ഓ എന്ത് ചെയ്യാനാ, കൊച്ചിന് എപ്പോഴും വിശപ്പാന്നേ!

HIGHLIGHTS
  • ചില മാതാപിതാക്കള്‍ സ്വയം ഡയറ്റീഷ്യന്‍ ആകും
obesity
representative image
SHARE

ഇപ്പൊ തന്നെ നീ ഒരു പാത്രം ചോറുണ്ടിട്ട് പോയതല്ലേ ഉള്ളൂ അപ്പോഴേക്കും അടുത്ത വിശപ്പ് തുടങ്ങിയോ? വയറ്റിലെന്താ കോഴീം കുഞ്ഞുങ്ങളും ഉണ്ടോ? മക്കള്‍ വേണ്ടപോലെ ഭക്ഷണം കഴിക്കാത്തത് അമ്മമാരെ വിഷമിപ്പിക്കുന്നത് പോലെ, കുട്ടികള്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും മാതാപിതാക്കളെ കുഴക്കുന്ന കാര്യമാണ്. അതിനു മറ്റുള്ളവര്‍ കുട്ടികളെ പരിഹസിക്കുന്നത് കൂടി കേട്ടാലോ ? എത്രയൊക്കെ കഴിച്ചാലും കുട്ടികളില്‍ കാണുന്ന അമിതവിശപ്പിനു കാരണങ്ങളും ഉണ്ട്.

1.നിയന്ത്രണം തുടക്കത്തിലേ വേണം

കുട്ടികള്‍ക്ക് വണ്ണം കൂടുന്നു എന്ന തോന്നല്‍ വരുമ്പോള്‍ മാത്രമാണ് മാതാപിതാക്കള്‍ അവരുടെ ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം വരുത്തുന്നത്. സാധാരണ തൂക്കത്തില്‍ ഇരുന്ന സമയത്തൊക്കെ കണ്ടതും അവശ്യപ്പെടുന്നതുമൊക്കെ കുട്ടികള്‍ക്ക് വാങ്ങി കൊടുത്ത് കഴിപ്പിച്ചത് ആരുടെ ഭാഗത്തെ തെറ്റാണ്? ചിലര്‍ കുട്ടികള്‍ക്ക് മതിയാക്കിയാലും, അമ്മമാര്‍ എടുത്ത ഭക്ഷണം മുഴുവന്‍ കുട്ടികളെ കൊണ്ട് കഴിപ്പിക്കും. ഇതിന്‍റെയൊക്കെ അനന്തര ഫലമായിട്ടാണ് അമിതവണ്ണം കുട്ടികളെ പിടികൂടുന്നത്.

2.സ്വയം ഡയറ്റീഷ്യന്‍ ആകണ്ട

ചില മാതാപിതാക്കള്‍ സ്വയം ഡയറ്റീഷ്യന്‍ ആകും. അവര്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ സാമാന്യ കുറവ് വരുത്തി കുട്ടിയെ ക്ഷീണിപ്പിക്കാന്‍ ശ്രമിക്കും. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. കാരണം പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, മിനറല്‍സ്, വിറ്റാമിനുകള്‍ തുടങ്ങി പ്രധാനപ്പെട്ട എല്ലാ പോഷകാംശങ്ങളും ഭക്ഷണത്തിലൂടെ കുട്ടികള്‍ക്ക് ലഭിക്കണം. അതിനു ബാലന്‍സ്ഡ് ഡയറ്റാണു വേണ്ടത്. അതിനു വേണ്ട ഭക്ഷണവും അളവും നിർദേശിക്കാന്‍ ഒരു ഡയറ്റീഷ്യനേ കഴിയൂ.

