ADVERTISEMENT

‘നിങ്ങളുടെ സംസ്കാരത്തെപ്പറ്റി ഞങ്ങളോട് പ്രസംഗിക്കേണ്ടതില്ല. നിങ്ങളുടെ നാട്ടിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും  കാണിച്ചു തരിക. അവരോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്ന് കണ്ട് നിങ്ങളുടെ സംസ്കാരത്തെപ്പറ്റി ഞാൻ വിലയിരുത്താം വിക്ടർ ഹ്യൂ ഗോ യുടെ കലാതിവർത്തിയായ ഈ  വാക്കുകൾ  ഒരു സമൂഹമെന്ന നിലയിൽ മലയാളി ആഴത്തിൽ, ആത്മ വിമർശനപരമായ വിശകലനത്തിനു വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുടുംബ, സാമൂഹ്യ ബന്ധങ്ങൾ ഒട്ടും അനുകരണീയമല്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്ന കാഴ്ച സങ്കടകരമാണ്.

 

സ്വത്തു തർക്കത്തിന്റെ പേരിൽ സഹോദരൻ തോക്കെടുത്തപ്പോൾ കാഞ്ഞിരപ്പള്ളിയിൽ പൊലിഞ്ഞത് രണ്ട് ജീവിതങ്ങളാണ്. അമ്മൂമ്മയുടെ കാമുകൻ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ പിഞ്ചോമനയും ക്രൂരമായ പീഡനത്തിനിരയായി ഇനിയും ആശുപത്രിയിൽ തുടരുന്ന തൃക്കാക്കരയിലെ കുഞ്ഞും കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിക്കുമുന്നിൽ നൊമ്പര ചിത്രം തീർക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളായി കണ്ടു അവഗണിക്കാൻ കഴിയാത്തവിധം സമാനമായ റിപ്പോർട്ടുകൾ ദിവസേന വന്നുകൊണ്ടിരിക്കുന്നു. ദൗർഭാഗ്യമെന്നു പറയട്ടെ  ഈ സംഭവങ്ങളിലെല്ലാം തന്നെ ഇരകളാക്കപ്പെടുന്നത് കുഞ്ഞുങ്ങളാണ്. മുതിർന്നവരുടെ പെരുമാറ്റ വൈകല്യങ്ങളുടെയും മാനസികാരോഗ്യ കുറവിന്റെയും പേരിൽ ശ്രദ്ധയും സംരക്ഷണവും  അർഹിക്കുന്ന കുട്ടികൾ പീഡിപ്പപ്പെടുന്ന കാഴ്ച ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല. 

 

പ്രശസ്ത മനശാസ്ത്രഞൻ ഡോ. സി. ജെ. ജോൺ തന്റെ ഫേസ്ബുക്കിൽ  കുറിക്കുന്നു. ‘ക്രിമിനല്‍ മനസ്സുകള്‍ കുടുംബ സാഹചര്യത്തില്‍ അധിനിവേശം നടത്തുമ്പോൾ മനുഷ്യത്വം പലായനം ചെയ്യും. മൂല്യങ്ങള്‍ പടി ഇറങ്ങും. അപ്പോൾ വീടുകളില്‍ ദുരന്തം ഉണ്ടാകും. ഇനിയും അത് കേള്‍ക്കേണ്ടി വരുമെന്ന സാധ്യത വല്ലാതെ നോവിക്കുന്നു.’ സാക്ഷരതയിലും വിദ്യഭാസത്തിലും ജീവിത നിലവാരത്തിലും മറ്റു സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുൻപിൽ നിൽക്കുന്നു എന്ന് മേനി നടിക്കുന്ന കേരളത്തിലെ ശിശു പീഡന കേസുകളിൽ 95 ശതമാനത്തോളം ബന്ധുക്കളോ പരിചിത വൃന്ദത്തിൽ പെട്ടവരോ ആണ് പ്രതികൾ. ഇത്തരം നിരവധി സംഭവങ്ങൾ പുറം ലോകം അറിയാതെ പോകുന്നതിന്റെയും, കുറ്റക്കാർ ശിക്ഷിക്കപ്പെടാതിരിക്കുന്നതിന്റെയും മുഖ്യ കാരണവും ഇത് തന്നെയാണ്. കുടുംബത്തിന്റെ അന്തസ്സ് നഷ്ടപ്പെടുമെന്ന മിഥ്യാധാരണയും, നിലനിൽക്കുന്ന മൂല്യങ്ങളോടും സമൂഹത്തിന്റെ കപട സദാചാര ബോധത്തിനോടും ഉള്ള ഭയമോ വിധേയത്വമോ മൂലവും ഇത്തരം  കുറ്റകൃത്യങ്ങൾ പലപ്പോഴും മൂടി വെയ്ക്കപ്പെടുന്നു.

 

കേരളത്തില്‍ പരസ്യമായും രഹസ്യമായും പീഡിപ്പിക്കപ്പെടുന്ന ബാല്യങ്ങളുടെ കഥകള്‍ പത്രതാളുകളിലും ചാനൽ ചർച്ചകളിലും  ക്ഷണനേരം കൊണ്ട് മിന്നിമറയുന്ന വാർത്ത കളായി മാത്രമേ നമുക്കനുഭവപ്പെടുന്നുള്ളു. നമ്മുടെ മനസാക്ഷി മരവിച്ചു പോയിരിക്കുന്നു. പരിഗണനയുടെ കാണാപ്പുറങ്ങളില്‍  നിർദക്ഷ്യണ്യം നാം തള്ളിക്കളഞ്ഞ മൂക്കിളയും വിയര്‍പ്പും മെഴുക്കും കണ്ണീരും ഒലിക്കുന്ന  മുഖങ്ങള്‍ ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവർക്ക്‌ നിദ്രാവിഹീന രാവുകൾ സമ്മാനിക്കും. ക്രാന്തദർശിയായ കവി നമ്മെ ഓർമ്മപ്പെടുത്തുന്നു. ‘ഓരോ ശിശു രോദനത്തിലും കേള്‍പ്പു ഞാന്‍ ഒരു കോടി ഈശ്വര വിലാപം’

 

English Summary : Dr Semichan Joseph's note on child abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com