ADVERTISEMENT

കുട്ടികള്‍ക്ക് ഏറെ അടുപ്പമുള്ള ഒരാള്‍ എല്ലാ വീട്ടിലുമുണ്ടാകും. നടത്തവും കിടത്തവും സംസാരവുമെല്ലാം കൂടുതലും ആ ഒരാളോടൊപ്പമായിരിക്കും. മിക്ക കുടുംബങ്ങളിലും ഇത് അച്ഛന്റേയോ, അമ്മയുടേയോ മാതാപിതാക്കളായിരിക്കും. അച്ഛനമ്മമാര്‍ ജോലിത്തിരക്കുകളിലായിരിക്കുമ്പോള്‍ കുട്ടികളെ സുരക്ഷിതരായി അവര്‍ ഏല്‍പ്പിക്കുന്നത് സ്വന്തം മാതാപിതാക്കളെയാണ്. സ്വാഭാവികമായും കുട്ടികള്‍ക്ക് ഗ്രാന്‍ഡ് പേരന്റ്‌സുമായി വല്ലാത്തൊരടുപ്പമുണ്ടാകും. എന്തിനുമേതിനും അച്ചാച്ചനോ, അമ്മാമയോ വേണമെന്ന വാശിയും അവരിലുണ്ടാകും. അത് പിന്നീട് അമിതമായൊരു ആശ്രയമായി വളരും. ഇത് നല്ലതാണോ? ഒരിക്കലുമല്ല എന്നു തന്നെയാണ് ഉത്തരം. 

 

അമിതമായ ഈ ആശ്രയമനോഭാവം കുട്ടികളെ പല കുഴപ്പങ്ങളിലും ചെന്നു ചാടിക്കും. കുട്ടികളെ പൂര്‍ണ്ണമായും മറ്റുള്ളവരെ ഏല്‍പ്പിച്ച് സ്വന്തം തിരക്കുകളില്‍ മാതാപിതാക്കള്‍ മുഴുകുമ്പോള്‍ കുട്ടികള്‍ അവരില്‍ നിന്ന് അകലുകയാണ് ചെയ്യുന്നത്. പകരം ആരാണോ മുഴുവന്‍ സമയവും കൂടെയുള്ളത് അവരെ കൂടുതല്‍ സ്‌നേഹിക്കുകയും അവരുമായി പിരിയാന്‍ കഴിയാത്ത വിധം അടുക്കുകയും ചെയ്യും. ഫലമോ അവരില്ലാതെ കുട്ടിക്ക് മാതാപിതാക്കളുടെ കൂടെ പോലും നില്‍ക്കാന്‍ കഴിയില്ലെന്ന അവസ്ഥ വരും. തങ്ങളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കാത്ത മാതാപിതാക്കളെക്കാള്‍ എല്ലാത്തിനും കൂടെ നില്‍ക്കുന്നവരെ അവര്‍ സ്‌നേഹിക്കും. 

 

എല്ലാം അംഗീകരിച്ചുകൊടുക്കുന്ന സ്‌നേഹം

 

മാതാപിതാക്കളെക്കാള്‍ കുട്ടികള്‍ക്ക് കൂടുതല്‍ സ്‌നേഹവും സ്വാതന്ത്രവും അനുവദിക്കുന്നത് ഗ്രാന്‍ഡ് പേരന്റ്‌സ് ആയിരിക്കും. മാതാപിതാക്കള്‍ അനുവദിച്ചു കൊടുക്കാത്ത പല കാര്യങ്ങളും അമിത സ്‌നേഹത്തിന്റെ പേരില്‍ ഗ്രാന്‍ഡ് പേരന്റ്‌സ് അനുവദിച്ചുകൊടുക്കും. ഇത് കുട്ടികള്‍ക്ക് അവരോട് സ്‌നേഹം വര്‍ധിക്കാന്‍ കാരണമാകും. തങ്ങളുടെ എല്ലാ വാശികളും ആവശ്യങ്ങളും നടക്കുന്ന സ്ഥലമായതിനാല്‍ കുട്ടികള്‍ ഇത് പരമാവധി ദുരുപയോഗപ്പെടുത്തുകയും ചെയ്യും. മാതാപിതാക്കളാകട്ടെ കുട്ടികളുടെ ദൈനംദിന കാര്യങ്ങളെക്കുറിച്ച് ഒട്ടും ബോധവാന്മാരുമായിരിക്കില്ല. എന്നാല്‍ ഇതൊരു തെറ്റായ രീതിയാണ്. പിന്നീട് കുട്ടികള്‍ക്ക് ഗ്രാന്‍ഡ് പേരന്റ്‌സോ, അതല്ലെങ്കില്‍ ആരെയാണോ അവരുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നത് അവരോ ഇല്ലാതെ തീരെ പറ്റില്ലെന്ന അവസ്ഥയുണ്ടാകുകയും അവരില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയുമുണ്ടാകും. 

 

ആശ്രയിക്കാനല്ല ആത്മവിശ്വസമുണ്ടാക്കാന്‍ പഠിപ്പിക്കണം

 

കുട്ടികള്‍ ആരെയും അമിതമായി ആശ്രയിക്കാന്‍ ഇട വരുത്താതെ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. എന്തൊക്കെ തിരക്കുകളിലായാലും കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കണ്ടെത്തുക തന്നെ വേണം. അവരുടെ ഓരോ ദിവസവും എങ്ങനെയായിരുന്നുവെന്ന് കൃത്യമായി ചോദിച്ചറിയണം. അവര്‍ എന്തെങ്കിലും വാശി പിടിച്ച് നേടിയതായി തോന്നിയാല്‍ അതിനി അനുവദിക്കരുതെന്ന് ഉത്തരവാദിത്വം ഏല്‍പ്പിച്ചവരോട് കര്‍ശനമായി പറയണം. അവരോട് സ്‌നേഹത്തോട് സംസാരിക്കാനും കൂടെയിരിക്കാനും സമയം കണ്ടെത്തണം. എപ്പോഴും കൂടെയിരുന്നില്ലെങ്കിലും എല്ലാക്കാര്യങ്ങളും തുറന്നു പറയാനുള്ള സ്വാതന്ത്രം നല്‍കണം. അച്ഛനും അമ്മയും തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അവരെ എപ്പോഴും ബോധ്യപ്പെടുത്തണം. അങ്ങനെയെങ്കില്‍ എവിടെയായിരുന്നാലും ആരെയും അമിതമായി ആശ്രയിക്കാതെ ആത്മവിശ്വാസത്തോടെ നിലനില്‍ക്കാന്‍ കുട്ടികള്‍ക്ക് കഴിയും.

 

Content Summary : How do you make your child confident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com