ADVERTISEMENT

പലപ്പോഴും കുഞ്ഞുങ്ങളെക്കുറിച്ച് പറഞ്ഞു കേൾക്കുന്ന സ്ഥിരം പല്ലവിയാണ്,  അവന് 'അമ്മ മാത്രം മതി, 'അമ്മടേടുത്തു നിന്നും മാറിയാൽ അവൾ കരയും, അവളൊരു അമ്മകുഞ്ഞാണ്‌, 'അമ്മ തന്നെ വേണം എല്ലാത്തിനും എന്നതെല്ലാം. തുടക്കത്തിൽ തമാശരൂപേണയാണ് ഇക്കാര്യം പറയുന്നതെങ്കിലും കുഞ്ഞുവലുതാകാൻ തുടങ്ങുന്നതോടെ തമാശയുടെ രീതി മാറി പരാതിയുടെ സ്വഭാവം വരും. അമ്മക്കുഞ്ഞായി ഒരു കുട്ടി വളരുന്നത്, അല്ലെങ്കിൽ വീട്ടിൽ ഒരാളോട് മാത്രമായി അറ്റാച്ഡ് ആകുന്നത് അത്ര നല്ല ഒരു ശീലമല്ല

 

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഏറെ പവിത്രമായ ഒന്നാണ്. തന്റെ ശരീരത്തിന്റെ ഭാഗമായി ഒരു കുഞ്ഞു ജനിക്കുമ്പോൾ അമ്മമാർ എക്സൈറ്റഡ് ആകുകയും എല്ലാ കാര്യത്തിനും കുഞ്ഞുങ്ങളുടെ പിന്നാലെ നടക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ അമ്മമാർ ഇത്തരത്തിൽ അറ്റാച്ഡ് ആകുമ്പോൾ അവരറിയാതെ തന്നെ അവർക്കുള്ളിൽ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ രൂപപ്പെടും. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്. 

 

കുട്ടികളെ മറ്റുള്ളവർക്ക് കൈമാറാനുള്ള മടി, അവരുടെ കാര്യങ്ങളിൽ അമിതമായ ശ്രദ്ധ, കളിക്കുമ്പോൾ വീഴുമോ എന്ന ഭയത്താൽ കുഞ്ഞിനെ പുറത്ത് വിടാതിരിക്കുക, ഇപ്പോഴും കുഞ്ഞിനെ കാണണം എന്ന തോന്നൽ, ഒരു ചെറിയ പനിയോ  മറ്റോ വരുമ്പോഴേക്കും അമിതമായി  ആശങ്കപ്പെടാനും വിഷമിക്കാനും തുടങ്ങും . ഇത് ഒരുവിധത്തിൽ പറഞ്ഞാൽ ഓവർ പൊസസ്സീവ്നെസ്സ് ആണ്. ഇത് വളരാൻ അനുവദിക്കുന്നത് അപകടമാണ്. 

 

അമ്മയെ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയിൽ മാത്രം കേന്ദ്രീകൃതമായി വളരുന്ന കുഞ്ഞുങ്ങൾക്ക് പലവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കൻ സാധ്യതയുണ്ട്. മറ്റുള്ളവരോട് ഇടപെടാനും ഇടപഴനുമുള്ള വിമുഖതയാണ് ഇതിൽ പ്രധാനം. ഇത് ഗുരുതരമായ പ്രശ്നമാണ്. കുട്ടി അന്തർമുഖനാകുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കും. 

 

പഠനം തുടങ്ങുന്ന പ്രായത്തിലാണ് കൂടുതൽ ഗൗരവകരായ പ്രശ്നങ്ങൾ നേരിടേണ്ടി വരിക. അക്കാലം വരെ അമ്മയെ മാത്രം കരുതി ജീവിച്ചിരുന്ന ഒരു കുഞ്ഞിനെ പെട്ടന്ന് അമ്മയിൽ നിന്നും മാറ്റുന്നത് കുട്ടിക്ക് കടുത്ത പിരിമുറുക്കം ഉണ്ടാക്കും. ഓവർ അറ്റാച്ഡ് ആയ അമ്മമാർക്കും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കും. സ്‌കൂളിലേക്ക് പോകുമ്പോൾ കുട്ടികൾക്ക് സെപ്പറേഷൻ ആങ്സൈറ്റി ഉണ്ടാകുകയും ഇത് കുട്ടികളെ മാനസികമായി തകർക്കുകയും ചെയ്യുന്നു. ഇതിനെല്ലാം ഉപരിയായി കുട്ടികൾക്ക് അമിതമായ ഉത്കണ്ഠ ജനിക്കുന്നതിനും ഇതു കാരണമാകുന്നു. 

 

കുട്ടികൾ മിടുക്കന്മാരും മിടുക്കികളുമായി എല്ലാകാലവും വളരാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ അവരെ എല്ലാവരുമായും ഇടപഴകി ജീവിക്കാനും സ്വയം പര്യാപ്തരാകാനും തയ്യാറാക്കുകയാണ് വേണ്ടത്. സ്നേഹത്തിന്റെ പേരിൽ കുഞ്ഞുങ്ങളെ തളച്ചിടുന്നത് തീർത്തും അനാരോഗ്യകരമാണ് എന്നാണ് സെപ്പറേഷൻ ആങ്സൈറ്റി ഡിസോർഡർ സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത്. 

 

English summary : Ways to overcome possessive toddler behavior

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com