ADVERTISEMENT

കുട്ടികളുടെ പെരുമാറ്റവും സ്വഭാവത്തിലെ പ്രത്യേകതകളും മാതാപിതാക്കളോളം മനസ്സിലാക്കാനും അഡ്ജസ്റ്റ് ചെയ്യാനും മറ്റുള്ളവർക്ക് സാധിക്കണമെന്നില്ല.  സുഹൃത്തുക്കളെ ഉണ്ടാക്കാനും പൊതുസമൂഹവുമായി ഇടപെടാനും മടിയുള്ള അന്തർമുഖരായ കുട്ടികളാണെങ്കിൽ പ്രത്യേക ശ്രദ്ധ തന്നെ വേണം. കുട്ടിയുടെ ഈ വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാവണം അവർക്ക് പിന്തുണയും പ്രോത്സാഹനവും നൽകേണ്ടത്. അത്തരത്തിൽ അന്തർമുഖരായ കുട്ടികളെ മുൻപോട്ടു കൊണ്ടുവരാൻ മാതാപിതാക്കൾക്ക് ചെയ്യാനാവുന്ന ചില കാര്യങ്ങൾ നോക്കാം.  

കുട്ടിയുടെ സ്വഭാവത്തിലെ പ്രത്യേകതകൾ മനസ്സിലാക്കിയാൽ അതിന് യോജിച്ച സ്കൂൾ തിരഞ്ഞെടുക്കുക എന്നത് പരമപ്രധാനമാണ്. അനാവശ്യ സമ്മർദ്ദങ്ങൾ ചെലുത്തി കുട്ടിയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന സ്കൂളുകൾ ഒഴിവാക്കുക. തുറന്ന് ഇടപെടുന്നത് പോലെ തന്നെ സ്വാഭാവികമായ ഒന്നാണ് ഒതുങ്ങിക്കൂടുന്ന സ്വഭാവവും എന്ന തിരിച്ചറിവ് മാതാപിതാക്കളിൽ ആദ്യം ഉണ്ടാവണം. മറ്റുള്ളവരുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ അല്പം കാലതാമസം എടുക്കും എന്നതിലപ്പുറം മറ്റൊരു വ്യത്യാസവും ഈ കുട്ടികൾക്കില്ല. അത് സ്വാഭാവികമാണെന്ന് തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട സമയം നൽകുകയും ഏതു കാര്യത്തിനും നിങ്ങൾ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം വളർത്തുകയും ചെയ്യുക.

ചുറ്റുമുള്ളവരുമായി ചേർന്നു പോകാൻ തനിക്കാവില്ല എന്ന തോന്നലാകും അന്തർമുഖരായ കുട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളി. മറ്റുള്ളവർ ഇതിനെ എങ്ങനെ കാണും എന്ന ചിന്ത വച്ചുപുലർത്താതെ കുട്ടികൾക്കുള്ള സവിശേഷമായ കഴിവു കണ്ടെത്തി അതിന് പ്രാധാന്യം നൽകി തുടങ്ങുക. താല്പര്യമുള്ള മേഖലകളിൽ വ്യാപൃതരാകാൻ പ്രോത്സാഹനം നൽകുകയാണ് വേണ്ടത്. ഉദാഹരണത്തിന് സുഹൃത്തുക്കളെ ഉണ്ടാക്കാൻ മടിയുണ്ടെങ്കിലും വായനയിൽ പ്രത്യേക താൽപര്യമുണ്ടെങ്കിൽ റീഡിങ് ക്ലബ്ബിലോ ലൈബ്രറി ഗ്രൂപ്പുകളിലോ ചേരാൻ കുട്ടിക്ക് പ്രോത്സാഹനം നൽകാം. ഒരേ താല്പര്യമുള്ള ആളുകളെ പരിചയപ്പെടുന്നത് വഴി സുഹൃത് വലയങ്ങൾ ഉണ്ടാക്കാനും വ്യക്തിത്വ വികാസത്തിനും ഇത് സഹായിക്കും.

ഒറ്റയടിക്ക് കുട്ടിയുടെ സ്വഭാവം മാറ്റാമെന്ന ചിന്തയും ഉണ്ടാവരുത്. സമയമെടുത്ത് ഘട്ടം ഘട്ടമായി വ്യത്യസ്ത സാഹചര്യങ്ങൾ കുട്ടിക്ക് പരിചയപ്പെടുത്തുക. അതായത് 100 പേർ പങ്കെടുക്കുന്ന ഒരു പാർട്ടിയിലേയ്ക്ക് നിർബന്ധിച്ചു കൊണ്ടുപോയി അവരുമായി ഇടപഴകാൻ ആവശ്യപ്പെടുന്നത് വിപരീതഫലമാവും ഉണ്ടാക്കുക. എന്നാൽ മറിച്ച് കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്ന് ഉറപ്പുള്ള ചെറിയ ഗ്രൂപ്പുമായി ഇടപഴകാനുള്ള അവസരങ്ങൾ ആദ്യം ഒരുക്കുക. അതേപോലെ ഏതെങ്കിലും കുട്ടികളെ കാണിച്ച് അവരുമായി സൗഹൃദം സ്ഥാപിക്കാൻ സമ്മർദം ചെലുത്തരുത്. സൗഹൃദങ്ങളിൽ സ്വന്തമായ വഴി കണ്ടെത്താൻ പ്രേരിപ്പിക്കുകയാണ് ഉചിതം.

മറ്റുള്ളവരുടെ മുൻപിൽവച്ച് 'ഇവന്/ ഇവൾക്ക് നാണമാണെന്നും സംസാരിക്കാൻ മടിയാണെന്നുമുള്ള തരത്തിലുള്ള സംസാരങ്ങൾ ഒഴിവാക്കുക. ഇത് കേട്ട് കുട്ടിക്ക് മാറ്റം വരട്ടെ എന്ന് കരുതിയാവും ചിലരെങ്കിലും ഇത്തരം സംഭാഷണങ്ങൾക്ക് മുതിരുന്നത്. എന്നാൽ ഇത് ഗുണത്തേക്കാളുപരി ഏറെ ദോഷം ചെയ്യും. കുട്ടിക്ക് ഏറ്റവും അടുത്ത സുഹൃത്താവാൻ മാതാപിതാക്കൾക്ക് സാധിക്കണം. അങ്ങനെയെങ്കിൽ ഏതുകാര്യവും മാനസിക വിഷമങ്ങളും അവർ നിങ്ങളോട് തന്നെ തുറന്നു പറയും.

സ്വയം മുന്നോട്ടു വരാനായി കുട്ടിയെടുക്കുന്ന ചെറിയ ചുവടുകൾക്ക് പോലും മനസ്സുതുറന്ന് അഭിനന്ദിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ ഓരോ ചുവടുവയ്പ്പിലും നിങ്ങൾ അഭിമാനിക്കുന്നുണ്ടെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക.  കൂടുതൽ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യാനും മനസ്സിലെ ഭയാശങ്കകൾ ഒഴിവാക്കാനും ഈ പ്രോത്സാഹനം സഹായിക്കും.

Content Highlight -  Introverted Children | Training Introverted Children | Supporting Introverted Child | Parenting Introverted Children | Building Confidence in Introverted Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com