ADVERTISEMENT

മുതിര്‍ന്നവരെപോലെ തന്നെ കുഞ്ഞുങ്ങള്‍ക്കും ഇഷ്ടമാണ് സംഗീതം. എന്നാല്‍, എല്ലാ കുഞ്ഞുങ്ങളും സംഗീതം കേള്‍ക്കുമ്പോള്‍ ഒരുപോലെയല്ല പ്രതികരിക്കുന്നത്. പലപ്പോഴും കുട്ടികളുടെ കരച്ചില്‍ നിര്‍ത്താന്‍ നാം സംഗീതം കേള്‍പ്പിക്കാറുണ്ട്. പല പാട്ടുകളുടെയും താളം മുതിര്‍ന്നവരേക്കാള്‍ എളുപ്പം പഠിച്ചെടുത്തു നമ്മളെ ഒന്ന് ഞെട്ടിപ്പിക്കുന്ന കൊച്ചുകുറുമ്പന്മാരും കുറുമ്പത്തികളും ഉണ്ട്. 

എവിടെയെങ്കിലും ഒരു പാട്ടുകേട്ടാല്‍ അവര്‍ക്കാവുന്ന സ്‌റ്റെപ്‌സെല്ലാം ഇട്ട് ഡാന്‍സ് ചെയ്തു കുഞ്ഞുങ്ങള്‍ നമ്മെ ചിരിപ്പിക്കാറുമുണ്ട്. ഒരുപക്ഷെ സംഗീതലോകത്തെ നാളത്തെ താരങ്ങള്‍ ആയി മാറേണ്ടവരായിരിക്കാം ഈ കുട്ടികളില്‍ ചിലരെങ്കിലും. അതിനു കുഞ്ഞിന്റെ ഉള്ളിലെ കലയോടുള്ള അഭിരുചി തിരിച്ചിറിഞ്ഞു ശരിയായ ദിശയില്‍ വഴി കാണിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്കാവണം എന്ന് മാത്രം. 

നമ്മളോരോരുത്തരും എന്തെങ്കിലും ഒക്കെ കഴിവുകളുമായാണ് ജനിക്കുന്നത്. പലരിലേയും ആ കഴിവുകളെ തിരിച്ചറിയാനോ, വളര്‍ത്തിയെടുക്കാനോ  കഴിയാറില്ല എന്ന് മാത്രം. സംഗീതത്തോട് നിങ്ങളുടെ കുഞ്ഞിനു അഭിരുചിയുണ്ടോയെന്ന് മനസിലാക്കാന്‍ ഈ ചെറിയ കാര്യങ്ങള്‍ നിരീക്ഷിച്ചാല്‍ മാത്രം മതിയാവും. 

ചലനങ്ങള്‍ 

അടുത്തതവണ ഒരു പാട്ടു പ്ലേ ചെയ്യുമ്പോള്‍ കുട്ടിയുടെ ചലനങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്. കുഞ്ഞു കാലുകൊണ്ടോ കൈകൊണ്ടോ താളം പിടിക്കുന്നുണ്ടോ? പാട്ടിന്റെ താളത്തിനൊത്തു ശരീരത്തെ ചലിപ്പിക്കുന്നുണ്ടോ? പാത്രങ്ങളിലോ മറ്റോ കൊട്ടി ശബ്ദം ഉണ്ടാക്കാന്‍ നോക്കുന്നുണ്ടോ? ആണെങ്കില്‍  സംശയിക്കണ്ട ഒരു സംഗീതജ്ഞന്‍/സംഗീതജ്ഞ കുട്ടികുറുമ്പുകള്‍ക്കിടയില്‍ എവിടെയോ മറഞ്ഞിരിക്കുന്നുണ്ട്. 

സംസാരം

റോഡിലൂടെ പോകുന്ന വണ്ടികളുടെ ശബ്ദത്തെ കുറിച്ചോ, മേല്‍ക്കൂരയില്‍ വീഴുന്ന മഴത്തുള്ളികളുടെ ശബ്ദത്തെകുറിച്ചോ ഒക്കെ കുഞ്ഞ് വാചാലനാവുന്നുണ്ടോ ? സംഗീതത്തിന്റെ വരദാനമുള്ള കുട്ടികള്‍ വളരെ ചെറുപ്പത്തിലേ വ്യത്യസ്തങ്ങളായ ശബ്ദങ്ങളെ തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യും. വാതില്‍  തുറക്കുമ്പോള്‍ ഉണ്ടാവുന്ന സൗണ്ടും, ബോള്‍ നിലത്തു വീഴുമ്പോള്‍ ഉണ്ടാവുന്ന ശബ്ദവുമൊക്കെ അവരിലെ സംഗീതത്തോടുള്ള താല്‍പ്പര്യത്തെ സ്പര്‍ശിക്കുന്നുണ്ടാവാം. അതുകൊണ്ടുതന്നെ അടുത്ത തവണ കുട്ടി ഇങ്ങനെ എന്തെങ്കിലും പറയുമ്പോള്‍ ഗൗനിക്കാതെ വിടരുതേ. 

പ്രതികരണം 

കുഞ്ഞു രണ്ടുമൂന്നു തവണ കേട്ടിട്ടുള്ള ഒരു പാട്ടിന്റെ ശീല് ഇടയ്ക്കു ട്യൂണ്‍ മാറ്റി ഒന്ന് പാടി നോക്കു. നിങ്ങളുടെ തെറ്റ് കുഞ്ഞ് അപ്പോള്‍ തന്നെ തിരുത്തിയോ? സംഗീതാഭിരുചിയുള്ള കുഞ്ഞുങ്ങള്‍ ട്യൂണ്‍ തെറ്റിച്ചു പാടിയാല്‍ എളുപ്പം തിരിച്ചറിയും. ആര്‍ക്കറിയാം നാളത്തെ റഹ്​മാനോ ലത മങ്കേഷ്‌ക്കറോ ഒക്കെയാവും വീട്ടിലിരിക്കുന്നതെന്ന്.

പ്രൊഫഷണല്‍ ഹെല്‍പ്പ്

നിങ്ങള്‍ക്കിനിയും സംശയമാണ് കുഞ്ഞിന്റെ അഭിരുചിയെ കുറിച്ചെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടാം. നല്ല ഒരു സംഗീതാധ്യാപകന് ഒരു കുട്ടിയില്‍ വാസനയുണ്ടോ ഇല്ലയോ എന്നറിയാന്‍ ഒരുപാട് കാലം ഒന്നും വേണ്ട. 

കുഞ്ഞിന് അഭിരുചിയുണ്ടെങ്കില്‍ അത് പോഷിപ്പിക്കാന്‍ മടിക്കുന്നവരല്ല ഇന്നത്തെ മിക്ക മാതാപിതാക്കളും.  പക്ഷെ തിരക്കേറിയ ജീവിതത്തില്‍ അത്തരം കഴിവുകളെ കണ്ടെത്താനോ തിരിച്ചറിയാനോ പലര്‍ക്കും കഴിയാറില്ല എന്നതാണ് സത്യം. അത്തരം രക്ഷിതാക്കളില്‍ ഒരാളാവാതിരിക്കാന്‍ മനസും മാറ്റിവെക്കാന്‍ ഒരല്‍പം സമയവും വേണമെന്ന് മാത്രം. 

English Summary : Musical Intelligence and Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com