ADVERTISEMENT

ഒരു കുട്ടിയുടെ മാനസികവും സാമൂഹികവും വൈകാരികവുമായ വികസനത്തിൽ മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ, മാതാപിതാക്കളെ പിരിഞ്ഞതോ നിരന്തരം വഴക്കിടുന്ന മാതാപിതാക്കളോടൊപ്പം കഴിയുന്നതോ മാതാപിതാക്കൾ മരിച്ചുപോയതോ ആയ കുട്ടികളുടെ മാനസികാവസ്ഥയെയും ഭാവി ജീവിതത്തെയും അത്തരം സാഹചര്യങ്ങൾ എങ്ങനെ സ്വാധീനിക്കുന്നുവെന്ന ചിന്ത പ്രസക്തമാണ്.

മൂന്നു വയസ്സുവരെയാണ് തലച്ചോറിലെ കോശങ്ങൾ വർധിക്കുന്നത്. അതിനു ശേഷം മസ്‌തിഷ്‌ക കോശങ്ങളുടെ എണ്ണം കൂടാറില്ല. പക്ഷേ മൂന്നു വയസ്സു കൊണ്ട് ഒരു കുട്ടിയുടെ മാനസിക വികാസം പൂർത്തിയാകില്ല എന്ന കാര്യവും നമുക്ക് അറിയാം. മൂന്നു വയസ്സിനു മേൽ പ്രായമുള്ള കുട്ടികളിൽ നിലവിലുള്ള മസ്‌തിഷ്‌ക കോശങ്ങൾ തമ്മിൽ പുതിയ ബന്ധങ്ങൾ അഥവാ പുതിയ സിനാപ്‌സു (Synapse)കൾ സ്ഥാപിതമാകുന്നതോടെയാണ് അവരുടെ മാനസികവും വൈകാരികവുമായ വികാസങ്ങൾ ത്വരിതപ്പെടുന്നത്. ഇതിന് വ്യത്യസ്‌തമായ ജീവിത അനുഭവങ്ങളിലൂടെ കുട്ടികൾ കടന്നു പോവുക എന്നതാണ് ഏറ്റവും നല്ല മാർഗം. വ്യത്യസ്‌തമായ കളികൾ, സാങ്കേതിക വിദ്യകൾ പരിചയപ്പെടുക, വ്യത്യസ്‌ത ഭാഷകൾ പഠിക്കുക, വ്യത്യസ്‌ത കലാരൂപങ്ങൾ പരിശീലിക്കുക, വ്യത്യസ്‌ത വ്യക്തികളുമായി ഇടപെടുക, വ്യത്യസ്‌ത ജീവിത സാഹചര്യങ്ങൾ പരിചയപ്പെടുക ഇതൊക്കെ തലച്ചോറിലെ കോശങ്ങൾ തമ്മിൽ ബന്ധങ്ങൾ സ്ഥാപിതമാകാനും അതുവഴി ആ കുട്ടിയുടെ വൈകാരികവും സാമൂഹികവുമായ വളർച്ച ത്വരിതപ്പെടാനും സഹായകമാകുന്നു. മാതാപിതാക്കൾ ഒത്തൊരുമയോടെ കുട്ടിയെ വളർത്താൻ തയാറാണെങ്കിലേ ഇത്തരം കാര്യങ്ങൾ സാധ്യമാവുകയുള്ളൂ. 

