ADVERTISEMENT

ഒരു കുഞ്ഞു ജനിച്ചു ആദ്യത്തെ ആയിരം ദിവസങ്ങളിലാണ് അവരുടെ തലച്ചോര്‍ വികസിക്കുന്നത്. ആറു വയസ്സ് പൂര്‍ത്തിയായ കുഞ്ഞിന്റെ തലച്ചോറിന്റെ വികാസം തൊണ്ണൂറു ശതമാനവും പൂര്‍ത്തിയായതാണ്. ജനിച്ചു മൂന്നു മാസം മുതല്‍ രണ്ടു വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ഒരാളുടെ തലച്ചോര്‍ പരമാവധി വികാസം പ്രാപിക്കുന്നത്. ഒരു വ്യക്തിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഏറ്റവും അധികം സംഭാവന നല്‍കപ്പെടുന്നത് അവരുടെ കുട്ടികാലം തന്നെയാണ്. അതുകൊണ്ട് തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ എല്ലാവിധ പോഷകങ്ങളും ലഭ്യമാകേണ്ടതും കുട്ടിക്കാലത്ത് തന്നെയാണ്. ചില പ്രത്യേക പോഷക ഘടകങ്ങളാണ് കുട്ടികളുടെ തലച്ചോറിന്‍റെ വികസനത്തെ സഹായിക്കുന്നത്.

തലച്ചോറിന്‍റെ വികാസത്തിനായി വേണ്ട പോഷകങ്ങള്‍

മക്കള്‍ക്ക് പോഷകകരമായ ഭക്ഷണങ്ങള്‍ തന്നെയാണല്ലോ ഞങ്ങള്‍ കൊടുക്കുന്നതെന്നു ചിലര്‍ക്ക് തോന്നുന്നുണ്ടാകാം. എന്നാല്‍ അതെല്ലാം ശരീരത്തിന്റെ ആരോഗ്യത്തിനുള്ളവയാണ്. തലച്ചോറിന്‍റെ വികസനത്തിനായി പ്രത്യേക പോഷകങ്ങള്‍ വേറെ തന്നെ നല്‍കണം.

DHA : DHA എന്നത് വളരെ അത്യന്താപേക്ഷിതമായ ഒരു ഫാറ്റി ആസിഡ് ആണ്. തലച്ചോറിന്‍റെ വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ സിനാപ്സിസ് (synapses) രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഏറ്റവും മികച്ച പോഷകമാണിത്. ഒരു നാഡീകോശത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വൈദ്യുത ചിഹ്നങ്ങള്‍ കൈമാറുന്ന സ്ഥാനത്തിനാണ് സിനാപ്സിസ് എന്നുപറയുന്നത്. നമ്മുടെ ദൃശ്യാ ശ്രവ്യ പ്രവര്‍ത്തനങ്ങളുടെ വികാസത്തിലും DHA നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. 

കോളിന്‍ : തലച്ചോറിലെ ഒാര്‍മ്മശക്തിയുടെ കേന്ദ്രത്തിന്‍റെ വികസനത്തിനു സഹായിക്കുന്ന ഒരു മുഖ്യ ഘടകമാണ് കോളിന്‍ (choline). മുട്ട, പാല്‍, മാംസ്യം തുടങ്ങിയവയില്‍ ധാരാളം കോളിന്‍ അടങ്ങിയിട്ടുണ്ട്.

പ്രോട്ടീന്‍ : മാംസ്യം, മുട്ട, പാല്‍, പാലുല്‍പ്പന്നങ്ങള്‍, കടല്‍ മത്സ്യങ്ങള്‍, ബീന്‍സ്, പച്ച പയര്‍ വര്‍ഗങ്ങള്‍, സോയ ഉത്പന്നങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, വിത്തുകള്‍ തുടങ്ങിയവയിലാണ് പ്രോട്ടീന്‍ അധികമായി അടങ്ങിയിട്ടുള്ളത്.

അയഡിന്‍, സിങ്ക്, അയേണ്‍ എന്നിവയും തലച്ചോറിന്‍റെ വികാസത്തിന് അത്യാവശ്യമായി വേണ്ട ഘടകങ്ങളാണ്.

അയഡിന്‍: കടല്‍ പായലില്‍ ആണ് ഏറ്റവും കൂടുതല്‍ അയഡിന്‍ ഉള്ളത്. അയഡിന്‍ അടങ്ങിയിട്ടുള്ള ഉപ്പ്, കടല്‍ മത്സ്യങ്ങള്‍, പാല്‍, പാലുല്പ്പന്നങ്ങള്‍, പോഷകാംശമുള്ള ധാന്യങ്ങള്‍ എന്നിവ കഴിച്ചാല്‍ മതി.

അയണ്‍ : മാംസ്യം, ബീന്‍സ്‌, പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, ബ്രഡ്, ഇരുണ്ട നിറമുള്ള ഇലക്കറികള്‍, ചുട്ട ഉരുളക്കിഴങ്ങ് എന്നിവയില്‍ ഇരുമ്പിന്‍റെ സാന്നിധ്യം ധാരാളമുണ്ട്.

സിങ്ക് : മത്സ്യം, മാംസ്യം, മുട്ട, പാല്‍, പാലുല്‍പ്പന്നങ്ങള്‍, അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് എന്നിവയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

ഫോലെറ്റ്‌ : വൈറ്റമിന്‍ ബി യുടെ അപര്യാപ്തത മൂലം തലച്ചോറിനും ശരീരത്തിനും ശോഷണം സംഭവിക്കും. ഫോലെറ്റ്‌ എന്നറിയപ്പെടുന്ന വിറ്റാമിന്‍ B9 ഗര്‍ഭിണികള്‍ക്കാണ് അത്യന്താപേക്ഷിതമായി ലഭിക്കേണ്ടത്. കരള്‍, സ്പിനാച്ച്, ഉണങ്ങിയ പയര്‍ വര്‍ഗ്ഗങ്ങള്‍, ബ്രഡ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളില്‍ ഫോലെറ്റ്‌ ധാരാളമുണ്ട്.

