ADVERTISEMENT

ഡോപമിൻ, ഓക്സിടോസിൻ, സെറോടോണിൻ, എൻഡോർഫിൻ എന്നിവയാണ് പ്രധാന ഹാപ്പി ഹോർമോണുകൾ. ഇവയെ നമുക്ക് DOSE എന്ന രീതിയിൽ ക്രമീകരിക്കാം, ഇനി ഇവ ഓരോന്നും പരിചയപ്പെടാം.

 

1.ഡോപമിൻ (The Reward Messenger) 

റിവാർഡ് ഹോർമോൺ എന്നറിയപ്പെടുന്ന ഡോപമിൻ, ആനന്ദത്തിന്റെയും പ്രചോദനത്തിന്റെയും വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ തലച്ചോറിലെ റിവാർഡ് സിസ്റ്റത്തെയും പ്ലഷർ സെന്ററുകളെയും ആണ് ഡോപമിൻ പ്രധാനമായും സ്വാധീനിക്കുന്നത്. കുട്ടികൾ ലക്ഷ്യങ്ങൾ നേടുമ്പോഴോ ചുമതലകൾ നിറവേറ്റുമ്പോഴോ ഹോബികളിൽ ഏർപ്പെടുമ്പോഴോ ഈ ഹോർമോൺ സജീവമാകുന്നു. നേട്ടത്തെപ്പറ്റിയുള്ള ബോധം വളർത്തുന്നതിലും ആത്മാഭിമാനവും സന്തോഷവും വർധിപ്പിക്കുന്നതിലും ഡോപമിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. യാഥാർഥ്യബോധമുള്ള ലക്ഷ്യങ്ങൾ തീരുമാനിക്കാനും അവ നേടാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക, അവർക്ക് താൽപര്യമുള്ള പ്രവർത്തനങ്ങളിലും കളികളിലും ഏർപ്പെടാൻ അവസരമൊരുക്കുക, പോസിറ്റീവ് റീ ഇൻഫോഴ്സ്മെന്റിനും റിവാർഡിനുമുള്ള അവസരങ്ങൾ നൽകുക തുടങ്ങിയവ കുട്ടിയുടെ തലച്ചോറിൽ ഡോപമിൻ റിലീസിനെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

 

കുട്ടികൾ അവരുടെ ലക്ഷ്യങ്ങൾ നേടുമ്പോഴോ അവർ ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ ലഭിക്കുന്ന പ്രതിഫലത്തിലും പ്രചോദനത്തിലും ഡോപമിൻ പുറത്തുവരുന്നു. അതിന്റെ ഫലമായി കുട്ടികളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നു. ഈ ഡോപമിൻ റിലീസ് അവരുടെ സന്തോഷത്തിനും ക്ഷേമത്തിനും കാരണമാകുന്ന പെരുമാറ്റങ്ങൾ ആവർത്തിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു

 

2.ഓക്സിടോസിൻ - (The Love Hormone)

നല്ല ബന്ധങ്ങൾ, പരസ്പര വിശ്വാസം, സാമൂഹിക ബന്ധങ്ങൾ തുടങ്ങിയവയിൽ സുപ്രധാന പങ്ക് വഹിക്കുന്നതാണ് ലവ് ഹോർമോൺ എന്നും വിളിക്കപ്പെടുന്ന ഓക്സിടോസിൻ. വാത്സല്യം, ആലിംഗനം, സ്നേഹമുള്ളവരുമായുള്ള ഇടപെടലുകൾ എന്നിവയുണ്ടാകുമ്പോൾ തലച്ചോറിൽ ഈ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നു. കുട്ടികൾ അവരെ പരിചരിക്കുന്നവരുമായും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഊഷ്മളമായി ഇടപെടുമ്പോൾ ഓക്സിടോസിൻ പുറത്തുവിടുന്നു, അതിലൂടെ കുട്ടിയിൽ സന്തോഷവും സുരക്ഷിതത്വവും വൈകാരിക ക്ഷേമവും വളരുന്നു. നല്ല സാമൂഹിക ഇടപെടലുകളും ശക്തവും പിന്തുണ നൽകുന്നതുമായ ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുക, സ്നേഹനിർഭരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവ ഓക്സിടോസിൻ അളവ് വർധിപ്പിക്കാനും നല്ല മാനസികാരോഗ്യവും സന്തോഷവുമുള്ള കുട്ടികളെ വളർത്തിയെടുക്കാനും അത്യന്താപേക്ഷിതമാണ്.

 

ഓക്സിടോസിൻ അളവു കൂട്ടാനും അതിലൂടെ കുട്ടികളിൽ സന്തോഷവും മെച്ചപ്പെട്ട മാനസികാരോഗ്യവും വളർത്താനുമുള്ള അവസരങ്ങൾ അവർക്കായി ഒരുക്കേണ്ടത് രക്ഷകർത്താക്കളുടെ ഉത്തരവാദിത്തമാണ്.

 

3. സെറോടോണിൻ (Mood stabilizer)

മറ്റൊരു പ്രധാന ഹോർമോണായ സെറോടോണിൻ കുട്ടിയുടെ മാനസികാവസ്ഥയും വൈകാരിക സ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. സെറോടോണിന്റെ മതിയായ അളവ് കുട്ടിയിൽ സംതൃപ്തി, ശാന്തത, സന്തോഷം എന്നിവയ്ക്ക് കാരണമാകുന്നു. സെറോടോണിന്റെ അളവ് കുറയുമ്പോൾ, കുട്ടികൾക്ക് നെഗറ്റീവ് ചിന്ത മുതൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പോലും അനുഭവപ്പെടാം. ഇത് പലപ്പോഴും  ആത്മഹത്യക്കു വരെ കാരണമാകുന്നു. ജീവിതശൈലിയും സെറോടോണിൻ ഉൽപാദനത്തെ സ്വാധീനിക്കും. പതിവ് ഉറക്കം, സമീകൃത പോഷകാഹാരം, സന്തോഷവും സംതൃപ്തിയും നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് സെറോടോണിൻ ഉൽപാദനത്തെ സഹായിക്കുന്നു.

 

സെറോടോണിന്റെ അളവ് കുറവുള്ള കുട്ടികളിൽ ഉത്കണ്ഠയും വൈകാരിക പ്രതിരോധവും വർധിക്കുന്നു. പോസിറ്റീവ് മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിൽ സെറോടോണിന്റെ പങ്ക് വലുതാണ്. ഒപ്റ്റിമൽ സെറോടോണിന്റെ അളവ് നിലനിർത്തുന്നത് സന്തോഷവും മാനസികാരോഗ്യവുമുള്ള കുട്ടികളെ വളർത്താനും സഹായിക്കുന്നു.

 

4. എൻഡോർഫിൻ - (The Pain Killer)

ശാരീരിക വ്യായാമം, ചിരി, കളി തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുടെ പ്രതികരണമായാണ് ഈ ഹോർമോണുകൾ പുറത്തുവരുന്നത്. എൻഡോർഫിൻ റിലീസിന് പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുമ്പോൾ അവരിൽ സന്തോഷവും യുക്തിബോധവും സമ്മർദത്തിനെതിരായ പ്രതിരോധശേഷിയും വളർന്നുവരുന്നു. കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ചിരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതും കുട്ടികളിൽ എൻഡോർഫിന്റെ അളവും അതുവഴി സന്തോഷവും വർധിപ്പിക്കാൻ സഹായിക്കും. എൻഡോർഫിനുകളുടെ പ്രകാശനത്തിന് പ്രേരിപ്പിക്കുന്ന ശാരീരിക വ്യായാമങ്ങൾ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

 

പ്ലേ ആൻഡ് ഹാപ്പി  ഹോർമോൺസ്

മേൽ പറഞ്ഞ ഹോർമോണുകൾ കുട്ടികളിൽ വൻതോതിൽ‌ ഉൽ‌പാദിപ്പിക്കപ്പെടുന്നത് ലഭ്യമാകുന്നത് കലാ-കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിലൂടെയാണ്. മാത്രമല്ല കളികളിലൂടെ, കുട്ടിയിൽ അറ്റെൻഷനും അലെർട്നെസ്സും ഫോക്കസും വർധിപ്പിക്കുന്ന നോറെപിനഫ്‌റിൻ (norepinephrine) എന്ന ഹോർമോണും മനസ്സിന് ശാന്തതയും റിലാക്‌സേഷനും നൽകുന്ന ഗാബ്ബ (GABA) യും ലഭ്യമാകുന്നു. 

  

‘കുട്ടികൾ കളിക്കട്ടെ, പഠിക്കട്ടെ’ എന്നുപറയുന്നതിനു പിറകിൽ മറഞ്ഞിരിക്കുന്ന രഹസ്യം ഈ ഹോർമോണുകളാണ്. - GET YOUR DAILY 'D.O.S.E' 

 

അതുകൊണ്ടുതന്നെ കുട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിന് ക്രമമായ ശാരീരിക പ്രവർത്തനങ്ങൾ ദിനചര്യകളിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.

 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

∙ ബന്ധം വളർത്തിയെടുക്കൽ: ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകളുമായി അർഥവത്തായ ബന്ധം വളർത്തിയെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക, അവർക്ക് ധാരാളം ആലിംഗനങ്ങൾ നൽകുക, അവരുടെ വാക്കുകൾ ശ്രദ്ധിക്കുക.

∙ ഓടാനും ചാടാനും നൃത്തം ചെയ്യാനും കുട്ടികൾ ഇഷ്ടപ്പെടുന്നുവെങ്കിൽ പ്രോത്സാഹിപ്പിക്കുക. അത് അവരുടെ ശരീരത്തിനും മനസ്സിനും നല്ലതാണ്.

∙ കുട്ടികൾ സ്വാഭാവികമായും ജിജ്ഞാസയുള്ളവരും പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. ജിജ്ഞാസയും ചോദ്യങ്ങളും പ്രോത്സാഹിപ്പിക്കുക, പുതിയ അനുഭവങ്ങൾക്കായി എപ്പോഴും അവസരം നൽകുക.

∙ ദയ ശീലിക്കുന്നത് ദാതാവിന്റെയും സ്വീകരിക്കുന്നവന്റെയും ക്ഷേമം വർധിപ്പിക്കുന്നു. കുട്ടികൾക്ക് അവരുടെ നല്ല പ്രവൃത്തികൾക്ക് ചിത്രങ്ങളോ പൂക്കളോ പോലെയുള്ളവയോ മറ്റു സമ്മാനങ്ങളോ നൽകുക.

 

(ചൈൽഡ്‍ലൈൻ കോഓർഡിനേറ്ററും ചൈൽഡ്– അഡോളസെന്റ് ആൻഡ് റിലേഷൻഷിപ് കൗൺസിലറുമാണ് ലേഖകൻ)

 

അടുത്ത ഭാഗം: ഹാപ്പി ഹോർമോൺ ഭക്ഷണത്തിലൂടെ

 

Content Highlight - Happy hormones for children | Dopamine, oxytocin, serotonin, endorphins | The effects of dopamine on children's happiness | Increasing oxytocin levels in children | Serotonin and emotional stability in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com