ADVERTISEMENT

മട്ടാഞ്ചേരിയില്‍ ഓട്ടിസം ബാധിച്ച ബാലനെ പിതാവ് ക്രൂരമായി മര്‍ദിച്ച വാർത്ത വളരെ വേദനയോടെയാണ് നാം കണ്ടത്.  സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച ആ വിഡിയോ പകർത്തിയത് കുട്ടിയുടെ അമ്മ തന്നെയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ ചെറളായിക്കടവ് സ്വദേശിയായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു കുട്ടികളിൽ നിന്നു വ്യത്യസ്തമായി, ഓട്ടിസം ബാധിച്ച കുട്ടികളോടു പെരുമാറേണ്ട രീതികള്‍ അവരുടെ രക്ഷിതാക്കളും സമൂഹവും അറിഞ്ഞിരിക്കുക തന്നെവേണം. ഈ ലോക്ഡൗൺ കാലം അത്തരം കുട്ടികളെ സാരമായിത്തന്നെ ബാധിച്ചേക്കാം. അവരെ എങ്ങനെ കരുതണമെന്നും രക്ഷിതാക്കൾ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നതിനെക്കുറിച്ചും മനോരമ ഓൺലൈനിനോട് സംസാരിക്കുകയാണ് കോട്ടയത്തെ ജ്യുവൽ ഓട്ടിസം സെന്റർ ഫൗണ്ടറും ഡയറക്ടറും ചീഫ് കൺസൽറ്റന്റുമായ ഡോ. ജയിംസൺ സാമുവൽ.

 

∙ ഓട്ടിസ്റ്റിക് കുട്ടികളും സെൻസറി പ്രോസസിങ് പ്രശ്നങ്ങളും

 

ഓട്ടിസം ബാധിച്ച കുട്ടികള്‍ ഒരുപാട് സെൻസറി പ്രോസസിങ് പ്രശ്നങ്ങളുള്ളവരാണ്. അതായത്, പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങൾ ശരിയായി ക്രമീകരിക്കാനോ നിയന്ത്രിക്കാനോ ഉള്ള കഴിവ് അവർക്ക് ഉണ്ടായിരിക്കില്ല. ഇത്തരക്കാരെ ചില ചെറിയ ശബ്ദങ്ങൾ പോലും അസ്വസ്ഥരാക്കും. ഇവർ ഒരുപാട് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ലോക്ഡൗൺ കാലത്ത് വീട്ടിൽത്തന്നെ കഴിയേണ്ടി വരുന്നത് ഇവരെ അസ്വസ്ഥരാക്കും. 

∙ രക്ഷിതാക്കളുടെ ബുദ്ധിമുട്ടും പരിഹാരവും

മുൻപ് ഇവർക്കായുള്ള സ്കൂളുകളിലും തെറപ്പി സെന്ററുകളിലുമൊക്കെ പോയിരുന്ന കുട്ടികളെ ഇപ്പോൾ വീടുകളിൽത്തന്നെ പരിപാലിക്കാൻ രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നുണ്ട്. ജോലിസ്ഥലത്തെ ചുമതലകളും വീട്ടുജോലികളും സാമ്പത്തിക പ്രശ്നങ്ങളും അടക്കമുള്ള തിരക്കുകളും പ്രശ്നങ്ങളും അലട്ടുന്ന മാതാപിതാക്കൾക്ക്, ഇത്തരം കുട്ടികളുടെ വാശികളും ദേഷ്യവും കൈകാര്യം ചെയ്യാനാകാതെ വരുന്നു. പക്ഷേ ഇത്തരം കുട്ടികളെ അടിക്കുകയോ വഴക്കുപറയുകയോ ചെയ്യുന്നത് അതിനുള്ള പരിഹാരമല്ല.

∙ തെറപ്പികളും മരുന്നുകളും മുടക്കരുത്

ഇവരുടെ നെർവസ് സിസ്റ്റത്തിന് ഓർഗനൈസ് ചെയ്ത് പ്രവർത്തിക്കാനുള്ള തെറപ്പികളാണ് ഒക്യുപേഷനൽ തെറപ്പിയിൽ നൽകുന്നത്. ശ്രദ്ധ കേന്ദ്രീകരിക്കാനും നെർവസ് സിസ്റ്റത്തെ ശാന്തമാക്കാനും സെൻസറി പ്രശ്നങ്ങൾ മറികടക്കാനുമൊക്കെയുള്ള പരിശീലനമാണ് ഇവർക്ക് ലഭിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഇത് മുടങ്ങുമ്പോൾ സ്വാഭാവികമായും അവർ ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കും. അതുകൊണ്ട് കോവിഡ് പ്രശ്നങ്ങളും ലോക്ഡൗണുമൊക്കെയാണെങ്കിലും ഓൺലൈനിലൂടെയോ ഫോണിലൂടെയോ ഇത്തരം സ്പെഷലിസ്റ്റുകളുമായി ബന്ധപ്പെട്ട് അവരുടെ ഉപദേശം തേടുക. ഗവൺമെന്റ് തലത്തിലും ഇത്തരം സൗകര്യങ്ങളുണ്ട്. കുട്ടികൾ പ്രകടിപ്പിക്കുന്ന അസ്വസ്ഥതകളും പെരുമാറ്റ വൈകല്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിദഗ്ധരുടെ അഭിപ്രായം അറിയുക. കുട്ടി മരുന്നു കഴിക്കുന്നുണ്ടെങ്കിൽ അതു മുടങ്ങരുത്.

∙ വീട്ടിലും നൽകാം ടാസ്ക്കുകൾ

നിരന്തരമായ പരിശീലനങ്ങളിലൂടെയാണ് ഈ കുട്ടികൾ സ്വയംപര്യാപ്തരാകുന്നത്. അത് മുടങ്ങുന്നത് ഇവരെ സാരമായി ബാധിക്കും. വീടുകളിൽത്തന്നെ ഇവർക്ക് ചില ടാസ്ക്കുകൾ നൽകാം. പത്രം മടക്കി യഥാസ്ഥാനത്ത് വയ്ക്കാനും വൈകുന്നേരം വീടിന്റെ ഗെയ്റ്റ് അടയ്ക്കാനും തുണി വിരിക്കാനും മടക്കാനും ചെടി നനയ്ക്കാനും പച്ചക്കറികൾ തരംതിരിച്ച് എടുക്കാനുമൊക്കെ രക്ഷിതാക്കളും ഒപ്പം നിന്ന് പരിശീലിപ്പിക്കാം. വഴി കണ്ടുപിടിക്കുക, നിറങ്ങൾ തിരിച്ചറിയുക തുടങ്ങിയ ആക്റ്റിവിറ്റികളും വീട്ടിൽ ചെയ്യിപ്പിക്കാം. സഹോദരങ്ങൾ  ഇവർക്കൊപ്പം കളിക്കാനും സമയം കണ്ടെത്തുക.

∙ ഭക്ഷണത്തിൽ ശ്രദ്ധ വേണം

ഇത്തരം കുട്ടികൾക്ക് ചില ഭക്ഷണങ്ങൾ കൊടുക്കാൻ പറ്റില്ല. ഇവർക്ക് പ്രത്യേക ഭക്ഷണരീതികളുണ്ട്. കോവിഡും ലോക്ഡൗണുമൊന്നും ഇവരുടെ ഭക്ഷണ ചിട്ടകളെ ബാധിക്കാൻ പാടില്ല. ഗോതമ്പ്, മൈദ, ചോക്​ലെറ്റ്, ചില പാലുൽപന്നങ്ങൾ, വറുത്തെടുത്ത ചില ഭക്ഷണങ്ങൾ തുടങ്ങിയവ പൊതുവേ ഇവർക്ക് ഒഴിവാക്കുകയാണ് പതിവ്. 