3. ഭക്ഷണ സമയത്ത് ശ്രദ്ധ അതിലേക്ക് മാത്രമാകണം

ഭക്ഷണത്തിലേക്ക് മാത്രം ശ്രദ്ധിച്ച് കഴിക്കുമ്പോള്‍ ആവശ്യത്തിനുള്ളതായാല്‍ അവര്‍ക്ക് വേഗം വയര്‍ നിറയും. എന്നാല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ടി വി കണ്ടാല്‍ ശ്രദ്ധ വ്യതിചലിക്കുകയും അവർ പോലുറിയാതെ നേരമ്പോക്കിന് വേണ്ടി കുട്ടികള്‍ കൂടുതല്‍ കഴിക്കുകയും ചെയ്യും. ആഹാര സമയത്ത് ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ തുടങ്ങിയ വിനോദങ്ങള്‍ കഴിവതും സ്വിച്ച് ഓഫ്‌ ചെയ്തു വയ്ക്കുന്നതാണ് അഭികാമ്യം. ഇത് ഭക്ഷണ സമയത്ത് അച്ചടക്കം ഉണ്ടാകാനും ഭക്ഷണത്തെ ബഹുമാനിക്കാന്‍ പഠിക്കാനും കുട്ടികളെ സഹായിക്കും.

4.വളരുന്ന പ്രയമാല്ലേയിത് 

കുട്ടികള്‍ പെട്ടെന്നാണ് വളരുന്നത്. ആ സമയത്ത് അവര്‍ക്ക് വിശപ്പും കൂടും. അവര്‍ കഴിക്കുന്നത് നല്ല ആഹാരമാണെന്ന് മാത്രം ഉറപ്പുവരുത്തുക. അമിത വണ്ണത്തിനു കാരണവും ആഹാരത്തിന് ഹാനികരവുമാകുന്ന ജങ്ക് ഫുഡുകള്‍ തീര്‍ച്ചയായും ഒഴിവാക്കുക. കൗമാരപ്രയക്കാരില്‍ വിശപ്പ് കൂടുതലയിരിക്കും പ്രത്യേകിച്ച് ആണ്‍ കുട്ടികളില്‍. പെണ്‍കുട്ടികളില്‍ ആര്‍ത്തവകാലം തുടങ്ങുമ്പോഴാണ് കൂടുതല്‍ വിശപ്പുണ്ടാകുന്നത്. ബോഡി മാസ്സിനു (ഉയരത്തിന് അനുസൃതമായ തോതില്‍ ശരീരത്തിന് ഭാരം കൂടണം) അനുസരിച്ച് ശരീരത്തിന്റെ ഭാരം നിലനിര്‍ത്തികൊണ്ട് പോകാനാണ് ശ്രദ്ധിക്കേണ്ടത്. അഞ്ചു വയസ്സായ ആണ്‍കുട്ടിക്ക് ഭാരം16  മുതല്‍ 19 കിലോ വരെയും, പെണ്‍കുട്ടിക്ക് 15-18 വരെയും ആകാം. ഇതില്‍ കൂടുതലായി ശരീരഭാരം ഉണ്ടെങ്കില്‍ മനസിലാക്കുക നിങ്ങളുടെ കുട്ടികള്‍ക്ക് അമിതവണ്ണമാണുള്ളത്.

5.ശാരീരികമായ അസുഖങ്ങള്‍ക്ക് വഴിയൊരുക്കുന്നു

കുട്ടികളിലെ അമിത വണ്ണം അവര്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിനും, പ്രമേഹത്തിനും, ഉയര്‍ന്ന രക്ത സമ്മർദത്തിനും കാരണമാകുന്നു. എല്ലുകളിലും ജോയിന്റ്സുകളിലും വേദന, ഉറക്കമില്ലായ്മ, അമിതമായ ഉത്കണ്ട, വിഷാദരോഗം, സ്വന്തമായി മതിപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വരും. വളരെ ചെറുപ്പത്തിലേ മറ്റുള്ളവരുമായി വഴക്കുണ്ടാക്കാനും തെമ്മാടിത്തരങ്ങള്‍ കാണിക്കാനും തുടങ്ങുകയും മറ്റുള്ളവര്‍ക്ക് മുന്നില്‍ അപഹസിക്കപ്പെടാന്‍ ഇടയാകുകയും ചെയ്യും. അതിനാല്‍ മരുന്നില്ലാതെ തന്നെ അമിത വണ്ണത്തെ നിയന്ത്രിച്ചെടുക്കാന്‍ ചൊട്ടയിലെ ശീലപ്പിച്ചെടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. 

