താരദമ്പതികളായ കരീനയുടെയും സെയ്ഫ് അലി ഖാന്റെയും മക്കളായ തൈമൂറിനും ജെഹിനും സമൂഹമാധ്യമങ്ങളിൽ ധാരാളം ആരാധകരുണ്ട്. ഇരുവരുടെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് ഏറെയിഷ്ടവുമാണ്. അതുകൊണ്ടു തന്നെ മക്കളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല കരീന. തൈമൂറിനും ജെഹിനുമൊപ്പമുള്ള സുന്ദര നിമിഷങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുമുണ്ട് ഈ താരസുന്ദരി. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മക്കളെ കുറിച്ചുള്ള ചോദ്യങ്ങൾക്കു കരീന നൽകിയ ഉത്തരത്തിനു കയ്യടിക്കുകയാണ് ആരാധകർ.

തൈമൂറും ജഹാംഗീറും അവരുടെ നാനിമാർക്കൊപ്പം ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നായിരുന്നു കരീനയുടെ ഉത്തരം. കുട്ടികൾ ഭക്ഷണം കഴിക്കുന്ന അതേ സമയത്തു തന്നെയാണ് നാനിമാർ ഭക്ഷണം കഴിക്കാറുള്ളതെങ്കിലും മറ്റൊരു ഡൈനിങ്ങ് ടേബിളിൽ ആണ് ഇരിക്കാറുള്ളത്. എന്നാൽ മക്കൾക്കിരുവർക്കും നാനിമാർക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളതു കൊണ്ടുതന്നെ തൈമൂറും ജെഹും തങ്ങളുടെ ഭക്ഷണവുമായി അവർക്കരികിലെത്തുമെന്നും നാനിമാർക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്യും.

എന്ത് കൊണ്ടാണ് തങ്ങൾക്കു ഒപ്പമിരുന്നു ഭക്ഷണം കഴിക്കാത്തത് എന്ന് തൈമൂർ അവരോടു ചോദിക്കാറുണ്ട്. ഇപ്പോൾ ജെഹും അതേ ചോദ്യം ആവർത്തിക്കുന്നു. തങ്ങളുടെ കൂടെയിരുന്നു നാനിമാർ ഭക്ഷണം കഴിക്കണമെന്ന കുട്ടികളുടെ ആവശ്യം ഇപ്പോൾ നടപ്പിലാക്കുന്നുണ്ടെന്നും തങ്ങൾ ജോലിയ്ക്കു പോകുമ്പോൾ കുട്ടികളെ നോക്കുന്നത് അവരാണെന്നും തനിക്കും സെയ്‌ഫിനും ലഭിക്കുന്ന ബഹുമാനം കുട്ടികളുടെ ഭാഗത്തു നിന്നും അവർക്കും ലഭിക്കണമെന്നും തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നു കരീന കൂട്ടിച്ചേർക്കുന്നു. യാത്രകൾ പോകുമ്പോൾ നാനിമാരെയും ഒപ്പം കൂട്ടാറുണ്ടെന്നും അവർ മക്കളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കുമെന്നും തനിക്ക് ചിലപ്പോഴെങ്കിലും അവർ പരിപാലിക്കുന്നത് പോലെ കുട്ടികളെ നോക്കാൻ കഴിയാറില്ലെന്നും പറയുന്നു കരീന.
Content Highlights: Kareena Kapoor | Children | Taimur