ADVERTISEMENT

കുട്ടികള്‍ അവരുടെ കഴിവിനെ സ്വയം പ്രകാശിപ്പിക്കുന്നതിന്‍റെ അടിസ്ഥാന രൂപമാണ്‌ ഡാന്‍സ്. താളത്തിനൊത്ത് ആടി സ്വയം സന്തോഷിക്കുന്നതിനെ അവര്‍ വളരെയധികം ഇഷ്ടപെടുന്നുണ്ട്. വളരെ കുഞ്ഞുനാളിലെ പാട്ടിനൊത്ത് ആടാന്‍ തുടങ്ങുന്ന ഇവര്‍ക്ക്, മറ്റുള്ളവരെല്ലാം ആസ്വദിക്കുന്ന ചുവടുകളാണ് താന്‍ വയ്ക്കുന്നതെന്ന് എങ്ങനെയാണു അറിയാന്‍ കഴിയുന്നത് ?

കുട്ടികളുടെ സ്കൂള്‍ ബാഗിന്‍റെ കനം കൂടുന്തോറും പഠനത്തിനു അവര്‍ മുന്‍ഗണന നല്‍കുകയും ഡാന്‍സ് കളിച്ചു നടക്കാന്‍ സമയം തികയാതെ വരികയും ചെയ്യുന്നു. ചില കുട്ടികള്‍ പതുക്കെ സ്പോര്‍ട്സ്, ചിത്രരചനാ, പ്രസംഗം തുടങ്ങിയ മേഖലകളിലേക്ക് തൽപരരാവുകയും ചെയ്യുന്നു. അങ്ങനെ ഡാന്‍സ് ചെയ്യുക എന്നത് ‘ഒരു കോമ്പറ്റീഷന്‍ ഐറ്റം’ മാത്രമായി മാറുന്നു. എന്നാല്‍ ഒരു താളത്തിനൊത്തു സ്വന്തമായി ചലനങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരം കുട്ടികള്‍ക്ക് നല്‍കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവരിലെ പലവിധ കഴിവുകളേയും ഉണർത്തിയെടുക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

 

ഡാന്‍സ്: കുട്ടികളുടെ ശാരീരിക ആരോഗ്യത്തിന്

 

ഡാന്‍സ് ചെയ്യുന്നതിലൂടെ കുട്ടികള്‍ക്ക് അവരുടെ ശരീരത്തിന്‍റെ വികാസത്തെക്കുറിച്ചുള്ള  അവബോധം നേരത്തെ അറിയാനാകുന്നു. മുതിര്‍ന്നവരേക്കാള്‍ ശരീരചലനങ്ങള്‍ കൂടുതല്‍ വഴങ്ങുന്നത് കുട്ടികള്‍ക്കാണ്. ശരിയായ നൃത്ത പരിശീലനം ചെറുപ്പത്തിലേ നല്‍കിയാല്‍ കായികവും മാനസികവുമായ ഉറപ്പ്  വികസിപ്പിച്ചെടുക്കാനും അംഗ ചലനങ്ങള്‍ കുറേക്കൂടി ആയാസരഹിതമാക്കിയെടുക്കാനും കഴിയും. ശരിയായ നില്‍പ്പ്, അംഗവിന്യാസം, ശരീരത്തിന്‍റെ  ലാഘവത്വം, വാമൊഴിയിലൂടെയല്ലത്ത ആശയവിനിമയം തുടങ്ങി നിരവധി തലത്തിലുള്ള ഗുണങ്ങള്‍ നൃത്ത പരിശീലനത്തിലൂടെ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പരിശീലനം വിദഗ്ദ്ധരായ നൃത്താധ്യപകരില്‍ നിന്നും ലഭിച്ചില്ലെങ്കില്‍ ശരീരത്തിന് പലവിധ പരുക്കുകള്‍ വരാനും സാധ്യതയുണ്ട്.

