ADVERTISEMENT

ഏറ്റവും ബുദ്ധിമുട്ടേറിയതും അതേസമയം ഏറ്റവും സന്തോഷം നല്‍കുന്നതുമായ ജോലി എന്താണെന്ന് ചോദിച്ചാല്‍ അതിനുത്തരം കുഞ്ഞുങ്ങളെ വളര്‍ത്തുകയെന്നതാണ്. കൊച്ചുകുഞ്ഞുങ്ങളുടെ രീതികള്‍ നമുക്ക് പെട്ടന്ന് മനസ്സിലാക്കാന്‍ കഴിയില്ല. എല്ലാ ആവശ്യങ്ങളും അവര്‍ മാതാപിതാക്കളെ അറിയിക്കുന്നത് കരഞ്ഞുകൊണ്ടാണ്. കരച്ചില്‍ മാത്രമാണ് കുഞ്ഞുങ്ങളുടെ പ്രതികരണ മാര്‍ഗ്ഗം. എന്നാല്‍ ചിലപ്പോഴൊക്കെ അവര്‍ എന്തിനാണ് കരയുന്നതെന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാറില്ല. ചില സംശയങ്ങളും ഉത്തരങ്ങളും നോക്കിയാലോ? 

 

എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ ഇത്രയധികം സമയം ഉറങ്ങുന്നത്? 

മാതാപിതാക്കളുടെ പതിവു സംശയങ്ങളില്‍ ഒന്നാണിത്. രാത്രി ഉറങ്ങുകയും പകല്‍ ഉണര്‍ന്നിരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ രീതിയെന്ന് കുഞ്ഞുങ്ങള്‍ക്കറിയില്ല. അവരതുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. അതുവരെ അവര്‍ ഉറക്കം വരുമ്പോഴെല്ലാം ഉറങ്ങുകയും വിശക്കുമ്പോഴും മറ്റ് അസ്വസ്ഥകളുണ്ടാകുമ്പോഴും ഉണര്‍ന്ന് കരയുകയും ചെയ്യും. ക്രമേണെ നമ്മുടെ രീതികളുമായി അവര്‍ പരിചയിക്കും. അതുവരെ അവരുടെ സമയമനുസരിച്ച് നമ്മുടെ ഇഷ്ടങ്ങള്‍ മാറ്റി വെക്കുക മാത്രമേ തരമുള്ളൂ. 

 

ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ സംഗീതം കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുമെന്നും അതവര്‍ക്ക് സംഗീതത്തോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുമെന്നും പറഞ്ഞു കേള്‍ക്കുന്നത് ശരിയാണോ? 

കൃത്യമായ ഉത്തരം ഈ ചോദ്യത്തിനില്ല. സംഗീതം കേള്‍ക്കുന്നത് കുഞ്ഞുങ്ങളെ കൂടുതല്‍ മിടുക്കരും സംഗീതത്തോട് താല്‍പര്യമുള്ളവരുമാക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. എന്നാല്‍ ഗര്‍ഭിണികള്‍ സംഗീതം കേള്‍ക്കുന്നത് കുഞ്ഞിന് ദോഷമൊന്നും വരുത്താത്ത സ്ഥിതിക്ക് പാട്ട് കേള്‍ക്കുകയും ആസ്വദിക്കുകും ശാന്തരായിരിക്കുകയും ചെയ്യുന്നത് നല്ല കാര്യം തന്നെയാണ്. 

 

അമ്മ കഴിക്കുന്ന പോഷകാഹാരം കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെ സഹായിക്കുന്നതെങ്ങനെയാണ്? 

കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നത് മുലപ്പാലിലൂടെയാണ്. ആറു മാസം വരെ മുലപ്പാല്‍ മാത്രമാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടത്. അമ്മ പോഷകാഹാരങ്ങള്‍ കഴിക്കുമ്പോള്‍ അതിന്റെ ഒരംശം മുലപ്പാലിലൂടെ കുഞ്ഞിലേക്കുമെത്തും. നല്ല ഭക്ഷണം കഴിക്കാത്ത അമ്മമാരുടെ കുഞ്ഞുങ്ങളും പോഷകാഹാരം കഴിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങളും തമ്മില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ചാ വ്യത്യാസങ്ങള്‍ കാണാം. 

 

കുഞ്ഞുങ്ങള്‍ക്ക് സ്പര്‍ശനം ആവശ്യമാണോ? 

തീര്‍ച്ചയായും സ്പര്‍ശനം കുഞ്ഞുങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. അമ്മയുടെ സ്‌നേഹ സ്പര്‍ശം കുഞ്ഞ് വളരെ വേഗം തിരിച്ചറിയും. അതവര്‍ക്ക് സമാധാനവും സംരക്ഷണവും നല്‍കും. നവജാത ശിശുവിനെ അമ്മയുടെ നെഞ്ചോടു ചേര്‍ത്തു കിടത്തുന്നത് പോലും സ്പര്‍ശനം നല്‍കുന്ന സൗഖ്യത്തിനു വേണ്ടിയാണ്. 

 

കുട്ടികളുമായി എങ്ങനെ ഇടപഴകണം? 

ജന്മനാ ജിജ്ഞാസയുള്ളവരാണ് കുട്ടികള്‍. ചുറ്റുമുള്ള ലോകത്തെ കൗതുകത്തോടെ നോക്കുന്നവര്‍. അവര്‍ക്ക് എല്ലാം പുതിയതാണ്. അവര്‍ക്ക് എല്ലാത്തിനെക്കുറിച്ചും സംശയങ്ങളുമുണ്ടാകും. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നതിനു പകരം അവര്‍ക്ക് വഴിയൊരുക്കുയാണ് വേണ്ടത്. പാട്ടുപാടിക്കൊടുക്കാം, കഥകള്‍ പറഞ്ഞുകൊടുക്കാം, നടക്കാന്‍ കൊണ്ടുപോകാം, മണ്ണിനേയും മരങ്ങളേയും മനുഷ്യരേയും പരിചയപ്പെടുത്താം. അങ്ങനെയങ്ങനെ അവര്‍ വളര്‍ന്നോളും.

 

Content Highlight  – New parents and doubts ​| Parenting tips for new parents | Baby sleep patterns and adaptation | The impact of music on babies | Importance of touch in baby development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com