ADVERTISEMENT

സ്‌കൂൾ തുറന്നു, കളി ചിരികൾക്ക് താത്കാലിക വിരാമമായി. ഇനി പഠനത്തിന്റെ ദിനങ്ങളിലേക്ക് കടക്കുകയാണ് കുട്ടിക്കൂട്ടം. രണ്ടു മാസക്കാലം പഠനത്തിൽ നിന്നും നീണ്ട അവധി എടുത്തതു കൊണ്ടുതന്നെ ചെറിയ കുട്ടികൾക്ക് അക്ഷരങ്ങളുടെ ഓർമ്മകൾ പൊടിതട്ടി എടുക്കുന്നതിനായി സ്‌കൂൾ തുറക്കുന്നതിനും രണ്ടാഴ്ച മുന്‍പേ ഓൺലൈൻ സപ്പോർട്ടുമായി അധ്യാപകർ എത്തി. അപ്പോൾ പറഞ്ഞു വരുന്നത് ഓർമശക്തിയെക്കുറിച്ചാണ്. പഠിപ്പിക്കുന്ന കാര്യങ്ങൾ മനസിലാക്കി പഠിക്കുക, ഓർത്തെടുത്ത് പഠിക്കുക, ആവശ്യമുള്ളത് മാത്രം ഓർമ്മയിൽ സൂക്ഷിച്ച് പഠിക്കുക... ഇങ്ങനെ പഠനവും ഓർമ്മയുമായി പലതരത്തിൽ ബന്ധപ്പെട്ട് കിടക്കുന്നു. 

 

പാഠഭാഗങ്ങൾ ആവർത്തിച്ചു വായിച്ചു പഠിക്കുന്ന രീതിയാണ് പല വിദ്യാർത്ഥികളും പിന്തുടരുന്നത്. പാഠഭാഗങ്ങൾ ഓർമ്മയുടെ ഭാഗമാക്കുന്നതിനു ഏറ്റവും മികച്ച കാര്യമായി കണക്കാക്കുന്നതും ഇത്തരത്തിൽ ആവർത്തിച്ചുള്ള പഠനരീതി തന്നെ. എന്നാൽ, പലപ്പോഴും വേഗത്തിൽ പാഠഭാഗങ്ങൾ വായിക്കുമ്പോൾ മാതാപിതാക്കൾ അതിൽ നിന്നും കുട്ടികളെ വിലക്കി പതുക്കെ, സാവധാനം വായിക്കൂ എന്ന് പറയുന്നത് കാണാറുണ്ട്. വേഗത്തിൽ വായിച്ചാൽ ഒന്നും തലച്ചോറിൽ പതിയില്ല എന്ന അബദ്ധ ധാരണയാണ് ഇതിനു പിന്നിൽ. എന്നാൽ അങ്ങനെയല്ല, വേഗത്തിലുള്ള വായന, അഥവാ സ്പീഡ് റീഡിങ്ങിന് നേട്ടങ്ങൾ ഏറെയുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

 

ഒരു ശരാശരി വ്യക്തിക്ക് മിനിറ്റിൽ 200-300 വാക്കുകൾ വായിച്ചു മനസിലാക്കാൻ കഴിയുമ്പോൾ മിനിറ്റിൽ 400-500 വാക്കുകൾ വായിക്കുന്നവരെ അതിവേഗ വായനക്കാരായി കണക്കാക്കുന്നു. ശരിയായി പരിശീലിപ്പിച്ചാൽ മിനിറ്റിൽ 1500 വാക്കുകൾ വായിക്കാൻ തലച്ചോറിന് ശരിക്കും ശക്തിയുണ്ടെന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. ആയതിനാൽ സ്പീഡ് റീഡിങ്‌ ചെയ്യുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ അവർക്ക് പഠനം വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. 

 

ഇത് മാത്രമല്ല സ്പീഡ് റീഡിങ്‌ കൊണ്ടുള്ള നേട്ടങ്ങൾ, ഓർമശക്തി കൂടുക, ഏകാഗ്രത ലഭിക്കുക, ആത്മവിശ്വാസം വർധിക്കുക തുടങ്ങിയവയും സ്പീഡ് റീഡിങ്ങിന്റെ ഗുണങ്ങളാണ്. വേഗത്തിലുള്ള വായന മസ്തിഷ്കത്തിന്റെ മെമ്മറി സ്റ്റോറിംഗ് കപ്പാസിറ്റി കൂട്ടുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്പീഡ് റീഡിങ്‌ മൂലം തലച്ചോറിന്റെ പ്രവർത്തനവും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും വേഗത്തിലാകുന്നു. 

 

വിദ്യാർഥികളിലെ ശ്രദ്ധക്കുറവ് പരിഹരിക്കാനും ഏകാഗ്രത കൂട്ടാനും വേഗത്തിലുള്ള വായന സഹായകമാകുന്നു. പതിയെ വായിക്കുമ്പോഴാണ് ചിന്തകൾ പലവഴി സഞ്ചരിക്കാനുള്ള അവസരം ലഭിക്കുന്നത്. എന്നാൽ തുടർച്ചയായ സ്പീഡ് റീഡിങ്‌ ഈ അപാകത പരിഹരിക്കുന്നു. ഒരു പുതിയ വാക്ക് പഠിക്കുമ്പോൾ, തുടർച്ചയായി ഫോക്കസ് ചെയ്യുകയും 8 സെക്കൻഡിൽ കൂടുതൽ ആവർത്തിച്ച് വായിക്കുകയും ചെയ്യുമ്പോൾ, പിന്നീട് അത് ഓർത്തെടുക്കാനുള്ള സാധ്യത വർധിക്കുന്നു. ഇതിനെല്ലാം പുറമെ, വായിക്കുന്ന കാര്യങ്ങൾ പെട്ടന്ന് മനസിലാക്കാനും വായനയും പഠനവും പൂർത്തിയാക്കാനും കഴിയുന്നു എന്നത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണ്. 

 

Content Summary : Reasons why speed reading is good for brain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com