വൈറ്റമിന്‍ ലഭിക്കുന്ന മറ്റു ഭക്ഷ്യ വസ്തുക്കള്‍

വൈറ്റമിന്‍ എ : കരള്‍, കാരറ്റ്, മധുരക്കിഴങ്ങ്, ചീര

വൈറ്റമിന്‍ B6 : കരള്‍, മറ്റു മാംസ ഭാഗങ്ങള്‍, മത്സ്യം, ഉരുളക്കിഴങ്ങ്, നാരങ്ങ, ഓറഞ്ച് തുടങ്ങിയവ അല്ലാത്ത ഫല വര്‍ഗ്ഗങ്ങള്‍, പശയുള്ള പച്ചക്കറികള്‍

വൈറ്റമിന്‍ B12 : മാംസ്യം, മത്സ്യം, മുട്ട, പാല്‍, മറ്റു പാലുല്‍പ്പന്നങ്ങള്‍. 

വിറ്റാമിന്‍ D : തലച്ചോറിനു ലഭിക്കുന്ന വൈറ്റമിന്‍ D യുടെ ഫലമായിട്ടാണ് കൃത്യമായ പെരുമാറ്റങ്ങള്‍ നമ്മളില്‍ ഉണ്ടാകുന്നത്. സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുമ്പോഴാണ് വൈറ്റമിന്‍ ഡി നമുക്ക് ലഭിക്കുന്നത്. വലുപ്പമുള്ള മത്സ്യങ്ങളുടെ മാംസം, മീനിന്‍റെ കരളില്‍ നിന്നെടുക്കുന്ന എണ്ണ, കൊഴുപ്പ് നീക്കം ചെയ്യാത്ത പാല്‍ എന്നിവയില്‍ എല്ലാം വൈറ്റമിന്‍ ‍ഡി അടങ്ങിയിട്ടുണ്ട്.

പോളി അണ്‍ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്: ഒമേഗ 3 ഫാറ്റി ആസിഡ് ഇതിനു ഉദാഹരണമാണ്. നല്ല മാംസമുള്ള മത്സ്യത്തിലും മത്സ്യഎണ്ണകളിലുമാണ് ഇത് ഏറെ കാണപ്പെടുന്നത്.

തലച്ചോറിന്‍റെ വികാസത്തിന് പോഷകങ്ങള്‍ അപര്യപ്തമായാല്‍

നമ്മുടെ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത് തലച്ചോര്‍ ആണെന്ന കാര്യം അറിയാമല്ലോ? തലച്ചോറിന്റെ എല്ലാ പ്രക്രിയകള്‍ക്കും ആവശ്യമായ എനർജി ലഭിക്കുന്നത് പോഷകഘടകങ്ങളില്‍ നിന്നാണ്. വേണ്ടത്ര അളവില്‍ പോഷകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് തലച്ചോര്‍ ബലഹീനമാക്കും. ഏഴു വയസ്സിനുള്ളില്‍ തന്നെ തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ കുട്ടികള്‍ക്ക് ലഭിച്ചില്ലെങ്കില്‍ അത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.

തലച്ചോറിനു ലഭിക്കേണ്ട പോഷകങ്ങളില്‍ അപര്യാപ്തത ഉണ്ടായാല്‍ അത് കുട്ടികളില്‍ പഠന വൈകല്യങ്ങള്‍ ഉണ്ടാക്കുകയും, ഏകാഗ്രത കുറയാന്‍ കാരണമാവുകയും ചെയ്യും. പോഷക ഘടകങ്ങളുടെ അപര്യപ്തതയുടെ ഫലമായി പെരുമാറ്റ വൈകല്യങ്ങള്‍ സംഭവിക്കും. 

കാഴ്ച ശക്തിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും പോഷകങ്ങളുടെ അഭാവം മൂലമാണ്. ഉറക്കമില്ലായ്മക്കും ഇത് കാരണമാകും.

ഈ പോഷകങ്ങള്‍ എല്ലാം നിര്‍ബന്ധമായി ലഭിക്കേണ്ടത് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമാണ്. സസ്യഭുക്കുകളായവര്‍ക്ക് അവരുടെ ഭക്ഷണത്തില്‍ നിന്നും ഈ പോഷകങ്ങള്‍ എല്ലാം ലഭ്യമാകാന്‍ ഒരു ന്യൂട്രിഷ്യനിസ്റ്റിന്‍റെ സഹായം തേടാവുന്നതാണ്. ചില കുടുംബങ്ങള്‍ക്ക് ഈ ഭക്ഷണങ്ങള്‍ എല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടാകാം. എങ്കിലും അമേരിക്കയിലെ ശിശുരോഗ വിദഗ്ധന്മാരുടെ അക്കാദമിയുടെ പ്രസിദ്ധീകരണത്തില്‍ പറയുന്നത്, ഒരാളുടെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങളെ പുഷ്ടിപ്പെടുത്തേണ്ടത് അവരുടെ കുട്ടിക്കാലത്തെ ആദ്യത്തെ ആയിരം ദിവസങ്ങളില്‍ ആയിരിക്കണം എന്നാണ്.

English Summary : Food for brain development in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com