6.മനശാസ്ത്രപരമായ ചില കാരണങ്ങള്‍

ഇപ്പോഴും വീടിനകത്തിരിക്കുകയും ഇലക്ട്രോണിക് ഗെയിംകളില്‍ മുഴുകിയിരിക്കുകയും ചെയ്യുന്ന കുട്ടികളില്‍ വിശപ്പും കൂടുതലായിരിക്കും. കളിയ്ക്കാന്‍ കൂട്ടുകാരില്ലാതെ വരുമ്പോഴും പുറത്തേക്ക് പോകാനുള്ള ആഗ്രഹം മാതാപിതാക്കളോട് പറയാന്‍ പേടി തോന്നുകയുമൊക്കെ ചെയ്യുമ്പോള്‍ ഈ അനാവശ്യ വിശപ്പ് കുട്ടികളിലേക്ക് കടന്നു വരും. കുട്ടികളോടൊത്ത് പുറത്തുപോയി കളിക്കുക. മറ്റെന്തെങ്കിലും കാര്യങ്ങളില്‍ അവരെ കൂടി പങ്കാളിയാക്കുക എന്നിങ്ങനെ വരുമ്പോള്‍ അവര്‍ ആ വിശപ്പിനെ കുറിച്ചു മറന്നു പോയികൊള്ളും. അവര്‍ ആഗ്രഹിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയും സാമീപ്യവുമാണ്.

നിങ്ങളുടെ കുട്ടികള്‍ ഇപ്പോഴും വിശക്കുന്നതായി പരാതി പറയുന്നുണ്ടെങ്കില്‍ അവരുടെ ഭക്ഷണശീലവും സമയവും ക്രമീകരിക്കുക. മൂന്ന് ബാലൻസ്ഡ് ആയിട്ടുള്ള ആഹാരവും രണ്ട് ആരോഗ്യകരമായ സ്നാക്സും ദിവസവും അവര്‍ക്ക് കൊടുക്കുക. പ്രതിരോധമാണല്ലോ ചികിത്സയേക്കാള്‍ നല്ലത്. അതുകൊണ്ട് ചില ഭക്ഷണ നിർദേശങ്ങള്‍ മുന്നോട്ടുവക്കുന്നു. ഇതില്‍ ശ്രദ്ധിച്ചാല്‍ കുട്ടികളിലെ അമിതവണ്ണത്തെ നിയന്ത്രിക്കനാകും.

ഓരോ സമയത്തും ലഭ്യമാകുന്ന ഫലവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴിപ്പിക്കുക. കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ നല്‍കുക. മറ്റ് പാലുകൾക്കു പകരം പശുവിന്‍ പാല്‍ കൊടുക്കുക, പ്രോട്ടീന്‍ അടങ്ങിയ മാംസം, മത്സ്യങ്ങള്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ വേണ്ട അളവില്‍ സമയത്തിന് നല്‍കുക. മധുര പലഹാരങ്ങളും ഉപ്പും മറ്റും കൂടുതലായി ചെന്നാല്‍ ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കുക. ജങ്ക് ഫുഡ്‍, കൂടുതല്‍ കലോറി അടങ്ങിയിട്ടുള്ള ചോക്ലേറ്റുകള്‍ എന്നിവ ഒഴിവാക്കുക. 

നല്ല ഭക്ഷണം കഴിച്ചാലേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂയെന്ന് പറഞ്ഞ് അവരുടെ ഭക്ഷനത്തിലുള്ള ഇഷ്ടം കൂട്ടിയെടുക്കുക. ഓടിയോ ചാടിയോ നീന്തിയോ ഡാന്‍സ് ചെയ്തോ, കുട്ടികളെ ദിവസവും കളിച്ച് വിയർക്കാന്‍ അനുവദിക്കുക. ഇതിലൊന്നും ഒതുങ്ങാതെ അമിതമായി തിന്നും കുടിച്ചും നടക്കുന്ന കുട്ടികള്‍ക്കായി തീര്‍ച്ചയായും ഒരു ഡോക്ടറുടെ സഹായം തേടണം.

English Summary : Tips to control obesity in kids  

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA