ADVERTISEMENT

കുട്ടികളുടെ ഇടയിലുള്ള കുറ്റവാസനകൾ ഈയിടെയായി വളരെ കൂടി വരുന്നു. കളമശ്ശേരിയിൽ 17 കാരന് മർദ്ദനമേറ്റതു മുതൽ തുടങ്ങിയ കാര്യങ്ങൾ ലഹരി മരുന്നിലെത്തി അവസാനം ആത്മഹത്യയിലാണ് കലാശിച്ചത്. പത്തനംതിട്ട കൊടുമണ്ണിൽ പത്താം ക്ലാസ്സുകാരനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയതും ഞെട്ടലോടു കൂടിയാണ് നമ്മൾ കേട്ടത്. ഇപ്പോൾ കേൾക്കുന്ന കുറ്റകൃത്യങ്ങളിൽ പലതിന്റെയും പ്രതിസ്ഥാനത്ത് കുട്ടികളുടെ ( 18 വയസ്സ് തികയാത്തവരുടെ ) സാന്നിധ്യം കൂടി വരുന്നു എന്നത് വളരെ ഭയാനകമായ ഒരു വസ്തുതയാണ്. കമ്പ്യൂട്ടറിന്റെയും, മൊബൈലിന്റെയും സമൂഹമാദ്ധ്യമങ്ങളുടെയും ഒക്കെ സ്വാധീനം ഒരു പരിധിവരെ ഇതിന് സഹായകരമായിട്ടുണ്ട്. പ്രധാനമായും 5 കാരണങ്ങൾ ആണ് കുട്ടികളിലെ കുറ്റവാസന കൂടാനുള്ള കാരണമായി പ്രമുഖ സൈക്കോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്.

1. വീട്ടിലെ അന്തരീക്ഷം. (Family Environment)

സാധാരണ കുടുംബങ്ങളിൽ മാതാപിതാക്കളെക്കണ്ടാണ് കുട്ടികൾ വളരുന്നത്. കൂട്ടുകുടുംബങ്ങളിൽ നിന്ന് അണു കുടുംബങ്ങളിലേക്ക് മാറിയപ്പോൾ കുട്ടികൾ മാതാപിതാക്കളല്ലാതെ മറ്റാരുമായും കൂടുതൽ അടുപ്പം പുലർത്തേണ്ടിവരുന്നില്ല. മദ്യപാനം പതിവാക്കിയവരും മൈബൈൽ ഫോണിൽ മുഴുകിയിരിക്കുന്നവരുമാണ് ഇന്ന് ഭൂരിഭാഗം മാതാപിതാക്കൾ . ഇങ്ങിനെയൊക്കെയുള്ളപ്പോൾ കുട്ടികൾക്ക് സ്നേഹം കിട്ടാതെ പോകുകയും കുട്ടി പഠിത്തം വിട്ട് വഴിമാറി ചിന്തിക്കാനും തുടങ്ങുന്നു. മാതാപിക്കൾ തമ്മിലുള്ള വഴക്കുകൾ കുട്ടികളെ സ്വാധീനിക്കുന്ന മറ്റൊരു ഘടമാണ്.ക്രിമിനൽ സ്വഭാവമുള്ള മാതാപിതാക്കളുടെ കുട്ടികൾ അത്തരം ശീലങ്ങൾ മാതാപിതാക്കൻന്മാരിൽ നിന്നും പഠിയ്ക്കുകയും കാലക്രമേണ കൊടും കുറ്റവാളികളായി മാറാനുള്ള സാധ്യതയുമുണ്ട്.

വിവാഹ മോചനം നേടിയ മാതാപിതാക്കളുടെ കുട്ടികൾ പലപ്പോഴും അച്ഛന്റെയൊ അമ്മയുടേയോ ഒരാളുടെ കൂടെപ്പോകാൻ നിർബന്ധിതനാകുന്നു. കൂടാതെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട് മുത്തച്ഛന്റെയോ മുത്തശ്ശിയുടേയോ കൂടെ കഴിയുവാൻ വിധിയ്ക്കപ്പെട്ട കുട്ടികളും വഴി തെറ്റാനുള്ള സാധ്യതയേറെയാണ്. ഇത്തരത്തിലുള്ള കുട്ടികൾ സ്നേഹവും അച്ചടക്കവും എന്താണെന്ന് പഠിക്കുന്നില്ല. മറ്റുള്ളവരുടെ സഥാനത്തു നിന്ന് ചിന്തിക്കാനുള്ള കഴിവ് ഇവർക്ക് കുറവായിരിക്കും. ഇത്തരം സാഹചര്യങ്ങൾ കുട്ടികളിൽ സ്വാർത്ഥ താൽപ്പര്യങ്ങൾ ജനിപ്പിക്കാൻ ഇടയാക്കുന്നു.

