‘ബ്രെയ്ൻ ഫുഡ്’ ഒഴിവാക്കരുതേ; സ്കൂളിൽ പോകുന്ന കുട്ടികൾ എന്തൊക്കെ കഴിക്കണം?

food-tips-for-school-children
Representative image. Photo Credits: Anna Nahabed/ Shutterstock.com
SHARE

പ്രഭാതഭക്ഷണം ബ്രെയ്ൻ ഫുഡ് എന്നാണറിയപ്പെടുന്നത്. അതായതു തലച്ചോറിനുള്ള ഭക്ഷണം. എന്നു പറ‍ഞ്ഞാൽ ബുദ്ധി വളരണമെങ്കിൽ പ്രഭാതഭക്ഷണം നന്നായിരിക്കണം. നമ്മുടെ മിക്ക കുട്ടികളും ഇന്നു രാവിലെ കഴിക്കുന്നതു ചിപ്സ്, മിക്സ്ചർ, പൊറോട്ട തുടങ്ങിയ സാധനങ്ങളാണ്. ഉപ്പ്, പഞ്ചസാര, കൊഴുപ്പ് തുടങ്ങിയവ അമിതമായ തോതിൽ അടങ്ങിയവയാണ് ഇത്തരം ഭക്ഷണങ്ങൾ. ചിപ്സുകൾ പലതരമുണ്ട്. അവയുടെ രുചി, കരുകരുപ്പ്, കഴിക്കാനുള്ള സൗകര്യം തുടങ്ങിയവയാണു കുട്ടിയെ ആകർഷിക്കുന്നത്. ഇതു കുട്ടികൾക്കു ഹാനികരമാണ്. അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ആവിയിൽ പുഴുങ്ങിയ ഭക്ഷണങ്ങളാണു കുട്ടികൾക്ക് അനുയോജ്യം. പുട്ട്, ഇഡ്ഡലി, ഇടിയപ്പം, പിടി തുടങ്ങിയവ നൽകുന്നത് ഉത്തമമാണ്. ഓരോ ഭക്ഷണവും ഓരോ കോംബിനേഷൻ ആണ്. പുട്ടും കടലയും, ഇഡ്‍ഡലിയും സാമ്പാറും, അപ്പവും മുട്ടയും... ഒന്നിലധികം വസ്തുക്കൾ ചേർത്തു കഴിക്കുമ്പോഴാണ് ശരീരത്തിനാവശ്യമായ വസ്തുക്കൾ കിട്ടുന്നത്. പാക്കറ്റ് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഈ കുറവുണ്ടാകുന്നു. ശരീരത്തിനാവശ്യമായവ പൂർണതോതിലും അളവിലും കിട്ടുന്നില്ല.

ബുദ്ധി വികസിക്കണമെങ്കിൽ പ്രഭാതഭക്ഷണം നന്നാവണം. വാഹനങ്ങൾക്കു രാവിലെ ഇന്ധനം നിറയ്ക്കുന്നതുപോലെ ഒരു പകൽക്കാലത്തെ ഓട്ടത്തിനുള്ള ഇന്ധനം കൂടിയാണു പ്രഭാതഭക്ഷണം. അതിനാൽ പ്രഭാതഭക്ഷണം യാതൊരു കാരണവശാലും ഒഴിവാക്കരുത്. ദഹിക്കാൻ കഴിയുന്നതും പോഷകമൂല്യമുള്ളതുമായ ഭക്ഷണം മക്കൾക്കു കൊടുക്കണം.

ഇട ഭക്ഷണം

പ്രീ സ്കൂൾ, ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾ തുടങ്ങിയവർക്ക് ഇടഭക്ഷണം ആവശ്യമായി വരും. പ്രത്യേക പരിഗണനക്കാരായ കുട്ടികൾക്കും ഇടഭക്ഷണം ആവശ്യമാണ്. ഇടഭക്ഷണം ലഘുവായിരിക്കണം. ബേക്കറി പലഹാരം ഒഴിവാക്കി വീട്ടിലുണ്ടാക്കിയ ഏതെങ്കിലും സാധനം കൊടുത്തുവിടുന്നതാണു നല്ലത്. അവലോസുണ്ട, കൊഴുക്കട്ട തുടങ്ങിയവ നല്ലതാണ്. കുട്ടിക്കു കഴിക്കാൻ കഴിയുന്നത്രയുമേ കൊടുത്തു വിടാവൂ. കഴിക്കാൻ എളുപ്പമുള്ളതായിരിക്കണം. വൃത്തിയായി കഴിക്കാൻ പറ്റുന്നതായിരിക്കണം.