 

ഡാന്‍സ്  നല്‍കുന്ന മാനസികോല്ലാസം

 

ഓരോ ശരീരത്തിനും സ്വന്തമായൊരു മനസ്സുണ്ട്. ശരീരത്തിന്‍റെ  ദൈഷണികമായ എല്ലാ കഴിവുകളേയും വികസിപ്പിച്ചെടുക്കാന്‍ കലാപരമായ പരിശീലനങ്ങള്‍ക്ക് സാധിക്കും. നൃത്തത്തില്‍ ഓരോ കാര്യങ്ങളേയും അവതരിപ്പിക്കാന്‍ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്. പരിചയിച്ചു വരുന്ന ചലനങ്ങള്‍ക്കൊപ്പം അന്തർജ്ഞാനമായ സ്വചലനങ്ങളും ഒരു നൃത്തത്തില്‍ ചെയ്യുന്നുണ്ട്. മുഖ്യധാരാ പഠനത്തിലൂടെ ലഭിക്കാത്ത പുതിയ അംഗവിന്യാസങ്ങളും നര്‍ത്തകര്‍ രൂപപ്പെടുത്തുണ്ട്. മനസ്സിനു സംതൃപ്തിയും, സ്വന്തം കഴിവില്‍ അഭിമാനവും, ഭാവനയും, ക്രിയാത്മകതയും എല്ലാം നൽകാന്‍ നൃത്തകലയ്ക്ക് കഴിയുന്നു. നൃത്തത്തിന്‍റെ  ലോകത്തിലൂടെ സഞ്ചരിക്കമ്പോള്‍ മനസ്സിനും പൂര്‍ണ ആരോഗ്യം സാധ്യമാകുന്നു. 

 

ഡാന്‍സ് പഠിക്കാന്‍ വേണ്ടത് രക്ഷിതാക്കളുടെ  പ്രോത്സാഹനം

 

കുട്ടിക്ക് ഏത് തരം ഡാന്‍സ്നോടാണ് താൽപര്യം എന്ന് രക്ഷിതാക്കള്‍ ആദ്യം മനസിലാക്കുക. വെസ്റ്റേണ്‍ ഡാന്‍സ് കളിക്കാന്‍ താൽപര്യമുള്ള കുട്ടിയോട് ശാസ്ത്രീയ നൃത്തം പഠിച്ചാല്‍ മതി, അതല്ലേ കോമ്പറ്റിഷന്‍ ഐറ്റം എന്നൊന്നും പറയരുത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതല്ല മക്കളെ പഠിപ്പിക്കേണ്ടത്. കുട്ടികള്‍ക്ക് അഭിരുചിയുള്ള നൃത്തങ്ങള്‍ പഠിക്കാന്‍ അനുവദിക്കുക. ശരിയായ ശിക്ഷണം നല്‍കുന്ന ഗുരുക്കന്മാരുടെ കീഴില്‍ അഭ്യസിപ്പിക്കുക. മാനസികമായ പക്വതയും പരിശീലത്തിനു ആവശ്യമാണ്. അതുകൊണ്ട് അഞ്ചു വയസ്സു മുതല്‍ ശാസ്ത്രീയ നൃത്ത പരിശീലനം തുടങ്ങുന്നതാണ് നല്ലത്. മറ്റുകുട്ടികള്‍ ഡാന്‍സ് ചെയ്യുമ്പോഴുള്ള മികവുമായി നിങ്ങളുടെ മക്കളെ താരതമ്യപ്പെടുത്താതിരിക്കുക.

നൃത്തം ഉണര്‍ത്തുന്ന സര്‍ഗാത്മകത 

ശരിയായ ചിട്ടയോടെ നൃത്തം അഭ്യസിച്ച ഒരാള്‍ക്ക്, ആ കല അവതരിപ്പിക്കാന്‍ നിരവധി വേദികള്‍ ലഭിക്കും. സ്വയം അവതരിപ്പിക്കുമ്പോള്‍ അത് അവരിലെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. മറ്റുള്ളവരുമായി ചേര്‍ന്ന് ഒരു പുതിയ നൃത്ത രൂപം ആവിഷ്കരിക്കുമ്പോള്‍ അവരിലെ ടീം സ്പിരിറ്റ് ഉണര്‍ന്നു പ്രവര്‍ത്തിക്കും.

