ADVERTISEMENT

കുട്ടികളുള്ളവർക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ സമയമാണ് മഴക്കാലം. തണുപ്പിനു പുറമേ ഒരു കൂട്ടം രോഗങ്ങളും അണുബാധയും ഒക്കെ കൊണ്ടാണ് മഴക്കാലത്തിന്റെ വരവ്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ  സാന്നിദ്ധ്യം വർദ്ധിക്കുന്നതോടെ രോഗകാരികളായ സൂക്ഷ്മാണുക്കൾക്ക് പെരുകാനുള്ള സാഹചര്യം ഒരുങ്ങുന്നു. ഇവ മൂലം പനിയും ജലദോഷവും ചുമയും ഒക്കെ കുട്ടികളെ ബാധിക്കുകയും ചെയ്യും. ഇതുമാത്രമല്ല പല ജലജന്യ രോഗങ്ങളും കൊതുകുകൾ പരത്തുന്ന രോഗങ്ങളുമൊക്കെ മഴക്കാലത്ത് സാധാരണമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ രോഗങ്ങൾ കുട്ടികളെ ബാധിക്കാതെ തടയാനാകും.

മഴ നനഞ്ഞാൽ
മഴ നനയുന്ന സാഹചര്യം ഉണ്ടായാൽ എത്രയും വേഗം നനഞ്ഞ വസ്ത്രങ്ങൾ കുട്ടികളുടെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുക. അതിനുശേഷം ശരീരം ചൂടാകുന്ന വിധത്തിൽ നന്നായി തുടച്ചെടുക്കണം. ഒരു കാരണവശാലും  അമിതമായി തണുപ്പേൽക്കുന്ന സാഹചര്യമുണ്ടാവരുത്. പുറത്തുനിന്നുള്ള വെള്ളത്തിൽ ചവിട്ടിയ ശേഷം കാൽപാദങ്ങൾ ചെറുചൂടുവെള്ളത്തിൽ വൃത്തിയായി കഴുകുക.

വസ്ത്രധാരണം
മഴക്കാലത്ത് കുട്ടികളെ കൈത്തണ്ട വരെയും കാൽപാദം വരെയും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്നതാണ് ഏറ്റവും ഉചിതം. പകൽ സമയത്ത് താപനിലയിൽ വ്യതിയാനം ഉണ്ടായാൽ അതനുസരിച്ച് അയഞ്ഞ വസ്ത്രങ്ങളും ധരിപ്പിക്കാം. തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ കൈകാലുകളിൽ സോക്സുകൾ ഉപയോഗിക്കുക. ഷൂസുകളോ ഇറുകിയ വസ്ത്രങ്ങളോ ധരിക്കുന്നുണ്ടെങ്കിൽ ആന്റി ഫംഗൽ പൗഡറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

കൈകളുടെ ശുചിത്വം
പല പ്രതലങ്ങളിലും ഈർപ്പം കാരണം ബാക്ടീരിയയും അണുക്കളും പെരുകുന്ന സാഹചര്യമുള്ളതിനാൽ ഇടയ്ക്കിടെ കുട്ടികളുടെ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക. ആഹാരം കഴിക്കുന്നതിനു മുൻപായി കുട്ടി വൃത്തിയായി കൈ കഴുകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാൻ അനുവദിക്കരുത്. നഖങ്ങൾ വൃത്തിയായി വെട്ടിയൊതുക്കി വയ്ക്കാനും ശ്രദ്ധിക്കണം.

പോഷകസമൃദ്ധമായ ആഹാരം
അസുഖങ്ങൾ നിയന്ത്രിക്കാൻ പോഷകം നിറഞ്ഞ ആഹാരം തന്നെയാണ് ഏറ്റവും പ്രധാനം. മഴക്കാലത്ത് പുറത്തുനിന്നുള്ള ആഹാരം പരമാവധി ഒഴിവാക്കുക. ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. തണുപ്പുകാലത്ത് പാലുൽപന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. അന്നന്ന് ഉണ്ടാക്കിയ ആഹാരം തന്നെ കുട്ടികൾക്ക് നൽകുന്നതാണ് മഴക്കാലത്ത് ആരോഗ്യം നിലനിർത്താൻ ഏറ്റവും നല്ലത്. അധികം എണ്ണമയമുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.

ധാരാളം വെള്ളം നൽകാം
മഴക്കാലത്ത് മറ്റുസമയത്തേക്കാൾ ദാഹം കുറവായിരിക്കുമെങ്കിലും കുട്ടികളെ ധാരാളം വെള്ളം കുടിക്കാൻ പ്രോത്സാഹിപ്പിക്കണം. പ്രതിരോധശേഷി കൃത്യമായി ലഭിക്കുന്നതിന് ഇത് അത്യാവശ്യമാണ്. തിളപ്പിച്ചാറിച്ച വെള്ളം കുട്ടികൾക്ക് നൽകുന്നതാണ് ഏറ്റവും ഉചിതം. വെള്ളത്തിൽ നിന്നുമുള്ള അണുബാധകൾക്ക് തടയിടാൻ ഇതിലൂടെ സാധിക്കും.

അസുഖം ഉണ്ടായാൽ
കുട്ടിക്ക് ജലദോഷമോ പനിയോ അനുഭവപ്പെട്ടാൽ അത് വീട്ടിൽ തന്നെ ചികിത്സിക്കാതെ വൈദ്യസഹായം തേടുന്നത് തന്നെയാണ് എപ്പോഴും നല്ലത്. ബാക്ടീരിയ മൂലമാണോ വൈറസ് മൂലമാണോ അസുഖം ഉണ്ടായത് എന്ന് തിരിച്ചറിയാൻ ഡോക്ടറെ സമീപിക്കുക. സ്വയ ചികിത്സയ്ക്ക് മുതിരാതിരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com