ഉച്ചഭക്ഷണം

എല്ലാവിധ വിഭവങ്ങളും ഉൾപ്പെടുന്നതായിരിക്കണം ഉച്ചഭക്ഷണം. കറികൾ തയാറാക്കുമ്പോൾ ഈ പരിഗണന ഉണ്ടാവണം. എല്ലാംകൂടി ഒരു ദിവസം നൽകേണ്ടതില്ല. ഓരോ ദിവസവും മാറിമാറി നൽകിയാൽ മതിയാവും. ആവർത്തനം ഒഴിവാക്കുക. പയർവർഗങ്ങൾ, ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, മാംസ്യങ്ങൾ, ധാതുക്കളടങ്ങിയവ എല്ലാം ഭക്ഷണത്തിലുൾപ്പെടുത്തണം. കുട്ടിയുടെ ശാരീരിക വളർച്ചയ്ക്കാവശ്യമായ എല്ലാ വസ്തുക്കളും ഭക്ഷണത്തിൽ നിന്നാണു ലഭിക്കേണ്ടത്. നാരുള്ള ഭക്ഷണവും ഉൾപ്പെടുത്തണം. ഉച്ചഭക്ഷണം, സമയമെടുത്ത്, നല്ലതുപോലെ ചവച്ചരച്ചു കഴിക്കണം.

സായാഹ്ന ഭക്ഷണം

കുട്ടികൾ സ്കൂളിൽനിന്നും വന്നാലുടൻ ലഘുഭക്ഷണം നൽകാം. കുട്ടികളെ വൈകുന്നേരം കളിക്കാൻ വിടണം. കളിക്കാൻ ഊർജമാവശ്യമായതിനാൽ, അതിനനുയോജ്യമായ ലഘുഭക്ഷണം നൽകേണ്ടതാണ്. എണ്ണ പലഹാരം, മുട്ട, പാൽ, ഏത്തക്കാ, പഴവർഗങ്ങൾ തുടങ്ങിയവ നൽകാം.

അത്താഴം

രാത്രി എട്ടുമണിക്കു മുൻപായി കുട്ടികൾക്ക് അത്താഴം നൽകണം. നിദ്രയെ തടസ്സപ്പെടുത്താത്ത ഭക്ഷണം നൽകുന്നതാണ് ഉചിതം. ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കേണ്ടിവരുന്ന ഭക്ഷണവും ഉപേക്ഷിക്കണം. ശരീരത്തിന് നാം നൽകുന്ന വിശ്രമമാണ് ഉറക്കം. ഈ സമയത്ത് എല്ലാ അവയവങ്ങൾക്കും ജോലിഭാരം ഇല്ലാതാക്കി വിശ്രമം നൽകണമെങ്കിൽ ദഹനവും ലളിതമാക്കണം. മലബന്ധം സൃഷ്ടിക്കാത്ത ഭക്ഷണം ആയിരിക്കണം. പഴക്കംചെന്ന ഭക്ഷണം കൊടുക്കരുത്.

കുടിവെള്ളം

ശരീരം ഒരു വലിയ ഫാക്ടറിയാണ്. ഒട്ടേറെ യന്ത്രങ്ങളുള്ള ഒരു സങ്കീർണമായ ഫാക്ടറി. യന്ത്രങ്ങൾ പ്രവർത്തിക്കാൻ ഓയിൽ ഇടുന്നതുപോലെയാണു ശരീരത്തിനു വെള്ളവും. ശരീരം നന്നായി പ്രവർത്തിക്കണമെങ്കിൽ ധാരാളം വെള്ളം ആവശ്യമുണ്ട്. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കിക്കളയുന്നതിനും ജലം വേണം. അന്തരീക്ഷ താപത്തെ നേരിടുന്നതിനും ധാരാളം ജലം കുടിക്കേണ്ടതുണ്ട്.

English summary : Food tips for school children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}