കണ്ണു തെറ്റിയാൽ തല്ലു കൂടും. എത്ര പറഞ്ഞാലും മനസ്സിലാകില്ല. എന്തു പിള്ളേരാണിവർ. മക്കളെ കുറിച്ച് മാതാപിതാക്കൾക്കുള്ള പൊതുപരാതികളിൽ പ്രധാനപ്പെട്ട ഒന്നാണിത്. മക്കൾക്കിടയിലെ തല്ലു കാരണം വലയുന്ന മാതാപിതാക്കൾ നിരവധിയാണ്. മക്കൾക്ക് ഇടയിൽ ചില അഭിപ്രായവ്യത്യാസങ്ങളും എതിർപ്പുകളും അനുഭവപ്പെടുന്നത് സ്വാഭാവികമാണെങ്കിലും വൈരാഗ്യബുദ്ധിയോടെ തമ്മിലടിക്കുന്നത് പ്രതികൂല സ്വാധീനം ഉണ്ടാക്കിയേക്കാം. അതിനാൽ നിങ്ങളുടെ കുട്ടികൾ തമ്മിലുള്ള ഈ വൈരുദ്ധ്യങ്ങൾ ഉചിതമായി കൈകാര്യം ചെയ്യണം. അതിനായി സഹോദരങ്ങൾ തമ്മിലുള്ള മത്സരത്തിലേക്കും വൈരാഗ്യത്തിലേക്കും നയിക്കുന്നത് എന്താണെന്ന് കണ്ടെത്തണം.
തന്നെക്കാൾ മറ്റേയാൾക്ക് ശ്രദ്ധയും പരിഗണനയും സ്നേഹവും ലഭിക്കുന്നുവെന്ന തോന്നൽ, അല്ലെങ്കിൽ താൻ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ഒരാളിൽ ഉണ്ടാവുകയും അയാൾ അത് മുൻനിർത്തി സഹോദരനോ സഹോദരിയുമോ ആയി വഴക്കിടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നു. തന്റെ കൂടപ്പിറപ്പിനേക്കാൾ മികച്ചത് ഞാനാണ് എന്നു കാണിക്കാൻ മത്സരബുദ്ധിയോടെ ഓരോ കാര്യങ്ങളെയും സമീപിക്കുന്നു. അവരുടെ കുറ്റങ്ങൾ മാതാപിതാക്കളെ അറിയിക്കാൻ വെമ്പൽ കൊള്ളുന്നു. ഇങ്ങനെ പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും വളരുന്നു. സാധാരണ സഹോദരങ്ങൾ തമ്മിലുണ്ടാകുന്നതിലും സങ്കീർണമായ പ്രശ്നങ്ങളാണ് അത്തരം സാഹചര്യത്തിൽ ഉണ്ടാവുക.
കുട്ടികൾ തമ്മിലുള്ള നിരന്തരമായ കലഹങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾ നിർബന്ധിതരാകുന്നത് മാതാപിതാക്കളെ അസ്വസ്ഥരാക്കും. ചിലപ്പോൾ നിങ്ങൾക്ക് നിസ്സഹായത അനുഭവപ്പെടുകയും അത് കൂടുതൽ സമ്മർദ്ദത്തിലേക്ക് തള്ളിയിടുകയും ചെയ്തേക്കാം. അതിവൈകാരികമായി പ്രതികരിക്കാനും കുട്ടികളെ കഠിനമായി ശിക്ഷിക്കാനും ഇടയുണ്ട്.
ഇത്തരം സാഹചര്യത്തിൽ മാതാപിതാക്കൾ എന്തു ചെയ്യണമെന്നു നോക്കാം.
വിധികർത്താവായിരിക്കുന്നതിനുപകരം ആ സാഹചര്യം എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാമെന്ന് നോക്കുകയാണ് വേണ്ടത്. ഓരോ പ്രായത്തിലുള്ള കുട്ടികൾക്കും വ്യത്യസ്ത സമീപനമാണ് വേണ്ടത്. പ്രീസ്‌കൂൾ കുട്ടിക്ക് വളരെയധികം ശ്രദ്ധ നൽകുന്നത് തുടരുക; അവർക്ക് അത് ആവശ്യമാണ്.ഒരു പുതിയ സഹോദരന്റെ വരവ് കുട്ടിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ശ്രദ്ധയും പരിഗണനയും കവർന്നെടുക്കാൻ അനുവദിക്കരുത്.
