ADVERTISEMENT

പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ മകൻ മൽഹാറിനെ ഒരു പൊതുപരിപാടിയിൽ ഒപ്പം കൂട്ടിയതിനെ വിമർശിച്ചും പിന്തുണച്ചും നിരവധിപ്പേർ രംഗത്ത് എത്തിയിരുന്നു. ഞായറാഴ്ച ദിവസം നടത്തിയ പരിപാടിയിൽ മകനെ കൂടെക്കൂടിയതിനെക്കുറിച്ച് ഭർത്താവ് കെ.എസ്.ശബരിനാഥൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 

കെ.എസ്.ശബരിനാഥൻ എഴുതിയ കുറിപ്പ്

പത്തനംതിട്ട കളക്ടറായി ചുമതല എടുത്തത് മുതൽ ദിവ്യക്ക് 24 hours ഡ്യുട്ടിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . രാവിലെ 10 മണി മുതൽ രാത്രി 8 pm വരെ  ജില്ലയിലെ മീറ്റിംഗുകളും പ്രവർത്തനങ്ങളും, അത് കഴിഞ്ഞു വീട്ടിൽ എത്തിയാൽ മകന്റെ കൂടെ അർദ്ധരാത്രി കഴിഞ്ഞു വരെയുള്ള കളിയും ചിരിയും.കുട്ടികൾക്ക് മനസ്സിൽ ഒരു sensor ഉണ്ട്‌, എത്ര സന്തോഷമായി ഞങ്ങളോടൊപ്പം ഇരുന്നാലും രാത്രി 8 pm ആകുമ്പോൾ അവൻ അമ്മയെ അന്വേഷിക്കും, അത് വരെ നമ്മളോടൊപ്പം ചിരിച്ചുകൊണ്ടിരുന്നവൻ കരയും. ദിവ്യ വന്നാൽ പിന്നേ അവൾ മാത്രം മതി, ബാക്കി എല്ലാവരും 'Get Outhouse' ആണ് 

ഞായറാഴ്ചകൾ പൂർണമായി അവനുവേണ്ടി മാറ്റിവയ്‌ക്കാൻ ദിവ്യ ശ്രമിക്കും . ഔദ്യോഗിക കൃത്യനിർവഹണമല്ലാത്ത  മറ്റു മീറ്റിംഗുകളും യാത്രകളും ഒഴിവാക്കാൻ ദിവ്യ പരമാവധി ശ്രമിക്കും. പക്ഷേ, എന്നാലും ചിലപ്പോൾ ചില പ്രോഗ്രാമുകൾക്ക് സ്നേഹപൂർവ്വമായ നിർബന്ധം കാരണം പോകേണ്ടിവരും. അങ്ങനെയുള്ള പ്രോഗ്രാമുകളിൽ മകനെ കൂടി കൊണ്ടുവരും എന്ന് അസന്നിഗ്ധമായി പറയാറുണ്ട്. സംഘാടർക്ക് അതിൽ സന്തോഷമേയുള്ളു. അങ്ങനെ സന്തോഷപൂർവ്വം പോയ ഒരു പ്രോഗ്രാമിൽ അതിന്റെ സംഘാടകൻ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ശ്രി ചിറ്റയം ഗോപകുമാർ സ്നേഹപൂർവ്വം പോസ്റ്റ്‌ ചെയ്ത വിഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ഒരു തരത്തിൽ പറഞ്ഞാൽ ഈ ചർച്ച അനിവാര്യമാണ്. ഇത് ഒരു ദിവ്യയുടെ കാര്യം മാത്രമല്ല, തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്താണ് സ്വന്തം കാലിൽ ഉറച്ചു നിൽക്കുന്നത്. ചെറുപ്പത്തിൽ സ്കൂൾ വെക്കേഷൻ കാലത്ത് കരമന കോളേജിൽ അമ്മയുടെ മലയാളം ക്ലാസിൽ അമ്മയോടൊപ്പം ഇരുന്ന ബാല്യ കാലം ഇന്നും മനസ്സിലുണ്ട്. ഭാര്യയായും അമ്മയായും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നതോടൊപ്പം ജോലി ചെയ്തു കൂടി മുന്നോട്ട് പോകുന്ന സ്ത്രീകൾ എത്ര പ്രതിസന്ധികൾ മറികടന്നാണ് യാത്ര തുടരുന്നതെന്ന് പഠിച്ചാൽ പകുതി വിമർശനമെങ്കിലും കുറയും. കോവിഡിനു ശേഷം "വർക്ക്‌ ഫ്രം ഹോം " ഒരു മുദ്രാവാക്യമാകുന്ന കാലഘട്ടത്തിൽ ലോകം മാറുന്നത് എല്ലാവരും അറിയണം.

 

 'ജയ ജയ ജയ ജയഹേ' എന്ന ചിത്രത്തിലെ ജയ എന്ന നായിക നേരിടുന്ന മാനസിക വെല്ലുവിളികളുടെ ഓഫീസ് വേർഷനാണ് തൊഴിൽ ചെയ്യുന്ന പല അമ്മമാരും നേരിടുന്നത് . അവർക്ക് തൊഴിലിൽ താത്പര്യമില്ല എന്നും കുട്ടിയുടെ പുറകെയാണെന്നുമുള്ള ഒളിയമ്പുകൾ സമൂഹത്തിൽ പതിവാണ്. പ്രൈവറ്റ് കമ്പനികളിൽ കോർപ്പറേറ്റ് ജീവിതത്തിൽ അദൃശ്യമായ ഒരു glass ceiling അമ്മമാരായ സഹപ്രവർത്തകർക്ക് ഉണ്ടായിട്ടുള്ളത് എനിക്ക് നേരിട്ട് ബോധ്യമുണ്ട്. 

 

തൊഴിൽ ചെയുന്ന അമ്മമാർക്ക് ആരുടെയും സഹതാപം വേണ്ട, പക്ഷേ അവർക്ക് പ്രവർത്തിക്കാൻ പോസിറ്റീവായ ഒരു സ്പേസ് സമൂഹം നൽകണം.

 

പെണ്ണുങ്ങൾ കുട്ടികളെ നോക്കി വീട്ടിൽ ഇരുന്നാൽ പോരേ എന്ന് ചോദിച്ചവരെ  വർഷങ്ങളുടെ പരിശ്രമം കൊണ്ടും കഠിനാധ്വാനം കൊണ്ടും കേരളം തിരുത്തിച്ചു. ഈ ഉദ്യമങ്ങൾ അവസാനിക്കുന്നില്ല, ഇനിയും ഏറെ തിരുത്താനുണ്ട്.

 

Content Summary : Sabarinathan's socialmedia post about son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com