ADVERTISEMENT

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായാണ് ആ സർക്കാർ വിദ്യാലയത്തിൽ എത്തിയത്. അവർ 62 പേരുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ സ്വകാര്യ ചാനൽ പ്രൈം ടൈമിൽ സംപ്രേക്ഷണം ചെയ്യുന്ന മൂന്നു സീരിയലുകളെ കുറിച്ചു സംഭാഷണത്തിനിടയിൽ സൂചിപ്പിച്ചു. അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമെല്ലാം അവർക്കു സുപരിചിതമായിരുന്നു. ആ മൂന്നു സീരിയലുകളിൽ ഏതെങ്കിലും മുടങ്ങാതെ കാണുന്നവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ അധ്യാപകരെയും പരിശീലകനെയും അതിശയപ്പെടുത്തിക്കൊണ്ട് കൈപൊക്കിയത് 41 പേരാണ്. ഇതിലെന്താണ് ഇത്ര കുഴപ്പം എന്നു ചിലർക്കെങ്കിലും തോന്നിയേക്കാം. ഇനി പറയാനുള്ളത് അവരോടാണ്. കുട്ടികളുടെ പഠന നിലവാരത്തെ ദോഷകരമായി  ബാധിക്കുന്നു എന്നു മാത്രമല്ല വളർച്ചയുടെ അതിനിർണായക പ്രായത്തിൽ, യാഥാർഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത, ടെലിവിഷൻ സീരിയലുകൾ തീർക്കുന്ന ഭ്രമലോകം നമ്മുടെ കൗമാരക്കാരുടെ ചിന്തകളിൽ, മാനസിക ഘടനകളിൽ ഏൽപ്പിക്കുന്ന ആഘാതം  ചെറുതായിരിക്കില്ല.

മാതാപിതാക്കളും ഗ്രാൻഡ് പേരൻസും ശ്രദ്ധിക്കുക, ശിഥിലമായ കുടുംബ ബന്ധങ്ങളും. അമ്മായിയമ്മ മരുമകൾ പോരും സാമാന്യ യുക്തിക്കു നിരക്കാത്ത കഥാ സന്ദർഭങ്ങളും ചേർന്നു സൃഷ്ടിക്കുന്ന കാൽപ്പനിക ലോകം അവരുടെ കുടുംബ /ജീവിത സങ്കൽപ്പങ്ങളെ മാത്രമല്ല കാഴ്ചപ്പാടുകളെയും വികലമാക്കുന്നു. പ്രേക്ഷകരിൽ നല്ലൊരു പങ്കും സ്ത്രീകൾ ആയിരുന്നിട്ടുകൂടി എത്രമാത്രം സ്ത്രീവിരുദ്ധമാണ് നമ്മുടെ ചാനലുകൾ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുകൾ എന്ന്, ഒരിക്കലെങ്കിലും അവയുടെ ഒരു എപ്പിസോഡ് എങ്കിലും കണ്ടിട്ടുള്ളവർ സമ്മതിക്കാതിരിക്കില്ല. സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും ഒക്കെ തികച്ചും അനാരോഗ്യകരവും അയഥാർത്ഥവുമായ വിവരങ്ങളാണ് ഒട്ടുമിക്ക സീരീയലുകളും  മലയാളിയുടെ സ്വീകരണമുറിയിലേക്ക് എത്തിക്കുന്നത്.

തുടക്കത്തിൽ സൂചിപ്പിച്ച 41 പത്താം ക്ലാസുകാരുമായി വിശദമായി സംസാരിച്ചപ്പോൾ മനസ്സിലായ വസ്തുത അവരാരും തന്നെ സീരിയലുകൾ ആഗ്രഹിച്ചു കാണുന്നതല്ല. അവർക്ക് മുന്നിൽ വേറെ ഓപ്ഷനുകൾ ഇല്ലായിരുന്നു. കോവിഡിന്റെ അടച്ചിരുപ്പു കാലം പല കുട്ടികളെയും ഇത്തരം സീരിയലുകളിലേക്ക് ആകർഷിച്ചു എന്ന വസ്തുതയും പറയാതെ വയ്യ.  ഒരു കലാരൂപം എന്ന നിലയിൽ സീരിയലുകളെ അംഗീകരിക്കുകയും അതുകൊണ്ട് ഉപജീവനം നടത്തുന്ന കലാകാരന്മാരെ മാനിക്കുകയും ചെയ്തുകൊണ്ടുതന്നെ പറയട്ടെ സീരിയലുകളിൽ തിരുത്തലുകൾ വരുത്തുകയും, 2021 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയ ജൂറിയുടെ നിരീക്ഷണങ്ങൾ നിങ്ങൾ മനസിരുത്തി വായിക്കുകയും വേണ്ട തിരുത്തലുകൾ വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

കലാമൂല്യവും സാങ്കേതികത്തികവും ഉയർന്ന ധാർമിക നിലവാരവും ഉള്ള സീരിയലുകൾ നിർക്കപ്പെടുന്നതിൽ  മലയാളത്തിലെ ചാനലുകളും ശ്രദ്ധ ചെലുത്തിയാൽ നന്നായിരിക്കും. പ്രിയ മാതാപിതാക്കളെ മുത്തശ്ശീ മുത്തച്ഛൻമാരേ കുഞ്ഞുങ്ങളുടെ നന്മയെ കരുതി പലതും ഉപേക്ഷിക്കുന്നവരും നിരവധി ത്യാഗങ്ങൾ സഹിക്കുന്നവരുമായ നിങ്ങൾ. നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട ഈ ‘സായാഹ്ന സീരിയൽ’ വേളകൾ ഒന്നു പുനഃക്രമീകരണം നടത്തിയാൽ അതായിരിക്കും ഈ തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ സഹായം.

(തൃക്കാക്കര ഭാരത് മാതാ കോളജ് സാമൂഹിക പ്രവർത്തന വിഭാഗം അധ്യാപകനും അറിയപ്പെടുന്ന പരിശീലകനുമാണ് ലേഖകൻ )

English Summary : Negative effects of television on children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com