നമുക്കാർക്കെങ്കിലും മൂന്നു വയസ്സിനു മുൻപ് ജീവിതത്തിൽ നടന്ന എന്തെങ്കിലും ഒരു സംഭവം ദൃശ്യ രൂപത്തിൽ ഓർമയുണ്ടോ?  സാധ്യത കുറവാണ്. കാരണം ജീവിതാനുഭവങ്ങളെ ദൃശ്യങ്ങളുടെ രൂപത്തിൽ തലച്ചോറിൽ ശേഖരിച്ചു വയ്ക്കുന്ന ദൃശ്യ സ്‌മൃതി (Visual Memory) എന്ന കഴിവ് വ്യക്തിയിൽ രൂപീകൃതമാകുന്നത് മൂന്നു വയസ്സിന് ശേഷമാണ്. പക്ഷേ മൂന്നു വയസ്സു വരെയും ഓർമകൾ ഉണ്ടാകും. മൂന്നു വയസ്സു വരെയുള്ള കുട്ടിയുടെ ഓർമകളും വൈകാരിക വികസനവും ഏറ്റവും പ്രധാനമായി സ്വാധീനിക്കുന്നത് മാതാപിതാക്കളുമായുള്ള സ്പർശമാണ്. അതു കൊണ്ടാണ് മൂന്നു വയസ്സു വരെയുള്ള കുട്ടികളുമായി മാതാപിതാക്കൾക്ക് പരമാവധി സമയം ശാരീരിക സ്പർശനം ഉണ്ടാവണം എന്നു പറയുന്നത്. അത്തരം കുട്ടികൾ ഭാവിയിൽ കൂടുതൽ വൈകാരിക സ്ഥിരത ഉള്ളവരാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

കുഞ്ഞായിരിക്കെത്തന്നെ മാതാപിതാക്കളുമായി വേർപെട്ടു കഴിയുന്നവർക്ക് ഈ സ്പർശന രൂപത്തിലുള്ള വൈകാരിക സുരക്ഷിതത്വം നിഷേധിക്കപ്പെടുകയാണ്. ഇത്തരം കുട്ടികൾ വളരുമ്പോൾ വൈകാരിക അസ്ഥിരതയുള്ള വ്യക്തികളാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂന്നു വയസ്സു മുതൽ കുട്ടികൾക്ക് ജീവിതാനുഭവങ്ങളെ ദൃശ്യരൂപത്തിൽ ശേഖരിച്ച് വയ്ക്കാനുള്ള കഴിവ് ഉണ്ടാകും. ഈ ഘട്ടത്തിലാണ് മാതാപിതാക്കൾ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും അവരോട് ആശയ വിനിമയം നടത്തുകയും അവരോടൊപ്പം കളിക്കുകയും ചെയ്യേണ്ടതിന്റെ പ്രസക്തി കൂടുന്നത്. 

കളികളിലൂടെ ഒട്ടേറെ ജീവിത നിപുണതകൾ സ്വായത്തമാക്കാൻ കുട്ടികൾക്ക് കഴിയാറുണ്ട്. കാരണം ജീവിതത്തിൽ സംഭവിക്കുന്നതുപോലെ ജയവും തോൽവിയുമൊക്കെ കളികളിലും സംഭവിക്കും. ഒരു കളി തോറ്റാലും അടുത്ത കളിയിൽ ജയിക്കാമെന്ന തിരിച്ചറിവ് നിരന്തരം കളികളിൽ ഏർപ്പെടുന്ന കുട്ടികളിൽ കൂടുതലായി ഉണ്ടാകാൻ സാധ്യത ഉണ്ട്. സ്വാഭാവികമായും ഇത്തരം കുട്ടികൾ പരാജയത്തെ കൈകാര്യം ചെയ്യുവാൻ കൂടുതൽ പ്രാപ്‌തരായിരിക്കും എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇക്കാരണം കൊണ്ടു തന്നെ മാതാപിതാക്കൾ മൂന്നു വയസ്സു തൊട്ട് എട്ടു വയസ്സു വരെ പ്രായമുള്ള കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും അവരോടൊപ്പം കളിക്കുകയും അവർക്ക് പറയാനുള്ളതു കേൾക്കുകയും വേണം.

ഈ ഒരു ഘട്ടം മുതൽ ദിവസം അരമണിക്കൂറെങ്കിലും ക്വാളിറ്റി ടൈം കുട്ടികൾക്ക് കൊടുക്കണം. അത് അവരെ ശാസിക്കാനോ ശിക്ഷിക്കാനോ തിരുത്താനോ ഉപദേശിക്കാനോ ഉള്ളതല്ല, അവർക്കു പറയാനുള്ളത് കേൾക്കാനുള്ള സമയമാണ്. ഇതു വഴി കുട്ടികളുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുന്നു. ഒപ്പം, കുട്ടികളുടെ ജീവിതത്തിൽ എന്തെങ്കിലും ദുരനുഭവങ്ങൾ ഉണ്ടായാൽ ആദ്യംതന്നെ അത് മാതാപിതാക്കൾക്ക് അറിയാനും അവസരം ഒരുങ്ങുന്നു. അങ്ങനെ ചൂഷണങ്ങളിൽനിന്ന് കുട്ടികളെ രക്ഷപ്പെടുത്താനും കഴിയും.

