ADVERTISEMENT

'അഞ്ച് വയസ്സായില്ല..  മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ' എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കളെ നമ്മളിൽ പലർക്കും അറിയാമായിരിക്കും. 

 

ഒരഭിമുഖത്തിൽ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞത് 14 വയസ്സ് വരെ തന്റെ  മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്നില്ല എന്നാണ്.

 

മറ്റു കുട്ടികള്‍ക്ക് നേരത്തെ ഫോണ്‍ കിട്ടിയെന്ന് കുട്ടികൾ പരാതിപ്പെട്ടിട്ടുണ്ട്.  മൊബൈൽ ഉപയോഗം നിയന്ത്രിച്ചതിനാൽ   അവർക്ക്  ഉറങ്ങാനും ഹോം വർക്ക് ചെയ്യാനും കൂട്ടുകാരോടുത്തു കളിക്കാനും വേണ്ടുവോളം സമയം ലഭിച്ചിക്കുന്നു എന്നും.

 

ഭക്ഷണം കഴിക്കുമ്പോഴും  പഠിക്കുമ്പോഴും കളിക്കുമ്പോഴും  എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ ഉപയോഗിക്കുന്നത് പല കുട്ടികൾക്കും ഒരു ശീലമായിട്ടുണ്ട്.  മാതാപിതാക്കൾ തന്നെ ശീലിപ്പിച്ചിട്ടുണ്ട് എന്ന് വേണമെങ്കിലും  പറയാം. കുട്ടികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം വളരെയേറെ ദോഷകരമാണെന്ന് അറിയാമായിരുന്നിട്ടും കുറച്ചു സമയമെങ്കിലും വികൃതി കുറയട്ടെ എന്ന് കരുതി പല മാതാപിതാക്കളും അവർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ കൊടുക്കുന്നു.  പരിധിവിട്ട ഉപയോഗം കുട്ടികളിൽ  ഹൈപ്പർ ആക്റ്റിവിറ്റി ഉണ്ടാകാൻ കാരണമാകുന്നുവെന്ന് വിദഗ്ദർ പറയുന്നു. കുട്ടികളുടെ ത്വക്കു മുതൽ ഓരോ അവയവങ്ങളും വളർച്ച പ്രാപിക്കുന്നതെ ഉള്ളൂ. 

 

അതുകൊണ്ടുതന്നെ വളർച്ചയുടെ ഘട്ടത്തിൽ മൊബൈലിൽ നിന്നുണ്ടാകുന്ന  വൈദ്യത കാന്തിക തരംഗങ്ങൾ മുതിർന്നവരേക്കൾ  വേഗത്തിൽ കുട്ടികളെ  ഗുരുതരമായി ബാധിക്കുന്നു.  വീഡിയോ ഗെയിം തുടങ്ങി മൊബൈൽ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക,  വിഷാദം, ആത്മഹത്യാപ്രവണത, പഠനത്തിൽ ശ്രദ്ധയില്ലായ്മ, ദേഷ്യം, അക്രമവാസന തുടങ്ങിയ പെരുമാറ്റവൈകല്യങ്ങളും കുട്ടികളിൽ ദൃശ്യമാകുന്നു. 

 

മൊബൈലോ കംപ്യൂട്ടറോ സുലഭമല്ലാതിരുന്നൊരു കാലത്ത് കുട്ടികൾക്ക് അവരുടെ ബാല്യകാലം സമൃദ്ധമായിരുന്നു. സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും കാലഘട്ടത്തിന്റെ മുന്നേറ്റവും നമ്മുടെ  ജീവിതശൈലിയിലുണ്ടാക്കിയ മാറ്റം അവരുടെ ബാല്യത്തിനെയും ബാധിച്ചിരിക്കുന്നു. പ്രകൃതിയെയും സമൂഹത്തെയും അടുത്തറിയുന്നതിനു പകരം മൊബൈല്‍ ഫോണിന്റെ ചെറിയ സ്‌ക്രീനിൽ അവരുടെ ബാല്യം ഒതുങ്ങാൻ പാടില്ല.  ഇതിനു പ്രധാന കാരണം ഒരു പരിധിവരെ അച്ഛനമ്മമാര്‍ തന്നെയാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ  മാതാപിതാക്കളില്‍ പലര്‍ക്കും തങ്ങളുടെ മക്കളെ ശ്രദ്ധിക്കാനുള്ള സമയം കിട്ടുന്നില്ല. 

 

മൊബൈല്‍ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ അതിന്റെ ദൂഷ്യവശം പറഞ്ഞു മനസ്സിലാക്കി നിശ്ചിത സമയത്തേക്ക് അത്യാവശ്യമെങ്കിൽ അനുവദിക്കുക. രക്ഷാകർതൃത്വം എന്നതിലുപരി കുട്ടികളുമായി  സൗഹൃദം പുലർത്തുക. 

അവരുടെ ബാല്യകാലം അവർ പൂർണ്ണമായും ആസ്വദിച്ച് വളരട്ടെ.

English Summary : Kerala Police Social Media Post on Screen Time in Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com