ഏതൊരു കലയുടേയും ആത്മാവ് എന്ന് പറയുന്നത് അതിലെ സര്‍ഗാത്മകതയാണ്. നൃത്തം ചെയ്യുന്നതിലൂടെ കുട്ടികളിലെ ഭാവന ഉത്തേജിപ്പിക്കപ്പെടുന്നു. അപ്രകാരം അവരുടെ ശരീരം ചലിക്കുകയും പുതിയ രൂപത്തിലുള്ള ആശയവിനിമയതിലൂടെ സ്വന്തം ആശയങ്ങളെ അവതരിപ്പിക്കാന്‍ കഴിയുകയും ചെയ്യുന്നു. ആഗ്രഹത്തിനൊത്ത് നൈസര്‍ഗികമായ ആവിഷ്ക്കാരങ്ങളെ സൃഷ്ടിച്ചെടുക്കാനും പുതിയത് സ്വായത്തമാക്കുവാനും കഴിയുന്ന ഒരു ഉപാധിയാണ് നൃത്തം. 

തുടക്കക്കാര്‍ക്ക്  പഠിക്കാന്‍  പറ്റിയ നൃത്ത രൂപം

കുട്ടികളിലെ നൃത്ത വാസനയെ അവര്‍ ചെയ്യുന്ന ചുവടുകളില്‍ നിന്ന് തന്നെ മനസിലാക്കാവുന്നതാണ്. ചില കുട്ടികള്‍  ചടുലതാളങ്ങൾക്കൊപ്പം ആടാന്‍ ഇഷ്ടപ്പെടുമ്പോള്‍ മറ്റു ചില കുട്ടികള്‍ പ്രത്യേകിച്ച് പെൺകുട്ടികള്‍ക്ക് നൃത്തതിനോപ്പം മുഖഭാവങ്ങളും മുദ്രകളും ഒപ്പിച്ചു കളിക്കാനായിരിക്കും താല്പര്യം. കുട്ടികളിലെ അന്തര്‍ലീനമായ താല്പര്യത്തിനനുസരിച്ചുള്ള നൃത്തരൂപമാണ്‌ അവരെ പഠിപ്പിക്കേണ്ടത്.

ആണ്‍കുട്ടികളെ നൃത്തം അഭ്യസിപ്പിക്കാന്‍ മടിക്കുന്നതെന്തിന്

നൃത്തം ചെയ്യുന്നതിലും ലിംഗഭേദമൊന്നുമില്ല. ധാരാളം അറിവുകള്‍ പ്രധാനം ചെയ്യാന്‍ പറ്റുന്ന ഒന്നാണ് ശാസ്ത്രീയ നൃത്തം. പൗരാണികമായ നിരവധി സംഭവങ്ങളെ ശാസ്ത്രീയ നൃത്തത്തിലൂടെ ആവിഷ്കരിക്കാന്‍ സാധിക്കും. അത് അവതരിപ്പിക്കുന്നതില്‍ ലിംഗഭേദം നോക്കി ആ കല ആണ്‍കുട്ടികള്‍ക്ക് നിഷേധിക്കേണ്ട കാര്യമില്ല. ഇതു പോലുള്ള വിവേചനം കായിക രംഗത്ത് പെണ്‍കുട്ടികളും നേരിടുന്നുണ്ട്. ഭൂരിഭാഗം രക്ഷിതാക്കളഉം കരുതുന്നത് കായിക ഇനങ്ങളില്‍ ശോഭിക്കാന്‍ കഴിയുന്നത് ആൺകുട്ടികള്‍ക്കാണെന്നാണ്. ഏതൊരു കലയായാലും കായികയിനമായാലും അതിന്‍റെ പരിശീലനവും അവതരണവും ഒരു കുട്ടിക്കും നിഷേധിക്കപ്പെടുന്ന അവസരം സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളും അധ്യാപകരുമാണ്. 

Content Summary : Mental health benefits of dance for child 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com