ADVERTISEMENT

ബാല്യകാല സൗഹൃദങ്ങൾ സമ്മാനിച്ച മധുരവും നൊമ്പരവും പിണക്കവും ഇണക്കവുമെല്ലാം കഥകളിലൂടെ മാത്രം കേട്ടറിയാൻ ഭാഗ്യം ലഭിച്ച ഒരു തലമുറയാണ് ഇന്നുള്ളത്. അതിനു അടിവരയിടുന്ന തരത്തിലുള്ള ഒരു പഠനഫലമാണിത്. ഈ പഠനഫലത്തിൽ വില്ലന്മാർ മാതാപിതാക്കളാണ്. കുട്ടികളുടെ ബാല്യകാല സൗഹൃദങ്ങളെ മുളയിലേ തന്നെ നുള്ളിക്കളയാൻ ഇന്ന്  പല രക്ഷിതാക്കളും  ശ്രമിക്കുന്നുണ്ടെന്നാണ് ആ പഠനം പറയുന്നത്. അതുകൊണ്ടു തന്നെ ചെറുപ്പത്തിലേ തുടങ്ങുന്ന സൗഹൃദങ്ങൾക്കൊന്നും പന്ത്രണ്ട് വയസിനപ്പുറത്തേക്ക് ആയുസില്ലെന്നും സർവ്വേ ഫലങ്ങൾ ചൂണ്ടി കാണിക്കുന്നു.

 

ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിലെയും ഫിന്ലാന്ഡിലെ ജൈവസ്കൈല യൂണിവേഴ്‌സിറ്റിയും ചേർന്ന്, സർവേയിലൂടെ നടത്തിയ ഒരു പഠനമാണ് കുഞ്ഞുങ്ങൾ, മാതാപിതാക്കളുടെ പ്രേരണയാൽ തങ്ങളുടെ സൗഹൃദങ്ങൾ വേണ്ടെന്നു വെക്കുന്നുണ്ട് എന്ന തരത്തിലുള്ള  ഫലങ്ങൾ പുറത്തു വിട്ടത്. ഏഴ് മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള 1523 കുട്ടികളിലാണ് പഠനം നടത്തിയത്. അതിൽ 766  പേർ ആൺകുട്ടികളായിരുന്നു. കുട്ടികൾക്കൊപ്പം തന്നെ അവരുടെ മാതാപിതാക്കളുടെയും  സ്വഭാവസവിശേഷതകൾ അറിയുന്നതിനായി ഒരു ചോദ്യാവലി നൽകി അതിനു ഉത്തരങ്ങൾ നല്കാൻ അഭ്യർത്ഥിച്ചിരുന്നു. ആ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശകലനങ്ങളാണ് മാതാപിതാക്കൾ ഒരു പരിധിയിൽ കൂടുതൽ കുഞ്ഞുങ്ങളുടെ സൗഹൃദത്തിൽ ഇടപെടുന്നുണ്ടെന്നും  ആ സൗഹൃദങ്ങളെ വളരാൻ അനുവദിക്കുന്നുമില്ലെന്നുമുള്ള സംഗ്രഹത്തിലേക്കു ഗവേഷകർ എത്തിച്ചേർന്നത്. 

 

മാതാപിതാക്കൾ തങ്ങളുടെ മക്കളെ സ്വാധീനിക്കുന്നത് പ്രധാനമായും മൂന്നു ശൈലികളിലൂടെയാണ്. ഒരു വിഭാഗം പെരുമാറ്റങ്ങളിൽ നിയന്ത്രണങ്ങൾ വെച്ചുകൊണ്ടാണ് കുഞ്ഞുങ്ങളെ വളർത്തുന്നത്. അവിടെ പോകരുത്, അങ്ങോട്ട് നോക്കരുത്, അത് ചെയ്യരുത് തുടങ്ങി നിരവധി നിബന്ധങ്ങൾ കുഞ്ഞുങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നു. രണ്ടാമത്തെ വിഭാഗത്തിലുള്ളവർ, മാനസികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നവരാണ്. കുറ്റപ്പെടുത്തുക, നാണംകെടുത്തുക തുടങ്ങിയ കാര്യങ്ങളിലാണ് ഈ വിഭാഗം രക്ഷിതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മൂന്നാമത്തെ വിഭാഗത്തിലുള്ളവർ, സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്നവരാണ്.

 

മാതാപിതാക്കൾ തങ്ങളുടെ  മാനസിക വ്യാപാരങ്ങൾക്കനുസരിച്ചാണ്  കുഞ്ഞുങ്ങളെ നിയന്ത്രിക്കുന്നത്. മാനസിക സംഘർഷങ്ങളിലായിരിക്കുന്ന മാതാപിതാക്കൾ കൈക്കൊള്ളുന്ന തീരുമാനങ്ങളിലും അവരുടെ അന്നേരത്തെ അവസ്ഥകൾ പ്രതിഫലിക്കുന്നതാണ്. സാമൂഹിക പദവി പോലുള്ള കാര്യങ്ങളും കുഞ്ഞുങ്ങളുടെ സൗഹൃദങ്ങളെ ബാധിയ്ക്കാനിടയുണ്ട്. മാതാപിതാക്കളുടെ മികച്ച സ്വഭാവവിശേഷങ്ങളും  കുഞ്ഞുങ്ങൾ  ഒരേ സാമൂഹികപദവി പങ്കിടുന്നവരുമാണെങ്കിൽ  സൗഹൃദങ്ങൾ  ചിലപ്പോൾ നീണ്ടു നില്ക്കാൻ ഇടയുണ്ട്. വിപരീത രീതിയിൽ സ്വഭാവമുള്ള മാതാപിതാക്കളാണെങ്കിൽ കുഞ്ഞുങ്ങളുടെ സൗഹൃദത്തിന് അല്പായുസ്സേ കാണുകയുള്ളു എന്നാണ് പഠനഫലങ്ങൾ ഉറപ്പിക്കുന്നത്. കുഞ്ഞുങ്ങളെ മാനസികമായി നിയന്ത്രിക്കുന്നത് തീർത്തും മോശമായ ഫലങ്ങൾ ഉളവാക്കുമെന്നും ഗവേഷകർ ചൂണ്ടികാണിക്കുന്നു. മറ്റുള്ളവരുമായി നന്നായി ഇടപെടുന്നതിനോ, ഭാവിയിൽ നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കാനോ ഇത്തരം കുട്ടികൾക്ക് കഴിയുകയില്ലെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. സ്നേഹത്താൽ മാതാപിതാക്കൾ നിയന്ത്രിക്കുന്ന കുട്ടികളും നീണ്ടകാല സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നില്ല എന്നൊരു വിചിത്രമായ വസ്തുതയും ഈ പഠനം വെളിപ്പെടുത്തുന്നുണ്ട്. ചെറുപ്രായത്തിൽ ആരംഭിക്കുന്ന സൗഹൃദങ്ങളിൽ 48 ശതമാനവും വളരെപ്പെട്ടന്ന് തന്നെ നഷ്ടപ്പെടുന്നുണ്ടെന്നാണ് ആത്യന്തികമായി ഈ സർവ്വേ പഠനഫലങ്ങൾ തെളിയിക്കുന്നത്.

 

English summary: Study says parents cause children's friendships to end

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com