ADVERTISEMENT

കുട്ടികൾക്കെതിരെയുള്ള ലൈംഗി​കാതിക്രമ വാർത്തകൾ മാതാപിതാക്കളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. തുടർച്ചയായി ഇത്തരം കേസുകൾ ചുറ്റിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കുട്ടികൾ എവിടെയപ്പോയാലും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം. എന്താണ് ഇതിനു പരിഹാരം? ലോകം മുഴുവൻ ഈ പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. യുകെയിലെ ഒരു സ്ഥാപനം സർക്കാർ സഹകരണത്തോടെ നടത്തിയ പഠനത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി ലൈംഗികാതിക്രമം തടയുക എന്നതാണ് ഫലപ്രദമായ മാർഗമായി കണ്ടെത്തിയത്. 

 

ലൈംഗികമായ രീതിയിലുള്ള സമീപനങ്ങൾ തിരിച്ചറിയാനും ഇതിനെതിരെ തുറന്നു സംസാരിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തങ്ങളുടെ സഹപാഠികളും സുഹൃത്തുക്കളും ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കിൽ അതിൽ ഫലപ്രദമായി ഇടപെടാനും കുട്ടികളെ പ്രാപ്തരാക്കണം. ഈ മാർ​ഗത്തിലൂടെ 14 ശതമാനത്തോളം ലൈംഗികാതിക്രമങ്ങൾ തടയാനാവും.

 

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഊഷ്മളവും സൗഹൃദപരവുമായി നിലനിർത്തുക എന്നതിനും വലിയ പ്രാധാന്യമുണ്ട്. മക്കൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട കാര്യം വളരെ വൈകിയാണ് പല മാതാപിതാക്കളും അറിയുന്നത്. ചിലപ്പോൾ അസാധാരണമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട് അധ്യാപകർ നടത്തുന്ന ഇടപെലുകളാവും ഇത് തിരിച്ചറിയാൻ കാരണം. ഒരു വീട്ടിൽ താമസിച്ചിട്ടും മക്കളിലെ മാറ്റം മാതാപിതാക്കൾ അറിയാതെ പോകുന്നത് ആശയവിനിമയത്തിലെ അപാകത കൊണ്ടാണ്. എല്ലാ ദിവസവും അവരുടെ വിശേഷങ്ങൾ ചോദിച്ച് അറിയുക. ചെറിയ കാര്യങ്ങൾ പോലും പറയാൻ പ്രേരിപ്പിക്കുക. പുതിയതായി പരിചയപ്പെടുന്ന ആളുകൾ, കൂട്ടുകാർ എന്നിങ്ങനെ എന്തും പറയാനുള്ള സാഹചര്യം ഒരുക്കുക. ഇതെല്ലാം വളരെ സഹായകരമായ കാര്യങ്ങളാണ്. 

 

അധ്യാപകർ കുട്ടികളോട് വ്യക്തിപരമായി സംസാരിക്കാൻ സമയം കണ്ടെത്തണം. പ്രത്യേകിച്ചും പെട്ടെന്നു സ്വഭാവത്തിൽ മാറ്റം പ്രകടിപ്പിക്കുന്നവരെ. ഒരു കുട്ടിയിൽ നിന്നും മറ്റു കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാം. അപരിചതരിൽ നിന്നും അകലം പാലിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാം.. സംഘടിതവും ശ്രദ്ധാപൂർവമുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ ഇല്ലാതാക്കാനാവൂ.

 

Content summary : Tips to preventing child sexual abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com