ADVERTISEMENT

ചെറിയ കുട്ടിയല്ല; മുതിർന്ന ആളാണോ എന്നു ചോദിച്ചാൽ അതുമല്ല.  ഇതിനിടയിലുള്ള നൂൽപ്പാലത്തിലൂടെയാണ് ടീനേജിലേക്കുള്ള യാത്ര. ശാരീരികവും  മാനസികവുമായ ഒരുപാടു മാറ്റങ്ങൾക്കു വിധേയമാകുന്ന പ്രായമാണ് 12 വയസ്സ്. മാതാപിതാക്കളുടെ സപ്പോർട്ട് ഏറ്റവുമധികം വേണ്ട ഒരു കാലഘട്ടം കൂടിയാണിത്. മക്കൾക്കു സംഭവിക്കുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അവരെ എങ്ങനെ പിന്തുണയ്ക്കാമെന്നു നോക്കാം.

 

പൊക്കം വെയ്ക്കുക, രോമവളർച്ച, ശബ്ദം മാറുക തുടങ്ങി ആൺകുട്ടികളിൽ പ്രകടമായ രൂപമാറ്റം സംഭവിക്കുന്ന കാലഘട്ടമാണിത്.  പെൺകുട്ടികളിൽ ആർത്തവം ആരംഭിക്കുന്ന കാലഘട്ടമായതോടെ സ്തനവളർച്ചയും മറ്റു ശാരീരിക മാറ്റങ്ങളും കൂടുതൽ പ്രകടമാകുന്നു. ഹോർമോൺ വ്യതിയാനങ്ങളും പഠന ഭാരവും നിമിത്തം കൂടുതൽ ഉറക്കം ആവശ്യമായി വരുന്നു. പലപ്പോഴും അവരെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്താൻ നിങ്ങൾക്ക് കൂടുതൽ കഷ്ടപ്പെടേണ്ടിവരും .

മുതിർന്നവരെ പോലെ പക്വതയോടെ പെരുമാറുന്ന 12 വയസ്സുകാർ അടുത്ത നിമിഷം ഒരു കൊച്ചുകുഞ്ഞിനെപ്പോലെ വാശിപിടിച്ചെന്നും വരാം.  വീടിനു പുറത്തേക്കു സൗഹൃദങ്ങൾ വളരുന്ന ഒരു കാലഘട്ടം കൂടിയാണിത്.  നിങ്ങളുടെ പുറകെ നടന്നിരുന്നവർ സുഹൃത്തുക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായിരിക്കും ആഗ്രഹിക്കുന്നത്. വീട്ടിലെ ചിട്ടകൾ അനുസരിക്കാതിരിക്കുക,  മാതാപിതാക്കളോട് തർക്കിക്കുക, മുതിർന്നവർ പറയുന്നത് അവഗണ ണിക്കുക തുടങ്ങി രക്ഷിതാക്കളുടെ ക്ഷമ പരീക്ഷിക്കുന്ന കാലമാണിത്.

 

കണിശക്കാരായ അച്ഛനമ്മമാർ ആകാതെ കുട്ടികളുടെ മനസ്സറിഞ്ഞ് പിന്തുണയ്ക്കേണ്ട പ്രായമാണ് 12 വയസ്സ്. സൗഹൃദങ്ങൾക്ക് വളരെയധികം വില കൊടുക്കുന്ന ഒരു കാലഘട്ടം ആയതുകൊണ്ട് തന്നെ മക്കളുടെ കൂട്ടുകാർ ആരൊക്കെയാണെന്നും അവർ ചീത്ത കൂട്ടുകെട്ടിലേക്കും ദുശീലങ്ങളിലേക്കും വഴുതിപ്പോകുന്നില്ലെന്നും ഉറപ്പുവരുത്തുക. തന്റെ ശരീരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് കുട്ടി ജിഞ്ജാസുവാകുന്ന പ്രായമാണിത്. ഇത്തരം മാറ്റങ്ങൾ സാധാരണമാണെന്നും എല്ലാവരും ഈ ഘട്ടത്തിലൂടെ കടന്നു പോകുന്നവർ തന്നെയാണെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക . വളരുന്ന പ്രായമായതു കൊണ്ടുതന്നെ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതിന്റെയും  വ്യായാമം ചെയ്യേണ്ടതിന്റെയും ആവശ്യകത മനസ്സിലാക്കി കൊടുക്കുക.

 

കുട്ടിയുടെ പഠിത്തത്തിൽ ശ്രദ്ധിക്കുന്നതിനൊപ്പം ആത്മാഭിമാനമുള്ള ഒരു വ്യക്തിയായി വളരാൻ അവരെ സഹായിക്കുക. പരാജയത്തിൽ തളർന്നുപോകാതെ വിജയത്തിലേക്കു മുന്നേറാനുള്ളതാണ് ജീവിതമെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. തെറ്റുകൾ കണ്ടാൽ ശിക്ഷിക്കുന്നതുപോലെ നല്ല കാര്യങ്ങൾ ചെയ്താൽ മക്കളെ അഭിനന്ദിക്കാനും മടിക്കരുത്. തുറന്നു സംസാരിക്കുക വഴി കുട്ടികൾ അനുഭവിക്കുന്ന പല ആകുലതകളും മനസ്സിലാക്കാൻ കഴിയും. വീട്ടിലെ കാര്യങ്ങളെല്ലാം മക്കളോട് സംസാരിക്കുകയും അവരുടെ അഭിപ്രായം തേടുകയും ചെയ്യുക. പരിഗണിക്കപ്പെടുന്ന ഒരാൾ തന്നെയാണ് താൻ എന്ന തോന്നൽ കുട്ടികളിൽ വളർത്താൻ ഇത് സഹായിക്കും.

 

English Summary : Tips for parents teenagers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com