മാതാപിതാക്കളിൽനിന്ന് വേർപെട്ടു കഴിയുന്ന കുട്ടികൾക്ക് മേൽ സൂചിപ്പിച്ച രണ്ടു സൗകര്യങ്ങളും നിഷേധിക്കപ്പെടുകയാണ്. മാതാപിതാക്കളുടെ ശാരീരിക സ്പർശനത്തിൽനിന്ന് കിട്ടുന്ന വൈകാരിക സുരക്ഷിതത്വം നിഷേധിക്കപ്പെടുന്നത് വഴി ആ കുട്ടികൾ വൈകാരിക അസ്ഥിരത ഉള്ളവരാവാൻ സാധ്യത കൂടുതലാണ്. ചെറിയ കാര്യത്തിന് നിർബന്ധവും വാശിയും പ്രകടിപ്പിക്കുക, പെട്ടെന്ന് ദേഷ്യം വരുക, നിസ്സാരകാര്യങ്ങൾക്ക് സങ്കടം വരുക, ഇത്തരത്തിൽ സമൂഹവുമായി ഇണങ്ങി ചേർന്നുപോകാൻ ബുദ്ധിമുട്ടുള്ള ആളുകളായി അവർ വളർന്നു വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ മൂന്നു വയസ്സിനു മുകളിൽ പ്രായമുള്ള അവസരത്തിൽ മാതാപിതാക്കളുമായി നേരിട്ട് ഇടപെടാനും ആശയവിനിമയം നടത്താനും കഴിയാതെ വരുന്നത് മൂലം സ്വാഭാവികമായും സുഖകരമല്ലാത്ത ദൃശ്യ സ്‌മൃതികൾ അവരുടെ ഓർമകളിൽ സ്ഥാനം പിടിക്കാൻ സാധ്യത ഉണ്ട്. അത് മറ്റുള്ളവരോടുള്ള ഇടപെടലിനെ സ്വാധീനിച്ചേക്കാം. 

നിരന്തരം മാതാപിതാക്കൾ വഴക്കിടുന്നത് കണ്ടു വളരുന്ന കുട്ടികൾക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടു വരുന്നുണ്ട്. അച്ഛനും അമ്മയും വീട്ടിലുള്ള മുതിർന്ന വ്യക്തികളുമെല്ലാം ഒരേ തരത്തിലുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു മുന്നോട്ട് പോകുന്നതാണ് കുട്ടിയുടെ വളർച്ചയ്ക്ക് ആരോഗ്യകരം. മുതിർന്ന വ്യക്തികൾ പരസ്‌പര വിരുദ്ധമായ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നത് കുട്ടിയുടെ മാനസിക ആരോഗ്യത്തെ ബാധിക്കും. ഉദാഹരണത്തിന് അച്ഛൻ ഒരു കാര്യം പറയുന്നു, അമ്മ അതിനു നേർവിപരീതമായ നിർദേശം കൊടുക്കുന്നു. ഇത്തരം ആശയവിനിമയ രീതികളെ double bind കമ്യൂണിക്കേഷൻ എന്നു പറയും. ഇത് കുട്ടിയുടെ മനസ്സിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കും. ഏതാണ് ശരി. ആരു പറയേണ്ടതാണ് പിന്തുടരേണ്ടത്? ഇത്തരത്തിലുള്ള സംശയങ്ങൾ കുട്ടിയുടെ മനസ്സിൽ ഉണ്ടാകും. 