2. സ്കൂൾ അന്തരീക്ഷം

കുടുംബാന്തരീക്ഷം ശരിയല്ലാത്ത കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ സ്കൂളുകളിൽ പൊതുവേ പ്രശ്നക്കാർ ആയിരിക്കും. ഇവർ അധ്യാപകർക്ക് എപ്പോഴും ഒരു തലവേദനയാണ്. പ്രശ്നങ്ങൾ പതിവാകുമ്പോൾ അധ്യാപകർ ഈ കുട്ടികളുടെ ചെറിയ തെറ്റുകൾക്ക് വലിയ ശിക്ഷകൾ നൽകുന്നു. ഇത് ക്രമേണ സസ്പെൻഷൻ ഡിസ്മിസൽ എന്നിവയിലേയ്ക്കാക്കെ നയിക്കാം.

ഒന്നാലോചിച്ചാൽ കുട്ടികളെ ഇത്തരത്തിൽ ശിക്ഷിക്കുന്നതിനു പകരം അവരെ നേർവഴിക്കു കൊണ്ടുവരുന്നതാവും നല്ലത്. മാതാപിതാക്കൾ കഴിഞ്ഞാൽ കുട്ടികളെ തിരുത്താൻ സാധിക്കുന്ന വ്യക്തികളാണ് അവരുടെ അധ്യാപകർ. ഭൂരിഭാഗം അധ്യാപകരും അതിന് തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. ഇത്തരം കുട്ടികളുടെ കുടുംബപശ്ചാത്തലമാണ് അധ്യാപകർ ആദ്യം അന്വേഷിക്കേണ്ടത്. മാതാപിതാക്കളുടെയൊ, പി.ടി.എ.യുടേയെ സഹായത്തോടെ ഇത്തരം കുട്ടികളെ അധ്യാപകർ കൗൺസിലിംഗിന് വിധേയമാക്കി തിരുത്തേണ്ടതാണ്. ചില കേസുകളിൽ കുട്ടികളേക്കാൾ മാതാപിതാക്കൾക്ക് കൗൺസിലിങ്ങ് കൊടുക്കേണ്ട ആവശ്യവും വരാറുണ്ട്.

ചില സ്കൂളുകളിൽ കുട്ടികളെ അവരുടെ പ്രകടനത്തിന്റെ അടിസഥാനത്തിൽ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിച്ച് ഡിവിഷനുകളായി ഇരുത്താറുണ്ട്. ഇത് ഒരു തരത്തിൽ കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. തങ്ങൾ പഠിക്കാൻ കൊള്ളില്ല എന്ന തോന്നൽ കുട്ടികളിൽ ഉളവാക്കുകയും അത് കുഞ്ഞു മനസ്സിൽ കയറുന്നത് വഴി ഒരു കാലത്തും അവരെ തിരുത്തുവാൻ സാധിക്കാതിരിയ്ക്കുകയും ചെയ്യുന്നു. സാധാരണ ക്ലാസ്സിൽ അദ്ധ്യാപകർ ഉപയോഗിക്കുന്ന വാക്കുകളാണ് നീ ശരിയല്ല, അവന്റെ കൂടെ കൂടരുത്, നീ ഒരു കാലത്തും നന്നാവില്ല. ഇത്തരത്തിലുള്ള പ്രസ്ഥാവനകളിൽ നിന്നെല്ലാം അധ്യാപകർ ഒഴിഞ്ഞു നിൽക്കേണ്ടതാണ്.

വൈകല്യമുള്ള കുട്ടികളെ തിരിച്ചറിയുക എന്നതാണ് ഒരദ്ധ്യാപകൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. അപ്രകാരമുള്ള കുട്ടികൾക്ക് പഠനത്തിന് പ്രത്യേകം സൗകര്യവും ഒരുക്കിക്കൊടുക്കേണ്ടതാണ്.

3. മാനസിക പ്രശ്നങ്ങൾ .

ചില കുട്ടികൾക്ക് മാനസ്സിക പ്രശ്നങ്ങൾ പൊതുവേ കാണപ്പെടാറുണ്ട്. ബുദ്ധിക്കുറവ്, ദേഷ്യക്കൂടുതൽ, ക്ഷമക്കുറവ്, മറ്റുള്ളവരുടെ സ്ഥാനത്തു നിന്നും ചിന്തിക്കാനുള്ള കഴിവില്ലായ്മ, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, എ.ഡി.എച്ച്.ഡി. എന്നിവയാണിത്. ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വേണ്ട ചികിൽസ കൊടുക്കുകയാണെങ്കിൽ ഇവയെല്ലാം തുടക്കത്തിൽ തന്നെ മാറ്റുവാൻ സാധിക്കും. ഇവയൊക്കെയാണ് പൊതുവെ കുട്ടികളുടെ ഗ്രഹിക്കാനുള്ള കഴിവിനേയും പെരുമാററത്തേയും ബാധിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ചികിൽസിച്ചാൽ അവർ സാമൂഹ്യ വിരുദ്ധർ ആവാനുള്ള സാധ്യത കുറയുന്നു.

