നിങ്ങളിലുണ്ടോ ഈ 4 സ്വഭാവങ്ങൾ? മക്കളുടെ ജീവിതം മാറ്റിമറിക്കുന്നത് ഇക്കാര്യങ്ങൾ!
Mail This Article
അച്ഛനും അമ്മയും എപ്പോഴും പരസ്പരം വിമർശിക്കുന്നു. അല്ലെങ്കിൽ മക്കളെയോ മറ്റാരെയെങ്കിലുമോ വിമർശിക്കുന്നു. ഈ വിമർശനം കണ്ടു വളർന്ന കുട്ടിയുടെ സ്വഭാവം എങ്ങനെയാവും ? സംശയിക്കേണ്ട മറ്റുള്ളവരെ കുറ്റപ്പെടുത്താനുള്ള പ്രവണതയാണ് നിങ്ങൾ അവനെ പഠിപ്പിച്ചിരിക്കുന്നത്. മാതാപിതാക്കൾ അത്രമേൽ സ്വാധീനം ഓരോ കുഞ്ഞുങ്ങളുടെയും ജീവിതത്തിൽ ചെലുത്തുണ്ട്. മക്കളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുത്തതു കൊണ്ടോ, അവർക്ക് കൃത്യമായി ആഹാരം കൊടുത്തതു കൊണ്ടോ ആരും മികച്ച മാതാപിതാക്കൾ ആവുന്നില്ല. മക്കൾക്ക് മാതൃകയാക്കാനാവുന്ന മൂല്യങ്ങൾ കുടുംബത്തിൽ ഉണ്ടാവണം. വീട്ടിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചായിരിക്കും മക്കളുടെ സ്വഭാവരീതിയും രൂപപ്പെടുന്നത്. ചില കുടുംബാന്തരീക്ഷങ്ങളും അവ മക്കളിൽ സൃഷ്ടിക്കുന്ന ആഘാതവും എങ്ങനെയെന്ന് നോക്കാം.
കലഹം
അച്ഛനും അമ്മയും എപ്പോഴും വഴക്കാണ്. ജയിക്കാനായി പരസ്പരം എന്തും പറയുന്ന സ്വഭാവമാണ് ഇരുവർക്കും. ചിലപ്പോഴൊക്കെ ശാരീരികമായ അതിക്രമത്തിലേക്ക് അവർ തിരിയുന്നു. ഇതു കണ്ടു വളരുന്ന കുട്ടിയിലും മറ്റുള്ളവരുമായി വഴക്കിടാനുള്ള പ്രവണതയുണ്ടാകും. എന്തു പറഞ്ഞും ജയിക്കണം. ഒരിക്കലും തോറ്റ് കൊടുക്കരുത്, ഇതിനായി ശാരീരികമായി അക്രമിക്കുന്നതിലും തെറ്റില്ല എന്നെല്ലാമാണ് കുട്ടികൾ വീട്ടിൽ നിന്ന് പഠിക്കുന്നത്.
ഭയം
മക്കളെ ഭയപ്പെടുത്തി വളർത്തുന്ന മാതാപിതാക്കളുണ്ട്. മർദനം, ആഹാരം നൽകാതിരിക്കൽ, ഒറ്റയ്ക്ക് മുറിയിൽ അടച്ചിടൽ, എവിടെയങ്കിലും കെട്ടിയിടൽ എന്നിവയാണ് ഇതിനായി പിന്തുടരുന്ന മാർഗം. ഭയം നിറഞ്ഞ മനസ്സുമായാണ് ഈ കുട്ടികൾ ജീവിക്കുക. വീട്ടിൽ മാത്രമല്ല ഇവരുടെ പിന്നീടങ്ങോട്ടുള്ള ജീവിതത്തിലും ഭയം നിറയും. താൻ ചെയ്താൽ തെറ്റുമോ എന്ന ഭയം കാരണം ജീവിതത്തിൽ അവർ ഒന്നും ചെയ്യാൻ ധൈര്യപ്പെടില്ല.
പരിഹാസം
മക്കൾ എന്തു ചെയ്താലും പരിഹസിക്കുന്നതാണ് ചില മാതാപിതാക്കളുടെ ശീലം. അവരുടെ സംശയങ്ങളെയും ക്രിയാത്മകമായ പ്രവൃത്തികളെയും കൊച്ചു കൊച്ചു സന്തോഷങ്ങളെ വരെയും പരിഹസിക്കും. ഇത് മക്കളുടെ മനസ്സ് മടുപ്പിക്കും. മറ്റുള്ളവരുടെ മുമ്പിൽ ശബ്ദം ഉയർത്താനോ നേരെ നിൽക്കാനോ പോലും ധൈര്യമില്ലാതെ വളരുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകും.
അസൂയ
അയൽവാസിയോ ബന്ധുവോ പുതിയ വാഹനം വാങ്ങിയാൽ, അവർക്ക് പുതിയ ജോലിയോ ഉദ്യോഗകയറ്റമോ നേടിയാൽ അസൂയ കൊണ്ട് വീർപ്പ് മുട്ടുന്ന മാതാപിതാക്കൾ. അസൂയ കാരണം അവരുടെ കുറ്റം പറഞ്ഞും ഇല്ലാത്തകഥകൾ മെനഞ്ഞും ആശ്വാസം കണ്ടെത്താൻ ശ്രമിക്കും. അസ്വസ്ഥരായ മറ്റു അയൽവാസികളോ ബന്ധുക്കളോ ഇതിനെല്ലാം നിങ്ങളോടൊപ്പം കൂടുന്നു. ചെറുപ്പം മുതലേ ഇതെല്ലാം കണ്ട് വരുന്ന മക്കളും അസായാലുക്കളാവും. തന്നെക്കാൾ നന്നായി പഠിക്കുന്ന, മറ്റു കഴിവുകളുള്ള കുട്ടികളോട് മക്കൾക്ക് അസൂയ വളരുന്നു. അവരും മാതാപിതാക്കളുടെ പാത പിന്തുടർന്ന് അസ്വസ്ഥരും അപവാദ പ്രചാരകരുമായി തീർന്ന് ആശ്വാസം കണ്ടെത്തുന്നു. അസൂയ ആരെയും വളർത്തില്ല എന്ന സത്യം ഓർക്കണം. മാത്രമല്ല നാശത്തിലേക്ക് തള്ളി വിടാനും കഴിവുണ്ട്.
ഇത്തരം സാഹചര്യങ്ങൾ കുടുംബത്തിൽനിന്ന് ഒഴിവാക്കുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. ശീലം മാറ്റാൻ ആകുന്നില്ലെങ്കിൽ കുട്ടികൾ കാണുകയും കേൾക്കുകയും ചെയ്യുന്ന അവസരത്തിൽ ഇത്തരം കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കാനുള്ള സന്നദ്ധത കാണിക്കുക. നിങ്ങൾ അറിഞ്ഞും അറിയാതെയും മക്കളിൽ ഒരുപാട് സ്വാധീനം ചെലുത്തുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക.
English Summary : Bad parenting and its effects on children