ഇത്തരം വിഷയങ്ങളെ ചൊല്ലി മാതാപിതാക്കൾ തമ്മിൽ പരസ്‌പരം വഴക്കിടുന്നത് കണ്ട് വളരേണ്ടി വന്നാൽ ആ കുട്ടിയുടെ മനസ്സിൽ അച്ഛനോടും അമ്മയോടും ബഹുമാനമില്ലാതെയാവും. അതോടെ കുട്ടിയെ നിയന്ത്രിക്കാനും അച്ചടക്കം പരിശീലിപ്പിക്കാനും ബുദ്ധിമുട്ട് കൂടുന്നു. കൗമാരത്തിൽ മാതാപിതാക്കളെ നിഷേധിക്കുന്ന സ്വഭാവത്തിലേക്ക് ഇത്തരം കുട്ടികൾ എത്തിച്ചേരുകയും പിന്നീട് അവരെ നേർവഴിക്ക് കൊണ്ടുവരാൻ മുതിർന്നവർ വളരെയധികം പ്രയാസപ്പെടേണ്ടിവരികയും ചെയ്യുന്നതായി കണ്ടു വരുന്നു. 

പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ പലപ്പോഴും മുതിർന്നവരുടെ പെരുമാറ്റങ്ങൾ അനുകരിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഉദാഹരണത്തിന് എട്ടു വയസ്സുള്ള ഒരു കുട്ടി സ്‌കൂളിൽ പഠിപ്പിച്ച പാഠഭാഗം ഉറച്ചു വായിക്കുകയാണ് എന്ന് സങ്കൽപിക്കുക. അതിൽ തെറ്റായ കാര്യങ്ങൾ ഉണ്ട് എന്ന് നമുക്ക് മനസ്സിലാകുന്നു. നമ്മൾ അവനെ തിരുത്താൻ ശ്രമിക്കുന്നു. എന്തായിരിക്കും ആ എട്ടു വയസ്സുകാരന്റെ സ്വാഭാവിക പ്രതികരണം? അവൻ നമ്മൾ പറയുന്നത് സമ്മതിച്ചു തരാൻ സാധ്യതയില്ല. കാരണം എന്റെ അധ്യാപിക പറഞ്ഞതാണ് ശരി എന്ന് അവൻ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഇതേ കുട്ടി ഒരു പതിന്നാല് പതിനഞ്ച് വയസ്സ് പ്രായമാകുമ്പോൾ അധ്യാപകർ പഠിപ്പിക്കുന്ന കാര്യങ്ങൾ ഗൂഗിളിൽ പോയി തിരഞ്ഞ് നോക്കി അതിലെ തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിച്ച് ചിലപ്പോൾ അധ്യാപകരെ ചോദ്യം ചെയ്യാൻ വരെ തയാറാകുകയും ചെയ്യും. 

അപ്പോൾ, തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാനുള്ള ഗുണദോഷ വ്യക്തി വിചാരം അല്ലെങ്കിൽ ആപേക്ഷിക ചിന്ത എന്ന കഴിവ് മിക്കവാറും ഒരു പന്ത്രണ്ട് വയസ്സിൽ ആണ് കുട്ടികളിൽ വികസിച്ചു തുടങ്ങുന്നത്. അതിനു താഴെ പ്രായമുള്ള സന്ദർഭങ്ങളിൽ കുട്ടികൾ കാണുന്ന പെരുമാറ്റ രീതികൾ അവർ അനുകരിക്കാൻ സാധ്യത കൂടുതലാണ്. അച്ഛനും അമ്മയും തമ്മിൽ വഴക്കിടുകയും ചീത്ത വാക്കുകൾ ഉപയോഗിക്കുകയും അടിക്കുകയും ചെയ്യുന്നതാണ് പന്ത്രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടി നിരന്തരം കാണുന്നതെങ്കിൽ മറ്റുള്ളവരോടുള്ള അവന്റെ പെരുമാറ്റത്തിലും ഈ കാര്യങ്ങൾ പ്രതിഫലിക്കും. വീട്ടിൽ മാതാപിതാക്കൾ ഉപയോഗിക്കുന്ന ചീത്ത വാക്കുകൾ അവൻ സ്‌കൂളിൽ മറ്റു കുട്ടികളെ വിളിച്ചെന്നിരിക്കും. അച്ഛനും അമ്മയും തമ്മിൽ അടി കൂടുന്നതു പോലെ നിസ്സാര കാര്യത്തിൽ പ്രകോപിതനായി കൂട്ടുകാരെ അവൻ അടിക്കാൻ സാധ്യത ഉണ്ട്. ഇത്തരത്തിൽ മോശപ്പെട്ട പെരുമാറ്റങ്ങൾ സ്‌കൂളിൽ കാണിക്കുമ്പോൾ സുഹൃത്തുക്കളുടെ ഇടയിൽ അവൻ വെറുക്കപ്പെട്ടവനായി മാറും. ചീത്ത വാക്കുകൾ നിരന്തരമായി ഉപയോഗിക്കുന്ന ഒരു വ്യക്തി ആയതുകൊണ്ട് അധ്യാപകരും ചിലപ്പോൾ അവനെ ഒറ്റപ്പെടുത്താൻ സാധ്യത ഉണ്ട്. ഇത്തരത്തിൽ വീട്ടിലും കൂട്ടുകാരുടെ ഇടയിലും അധ്യാപകരുടെ ഇടയിലും കാര്യമായ ഒരു സ്നേഹമോ അംഗീകാരമോ ലഭിക്കാതെ വരുന്ന ഒരു കുട്ടി പതിയെപ്പതിയെ സാമൂഹിക വിരുദ്ധ സ്വഭാവത്തിലേക്ക് നീങ്ങാൻ സാധ്യത വളരെ കൂടുതലാണ്. അക്കാരണം കൊണ്ടു തന്നെ കുട്ടികളുടെ മുൻപിൽ വച്ച് വഴക്കിടുന്നതും ചീത്ത വാക്കുകൾ ഉപയോഗിക്കുന്നതും അവർ ഒരു പന്ത്രണ്ടു വയസ്സ് ആകുന്നത് വരെ എങ്കിലും പൂർണമായി ഒഴിവാക്കേണ്ടതാണ്. മാതാപിതാക്കൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എങ്കിൽ കുട്ടികൾ ഇല്ലാത്ത സമയത്ത് അത് ചർച്ച ചെയ്‌ത്‌ പരിഹരിക്കുന്നതായിരിക്കും ആരോഗ്യകരം. 