4. വ്യക്തിത്വ വൈകല്യങ്ങൾ

ഒരു കുട്ടി തന്റെ വ്യക്തിത്വ വൈകല്യങ്ങൾ പ്രകടിപ്പിക്കുന്നത് 8 വയസ്സ് മുതലാണ്. ഓപ്പോസിഷണൽ ഡിഫിയന്റ് ഡിസോർഡർ (O.D.D.)എന്നതാണ് ഇതറിയപ്പെടുക. മുതിർന്നവരോട് കയർത്ത് സംസാരിക്കുക, അനുസരണ ഇല്ലാതിരിക്കുക, പഠനത്തിൽ മോശമാവുക, വീട്ടിൽ നിന്ന് ചോദിക്കാതെ പണം എടുക്കുക, നുണ പറയുക ഇതൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ. ശരിയായി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ ഇത് സാവകാശം സ്വഭാവവൈകല്യം (Conduct disorders) ആയി മാറുന്നു. ക്ലാസിൽ കയറിയിരിക്കുക യൂണിഫോം ധരിക്കാതിരിക്കുക, സ്കൂളിലെ നിയമങ്ങൾ അനുസരിക്കാതിരിക്കുക, അധ്യാപകരോട് മോശമായി പെരുമാറുക, വൃത്തിയായി നടക്കാതിരിക്കുക, ക്ലാസ്സിൽ ശല്യമുണ്ടാക്കുക, മറ്റു കുട്ടികളുടെ പൈസ മോഷ്ടിക്കുക, ഇവയെല്ലാം വ്യക്തിത്വ വൈകല്യങ്ങൾ ആണ്. ഇത്തരത്തിലുള്ള കുട്ടികൾക്ക് ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ അവൻ/അവൾ സാമൂഹ്യവിരുദ്ധർ ആയിത്തീരും.

5. പ്രായത്തിലൊ സ്ഥാനത്തിലൊ തുല്യരായ ആളുകളുടെ അവയുണ്ടാക്കുന്ന ഗ്രൂപ്പും  അവയുണ്ടാക്കുന്ന  സമ്മർദ്ദവും.

(Peer Group Preassure)

സ്വന്തം വീട്ടിൽ നിന്നും സ്നേഹവും പരിചരണവും കിട്ടാതെ വരുമ്പോൾ അവർ പുറമേ സുഹൃത്തുക്കളെ തേടിപ്പോകുന്നു. ഇത്തരത്തിലുള്ള കുട്ടികളുടെ സുഹൃത്തുക്കൾ എപ്പോഴും പ്രായത്തിന് മുകളിലുള്ളവർ ആയിരിക്കും. പ്രായത്തിൽ കവിഞ്ഞുള്ള കാര്യങ്ങൾ കുട്ടികൾ പഠിച്ചു തുടങ്ങുന്നു എന്നതാണിതിന്റെ പരിണിത ഫലം.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, നീലച്ചിത്രങ്ങൾ കാണിക്കുക, മയക്കുമരുന്നിന് അടിമയാക്കുക, മയക്കുമരുന്ന് കടത്തിനും  മറ്റും ഉപയോഗിക്കുക, പണം കൊടുത്ത് പല കാര്യങ്ങളും ചെയ്യിപ്പിക്കുക, വീട്ടിൽ നിന്നും പണം മോഷ്ടിക്കാൻ പ്രേരിപ്പിക്കുക ഇതെല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ്. ഇത്തരം കൂട്ടുകെട്ടുകളിൽ അകപ്പെടുന്ന കുട്ടികൾ മോശം വാക്കുകൾ ഉപയോഗിക്കുക, പഠനത്തിൽ മോശമാകുക, വീട്ടിൽ തോന്നുന്ന സമയത്ത് കയറിവരിക എന്നീ സ്വഭാവ വൈചിത്രങ്ങളും പ്രകടിപ്പിക്കുന്നു.

കുട്ടികളുടെ വളർച്ചാഘട്ടത്തിൽ തന്നെ അവർ കാണിക്കുന്ന സ്വഭാവ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഒരു നല്ല സൈക്യാട്രിസ്റ്റിനേയൊ സൈക്കോളജിസ്റ്റിനെയൊ സമീപിച്ചാൽ കുട്ടികളുടെ കുറ്റവാസന ഒരു പരിധിവരെ ഒഴിവാക്കുവാൻ സാധിയ്ക്കും.

ഒരു നല്ല  മാതാപിതാക്കൾക്ക് വേണ്ട ലക്ഷണം തന്റെ കുട്ടിയെ അറിയുക എന്നതാണ്. അതുപോലെ തന്നെ ഒരു നല്ല അദ്ധ്യപകന് വേണ്ട ലക്ഷണം തന്റെ കുട്ടികളെ തിരിച്ചറിയുക എന്നതുമാണ്. ആരും കുറ്റവാളികളായി ജനിക്കുന്നില്ല. സാഹചര്യമാണ് അവരെ കുറ്റവാളികളാക്കുന്നത്.

English Summary : Juvenile Delinquents – The Cause And Its Remedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com