ADVERTISEMENT

വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലാണ് ഓരോ കുട്ടികളും ജനിക്കുന്നത്. ഒരോ കുടുംബങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും മൂല്യങ്ങളുമാണ് പുലർത്തുക. അതുകൊണ്ടുതന്നെ കുട്ടികളിൽ വളർത്തേണ്ട മൂല്യങ്ങൾ ഏതെല്ലാമാണ് എന്ന ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരങ്ങൾ ആയിരിക്കും ഓരോരുത്തർക്കും ഉണ്ടാവുക. എങ്കിലും പൊതുവായ ചില മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ വികാസത്തിനും ഭാവി സുരക്ഷിതമാക്കാനും സമൂഹത്തിന്റെ ഉന്നമനത്തിനും സഹായിക്കുന്നവയായിരിക്കണം അവ. അത്തരം ചിലത് കാര്യങ്ങൾ ഇതാ. 

 

മൂല്യങ്ങളും ധാർമികതയും

അടിസ്ഥാനപരമായ മൂല്യവും ധാർമികതയും എല്ലാവരിലും ആവശ്യമാണ്യ വിശ്വാസ്യത, സഹതാപം, ബഹുമാനം മാന്യത, ഉത്തരവാദിത്വബോധം എന്നിവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ജീവിതത്തിന്റെ ഏതു ഘട്ടത്തിലായാലും മുന്നോട്ടുപോകുന്നതിനും ഉത്തമ പൗരനായ നിലനിൽക്കുന്നതിനും ഇത്തരത്തിലുള്ള  മൂല്യങ്ങൾ ആവശ്യമാണ്.

 

ആശയവിനിമയം

ഒരു ആശയത്തെ ഫലപ്രദമായി പങ്കുവയ്ക്കാനുള്ള കഴിവ് വളരെ പ്രധാനമാണ്. മറ്റുള്ളവരോട് ബഹുമാനത്തോടെ കൃത്യവും വ്യക്തവുമായി കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനും സാധിക്കേണ്ടതുണ്ട്. മികച്ച രീതിയിൽ പഠിക്കുന്ന കുട്ടികളിൽ പലരും അഭിമുഖങ്ങളിൽ പരാജയപ്പെട്ടു പോകുന്നത് തങ്ങളുടെ കഴിവുകൾ എന്താണെന്നും വ്യക്തമായി ബോധ്യപ്പെടുത്താൻ സാധിക്കാത്തതുകൊണ്ടാണ്. ആശയവിനിമയത്തിലെ അപര്യാപ്തതയാണ് ഇതിന് കാരണം. പല തരത്തിലുള്ള ആളുകളുമായി ആശയവിനിമയത്തിനുള്ള സാഹചര്യം ഒരുക്കി സ്വയം വികസിക്കാനും സ്വന്തം ശൈലി രൂപപ്പെടുത്താനും കുട്ടികൾക്ക് അവസരം ഒരുക്കാം.

 

പ്രശ്ന പരിഹാരം

യുക്തിപരമായി കാര്യങ്ങളെ നോക്കിക്കാണാനും പ്രശ്നങ്ങളെ വിലയിരുത്താനും അവ പരിഹരിക്കാനുള്ള കഴിവ് ഏതൊരു വ്യക്തിക്കും ആവശ്യമാണ്. ഇത് ചെറുപ്പത്തിലേ വളർത്തിയെടുക്കാൻ സാധിക്കും. വ്യത്യസ്തമായ വിവരങ്ങൾ ക്രോഡീകരിച്ചും വിശകലനം ചെയ്തും പരിഹാരത്തിലേക്ക് എത്താൻ കുട്ടികളെ പ്രാപ്തരാക്കണം. പ്രശ്നങ്ങളിൽ നിന്നും അവരെ മാറ്റി നിർത്തിയാൽ അതു സാധിക്കില്ല. പ്രശ്നമുണ്ടാകുമ്പോൾ പരിഹാരത്തെ കുറിച്ച് ചിന്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. ഇതിലൂടെ  ക്രിയാത്മകത,  ജിജ്ഞാസ,  സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള കഴിവ് എന്നിവ കുട്ടികളിൽ വികസിക്കുന്നു.

 

സ്വപരിചരണം

ശാരീരികവും മാനസികവുമായി സ്വയം പരിചരിക്കാൻ ഓരോരുത്തരും പഠിച്ചിരിക്കണം.  ആരോഗ്യ സംരക്ഷണം, സമ്മർദ്ദങ്ങളെ നേരിടൽ, വ്യായാമം, ആഹാരശീലം, ഉറക്കം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.  കൂടുതൽ വേഗത്തിൽ ഓടുന്ന ഒരു ലോകമാണ് മുന്നിലുള്ളത്. പുതിയ സാങ്കേതികവിദ്യകൾ, കണ്ടെത്തലുകൾ, അറിവുകൾ എന്നിവ ലോകത്തെ അനുനിമിഷം മാറ്റുകയാണ്. ഈ സാഹചര്യത്തിൽ മത്സരവും സമ്മർദ്ദവും കൂടുന്നു. ഇത് കുട്ടികളെ ഭാവിയിൽ പ്രതിസന്ധിയിലേക്ക് തള്ളി വിടാനുള്ള സാധ്യതകളുണ്ട്. ആയതിനാൽ  സ്വപരിചേരണത്തിനുള്ള കഴിവ് കുട്ടികളിൽ ചെറുപ്പം മുതലേ വളർത്തിയെടുക്കുന്നത്. ഏതൊരു സാഹചര്യത്തിലും സ്വയം പരിചരിക്കാനും ആശ്വാസം കണ്ടെത്താനും  അവർക്ക് സാധിക്കട്ടേ.