ലൈംഗിക സ്വഭാവമുള്ള ദൃശ്യങ്ങൾ പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾ നിരന്തരം കാണാനിട വന്നാൽ അതും അവർ അനുകരിക്കാൻ സാധ്യത കൂടുതലാണ്. മാതാപിതാക്കൾ തമ്മിൽ ഇണ ചേരുന്നതോ മൊബൈലിലോ മറ്റെന്തെങ്കിലും ദൃശ്യമാധ്യമങ്ങളിലോ ലൈംഗിക സ്വഭാവമുള്ള ദൃശ്യങ്ങളോ തീരെ ചെറിയ പ്രായത്തിൽ കാണാനിട വന്നാൽ അതിന്റെ നല്ലതും ചീത്തയും വേർതിരിച്ച് അറിയാൻ  ഉള്ള വിവേകത്തിലേക്ക് ആ കുട്ടികൾ എത്തിയിട്ടുണ്ടാകില്ല. സ്വാഭാവികമായും കാണുന്ന കാര്യങ്ങൾ അനുകരിക്കാനുള്ള സാധ്യത ശക്തമായിരിക്കും. പ്രായത്തിന് അനുയോജ്യമായ രീതിയിൽ അതിനു പറ്റുന്ന കൊച്ചു കുട്ടികളെ കിട്ടിയാൽ അവരെ ലൈംഗികമായി ചൂഷണം ചെയ്‌തു കൊണ്ട് ഇത്തരം കാര്യങ്ങൾ അനുകരിക്കാൻ ആ കുട്ടികൾ ശ്രമിക്കാറുണ്ട് എന്നതും ഇതിനോട് ചേർത്ത് പറയേണ്ട കാര്യമാണ്. 