ഇളയയാൾ വന്നതു എന്നതു കൊണ്ട് ഒരാളുടെ ആവശ്യങ്ങൾ അവഗണിക്കരുത്. അപ്പോൾ പ്രാധാന്യം കുറഞ്ഞതായി കുഞ്ഞിന് തോന്നാൻ തുടങ്ങും. അത് തന്റെ പുതിയ സഹോദരനോട് നിഷ്ക്രിയമോ ആക്രമണാത്മകമോ ആയ രീതിയിൽ പ്രതികരിക്കാനുള്ള ചിന്ത വളർത്തും. പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്കിടയിലാണ് പ്രശ്നമെങ്കിൽ രണ്ടു പേർക്കും തുല്യ ശ്രദ്ധ കൊടുക്കുക. രണ്ടു പേരോടും നീതിയും ദൃഢതയും പുലർത്തുക. സഹോദരങ്ങളെ തമ്മിൽ താരതമ്യം ചെയ്യരുത്. താരതമ്യങ്ങൾ പ്രോത്സാഹനം നൽകുന്നതിനുപകരം കുട്ടിയെ കൂടുതൽ നിരുത്സാഹപ്പെടുത്തുന്നു.
മക്കൾ കൗമാരപ്രായത്തിലാണെങ്കിൽ കഴിയുന്നത്ര ന്യായമായി മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുക. ഈ പ്രായത്തിൽ, കുട്ടികൾ അവർക്ക് താൽപ്പര്യമുള്ള പ്രവർത്തനങ്ങളുമായി അവരുടെ സ്വന്തം ദിനചര്യകൾ വികസിപ്പിക്കുന്നു. നിങ്ങളുടെ ഇളയവൻ തന്റെ മൂത്ത സഹോദരനെ അനുകരിക്കാൻ ആഗ്രഹിക്കും. അവനുള്ള അതേ കാര്യങ്ങൾ പോലും ആഗ്രഹിക്കുന്നു. ഇത് പ്രോത്സാഹിപ്പിക്കരുത്. നിങ്ങളുടെ മുതിർന്നയാൾ തന്റെ ഇളയ സഹോദരനോട് നീരസപ്പെടാൻ ഇത് വഴിയൊരുക്കും. ഇത് ഇടയ്ക്കിടെയുള്ള വഴക്കുകളിലേക്കും അസുഖകരമായ വികാരങ്ങളിലേക്കും നയിക്കും.
സഹോദരനെപ്പോലെ ആകാൻ ഒരിക്കലും ഒരു കുട്ടിയോട് ആവശ്യപ്പെടരുത്. പകരം അവരുടെ കഴിവുകൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുക. രണ്ടുപേരും ഒരുപോലെ പ്രത്യേകതയുള്ളവരാണെന്ന തോന്നൽ അവരിൽ ജനിപ്പിക്കുക.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
കലഹിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യുന്നത് തീർച്ചയായും എളുപ്പമുള്ള കാര്യമല്ല. ഇക്കാര്യത്തിൽ പലപ്പോഴും മാതാപിതാക്കൾക്ക് സംഭവിക്കുന്ന തെറ്റുകൾ കാരണം സ്ഥിതി കൂടുതൽ വഷളാകുന്നു. ഇത് മൂലം ഒരു കുട്ടിക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും കുറയുകയും മക്കൾക്കിടയിലെ ശത്രുത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ സ്ഥിരതയും നീതിയും പുലർത്തണം. അഭിപ്രായവ്യത്യാസമുള്ള സന്ദർഭങ്ങളിൽ നയതന്ത്രപരമായി ചർച്ചകൾ നടത്തി പരിഹാരം കാണണം. ഒന്നു ശ്രദ്ധിച്ചാൽ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ല.
Content Highlight - Sibling rivalry | Handling conflicts between children | Dealing with fussy kids | Parenting mistakes to avoid | Resolving disputes among children