ADVERTISEMENT

രക്ഷാകര്‍തൃത്വം ഒരിക്കലും അവസാനിക്കാത്ത ഉത്തരവാദിത്തമാണ്. എത്ര പരിശ്രമിച്ചാലും എല്ലാം തികഞ്ഞ മാതാപിതാക്കളാകാന്‍ ആര്‍ക്കും സാധിച്ചെന്നു വരില്ല. നമ്മുടെ കുട്ടികളെ ശരിയായ രീതിയില്‍ തന്നെയാണോ വളര്‍ത്തുന്നത് എന്നൊരു സംശയം പലപ്പോഴും മാതാപിതാക്കളെ അലട്ടിയേക്കാം. അതിനു കൃത്യമായൊരു മറുപടി നല്‍കാന്‍ ആര്‍ക്കും സാധിച്ചെന്നു വരില്ല. എന്നാല്‍ ആത്മപരിശോധനയിലൂടെയും സ്വയം ചോദ്യം ചെയ്യുന്നതിലൂടെയും പോരായ്മകളെ മറികടക്കാനും കൂടുതല്‍ നല്ല മാതാപിതാക്കളാകാനും സാധിക്കും. അതിനായി ഈ അഞ്ച് ചോദ്യങ്ങള്‍ സ്വയം ചോദിക്കാം. 

 

∙ രക്ഷാകര്‍തൃ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?

രക്ഷിതാവ് എന്ന നിലയില്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍ എന്തൊക്കെയാണ് നിങ്ങളുടെ ലക്ഷ്യങ്ങള്‍? കുട്ടികളെ എല്ലാ കാര്യങ്ങളിലും നിയന്ത്രിക്കുകയും ചെറിയ തെറ്റുകള്‍ക്കു പോലും ശിക്ഷ നല്‍കുന്നവരുമാണോ നിങ്ങള്‍? അതോ അവരുടെ കുട്ടിക്കാലം എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തക്കവിധം കൂടുതല്‍ രസകരവും അർഥവത്തായതുമാക്കാന്‍ സഹായിക്കുന്നവരാണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തിയാല്‍ അത് നിങ്ങളുടെ രക്ഷാകര്‍തൃ ലക്ഷ്യങ്ങള്‍  മനസ്സിലാക്കാനും കുട്ടികളുമായി ആരോഗ്യകരവും സന്തുഷ്ടവുമായ ബന്ധം ഉറപ്പാക്കാന്‍ സഹായിക്കുകയും ചെയ്യും.

 

∙ കുട്ടിയുമായി എന്ത് തരത്തിലുള്ള ബന്ധമാണ് പങ്കിടുന്നത്?

കുട്ടിയുമായി നിങ്ങള്‍ പങ്കിടുന്ന ബന്ധം ഏതു തരത്തിലുള്ളതാണെന്ന് സ്വയമൊന്ന് പരിശോധിച്ചു നോക്കൂ. അത് വിയോജിപ്പിന്റെയോ നിയന്ത്രണത്തിന്റേതോ അതോ സ്‌നേഹത്തിന്റെയും വിവേകത്തിന്റെയും ഒന്നാണോ? കുട്ടികളുമായി നിങ്ങള്‍ സമയം ചെലവഴിക്കാറുണ്ടോ? നിങ്ങള്‍ക്കൊപ്പമിരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ? കുട്ടികള്‍ക്കൊപ്പമുള്ളതിനെക്കാള്‍ മറ്റ് കാര്യങ്ങളില്‍ വ്യാപൃതരാകാനാണോ നിങ്ങള്‍ക്കിഷ്ടം? ഉത്തരം കണ്ടെത്തുക. കുട്ടികളുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുക. അവരുടെ അതുല്യമായ വ്യക്തിത്വത്തെ മാനിക്കുകയും അവര്‍ക്ക് പറയാനുള്ളത് ശ്രദ്ധിക്കുകയും ചെയ്യുക. 

 

∙ നിങ്ങളവര്‍ക്ക് മാതൃകയാണോ? 

കുട്ടികളുടെ റോള്‍ മോഡല്‍ മാതാപിതാക്കളാണ്. അതിനാല്‍, സ്വയം ചോദിക്കുക നിങ്ങള്‍ കുട്ടിക്ക് ഒരു നല്ല മാതൃകയാണോ? നല്ലൊരു വ്യക്തിയാകാന്‍ നിങ്ങളവര്‍ക്ക് സഹായകമാകാറുണ്ടോ? അവര്‍ക്കുണ്ടാകണമെന്ന് നിങ്ങളാഗ്രഹിക്കുന്ന ഗുണങ്ങള്‍ നിങ്ങളിലുണ്ടോ? നിങ്ങളുടെ കുട്ടികള്‍ സത്യസന്ധതയില്ലായ്മയോ ആക്രമണോത്സുകതയോ പോലുള്ള തെറ്റായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയാല്‍ അതിനു കാരണക്കാര്‍ നിങ്ങളാണോ എന്ന് ചിന്തിക്കുക. മോശമായ ഭാഷ ഉപയോഗിക്കുകയാണെങ്കില്‍, അവര്‍ അത് നിങ്ങളില്‍ നിന്ന് പഠിച്ചതാണോ എന്ന് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക. ആണെങ്കില്‍ ആദ്യം നിങ്ങള്‍ തിരുത്തുക. എല്ലാ രീതിയിലും കുട്ടികള്‍ക്ക് നല്ല മാതൃകയായിരിക്കാന്‍ ശ്രദ്ധിക്കുക. 

 

∙ പ്രതികരണം എങ്ങനെ?

ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുന്നത് സാധാരണമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളെങ്ങനെയാണ് കുട്ടികളോട് പെരുമാറാറുള്ളതെന്ന് സ്വയം വിലയിരുത്തുക. കുട്ടികളെ ശിക്ഷിച്ചും അവരോട് ആക്രോശിച്ചുമാണോ നിങ്ങള്‍ നിങ്ങളുടെ ദേഷ്യവും നിരാശയും സങ്കടങ്ങളുമൊക്കെ തീര്‍ക്കാറുള്ളത്? കുട്ടികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ പ്രശ്‌നത്തെ സധൈര്യം നേരിടുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യേണ്ടതിനു പകരം അവര്‍ നിങ്ങള്‍ക്ക് ഉണ്ടാക്കുന്ന നാണക്കേടിനെക്കുറിച്ചാണോ നിങ്ങള്‍ കൂടുതല്‍ ആശങ്കാകുലരാകുന്നത്? എങ്കില്‍ തിരുത്തുക. എല്ലായ്പ്പോഴും നിഷേധാത്മകമായ കാര്യങ്ങള്‍ പറയുന്നതിന് പകരം നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ പിന്തുണ നല്‍കുക. തെറ്റ് സംഭവിച്ചതെന്തുകൊണ്ടെന്നും ഇത്തരം സന്ദര്‍ഭങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവരെ പഠിപ്പിക്കുക. അതുവഴി അടുത്ത തവണ സമാനമായ സാഹചര്യം ഉണ്ടാകുമ്പോള്‍ എന്തുചെയ്യണമെന്ന് അവര്‍ക്കറിയാന്‍ കഴിയും. 

 

∙ നിങ്ങളിൽ ഇഷ്ടപ്പെടാത്തത്?

രക്ഷാകര്‍തൃത്വം ഉള്‍ക്കൊള്ളുന്ന സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും നേരിടാന്‍ ഒരിക്കലും എളുപ്പമല്ല. അതിനാല്‍, ഒരു രക്ഷിതാവായിരിക്കുന്നതില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടാത്തത് എന്താണെന്ന് സ്വയം ചോദിക്കുക? അവ നിങ്ങളുടെ കഴിവുകളെ ബാധിക്കുന്നുണ്ടോ? അങ്ങനെയാണെങ്കില്‍, നിങ്ങളുടെ കാഴ്ചപ്പാട് മാറ്റാന്‍ എന്തുചെയ്യാന്‍ കഴിയുമെന്നും സ്വയം പരിശോധിക്കുക. പങ്കാളിയുടേയോ സുഹൃത്തുക്കളുടെയോ സഹായം തേടുക. ആശങ്കകള്‍ അമിതമാകുന്ന പക്ഷം പ്രൊഫഷണല്‍ സഹായം തേടാന്‍ മറക്കാതിരിക്കുക. 

 

Content Summary : Ways to know that you are a good parent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com