രക്ഷാകർതൃത്വം അഥവാ പേരന്റിങ് എന്ന സംഗതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗത്യം സ്നേഹം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്ന കല കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ്. ഒരു സാമൂഹിക ജീവി എന്ന നിലയിൽ മനുഷ്യൻ സ്നേഹം കൊടുക്കാനും സ്വീകരിക്കാനും പഠിക്കേണ്ടതുണ്ട്. സുഹൃത്തുക്കളോടായാലും സഹപാഠികളോടായാലും ബന്ധുക്കളോടായാലും സ്നേഹപൂർവം പെരുമാറാനും അവരുടെ വൈകാരികമായ അവസ്ഥകൾ മനസ്സിലാക്കി അതിനനുസൃതമായി പെരുമാറ്റം ക്രമീകരിക്കാനും കുട്ടികൾക്ക് കഴിയേണ്ടതുണ്ട്. ഇതിന് ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് അനുതാപം (empathy) എന്ന ജീവിത നിപുണതയാണ്. ഇത് കുട്ടികളെ ചെറുപ്രായം മുതൽ പരിശീലിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തം ആണ്. ചെടികൾ നട്ടു വളർത്തിയും  മൃഗങ്ങളെ വളർത്തിയും ഒക്കെ ഇത്തരത്തിൽ അനുതാപം കുട്ടികളിൽ എത്തിക്കാൻ സാധിക്കും. ഒരു കൊച്ചു കുഞ്ഞിനെ പരിപാലിക്കുന്നതു പോലെ തന്നെ ഒരു ചെടി നട്ടു വളർത്തി അതിന് വെള്ളം ഒഴിച്ച് പരിപാലിക്കുന്നത് കുട്ടികളിൽ അനുതാപം ഉണ്ടാക്കാൻ സഹായകമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. പൂച്ചയേയും പട്ടിക്കുട്ടിയെയും പോലെയുള്ള ചെറിയ മൃഗങ്ങളെ ചെറുപ്രായത്തിൽ തൊട്ടേ വളർത്തിക്കൊണ്ട് വരുന്നതും ഇത്തരത്തിലുള്ള ചില ഗുണവിശേഷങ്ങൾ കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കാൻ സഹായകമാകും എന്ന്  പഠനങ്ങൾ സൂചിപ്പിക്കുന്നു. പക്ഷേ ഇവിടെയെല്ലാം മാതാപിതാക്കളുടെ ഒത്തൊരുമയോടെയുള്ള ഇടപെടൽ അത്യാവശ്യമാണ്. മാതാപിതാക്കൾ തമ്മിലുള്ള സംഘട്ടനങ്ങളും അഭിപ്രായഭിന്നതകളും ഇത്തരം കാര്യങ്ങളിലേക്ക് കടന്നു വന്നാൽ അതും കുട്ടികളിൽ വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുകയും രണ്ടു പേരോടും ബഹുമാനമില്ലാത്ത അവസ്ഥയിലേക്ക് അത് കുട്ടിയെ കൊണ്ടു ചെന്ന് എത്തിക്കുകയും ചെയ്യുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.  

മാനസികാരോഗ്യ പ്രശ്നങ്ങളിൽ അൻപതു ശതമാനവും പതിനാല് വയസ്സിനു മുൻപ് ആരംഭിക്കുന്നു എന്നതാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇക്കാരണം കൊണ്ടു തന്നെ കുട്ടിക്കാലത്തെ മാനസികാരോഗ്യ പരിചരണം വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പുറകിൽ രണ്ടു ഘടകങ്ങൾ പ്രധാനമായും പ്രവർത്തിക്കുന്നുണ്ട്. ഒന്ന് ജനിതകമായ ഘടകങ്ങൾ ആണ്. പാരമ്പര്യമായി മാതാപിതാക്കളിൽനിന്ന് കിട്ടിയ സ്വഭാവ സവിശേഷതകൾ കുട്ടികൾ മുതിർന്നു വരുന്ന മുറയ്ക്ക് പ്രദർശിപ്പിക്കാൻ സാധ്യത ഉണ്ട്. എന്നാൽ അതിനൊപ്പമോ അതിലേറെയോ പ്രാധാന്യം ഉള്ള ഘടകമാണ് പാരിസ്ഥിതിക സ്വാധീനങ്ങൾ അല്ലെങ്കിൽ കുട്ടി വളർന്നു വരുന്ന സാഹചര്യങ്ങളും ആ കാലത്തെ അനുഭവങ്ങളും അവരിൽ ചെലുത്തുന്ന സ്വാധീനങ്ങൾ. ജനിതകമായ ഘടകങ്ങൾ മാറ്റി എടുക്കാൻ നമുക്ക് സാധ്യമല്ല. എന്നാൽ പാരിസ്ഥിതിക ഘടകങ്ങളെ വളരെ നല്ല രീതിയിൽ കുട്ടികളുടെ നന്മയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുവാൻ നമുക്ക് സാധിക്കും. 

