‘മഹാമാരി മക്കളെ പറിച്ച്‌ കൊണ്ടുപോകില്ല, ഇല്ലാക്കഥ പ്രചരിപ്പിക്കരുതേ’ ; ഡോക്ടറുടെ കുറിപ്പ്

HIGHLIGHTS
  • സമൂഹത്തിൽ പരിഭ്രാന്തി പരത്തരുത്‌, വ്യാജവാർത്ത പ്രചരിപ്പിക്കരുത്‌
dr-shimna-azeez-social-media-post-on-the-covid19-and-children
SHARE

കോവി‍‍ഡ് എത്രമാത്രം ദുരന്തങ്ങളാണ് വിതച്ചുകൊണ്ടിരിക്കുന്നതെന്ന് നാം ദിവസേന കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.  എന്നാൽ കോവിഡ് എന്ന മഹാമാരിയെ കുറിച്ച് ഭീതി പരത്തുന്നതും അശാസ്ത്രീയവുമായ പല സന്ദേശങ്ങളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.  അതിൽ ചിലതാണ് 'കുട്ടികൾക്ക്‌ ബിസ്‌ക്കറ്റ്‌, മിഠായി ഒക്കെ വാങ്ങിയാൽ 'സാനിറ്റൈസർ' ചെയ്യണം', 'കോവിഡിന്റെ മൂന്നാം തരംഗത്തിൽ കുട്ടികൾ തുരുതുരാ മരിച്ചു വീഴും  തുടങ്ങിയവ.  ഇവയെക്കുറിച്ചൊക്കെ ആളുകളിൽ ഉണ്ടാകുന്ന ഭീതി അനാവശ്യമാണെന്നു പറയുകയാണ് തന്റെ സമൂഹമാധ്യമ പോസ്റ്റിലൂടെ ‍ഡോ ഷിംന അസീസ്.

ഡോ. ഷിംന അസീസിന്റെ കുറിപ്പ് 

കോവിഡിന്റെ മൂന്നാം തരംഗത്തിൽ കുട്ടികൾ തുരുതുരാ മരിച്ച്‌ വീഴുമെന്ന് സൂപ്രീം കോടതി പറഞ്ഞിട്ടില്ല സുഹൃത്തേ...

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രക്ഷിതാക്കളിൽ ഒരാളോ രണ്ട്‌ പേരോ തന്നെയോ നഷ്‌ടപ്പെട്ട കുട്ടികൾക്ക്‌ കൊടുക്കേണ്ട പ്രത്യേക ശ്രദ്ധയിലൂന്നിയാണ്‌ സുപ്രീം കോടതി ജുവനൈൽ ജസ്‌റ്റിസ്‌ കമ്മിറ്റി ചെയർ പേഴ്‌സൺ രവീന്ദ്ര ഭട്ട്‌ സംസാരിച്ചത്‌. അങ്ങനെ ഒറ്റപ്പെട്ട്‌ പോയ മക്കൾക്ക്‌ എന്തൊക്കെ രീതിയിൽ ശ്രദ്ധ കൊടുക്കണം, ആർക്കൊക്കെ അവരെ ഏറ്റെടുക്കാം, അവരെ ശ്രദ്ധിക്കുന്ന കെയർ ഹോമുകളിൽ ഉള്ളവർ വാക്‌സിനേഷൻ എടുക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയവയാണ്‌ യുനിസെഫുമായി നടന്ന ആ ചർച്ചയിൽ മുഖവിലക്കെടുത്ത പ്രധാന വസ്‌തുതകൾ. അല്ലാതെ മൂന്നാം തരംഗം മക്കളെ കൊല്ലുമെന്നല്ല, എവിടുന്ന്‌ കിട്ടുന്നു ഈ ജാതി തർജമകൾ?

'കുട്ടികൾക്ക്‌ ബിസ്‌ക്കറ്റ്‌, മിഠായി ഒക്കെ വാങ്ങിയാൽ 'സാനിറ്റൈസർ' ചെയ്യണം', 'അവരെ കൊണ്ട്‌ പുറത്ത്‌ പോകുമ്പോൾ ഹെൽത്തിൽ അറിയിക്കണം' എന്നൊന്നുമുള്ള നിർദേശങ്ങൾ എങ്ങുമില്ല. വൃത്തിയുള്ള വസ്‌തു കുട്ടികൾക്ക്‌ കഴിക്കാൻ നൽകണമെങ്കിൽ അങ്ങനെ മാത്രം പറഞ്ഞാൽ മതി. ഓവറാക്കി ചളമാക്കേണ്ട. പിന്നെ, സാനിറ്റൈസർ ഒരു കാരണവശാലും  ഭക്ഷണത്തിൻമേൽ  ഉപയോഗിക്കാനുള്ളതല്ല. രക്ഷിതാവ്‌ കൈകൾ നന്നായി കഴുകി, പാക്കിനകത്തുള്ള ഭക്ഷ്യവസ്‌തു എങ്ങും തൊടാതെ വൃത്തിയോടെ കുഞ്ഞിനെടുത്ത്‌ കൊടുക്കുന്നതാണ്‌ ശരിയായ രീതി. തുറന്ന്‌ വെച്ച പരുവത്തിലുള്ള പുറത്ത്‌ നിന്നുള്ള ഫുഡ്‌ പാടേ ഒഴിവാക്കാം. 

