ADVERTISEMENT

കുട്ടികളുടെ ശാരീരിക വളർച്ചയുടെ കാര്യത്തിൽ മാത്രമല്ല, മാനസിക വികാസത്തിനും മാതാപിതാക്കൾ ശ്രദ്ധിക്കണമല്ലോ. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കേണ്ടതു മാതാപിതാക്കൾ തന്നെയാണ്. ആ സ്വഭാവമാവും ജീവിതത്തിലുടനീളം അവർ തുടരുക. അതിനാൽ പ്രധാനപ്പെട്ട പത്തു സന്മാർഗ്ഗിക മൂല്യങ്ങളെങ്കിലും നിങ്ങളുടെ മക്കളെ ചെറുപ്പത്തിലേ ശീലിപ്പിച്ചിരിക്കണം.

കുട്ടികൾ നല്ല മൂല്യങ്ങൾ സ്വയം പഠിക്കണമെന്നു പറയാറുണ്ട് ചിലർ. വളരെ നേരത്തേ പ്രീ സ്കൂളിൽ വിടുന്നതിനാൽ നല്ല ശീലങ്ങൾ അവിടെ പഠിപ്പിക്കും എന്നു വിശ്വസിക്കുന്ന മാതാപിതാക്കളുമുണ്ട്. പക്ഷേ കുട്ടികൾക്കു മൂല്യങ്ങൾ പകർന്നു നൽകേണ്ടത് മാതാപിതാക്കളാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ശീലിപ്പിക്കുന്ന നല്ല മൂല്യങ്ങൾ അവരെ വീടിനും സമൂഹത്തിനും ഗുണമുള്ള പൗരരാക്കും. 

അത്തരം പത്തു മൂല്യങ്ങൾ ഇതാ.

1. ബഹുമാനിക്കുക

മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിപ്പിക്കാൻ പലപ്പോഴും മാതാപിതാക്കൾ മറന്നു പോകാറുണ്ട്. പ്രായത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ വ്യത്യാസമില്ലാതെ, എല്ലാവരും മറ്റുള്ളവരുടെ ബഹുമാനത്തിന് അർഹരാകാൻ ആഗ്രഹിക്കുന്നവരാണ്. പ്രായത്തിൽ മുതിര്‍ന്നവരും അപരിചിതരുമായവരോടാണ് കുട്ടികൾ വളരുന്തോറും ഏറ്റവും കൂടുതലായി ഇടപഴകേണ്ടി വരുന്നത്. അതിനാൽ ഏറ്റവും ചെറുപ്രായത്തിലേ പഠിക്കേണ്ടതും മുതിർന്നവരെ ബഹുമാനിക്കാനാണ്.  ഈ ശീലം ഭാവിയിൽ നിങ്ങളുടെ കുട്ടികളെ ഉന്നതിയിലേക്ക് എത്തിക്കും

2. കുടുംബം

ഒരു കുട്ടിയുടെ ജീവിതത്തിലെ പ്രധാന ഘടകം കുടുംബം ആണല്ലോ. കുട്ടിയെ നല്ലൊരു പൗരനാക്കി വാർത്തെടുക്കുന്നത് അവരുടെ കുടുംബമാണ്. കുടുംബത്തിന്റെ പ്രാധാന്യത്തെയും കുടുംബാംഗങ്ങളെ സ്നേഹിക്കേണ്ടതിനെയും പറ്റിയും ഓരോരുത്തർക്കും കുടുംബത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും കുട്ടികൾക്ക് ചെറുപ്പത്തിലേ മനസ്സിലാക്കിക്കൊടുക്കണം. ഇത് ഭാവിയിൽ കുട്ടികൾക്ക് കുടുംബാംഗങ്ങളോടുള്ള സ്നേഹവും അടുപ്പവും വളർത്തിയെടുക്കാൻ സഹായിക്കും.

