ADVERTISEMENT

കുട്ടികളെ കാർട്ടൂൺ കഥാപാത്രങ്ങൾ സ്വാധീനിക്കുന്നത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ്. വളരെ ക്രിയാത്മകമായ ഒരു ലോകമാണ് കാർട്ടൂൺ കുട്ടികൾക്കായി നൽകുന്നത്. അതിനാൽ തന്നെ പല കാർട്ടൂൺ കഥാപാത്രങ്ങളും തങ്ങളാണെന്ന് കുട്ടികൾ സങ്കൽപ്പിക്കുന്നു. ഇത്തരത്തിൽ കുഞ്ഞു മനസ്സിൽ കഥാപാത്രങ്ങൾ ഇടം പിടിക്കുന്നതിൽ തെറ്റില്ല. കഥാപാത്രങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ അവർ അനുകരിക്കുന്നതിലും തെറ്റില്ല. എന്നാൽ പരിധിവിട്ടാൽ ഈ അനുകരണം ആപത്താണ്. 

നാല് വയസ് പ്രായം ആകുന്നതോടെയാണ് കുട്ടികൾ സൂപ്പർ ഹീറോ കഥാപാത്രങ്ങളുടെ പിടിയിൽപ്പെടുന്നത്. പിന്നീട് സ്വയം ഒരു സൂപ്പർ ഹീറോ ആണെന്ന തോന്നലിലായിരിക്കും കാര്യങ്ങൾ ചെയ്യുന്നത്. വസ്ത്രധാരണത്തിലും ഇത്തരം അനുകരണങ്ങൾ കാണാനാകും. കാർട്ടൂൺ കഥാപാത്രങ്ങളായ സ്പൈഡർമാൻ, ബാറ്റ്മാൻ, സൂപ്പർമാൻ എന്നിവരുടെ വസ്ത്രങ്ങൾ വാങ്ങാനും ധരിക്കാനും കുട്ടികൾ വാശിപിടിക്കുന്നത് ഇന്ന് സ്ഥിരം സംഭവമാണ്.

എന്നാൽ ഈ വസ്ത്രം കയ്യിൽ കിട്ടിയാൽ കുട്ടികളുടെ സ്വഭാവം മാറും. പിന്നീട് അവർ സ്വയം ഒരു സൂപ്പർ ഹീറോ ആയി മാറുകയാണ്. വസ്ത്രം കൂടി ലഭിച്ചതോടെ അവർക്ക് ഏതോ വിധത്തിലുള്ള സൂപ്പർ നാച്ചുറൽ പവർ ഉണ്ടെന്നു അവർ വിശ്വസിക്കുന്നു. കാർട്ടൂണുകൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനമാണ് ഇതിനുള്ള കാരണം. വളരെ വ്യത്യസ്തമായ ഒരു ചിന്താധാരയിലൂടെയുമാണ് അവർ കടന്നു പോകുന്നത്. 

തങ്ങളുടെ സൂപ്പർ ഹീറോകൾ നടക്കുന്നത് പോലെ നടക്കുക, ഓടുക, ചാടുക തുടങ്ങിയ കാര്യങ്ങൾ കുട്ടികളും ചെയ്യുന്നു. ഇവിടെയാണ് അനുകരണം അപകടമായി മാറുന്നത്. ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും ചാടുകയും സ്‌പൈഡർമാൻ പോലെ ഭിത്തിയിൽ കയറാൻ ശ്രമിച്ച് അപകടത്തിൽപ്പെടുകയും ചെയ്തിട്ടുള്ളവർ നിരവധിയാണ്. എന്നാൽ ഇത്തരം അപകടങ്ങൾ ഭയന്ന് കുട്ടികൾക്ക് ഇത്തരം കളിപ്പാട്ടങ്ങൾ ഒന്നും നൽകാതെ വീട്ടിനുള്ളിൽ തളച്ചിടുന്നതും ശരിയായ നടപടിയല്ല. 

പ്രതിവിധികൾ കൈക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ഇത്തരം കഥാപാത്രങ്ങളെ പരിചയപ്പെടുത്തുയെന്നതാണ് ഉചിതം. സൂപ്പർ ഹീറോകൾ കേവലം കാർട്ടൂൺ കഥാപാത്രങ്ങൾ മാത്രമാണെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കിപ്പിക്കുക. വ്യക്തിത്വ വികസനത്തിലൂടെയാണ് സൂപ്പർ ഹീറോകളായി മാറേണ്ടതെന്ന് അവരെ ബോധ്യപ്പെടുത്തുക. അനുകരണത്തിലൂടെ ഉണ്ടായേക്കാവുന്ന ആപത്തുകൾ കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചും അവരെ ബോധ്യപ്പെടുത്തുക. സൂപ്പർ ഹീറോകൾ കഥാപാത്ര സൃഷ്ടിമാത്രമാണു എന്നും ആരാധന ഒരിക്കലും അനുകരണമാകരുതെന്നും അവരെ ബോധ്യപ്പെടുത്തുക.

മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിനൊപ്പം കുട്ടികൾക്കൊപ്പം ഇരുന്നു കാർട്ടൂണുകൾ ആസ്വദിക്കുകയും ചെയ്യാം. ഇത് നിങ്ങൾ പറയുന്ന കാര്യങ്ങൾ വാസ്തവമാണ് എന്ന് ബോധ്യപ്പെടാൻ അവരെ സഹായിക്കും.  

English Summary : Negative effects of superheroes on children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com