക്കുന്നതിനായുള്ള കളികളും വസ്തുക്കളും മറ്റും നൽകുക. ശാരീരികമായും മാനസികമായും ആക്ടിവിറ്റികളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വാശി വരാനുള്ള സാധ്യത വളരെ കുറവാണ്. 

ദേഷ്യത്തിന്റെ കാര്യത്തിൽ അമ്മമാർ മാതൃകയാകുക 

അഞ്ചു വയസ്സുവരെ പ്രായമുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ബഹുഭൂരിപക്ഷം ആളുകളിൽ മാതൃക അമ്മയായിരിക്കും. അവർ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് അമ്മക്കൊപ്പമാണ് എന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണം. അതിനാൽ അമ്മമാർ ദേഷ്യവും വാശിയും കാണിക്കാതിരിക്കുക. ദേഷ്യം വന്നാൽ അതിനെ എങ്ങനെ മറികടക്കാനാണ് എന്നത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. പലതരം കളികൾ, ഗാർഡനിംഗ് തുടങ്ങിയവയിലേക്ക് ശ്രദ്ധ തിരിക്കുക. വാശിക്കുടുക്ക  ചക്കരകുട്ടിയായി മാറുന്നതിന് ഇതിലും വലിയ വഴികൾ ഒന്നും ഇല്ല. 

English Summary : How to handle child tantrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com