3. സഹകരിക്കാനും വിട്ടുവീഴ്ച ചെയ്യാനും പഠിക്കുക

സാഹചര്യമനുസരിച്ചു പെരുമാറാൻ കുട്ടികളെ പഠിപ്പിക്കണം. ബഹളം വച്ച് കളിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് ആ സ്വാതന്ത്ര്യം എല്ലായിടത്തും അനുവദിച്ചു കൊടുക്കാൻ പാടില്ല. ശബ്ദം എങ്ങനെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു എന്നുകൂടി പറഞ്ഞു കൊടുക്കണം. പങ്കുവച്ച് കഴിക്കാനും കളിക്കാനും പഠിപ്പിക്കണം. പല കുട്ടികളും ഇത്തരം കാര്യങ്ങൾ പെട്ടെന്ന് അനുസരിക്കാൻ തയാറാവില്ല. പക്ഷേ നിയന്ത്രിക്കേണ്ട പ്രായത്തിൽ അതു ചെയ്യാതിരുന്നാൽ ഭാവിയിൽ മാതാപിതാക്കൾ ഖേദിക്കേണ്ടിവരും.

4. സഹായമനസ്കത

അപരിചിതരെപ്പോലും അവശ്യഘട്ടങ്ങളിൽ സഹായിക്കേണ്ടതിന്റെ നന്മയെക്കുറിച്ച് ചെറുപ്രായത്തിലേ കുട്ടികൾക്കു പറഞ്ഞു കൊടുക്കണം. നമ്മൾ മറ്റുള്ളവരെ സഹായിച്ചെങ്കിൽ മാത്രമേ, നമുക്ക് സഹായം ആവശ്യമുള്ളപ്പോൾ മറ്റുള്ളവർ അതിനു തയാറാവൂ എന്ന പൊതുതത്ത്വം കൂടി പറഞ്ഞു കൊടുക്കുക. നമ്മൾ സമൂഹജീവിയാണെന്നും മറ്റുള്ളവരുടെ വേദനകളെയും ആവശ്യങ്ങളെയും മനസ്സിലാക്കിയെടുക്കാനും അവരുടെ ഭാഗത്തുനിന്നുകൊണ്ട് ചിന്തിക്കാനും നമ്മൾ ശ്രമിക്കണമെന്നും കുട്ടികൾക്ക് മനസ്സിലാക്കു പറഞ്ഞുകൊടുക്കണം.

5. ദൈവഭയം, മതവിശ്വാസം

മതമില്ലാത്ത മനുഷ്യനായി കുട്ടികളെ വളർത്തുന്നവർക്ക് അങ്ങനെയാകാം. എന്നാൽ ലോകത്തിലെ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളും ദൈവഭയമുള്ളവരും ആയതുകൊണ്ട് ദൈവികമായ ചിന്തകൾ കുട്ടികൾക്ക് ചെറുപ്പത്തിലേ പറഞ്ഞുകൊടുക്കണം. എല്ലാ മതവും നല്ലതാണെന്നും എല്ലാ മതത്തെയും വിശ്വാസികളെയും ബഹുമാനിക്കണമെന്നും കുട്ടികളെ പഠിപ്പിക്കാം.

6. നീതി ന്യായം

സദാചാര മൂല്യങ്ങൾ പിന്തുടരുന്നതിനോടൊപ്പം തന്നെ, നിയമവും നീതിന്യായങ്ങളുമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത് എന്ന കാര്യം കൂടി കുട്ടികൾ അറിഞ്ഞിരിക്കണം. കാരണം കുട്ടികൾ ചിലപ്പോൾ അവരുടെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയോ പ്രിയപ്പെട്ടവർക്ക് വേണ്ടിയോ അവർക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്തേക്കാം. പക്ഷേ അതു നിയമപരമായി തെറ്റാണെങ്കിൽ അവർ ശിക്ഷിക്കപ്പെടും അതിനാൽ പൊലീസ്, കോടതി, നിയമപരമായ ശരിതെറ്റുകൾ എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് അത്യാവശ്യ ധാരണയെങ്കിലും കുട്ടികളോട് പങ്കുവയ്ക്കുന്നത് നല്ലതാണ്.