പറഞ്ഞ്‌ വന്നത്‌ എന്താച്ചാൽ, മക്കൾക്ക്‌ ഭക്ഷണം കൊടുക്കാൻ പോലും മാതാപിതാക്കൾക്ക്‌ കൈയും കാലും വിറക്കുന്ന രീതിയിൽ എഴുതി വെക്കരുത്‌. മുൻകരുതലിന്‌ പെയിന്റടിച്ച്‌ പ്രദർശിപ്പിക്കേണ്ടതില്ല. അല്ലെങ്കിൽ തന്നെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു കുറവും അറിഞ്ഞോണ്ട്‌ ആരും വരുത്താറുമില്ല.കുട്ടികളെ 'അത്യാവശ്യങ്ങൾക്കല്ലാതെ പുറത്ത്‌ കൊണ്ട്‌ പോകരുത്‌' എന്ന മെസേജാണ്‌ പറയാനുള്ളതെങ്കിൽ അത്‌ നേരിട്ട്‌ പറയൂ, സമൂഹത്തിൽ പരിഭ്രാന്തി പരത്തരുത്‌, വ്യാജവാർത്ത പ്രചരിപ്പിക്കരുത്‌. 

'അവരെ കളിക്കാൻ വിടരുത്‌' എന്ന്‌ പറഞ്ഞോളൂ, അവർ രോഗം വീട്ടിലേക്ക്‌ കൊണ്ട്‌ വരാനുള്ള സാധ്യത അത്രയും കുറയും. അതിന്‌ ഇനി വരുന്നത്‌ കുട്ടികളെ കൊല്ലുന്ന കോവിഡ്‌ എന്നൊക്കെ പറഞ്ഞ്‌ ഞെട്ടിക്കാൻ നിന്നാൽ ചെയ്യുന്നത്‌ സാമൂഹ്യദ്രോഹമാണെന്ന്‌ നിസ്സംശയം പറയേണ്ടി വരും.

സമൂഹത്തിൽ ഭീതിയും ആശങ്കയും പരത്തിയല്ല ആരും ഇവിടെ രോഗപ്രതിരോധപ്രവർത്തനം നടത്തേണ്ടത്‌. ഇതൊക്കെ വായിച്ചും കേട്ടും ഉറക്കം നഷ്‌ടപ്പെടുകയും മിടിപ്പ്‌ കൂടുകയും കരയുകയും തല മരവിക്കുകയും ചെയ്യുന്ന അതിസാധാരണക്കാരായ മനുഷ്യരെ ഓർത്തെങ്കിലും, കുടുംബഗ്രൂപ്പുകളിൽ ചവച്ച്‌ തുപ്പിയിടുന്നതെന്തും അമൃതെന്ന്‌ മാത്രം കരുതുന്ന പാവം മനുഷ്യരെ ഓർത്തെങ്കിലും വായിൽ തോന്നിയ ഇമ്മാതിരി തോന്നിയവാസം എഴുതി പരത്തരുത്‌.

ഭാവന വിടരാൻ ഇത്‌ കഥയല്ല, മഹാമാരി മക്കളെ പറിച്ച്‌ കൊണ്ട്‌ പോകുമെന്ന ഇല്ലാക്കഥയാണ്‌. വൈറലാവാൽ നോക്കേണ്ടത്‌ വല്ലോർടേം നെഞ്ചത്ത്‌ ചവിട്ടിയുമല്ല. കുട്ടികളെ മാത്രമായി ബാധിക്കുന്ന, ഇല്ലായ്‌മ ചെയ്യുന്ന ഒന്നും നിലവിൽ ഇവിടെയില്ല. ഇത്തരം പ്രചാരണം തികച്ചും അശാസ്‌ത്രീയമാണ്‌, വസ്‌തുതാവിരുദ്ധമാണ്‌.പ്രതിരോധിക്കുക, ഇത്തരം പച്ചക്കള്ളങ്ങളെയും.ഇതെല്ലാം തന്നെ കടന്ന്‌ പോകും.

English Summary: Dr Shimna Azeez's social media post on  Covid19 and children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA