ADVERTISEMENT

കുട്ടികളുടെ ഗെയിം അഡിക്ഷൻ ചൂഷണത്തിനുള്ള മാർഗമായി മാറുന്നതായി പഠനങ്ങൾ. ഗെയിമുകൾ കളിക്കുമ്പോൾ കൂടുതൽ ഫീച്ചറുകൾ ലഭിക്കാനായി പണം ചിലവിടേണ്ടതുണ്ട്. കൂടുതൽ മെച്ചപ്പെട്ട ഉപകരണങ്ങൾ, ലൈഫ് ലൈൻ എന്നിവ പണം നൽകി വാങ്ങാവുന്ന സാഹചര്യമാണ് ഗെയിമുകളിലുളളത്. ഏതെങ്കിലും ഗെയിമിനെ അഡിക്റ്റ് ആയ കുട്ടി പണം കൊടുത്ത് ഇതെല്ലാം സ്വന്തമാക്കുന്നു. മാതാപിതാക്കളുടെ യുപിഐ ആപ്പുകൾ, ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾ എന്നിവ മാതാപിതാക്കളറിയാതെ അവർ ഉപയോഗിക്കുന്നു. വലിയ തുക നഷ്ടമാകുമ്പോഴാകും മിക്ക മാതാപിതാക്കളും ഇക്കാര്യം അറിയുന്നത്. 

 

 

സൗജന്യമായി ഡൗൺലോഡ് ചെയ്യാനും കളിക്കാനും സാധിക്കുന്ന രീതിയിലാണ് ഗെയിമുകൾ ഒരുക്കിയിരിക്കുന്നത്. എന്നാൽ അതിൽ നിന്നു വരുമാനം കണ്ടെത്താനായി പല മാർഗങ്ങളും ഡെവലപ്പർമാർ ഉപയോഗിക്കുന്നുണ്ട്. ഗെയിമിനിടയിൽ പരസ്യം കാണിക്കുന്നതാണ് ഇതിലൊന്ന്. പണം മുടക്കി മെച്ചപ്പെട്ട ഫീച്ചറുകൾ വാങ്ങാനായി ഗെയിം സ്റ്റോറുകളും ഇവർ ഒരുക്കിയിട്ടുണ്ടാകും. ഗെയിമിൽ താൽപര്യം ജനിക്കുകയും എന്നാൽ ഉദ്ദേശിച്ച രീതിയിൽ വിജയിക്കാനാകാതെ വരികയും ചെയ്യുമ്പോൾ കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ സ്വന്തമാക്കാൻ കുട്ടികൾ ആഗ്രഹിക്കും. പണം മുടക്കുക എന്ന സാധ്യത അവർ ഇതിനായി ഉപയോഗിക്കുന്നു. 

 

പണം മുടക്കി കളിക്കുന്ന ഓൺലൈൻ ഗെയിമുകളും ഇപ്പോൾ സജീവമാണ്. ഓൺലൈൻ റമ്മി, സ്പോർട്സ് മത്സരങ്ങളുമായി ബന്ധപ്പെട്ട പന്തയങ്ങൾ എന്നിങ്ങനെ നിരവധി സാധ്യതകളുണ്ട്. ഒരുതവണ ശ്രമിച്ചു നോക്കാം എന്ന ചിന്തയോടെ വന്ന് എല്ലാം നഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. കുട്ടികളെ ആകർഷിക്കാൻ ഇത്തരം ഗെയിമുകൾക്ക് അതിവേഗം സാധിക്കുന്നു. മാതാപിതാക്കൾക്ക് ഇത്തരം കാര്യങ്ങളിൽ അറിവുകളില്ലെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നു. അതിനാൽ കുട്ടി കളിക്കുന്ന ഗെയിമുകൾ ഏതെല്ലാമാണെന്നു മനസ്സിലാക്കുക. നിങ്ങളുടെ കാർഡുകൾ കുട്ടികൾ ഉപയോഗിക്കാറുണ്ടെങ്കിൽ അതെന്തിനു വേണ്ടിയാണെന്നു മനസ്സിലാക്കുക. ഇത്തരം ഗെയിമുകളിലുള്ള അഡിക്ഷൻ കുട്ടികളെ ചതിക്കുഴികളിൽ എത്തിക്കാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളുടെ മാനസികാരോഗ്യത്തിനും ജീവനും വരെ ഇത് ഭീഷണിയായി മാറുന്നു.

 

വെറുതെ ഇരിക്കുമ്പോൾ ഇത്തരം ഗെയിമുകളിൽ എത്തിപ്പെടാനുള്ള സാഹചര്യം വളരെ കൂടുതലാണ്. സാങ്കേതിവിധിയുടെ സാധ്യതകൾ വളർന്നതിന് അനുസരിച്ച് കൂടുതൽ അവസരങ്ങൾ മാത്രമല്ല അപകടകരമായ സാധ്യതകളും കുട്ടികൾക്കു മുമ്പിൽ തുറന്നിരിക്കുകയാണ്. അതിൽ നിന്നും അവരെ മാറ്റിനിർത്തണമെങ്കിൽ മാതാപിതാക്കളുടെ പ്രത്യേക കരുതൽ വേണ്ടി വരും.

 

Content Summary : Online games addiction children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com