∙ ഹൈപ്പർ ആക്റ്റിവിറ്റി

ഇത്തരത്തിലുള്ള മിക്ക കുട്ടികളും ഹൈപ്പർ ആക്റ്റിവിറ്റിയുള്ളവരായിരിക്കും. സാധാരണ കുട്ടികളെക്കാൾ ശാരീരികമായി ആക്റ്റിവിറ്റികൾ ഇവർക്ക് കൂടുതലായിരിക്കും. ലോക്ഡൗൺ ആണെന്നു കരുതി അവരെ മുറിയിൽത്തന്നെ അടച്ചിട്ടാൽ ആക്രമണ സ്വഭാവം കൂടും. മാനസിക വളർച്ച എത്തിയിട്ടില്ലെങ്കിലും വൈകാരിക പ്രശ്നങ്ങളുണ്ടാകും. ഇവർക്ക് വികാരങ്ങളെ നിയന്ത്രിക്കാനാകില്ല. വൈകാരികവും ശാരീരീകവുമായ ആവശ്യങ്ങളെ മനസ്സിലാക്കാതെ ഇവരോട് പെരുമാറുന്നത് തെറ്റായ പ്രവണതയാണ്. അവരുടെ  ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കാനായാൽത്തന്നെ അവരെ ശരിയായ രീതിയിൽ നിയന്ത്രിക്കാനാകും.

∙ ആശയവിനിമയത്തിലെ ബുദ്ധിമുട്ട്

മിക്ക കുട്ടികളിലും ആശയവിനിമയ ശേഷി കുറവായിരിക്കും. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി നിറവേറ്റേണ്ട ഉത്തരവാദിത്വം അവരെ പരിചരിക്കുന്നവരുടേതാണ്. വീട്ടിലെ മറ്റംഗങ്ങളും കുട്ടിയുടെ ഈ അവസ്ഥ മനസ്സിലാക്കി വേണം അവരോടു പെരുമാറേണ്ടത്. ഇത്തരക്കാരു‌ടെ പ്രൈമറി കെയർ ഗിവർ ആരാണോ അയാൾ, ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ മറ്റു കുടുംബാംഗങ്ങൾക്കും ഇക്കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കണം.

ഈ കുട്ടികൾക്ക് വലിയ വാചകങ്ങൾ മനസ്സിലാകില്ല. അതിനാൽ ചെറിയ വാചകങ്ങളിൽ കാര്യങ്ങൾ പറയാം. ശരിയായി ചെയ്യുമ്പോൾ അഭിനന്ദനവും ചെറിയ സമ്മാനങ്ങളും കൊടുക്കാം. ഓട്ടിസമുള്ള കുട്ടികൾ ഈ സമയത്ത് ടെലിവിഷനോ മറ്റു ഗാഡ്ജറ്റുകൾക്കോ അടിമപ്പെടാതെ നോക്കണം. ഇവർക്ക് ഗാഡ്ജറ്റ്സ് കൊടുക്കുന്നത് വളരെ ദോഷം ചെയ്യും. ശ്രദ്ധക്കുറവും ഹൈപ്പർ ആക്റ്റിവിറ്റിയും കൂടാൻ കാരണമാകും. അവർക്ക് അടികൊടുത്തു കാര്യങ്ങൾ ചെയ്യിപ്പിക്കുന്നത് തെറ്റായ പ്രവണത തന്നെയാണ്.

ഈ കോവിഡ് കാലത്ത് ‘ജ്യുവൽ ഓട്ടിസം സെന്റർ’ ആറ് മാസം മുതൽ 13 വയസുവരെയുള്ള ഓട്ടിസ്റ്റിക്കായ കുട്ടികളുടെ രക്ഷിതാക്കൾക്ക് സൗജന്യ കൺസൽട്ടേഷനും ഉപദേശവും ഫോണിലൂടെ നൽകുന്നു. തിങ്കൾ മുതൽ ശനിവരെ രാവിലെ 9 നും വൈകിട്ട് 5 നും ഇടയിൽ താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടാം.

Free Autism helpline – 9745451747

വിവരങ്ങൾക്ക് കടപ്പാട് – ഡോ. ജയിംസൺ സാമുവൽ, ജ്യുവൽ ഓട്ടിസം സെന്റർ. കോട്ടയം

English Summary : Interview with Jameson Samuel about how to support children with autism during the pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com