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് മാതാപിതാക്കൾ തമ്മിലുള്ള ആശയപരമായ ഒരുമിപ്പും ഒത്തൊരുമയും അവർ പരസ്‌പരം സ്നേഹം പ്രദർശിപ്പിക്കുന്നത് കണ്ടു വളരാൻ കുട്ടികൾക്ക് അവസരം നൽകുകയും ചെയ്യും. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പോലും വഴക്കിട്ട് മുന്നോട്ട് പോകുന്നതിന് പകരം ആരോഗ്യകരമായൊരു സംവാദത്തിലൂടെ പരിഹരിക്കുന്ന മാതൃക കുട്ടികളെ കാണിച്ചു കൊടുക്കാം. സംവാദവും തർക്കവും തമ്മിൽ വ്യത്യാസമുണ്ട്. സംവാദത്തിൽ നമ്മൾ പറയുന്ന കാര്യങ്ങൾ യുക്തിഭദ്രമായ വാദഗതികൾ നിരത്തി നാം സമർത്ഥിക്കാൻ ശ്രമിക്കുന്നു. അവിടെ പ്രതിപക്ഷ ബഹുമാനം ഉണ്ട്. നമ്മൾ സംസാരിക്കുന്ന വ്യക്തിയോടുള്ള ആദരവ് നിലനിർത്തിക്കൊണ്ട് തന്നെയാണ് നാം മുന്നോട്ട് പോകുന്നത്. എന്നാൽ തർക്കം എന്ന സംഗതിയിൽ പ്രതിപക്ഷ ബഹുമാനം ഇല്ല. എന്തു വില കൊടുത്തും ജയിക്കുക എന്ന ആശയമാണ് അവിടെ ഉള്ളത്. 

അപ്പോൾ മറുവശത്തുള്ള ആളിനെ തളർത്തുന്ന രീതിയിൽ മോശമായ കാര്യങ്ങളോ മോശമായ ഭാഷയോ ഉപയോഗിച്ച് അയാളെ തളർത്താൻ ഉള്ള പരിശ്രമങ്ങൾ നടക്കുന്നു. ഒരു തർക്കം കഴിയുമ്പോൾ പരസ്‌പരം ബഹുമാനം ഉണ്ടാകില്ല എന്നതാണ് സത്യം. വീടുകൾക്കുള്ളിൽ മാതാപിതാക്കൾ തമ്മിലുള്ള ആശയവിനിമയത്തിൽ സംവാദത്തിന്റെ സ്വഭാവം കടന്നു വരാം. യുക്തിഭദ്രമായ വാദഗതികൾ നിരത്തി സ്വന്തം ഭാഗം സമർഥിക്കുമ്പോൾ തന്നെ മറുവശത്തുള്ള വ്യക്തിയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുള്ള ആശയവിനിമയം ആണ് നല്ലത്. ഇതു കണ്ടു വളരുന്ന കുട്ടികൾ ഭാവിയിൽ അവരുടെ മറ്റുള്ളവരുമായിട്ടുള്ള ഇടപെടലുകളിൽ സംവാദത്തിന്റെ മാതൃകകൾ സ്വീകരിക്കുകയും  അത് മറ്റുള്ളവരിൽ നിന്ന് അംഗീകാരം നേടുന്ന അവസ്ഥയിലേക്ക് അവരെ സഹായിക്കുകയും ചെയ്യും. മറിച്ച് നിരന്തരം തർക്കങ്ങൾ കണ്ടു വളരുന്ന കുട്ടികൾ ആണെങ്കിൽ ചെറിയ കാര്യത്തിന് മറ്റുള്ളവരെ തർക്കിക്കുകയും പരിഹസിക്കുകയും മാനസികമായി തളർത്താൻ ശ്രമിക്കുകയും അത് മറ്റുള്ളവരുടെ മനസ്സിൽ ആ കുട്ടിയെ കുറിച്ച്  വെറുപ്പ് ഉളവാകാൻ കാരണമാകുകയും ചെയ്യും.

English summary: Dr Arun B Nair writes on mental health care of children 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com