കുട്ടികളുടെ ആരോഗ്യശീലങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളിൽ അമിതവണ്ണം കൂടുന്നുവെന്ന റിപ്പോർട്ടുകളാണ് ലോകത്തിന്റെ പല ഭാഗത്തുനിന്നും പുറത്തു വരുന്നത്. ആഹാരശീലങ്ങളിലെ മാറ്റവും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവുമാണ് ഇതിനു പ്രധാന കാരണം. ചെറുപ്പത്തിലേ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
ചെറുപ്പം മുതൽ ആരോഗ്യകരമായി ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും പരിശീലിപ്പിക്കുകയാണ് വേണ്ടത്. ഇതൊരു ശീലമായി വളർത്തിയെടുക്കുക. ഫാസ്റ്റ് ഫുഡ് ലഭിക്കുക എന്നത് ഇന്ന് വളരെ എളുപ്പമാണ്. ഓർഡർ ചെയ്താൽ വീട്ടിലേക്ക് എത്തും. നിരവധി കടകളും ചുറ്റിലുമുണ്ട്. അതുകൊണ്ടു തന്നെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കുട്ടികൾ അവ കഴിക്കുന്നു. മൊബൈൽ, ലാപ്ടോപ്, വിഡിയോ ഗെയിം എന്നിവയുടെ സ്വാധീനം വീടിനകത്തു തന്നെ കുട്ടികളെ പിടിച്ചിരുത്തുന്നു. ഗ്രൗണ്ടിൽ പോകാനോ കളിക്കാനോ താൽപര്യമില്ലാത്തവരാകുന്നു. ഇതെല്ലാം അമിത വണ്ണത്തിലേക്കും മറ്റു അസുഖങ്ങളിലേക്കും നയിക്കുന്നു.
പൂർണ നിയന്ത്രണത്തിനു ശ്രമിക്കാതെ ആഴ്ചയുടെ അവസാനമോ മറ്റോ പുറത്തു നിന്നും ഭക്ഷണം വാങ്ങി കൊടുക്കാം. അതിൽ കൂടുതൽ കഴിച്ചാലുള്ള പ്രശ്നങ്ങൾ ഉദാഹരണങ്ങൾ സഹിതം അവർക്കു പറഞ്ഞു കൊടുക്കാം. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിനും കൃത്യമായ സമയം നിശ്ചയിച്ചു നൽകണം. അതിൽ കൂടുതൽ ഉപയോഗിക്കാൻ അനുവദിക്കരുത്. ഗ്രൗണ്ടിൽ പോയി കളിക്കാനുള്ള അവസരം ഒരുക്കുക. നിങ്ങൾക്കൊപ്പം അവരെ ചെറിയ വ്യായാം ചെയ്യിപ്പിക്കുക. ചെറുപ്പത്തിലേ വളർത്തുന്ന ശീലങ്ങളും അവബോധങ്ങളും അവർക്ക് ദിശാബോധം നൽകും. അതിനായി ശ്രമിക്കേണ്ടത് നിലവിലെ സാഹചര്യത്തിൽ മാതാപിതാക്കളുടെ സുപ്രധാന ചുമതലയാണ്.
Content Summary : Fast food consumption and overweight in children