 

സാമ്പത്തിക പരിജ്ഞാനം

സാമ്പത്തിക കാര്യങ്ങളിലെ അടിസ്ഥാനപരമായ അറിവുകൾ കുട്ടികൾക്ക് ഉണ്ടായിരിക്കേണ്ടതാണ്. അതിവേഗം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന,  സമ്പത്തിന് കൂടുതൽ പ്രാധാന്യം കൈവരുന്ന ലോകത്ത്  മികച്ച രീതിയിൽ മുന്നേറാൻ സാമ്പത്തിക പരിജ്ഞാനം കൂടിയേ തീരൂ. എത്ര സമ്പാദിച്ചിട്ടും ഒന്നും നേടാത്തവർ നിരവധിയാണ്. ഇതിനു കാരണം മതിയായ സാമ്പത്തിക പരിജ്ഞാനം ഇല്ലാത്തതാണ്.  അതുകൊണ്ടുതന്നെ വരവ്, ചെലവ്, സമ്പാദ്യം, നിക്ഷേപം എന്നീ അടിസ്ഥാന കാര്യങ്ങളിൽ അറിവ് പകർന്നു നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.

 

ടീം വർക്ക്

ഒന്നിച്ചു നിന്ന് കാര്യങ്ങൾ ചെയ്യുക എന്നതിന് വലിയ പ്രാധാന്യമാണുള്ളത്.  വ്യത്യസ്ത അഭിപ്രായവും കാഴ്ചപ്പാടുകളുമുള്ള വ്യക്തികളെ ഒരു ടീമായി മുന്നോട്ടുകൊണ്ടുപോവാൻ സാധിക്കുന്നവരെയാണ് വരെയാണ് ഏതൊരു കമ്പനിയും തേടുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കുക, ബന്ധങ്ങൾ പോസിറ്റീവായി മുന്നോട്ടുകൊണ്ടുപോവുക,  ആളുകളെ പ്രചോദിപ്പിക്കുക എന്നീ കഴിവുകളാണ് ഇവിടെ ആവശ്യം. 

 

സാംസ്കാരിക അവബോധം

സംസ്കാരം, മതം, രാജ്യം, ജീവിത സാഹചര്യങ്ങൾ എന്നിങ്ങനെ ആളുകളെ വ്യത്യസ്തരാക്കുന്ന നിരവധി കാര്യങ്ങളുണ്ട്.  സമൂഹം വൈവിധ്യങ്ങളാൽ സമ്പന്നമാണെന്ന് കുട്ടികൾ മനസ്സിലാക്കി വേണം കുട്ടികൾ വളരാൻ.  മറ്റുള്ളവരെ ഉൾക്കൊള്ളാനും അവരെ കൂടുതൽ മനസ്സിലാക്കാനും ഒന്നിച്ച് നിന്ന് പ്രവർത്തിക്കാനും ഇത് അവരെ സഹായിക്കും.  കുടിയേറ്റം,  സാങ്കേതികവിദ്യ എന്നിവ ലോകത്തെ കൂടുതൽ ചുരുക്കുകയാണ്.  അല്ലെങ്കിൽ ലോകത്തുള്ള വൈവിധ്യങ്ങളെ കൂടുതൽ അടുപ്പിക്കുകയാണ്.  മുന്നോട്ടുപോകും തോറും ലോകം കൂടുതൽ അടുക്കും.  ഈ അവസരത്തിൽ സാംസ്കാരികമായ അവബോധം ഉണ്ടെങ്കിൽ മാത്രമേ കരുത്തോടെ മുന്നോട്ടു പോകാൻ സാധിക്കൂ.

 

പരിസ്ഥിതിബോധം

പരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ചകളിൽ നിറയുന്ന കാലഘട്ടമാണിത്.  പുനരുപയോഗം,  സുസ്ഥിരവികസനം എന്നീ  ആശയങ്ങൾക്ക്  കൂടുതൽ പ്രാധാന്യം ലഭിക്കുന്നു.  മനുഷ്യരാശിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടിരിക്കുന്ന പരിസ്ഥിതിക വിഷയങ്ങളിൽ അറിവും വ്യക്തമായ കാഴ്ചപ്പാടുകളും ഇല്ലാതെ മുന്നോട്ടുപോവുക എളുപ്പമല്ല.  ആയതിനാൽ ഇപ്പോൾ തന്നെ പരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ കുട്ടികളിൽ പകർന്നു നൽകാം.

 

Content Summary : Ways to set your child up for future success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com