ADVERTISEMENT

എത്ര ഉയരെ പറന്നാലും ഏതു സ്വപ്നങ്ങള്‍ നേടിയാലും ആണിനു കീഴെയായിരിക്കണംം പെണ്ണെന്ന ചിന്തകൾക്കെതിരെ എതിർ സ്വരങ്ങളും ഉയരുന്നുണ്ട്. ആൺ–പെൺ വേർതിരിവുകൾക്കെതിരെ ആതിര ഉഷ വാസുദേവൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. ആൺകുട്ടിയാണെന്ന കാരണത്താൽ വീട്ടിൽ യാതൊരു വിധ പ്രിവിലേജുകളും അവനു നൽകേണ്ടതില്ലെന്ന് ആതിര കുറിക്കുന്നു. കരയുന്നത് മോശമല്ലെന്നും കായിക ബലം മറ്റുള്ളവരിൽ പ്രയോഗിക്കുന്നത് കാടത്തം ആണെന്നും അവൻ മനസ്സിലാക്കട്ടെയെന്നും ആതിര പറയുന്നു.

ആതിര ഉഷ വാസുദേവന്റെ കുറിപ്പ് വായിക്കാം:

പെൺകുട്ടികളെ ഉപദേശിച്ചും അവരുടെ അച്ഛനമ്മമാരെ ചീത്ത പറഞ്ഞും കഴിഞ്ഞെങ്കിൽ നമുക്ക് നമ്മുടെ ആൺമക്കളിലേക്ക് വരാം. അവരുടെ രക്ഷിതാക്കൾ ആയ നമ്മളിലേക്ക് തന്നെ വരാം.

നാളത്തെ സമൂഹം എങ്കിലും സ്ത്രീ സൗഹൃദമാവണമെങ്കിൽ, സ്ത്രീകളോടുള്ള മനോഭാവത്തിൽ മാറ്റം വരണമെങ്കിൽ നമ്മൾ ഇന്നേ തുടങ്ങേണ്ടതുണ്ട്.

ആൺകുട്ടി ആണെന്ന കാരണത്താൽ വീട്ടിൽ യാതൊരു വിധ പ്രിവിലേജുകളും അവനു നൽകേണ്ടതില്ല.

പ്രായത്തിനനുസരിച്ച് വീട്ടുജോലികളിൽ ഉൾപ്പെടെ അവന്റെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. സ്വന്തം കാര്യങ്ങൾ നോക്കാൻ ആദ്യം പരിശീലിപ്പിക്കാം. പതിയെ പൊതുവായി ഉള്ള കാര്യങ്ങളിൽ കൂട്ടുത്തരവാദിത്തം കൊണ്ടുവരാം.

 

ലൈംഗിക വിദ്യാഭ്യാസം അനുവദിക്കുന്ന പ്രായത്തിൽ അത് നൽകേണ്ടതുണ്ട്. സമപ്രായത്തിലും അല്ലാത്തതുമായ ആളുകളോട് ലിംഗ ഭേദമന്യേ അവനു സൗഹൃദങ്ങൾ ഉണ്ടാവട്ടെ.

 

കൗമാരത്തിലേ വികാര വിചാരങ്ങളെ കുറിച് അവനെ ബോധവാനാക്കണം. പ്രണയം തുറന്നു പറയാനുള്ള സാഹചര്യം വീട്ടിൽ ഉണ്ടാവണം. ലഹരി പദാർത്ഥങ്ങളോട് അകലം പാലിക്കാൻ അവനു കഴിയട്ടെ.

 

കരയുന്നത് മോശമല്ലെന്നും കായിക ബലം മറ്റുള്ളവരിൽ പ്രയോഗിക്കുന്നത് കാടത്തം ആണെന്നും അവൻ മനസ്സിലാക്കട്ടെ.

 

നാഴികക്ക് നാൽപ്പത് വട്ടം നീയൊരു ആണാണ് എന്നു പറഞ്ഞു 'ആണത്തം' കുത്തിവെക്കുന്നതിനു പകരം സഹവർത്തിത്വം, മനുഷ്യത്വം എന്നിവയ്ക്ക് ഊന്നൽ കൊടുക്കാം.

 

രക്ഷിതാക്കളെ കണ്ടു തന്നെയാണ് കുഞ്ഞുങ്ങൾ ഇതൊക്കെ മനസ്സിലാക്കേണ്ടത്. ഹോം മാനേജ്മെന്റിന്റെ വിവിധ വകുപ്പുകളിൽ അച്ഛനും അമ്മയും ചേർന്ന് പ്രവർത്തിക്കുകയും തന്റെതായ പങ്ക് നിർവഹിക്കുകയും ചെയ്യുന്നതു കാണുന്ന കുഞ്ഞുങ്ങൾ ഒരിക്കലും ലിംഗ അടിസ്ഥാനത്തിൽ മനുഷ്യരെ പല തട്ടിൽ കാണില്ല.

 

പക്ഷെ, വിചാരിക്കുന്ന അത്ര എളുപ്പമല്ലത്. എനിക്കുറപ്പുണ്ട് ആൺകുട്ടികൾക്ക്, പെൺകുട്ടികൾക്ക് സമാനമായ ജീവിത പരിശീലനങ്ങൾ കൊടുക്കുമ്പോൾ ചുറ്റുമുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകളിൽ നിന്ന് നമ്മൾ നേരിടാൻ പോകുന്ന വിമർശനങ്ങളെക്കുറിച്ച്.

 

ചൂലെടുത്തു കൊടുത്ത് മുറ്റം അടിച്ചുവാരാൻ മോനോടൊന്നു പറഞ്ഞു നോക്കണം. നിങ്ങൾക്ക് മടിയാണെന്ന് പറയാൻ അയൽക്കാർ ഉണ്ടാവും.

 

അവൻ കഴിച്ച പ്ലേറ്റോ ഇട്ട വസ്ത്രങ്ങളോ കഴുകാൻ ഒന്ന് പറഞ്ഞു നോക്കണം. അതുവാങ്ങി ചെയ്തു കൊടുക്കാൻ വീട്ടിൽ തന്നെ ആളുണ്ടാവും.

 

ഇങ്ങനെ വർഷങ്ങളായി 'പരാതിയില്ലാതെ ' പാട്രിയാർക്കി സമ്പ്രദായത്തിന്റെ ഭാഗമായി ജീവിച്ചുപോന്നവർക്ക് നമ്മൾ ചെയ്യുന്നതെല്ലാം പരിഷ്കാരങ്ങൾ ആയി തോന്നാം.

 

രണ്ട് അമ്മമാരുടെ അനുഭവങ്ങൾ കൂടെ ചേർക്കുന്നു. ഒന്ന്, കഴിച്ച പാത്രം കഴുകി വെക്കാൻ ഒരമ്മ മോനോട് പറഞ്ഞപ്പോൾ, പത്തു വയസ്സ് പോലും തികയാത്ത മോന്റെ മറുപടി, ‘മാമന്റെ പ്ലേറ്റ് അമ്മമ്മ ആണല്ലോ കഴുകി വെക്കുന്നത്, അപ്പൊ എന്റേത് ചെയ്യേണ്ടത് അമ്മയല്ലേ.’

 

രണ്ട്, പ്രായപൂർത്തി ആയ മകൻ വീട്ടിലെ മരാമത്തു പണികൾ ചെറിയ പെയിന്റിംഗ് എന്നിവയിലൊക്കെ അമ്മയെ നന്നായി സഹായിക്കും. പക്ഷെ ഇതുകണ്ട പയ്യൻസിന്റെ കൂട്ടുകാരൻ ‘നിന്റെ അമ്മക്ക് ഒരു പണിക്കാരനെ ആണ് വേണ്ടത്, അല്ലാതെ ഒരു മോനെ അല്ല’ എന്ന് ഇടയ്ക്കിടെ പറഞ്ഞു ചൊറിയുന്നു. മകൻ സ്വാഭാവികമായും അമ്മയോട് അകലുന്നു.

 

ചുരുക്കത്തിൽ സമപ്രായക്കാർ, സമൂഹം, ദൃശ്യം മാധ്യമങ്ങൾ തുടങ്ങിയവയെല്ലാം സമത്വ സുന്ദര കിനാശ്ശേരി എന്ന നമ്മുടെ സ്വപ്നത്തിലേക്കുള്ള പ്രയാണത്തെ പിന്നോട്ട് നയിച്ചേക്കാം.

 

ചുറ്റും ഉള്ള ഇത്തരം പ്രതിസന്ധികൾ കൂടി കടന്നു വേണം നമുക്ക് മുന്നോട്ടു പോവാൻ. ഇത് നമുക്ക് വേണ്ടി മാത്രം ഉള്ളതല്ല. വരാൻ പോകുന്ന തലമുറക്ക് വേണ്ടി ഉള്ളതാണ്.

 

അതിനായി ഉള്ള ശ്രമങ്ങൾ ഇന്ന് തന്നെ തുടങ്ങേണ്ടത് ഉണ്ട്.

 

നമ്മുടെ വീടുകളിൽ നിന്ന്..

 

കുഞ്ഞുങ്ങളിൽ നിന്ന്..

 

നമ്മിൽ നിന്ന് തന്നെ..

English summary : Social media post by Athira Usha on gender equality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com