ADVERTISEMENT

തങ്ങളുടെ മക്കൾ വളർന്നു വലുതാകുമ്പോൾ സാമൂഹികവും സാമ്പത്തികവുമായി മികച്ച ജീവിതം കെട്ടിപ്പടുക്കണമെന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അവരെ മോശം കൂട്ടുകെട്ടുകളിൽ പെടാതെ, തെറ്റായ ശീലങ്ങൾ ഇല്ലാതെ വളർത്താനാണ് ഓരോ മാതാപിതാക്കളും ശ്രമിക്കുന്നത്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ചു നിൽക്കാനുള്ള സാഹചര്യം ഒരുക്കാൻ ശ്രദ്ധിക്കുന്നു. പ്രതീക്ഷയും ആശങ്കയും സമം ചേരുന്നതാണ് പേരന്റിങ്. അത് എല്ലാവർക്കും എളുപ്പമാകില്ല. മാത്രമല്ല പല മാതാപിതാക്കളും കടുത്ത സമ്മർദത്തിലേക്ക് വീഴുകയും ചെയ്യുന്നു. പേരന്റിങ്ങിന് നിരവധി മാർഗങ്ങളുണ്ട്. ഏതെങ്കിലും ഒന്ന് ശരിയെന്നോ മറ്റുള്ളവ തെറ്റാണെന്നോ അർഥമില്ല. കടുത്ത അച്ചടക്കം അടിച്ചേൽപ്പിക്കുന്ന രീതികളെ ആധുനിക സമൂഹം തെറ്റായ രീതിയായാണ് കണക്കാക്കുന്നത്. കടുത്ത അച്ചടക്കം അടിച്ചേൽപ്പിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തിൽ സൃഷ്ടിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് അടുത്തിടെ നടന്ന ഒരു പഠനം വെളിച്ചം വീശുന്നു. 

 

എപ്പിഡെമിയോളജി ആൻഡ് സൈക്യാട്രിക് സയൻസസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കുട്ടികളുടെ മാനസികാരോഗ്യ ഫലങ്ങൾ രൂപപ്പെടുത്തുന്നതിൽ രക്ഷാകർതൃത്വം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുട്ടികളുടെ മാനസിക ക്ഷേമത്തിൽ രക്ഷാകർതൃത്വത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഗവേഷണം നടത്തി, അത് ആന്തരികവൽക്കരണവും (ഉദാ. ഉത്കണ്ഠ, വിഷാദം) ബാഹ്യ ലക്ഷണങ്ങളുമായി (ഉദാ. ആക്രമണോത്സുകത, പെരുമാറ്റ പ്രശ്നങ്ങൾ) എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പരിശോധിച്ചത്. 

 

7,507 കുട്ടികളിൽ നിന്നുള്ള വിവരങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. ഊഷ്മളമായ രക്ഷാകർതൃത്വം (അവരുടെ കുട്ടിയുടെ ആവശ്യങ്ങൾക്ക് പിന്തുണയും ശ്രദ്ധയും), സ്ഥിരതയുള്ള (വ്യക്തമായ പ്രതീക്ഷകളും നിയമങ്ങളും സ്ഥാപിക്കൽ), ശത്രുതയും(കടുത്ത അച്ചടക്ക നടപടികൾ) എന്നിങ്ങനെ മൂന്നു വിഭാഗഭങ്ങളായി പേരന്റിങ്ങിനെ തിരിച്ചായിരുന്നു വിശകലനം. 

 

വിദ്വേഷകരമായ രക്ഷാകർതൃത്വം ശക്തമായ ശിക്ഷയിൽ കലാശിക്കുമെന്ന് പഠനം സൂചിപ്പിച്ചു. ഉദാഹരണത്തിന്, കുട്ടികളെ നിരന്തരമായി ശകാരിക്കുക, സ്ഥിരമായ ശാരീരിക അച്ചടക്കം, അനുസരണക്കേട് കാണിക്കുമ്പോൾ കുട്ടികളെ ഒറ്റപ്പെടുത്തുക, അവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുക, അല്ലെങ്കിൽ മാതാപിതാക്കളുടെ മാനസികാവസ്ഥ അനുസരിച്ച് കുട്ടികളെ അകാരണമായി ശിക്ഷിക്കുക. ഈ ഗ്രൂപ്പിലെ 10% കുട്ടികളും മോശം മാനസികാരോഗ്യത്തിന് സാധ്യതയുള്ളവരാണെന്ന് കണ്ടെത്തി. 

 

ശത്രുതാപരമായ രക്ഷാകർതൃത്വം കുട്ടികളെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് തള്ളിയിടുന്നതായി ഗവേഷകർ നിരീക്ഷിക്കുന്നു. സ്ഥിരമായ രക്ഷാകർതൃത്വം കുട്ടികൾക്ക് ചെറിയ അപകടസാധ്യത മാത്രമേ സൃഷ്ടിക്കുന്നു. എന്നാൽ ഊഷ്മളമായ രക്ഷാകർതൃത്വം കുട്ടികളുടെ അപകടസാധ്യത കുറയ്ക്കുന്നു. കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കുന്നില്ല. ലിംഗഭേദം, ശാരീരികാരോഗ്യം, സാമൂഹിക-സാമ്പത്തിക സാഹചര്യം എന്നിവയുൾപ്പെടെ മറ്റു പല ഘടകങ്ങളും കുട്ടികളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. 

 

മോശം മാനസികാരോഗ്യത്തിന്റെ സൂചകങ്ങൾ കാണിക്കുന്ന ഒരു കുട്ടിയിൽ രക്ഷാകർതൃത്വത്തിന്റെ സാധ്യമായ സ്വാധീനത്തെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധരും അധ്യാപകരും മനസ്സിലാക്കണമെന്നും അതിന് അനുസൃതമായി പ്രവർത്തിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. 

 

Content Summary : Study says strict discipline may lead to  lasting mental health issues in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com