കൊച്ചുകുഞ്ഞുങ്ങളുള്ള വീട്ടില്‍ കളിപ്പാട്ടങ്ങള്‍ മുട്ടി നടക്കാന്‍ പോലും സ്ഥലമുണ്ടാകാറില്ല. കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാനും രസിപ്പിക്കാനുമായി അവര്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുന്നത് രക്ഷിതാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ശീലമാണ്. കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ അവര്‍ കുറേ കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നുള്ളതും ശരിയാണ്. എന്നാല്‍ ഈ കളിപ്പാട്ടങ്ങളൊക്കെ അവര്‍ നിരന്തരം കൈകാര്യം ചെയ്യുമ്പോള്‍ അത് പലപ്പോഴും വൃത്തിഹീനമാകാറുണ്ട്. അതായത് കുഞ്ഞുങ്ങള്‍ കളിപ്പാട്ടങ്ങള്‍ വായില്‍ വെക്കുന്നത് പതിവാണ്. ചിലപ്പോഴൊക്കെ അവയില്‍ മണ്ണും പൊടിയുമൊക്കെ പറ്റുന്നതും സാധാരണയാണ്. അതിനാല്‍ തന്നെ അവ കൃത്യമായി അണുവിമുക്തമാക്കിയില്ലെങ്കില്‍ കുട്ടികള്‍ക്ക് അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വൃത്തിയാക്കാനുള്ള ചില വഴികള്‍ നോക്കാം.
Read more : ദേഷ്യം നിയന്ത്രിക്കാൻ 4 വഴികൾ; പേരന്റിങ് സൂപ്പർ കൂൾ ആക്കാം
ബേക്കിംഗ് സോഡ:
നാല് ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ഗ്ലാസ് വെള്ളത്തില്‍ ലയിപ്പിക്കുക. പിന്നീട് ഒരു സ്‌പോഞ്ചെടുത്ത് ഇതില്‍ മുക്കിയ ശേഷം അതുകൊണ്ട് കളിപ്പാട്ടങ്ങള്‍ നന്നായി തുടച്ചു വൃത്തിയാക്കുക. അതിനു ശേഷം നല്ല വെള്ളത്തില്‍ ഇവ വീണ്ടും കഴുകിയെടുത്ത് വെയിലത്ത് ഉണക്കിയെടുക്കുക. കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങള്‍ വൃത്തിയാക്കാനുള്ള വഴികളില്‍ ഒന്നാണിത്.
വീര്യം കുറഞ്ഞ സോപ്പ്:
നിങ്ങളുടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം, കളിപ്പാട്ടങ്ങള്‍ കഴുകാനും അതേ സോപ്പ് ഉപയോഗിക്കുക. കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ ഉപയോഗിക്കുന്നത് വളരെ വീര്യം കുറഞ്ഞ സോപ്പായിരിക്കുമല്ലോ. അതേ സോപ്പുപയോഗിച്ച് അവരുടെ കളിപ്പാട്ടങ്ങളും കഴുകിയെടുക്കാം. നിങ്ങളുടെ കുഞ്ഞിന് അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിന്, അവരുടെ കളിപ്പാട്ടങ്ങളും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.
വിനാഗിരി:
കുറച്ച് വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്ത ശേഷം അതില്‍ പത്ത് മിനിറ്റ് നേരം കളിപ്പാട്ടങ്ങള്‍ മുക്കി വെയ്ക്കുക. പിന്നീട് അവ പുറത്തെടുത്ത് നല്ല വെള്ളത്തില്‍ ഒന്നുകൂടി കഴുകിയെടുക്കുക. അതിനു ശേഷം വെയിലത്ത് വെച്ച് ഉണക്കിയെടുത്ത് കുട്ടികള്‍ക്ക് നല്‍കാം. തുണി ഉപയോഗിച്ച് വെള്ളം തുടച്ച് കളയുന്നതിനെക്കാള്‍ നല്ലത് കഴുകിയ ശേഷം വെയിലത്ത് ഉണക്കിയെടുക്കുന്നതാണ്.
നാരങ്ങാനീര്:
കുട്ടികളുടെ കളിപ്പാട്ടങ്ങളിലെ അഴുക്ക് നീക്കം ചെയ്യാന്‍ നാരങ്ങാനീര് നല്ലൊരു മാര്‍ഗ്ഗമാണ്. നിങ്ങള്‍ കഴുകാനായി കളിപ്പാട്ടങ്ങള്‍ മുക്കിവയ്ക്കുന്ന വെള്ളത്തില്‍ അല്പം നാരങ്ങ നീര് പിഴിഞ്ഞ് ചേര്‍ക്കുക. സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങളിലെ കറ നീക്കം ചെയ്യാന്‍ നാരങ്ങ നീര് സഹായിക്കും. ഇത് അവരുടെ കളിപ്പാട്ടങ്ങള്‍ക്ക് തിളക്കം നല്‍കുകയും ചെയ്യും.
Content Summary : How to clean baby toys naturally