7. സത്യസന്ധത

ഏറ്റവും നല്ല ഗുണം സത്യസന്ധത തന്നെയാണ്. അതു ചെറുപ്പത്തിലേ ശീലിക്കുകയും വേണം. നിസ്സാര കാര്യങ്ങൾക്കു പോലും കുട്ടികൾ കളവു പറയുന്നത് ഒരിക്കലും മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കരുത്. സത്യം പറയുക എന്നത് ഒരു പ്രതിബദ്ധതയായിത്തന്നെ കുട്ടികൾക്ക് തോന്നണം.

8. മറ്റുള്ളവരെ വേദനിപ്പിക്കരുത്

ശാരീരികമായി അനുഭവപ്പെടുന്നത് മാത്രമല്ല വേദനയെന്നും, മറ്റൊരാളെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പോലും വേദനിപ്പിക്കുന്നത് നല്ല ശീലമല്ലെന്നും കുട്ടികൾക്കു പറഞ്ഞു കൊടുക്കണം. വാക്കു കൊണ്ടോ, പ്രവൃത്തി കൊണ്ടോ മറ്റൊരാൾക്ക് തങ്ങളുടെ കുട്ടിയിൽനിന്നു മോശം അനുഭവമുണ്ടായതായി ബോധ്യപ്പെട്ടാൽ അതിൽ മാപ്പ് ചോദിക്കാൻ കുട്ടികളെ ശീലിപ്പിക്കണം. ചെയ്ത കുറ്റത്തിന് പശ്ചാത്തപിക്കാനും അവസരം നൽകണം. കുട്ടികളെ ശകാരിച്ചതു കൊണ്ടു മാത്രം ഗുണം കിട്ടില്ല.

9. മോഷണം

ഏതു സാഹചര്യത്തിലും മറ്റൊരാളുടെ വസ്തുക്കൾ അവരുടെ അനുവാദമില്ലാതെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ചീത്ത ശീലമാണ്. മോഷണം കുറ്റം തന്നെയാണ്. അതിന് യാതൊരു ന്യായീകരണവും നിരത്താൻ കുട്ടികളെ അനുവദിക്കരുത്.

10. വിദ്യാഭ്യാസത്തെ സ്നേഹിക്കുക

വിദ്യയായിരിക്കും ജീവിതാവസാനം വരെ പോരാടാനുള്ള നമ്മുടെ ആയുധം. പഠിക്കാനുള്ള ഇഷ്ടത്തിനെ പ്രോത്സാഹിപ്പിക്കണം. പ്രീ സ്കൂളിൽ ചേർക്കുമ്പോൾ മുതൽ സ്കൂളിനോടും പഠനത്തോടും കുട്ടിക്ക് ഇഷ്ടം തോന്നിക്കത്തക്ക വിധത്തിലാകണം അവരെ പ്രചോദിപ്പിക്കേണ്ടത്. വിദ്യാഭ്യാസം നേടുന്നതുകൊണ്ട് ജീവിതത്തിൽ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം.

 

സാന്മാർഗ്ഗിക മൂല്യങ്ങൾ കുട്ടികൾക്ക് നന്നേ ചെറുപ്പം മുതലേ പറഞ്ഞുകൊടുക്കണം. ദൃഢമായ മൂല്യബോധങ്ങൾ ഉൾക്കൊണ്ടാകണം കുട്ടികൾ വളരേണ്ടത്. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കുന്നത് മാതാപിതാക്കൾ തന്നെയാണ്. അതിനാൽ കുട്ടികൾക്കു ഭാവിയിൽ ലഭിക്കുന്ന ഏതൊരു നേട്ടത്തിലും ഏറെ അഭിമാനിക്കാൻ അർഹത അവരുടെ മാതാപിതാക്കൾക്ക് തന്നെയായിരിക്കും.

English Summary : Ten moral values you should teach your child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com