ADVERTISEMENT

മക്കളുമായി ആരോ​ഗ്യകരമായ ബന്ധം ഉണ്ടാക്കണമെന്നാണ് എല്ലാ മാതാപിതാക്കളും ആ​ഗ്രഹിക്കുന്നത്. ഒരു സുഹൃത്തിനെപ്പോലെ മക്കൾ തന്നോട് എല്ലാം പങ്കുവയ്ക്കണമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ പല മാതാപിതാക്കളും ഈ ശ്രമത്തിൽ ദയനീയമായി പരാജയപ്പെടുന്നു. എന്താണിതിനു കാരണം? തലമുറ വ്യത്യാസമാണ് ഇതിനൊരു പ്രധാന കാരണമായി വിദ​ഗ്ധർ ചൂണ്ടി കാണിക്കുന്നത്. അവർ ചെയ്യുന്ന കാര്യങ്ങൾ ഉൾകൊള്ളാനോ മനസ്സിലാക്കാനോ സാധിക്കാതെ വരുന്നതോടെയാണ് പ്രശ്നം രൂക്ഷമാകുന്നത്. കുറ്റപ്പെടുത്തലും ചീത്ത പറയലും അടിയും വഴക്കുമെല്ലാമായി ബന്ധം സംഘർഷഭരിതമാകാനും വളരുന്തോറും മക്കൾ അകലാനും സാധ്യത കൂടുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ചില ടിപ്പുകൾ ഇതാ.

 

അടിയും വഴക്കും വേണ്ട

 

കുട്ടികൾ തങ്ങളെ അനുസരിക്കാതെയിരിക്കുമ്പോഴും കുസൃതികൾ കാണിക്കുമ്പോഴും വഴക്കു പറഞ്ഞു അടിച്ചും ഭീഷണിപ്പെടുത്തിയും പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതാണ് പല മാതാപിതാക്കളുടെയും ശൈലി. അതും ഏറ്റവും കഠിനമായ രീതിയിൽ. ഇത് ഒഴിവാക്കാം. പകരം അവർ ചെയ്തതിലെ തെറ്റുകൾ ചൂണ്ടികാണിച്ചും നിങ്ങളുടെ ചിന്തകൾ പങ്കുവച്ചും അവരെ തിരുത്താം. തെറ്റ് തിരിച്ചറിയാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. അതല്ലാതെ അടിച്ചും ഭീഷണിപ്പെടുത്തിയും നേർവഴിക്ക് നയിക്കാമെന്നു കരുതിയാൽ വിപരീതഫലത്തിനും നിങ്ങളിൽ നിന്നും അവർ അകന്നു പോകുന്നതിനുമാണ് കാരണമാകുക.

 

കുട്ടിയുടെ മനസ്സ് അറിയാം

 

മക്കളുടെ പ്രവൃത്തികളുടെ കാരണങ്ങളിലേക്ക് എത്തിയാലേ അവരെ അറിയാനും പരിഹാരം കണ്ടെത്താനും സാധിക്കൂ. മിക്കപ്പോഴും അവർ ചെയ്തതിനെ മുൻനിർത്തി  കുറ്റപ്പെടുത്തലും വിചാരണയും ശി​ക്ഷയും ഉണ്ടാകും. എന്നാൽ ആ പ്രവർത്തിയിലേക്ക് കുഞ്ഞിനെ എത്തിച്ചതിന്റെ കാരണം ചികയാനോ അതു മനസ്സിലാക്കി പരിഹരിക്കാനോ മാതാപിതാക്കൾ ശ്രമിക്കില്ല. നമ്മൾ അറിയാത്ത അരക്ഷിതമായ സാഹചര്യങ്ങളെയും വ്യക്തികളെയും അവർ നേരിടുന്നുണ്ടാകും. അതുകൊണ്ട് കുട്ടിയുടെ മനസ്സ് അറിയുക. അവരോട് തുറന്നു സംസാരിക്കുക. അവർക്ക് ധൈര്യം നൽകുക. മക്കൾ നിങ്ങൾ നല്ലൊരു സുഹൃത്തായി കാണും.

 

മോശം ശീലങ്ങൾ മാത്രം

 

കുട്ടികളുടെ മോശം ശീലങ്ങൾ എണ്ണിയെണ്ണി പറയുന്ന മാതാപിതാക്കളെ കണ്ടിട്ടില്ലേ. കുട്ടിയോട് മാത്രമല്ല വീട്ടിൽ വരുന്നവരോടും പോകുന്നിടത്തുമെല്ലാം അതു പറയാൻ ചില മാതാപിതാക്കൾ മത്സരിക്കും. ഇത്തരത്തിൽ നാണം കെടുത്തി മര്യാദ പഠിപ്പിക്കാം എന്ന ചിന്തയാണ് ചില മാതാപിതാക്കൾക്ക് ഉള്ളത്. എന്നാൽ ഈ ടോക്സിക് പേരന്റിങ് മക്കളെ നിങ്ങളിൽ നിന്നും അകറ്റും. അതിനാൽ അവരുടെ നല്ല ​ഗുണങ്ങളിലേക്ക് വിരൽ ചൂണ്ടുക. ആ ശീലം എടുത്തു പറഞ്ഞ് മോശം ശീലത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുക.

 

 

മോശം വാക്കുകൾ

 

കുട്ടികളെ അസഭ്യം പറയുന്ന മാതാപിതാക്കൾ ചെയ്യുന്നത് വലിയ തെറ്റാണ്. ഇത്തരം വാക്കുകൾ അവരുടെ മനസ്സിൽ വലിയ മുറിവുകൾ ഉണ്ടാക്കും. എത്ര ദേഷ്യം തോന്നിയാലും അസഭ്യവും അവഹേളിക്കുന്നതുമായി വാക്കുകൾ പ്രയോ​ഗിക്കരുത്. മറ്റുള്ളവരുടെ മുമ്പിൽ വച്ചു പോലും മക്കളെ അസഭ്യം പറയുന്നത് ഒരിക്കലും ഉണങ്ങാത്ത മുറിവായിരിക്കും അവരിൽ ഉണ്ടാക്കുക. പിന്നീട് എത്ര ശ്രമിച്ചാലും മക്കളുമായി അടുക്കുക അസാധ്യമായി തീരും. 

 

സമയം, സ്നേഹം

 

സമയവും സ്നേഹവും മാറ്റിവയ്ക്കാതെ മക്കളുമായി ആത്മബന്ധം ഉണ്ടാക്കാനോ സൗഹൃദത്തിലാകാനോ കഴിയില്ല. ജനിപ്പിച്ചതു കൊണ്ടോ, ആഹാരം നൽകിയതു കൊണ്ടോ, പണം നൽകിയതു കൊണ്ടോ ആരും മാതാപിതാക്കൾ ആകുന്നില്ല. സ്നേഹിച്ചും സമയം മാറ്റി വച്ചും അവർക്ക് തങ്ങൾക്ക് എത്ര സ്പെഷൽ ആണെന്ന് പറയുക. അവരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

 

ഇങ്ങനെയെല്ലാം അവരുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറാം. ശക്തമായ ബന്ധം മക്കളുമായി വളർത്താം.

 

Content Summary : How to stay connected with your child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com