ADVERTISEMENT

'ഇന്നത്തെ തലമുറ ആകെ മാറിപ്പോയി, മുതിർന്നവരോട് യാതൊരു സ്നേഹവും ബഹുമാനവുമില്ല, സ്വന്തം കാര്യം മാത്രം, മുഴുവൻ സമയവും ടിവിയും കമ്പ്യൂട്ടറും മാത്രം മതി' വളർന്നു വരുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ഇത്തരത്തിൽ പരാതി പറയുന്ന മുതിർന്ന ആളുകളെ കണ്ടിട്ടില്ലേ ? എന്താണ് ഇതിനുള്ള കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇത്തരത്തിലുള്ള പരാതികൾ കൂടുതലും ഉയരാൻ തുടങ്ങിയത് അണുകുടുംബങ്ങൾ സാധാരണമായതോട് കൂടിയാണ്. കൂട്ടുകുടുംബത്തിൽ അമ്മൂമ്മക്കും അപ്പൂപ്പനുമൊക്കെ ഒപ്പം കഴിയുന്നതിന്റെ ഗുണമൊന്നും ഒരിക്കലും അണുകുടുംബങ്ങളിലെ ജീവിതത്തിന് ഉണ്ടാകുകയില്ല. 

അച്ഛനും അമ്മയും മക്കളും തിരക്കേറിയ ജീവിതവും അടങ്ങുന്ന അണുകുടുംബം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലാണ്. കുട്ടികൾ  അനുസരണ, പരസ്പര ബഹുമാനം, ഷെയറിംഗ്, സ്നേഹം തുടങ്ങിയ പല കാര്യങ്ങളും പഠിക്കാതെ പോകുന്നതിനുള്ള പ്രധാന കാരണം അണുകുടുംബങ്ങളിലെ ജീവിതമാണ്. അച്ഛനും അമ്മയും ജോലിക്ക് പോയാൽ പിന്നെ കുട്ടികളുടെ ജീവിതം സ്‌കൂളിലും ഡേ കെയറുകളിലുമാണ്. പഠിപ്പിക്കാൻ ട്യൂഷൻ ക്ലാസുകൾ കൂടി വന്നതോടെ അച്ഛനമ്മമാർ മക്കളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. 

പണം ഉണ്ടാക്കുക എന്നത് മാത്രമല്ല ജീവിത ലക്ഷ്യമെന്ന് മനസിലാക്കാത്ത അണുകുടുംബങ്ങളിലെ മാതാപിതാക്കൾ തന്നെയാണ് കുട്ടികളുടെ സ്വഭാവ വൈകല്യത്തിനുള്ള കാരണവും. അച്ഛനമ്മമാർക്കൊപ്പം സമയം ചെലവഴിക്കേണ്ട പ്രായത്തിൽ ജോലിത്തിരക്ക് മൂലം ടിവി, മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ മുന്നിൽ അവർ മക്കളെ പിടിച്ചിരുത്തുന്ന. ഇതിലൂടെ ഇല്ലാതാകുന്നത് അച്ഛനമ്മമാരോടുള്ള തുറന്ന സംഭാഷണമാണ്. അണുകുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ വളർച്ചാ കാലഘട്ടത്തിൽ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.

∙ടിവി മാത്രമല്ല ലോകമെന്ന് മാതാപിതാക്കൾ തിരിച്ചറിയണം. എത്ര തിരക്കുണ്ടെങ്കിലും കുട്ടികൾക്കൊപ്പം ഇരിക്കാനും അവരുടെ വിശേഷങ്ങളും പരാതികളും സങ്കടങ്ങളും പങ്കുവയ്ക്കാനും സമയം കണ്ടെത്തണം. 

 

∙ അവർക്കായി പാചകം ചെയ്യാം - തിരക്കുള്ള അച്ഛനമ്മമാർ ജങ്ക് ഫുഡുകളിൽ അഭയം പ്രാപിക്കാറുണ്ട്. ഇത് ശരിയായ നടപടിയല്ല. കുഞ്ഞുങ്ങൾക്ക് അവർക്കിഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി നൽകണം. അത് അവരോടൊപ്പം കഴിക്കുകയും വേണം 

∙ ഷെയറിംഗ് പഠിപ്പിക്കണം  - അണുകുടുംബങ്ങളിലെ കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ഏറ്റവും വലിയ ദുശീലമാണ് അവർ ആർക്കും ഒന്നും കൊടുക്കുന്നില്ല എന്നത്. സ്‌കൂളിൽ സുഹൃത്തുക്കളുമായി ഭക്ഷണം, അവശ്യ വസ്തുക്കൾ എന്നിവ പങ്കിടുന്നതിനുള്ള പരിശീലനം വീട്ടിൽ നിന്ന് തന്നെ നൽകണം. ഇല്ലാത്തപക്ഷം സ്വന്തം കാര്യം മാത്രം നോക്കുന്ന, സ്വാർത്ഥരായി കുഞ്ഞുങ്ങൾ മാറും 

∙ ബന്ധുക്കളെ അറിഞ്ഞിരിക്കണം - അച്ഛനും അമ്മക്കും അപ്പുറം തനിക്ക് പ്രിയപ്പെട്ട മറ്റ് ആളുകൾ ഉണ്ടെന്നു കുഞ്ഞുങ്ങൾ അറിഞ്ഞിരിക്കണം. അതിനായി ഇടക്കിടക്ക് അപ്പൂപ്പനെയും അമ്മൂമ്മയെയും കാണാൻ കൊണ്ടു പോകുകയും അവർക്കൊപ്പം സമയം ചെലവിടാൻ അനുവദിക്കുകയും വേണം 

∙ സംസാരിച്ച് വളരട്ടെ -  കുഞ്ഞുങ്ങൾക്ക് ഇപ്പോഴും ആവശ്യം കളിക്കോപ്പുകളും പുത്തനുടുപ്പുകളും മാത്രമല്ല. അവർക്ക് അവരുടെ കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും പറയാൻ ആളുകൾ വേണം. അതിനാൽ മാതാപിതാക്കൾ അക്കാര്യത്തിൽ ശ്രദ്ധാലുക്കളാകുക.

English Summary : Nuclear family and child development 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com