ADVERTISEMENT

സോഷ്യല്‍ മീഡിയയും മറ്റ് ഓണ്‍ലൈന്‍ ഇടങ്ങളും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഓണ്‍ലൈന്‍ ഇടങ്ങളിലുള്ള മാതാപിതാക്കളുടെ സാന്നിധ്യം കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് നോക്കാം. ഒരു കുഞ്ഞുണ്ടായാല്‍ അല്ലെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ പലരും ആദ്യം ചെയ്യുന്ന കാര്യം ഈ വിഷയവുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊക്കെ ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ ചേരുകയാണ്. തുടര്‍ന്ന് ഇതേപ്പറ്റി കൂടുതല്‍ അറിവുകള്‍ ശേഖരിക്കുകയും സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ പിന്നെ എന്താണ് പ്രശ്‌നം?

'സോഷ്യല്‍ മീഡിയ എക്‌സ്‌പോഷര്‍ ആന്‍ഡ് കോര്‍ട്ടിസോള്‍ ലെവെല്‍സ്' എന്ന  പഠനം കാണിക്കുന്നത് ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന അമ്മമാര്‍ ഉയര്‍ന്ന തലത്തിലുള്ള സാമൂഹിക താരതമ്യത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ്. ഇത് മാതാപിതാക്കളില്‍ സമ്മര്‍ദ്ദവും നിഷേധാത്മക വികാരങ്ങളും വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിയേയും തങ്ങളുടെ അനുഭവത്തെയും തങ്ങളുടെ ജീവിതത്തെയും മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയും തുടര്‍ന്ന് ആവശ്യമില്ലാത്ത മാനസിക പ്രശ്‌നങ്ങളിലേക്കും സമ്മര്‍ദ്ദങ്ങളിലേക്കും വഴുതി വീഴുകയും ചെയ്യുന്നു.

രണ്ടാമതായി ഈ ഓണ്‍ലൈന്‍ ഇടങ്ങളില്‍ സമയം ചിലവഴിക്കുന്നവര്‍ അനാവശ്യമായ തെറ്റിദ്ധാരണകളിലും സംശയങ്ങളിലും എത്തിച്ചേരുന്നു. ഉദാഹരണത്തിന് ഒരു മരുന്ന് കഴിക്കുന്നത് നല്ലതാണെന്ന് ചിലര്‍ ഗ്രൂപ്പുകളില്‍ നിര്‍ദേശിക്കുമ്പോള്‍ അതെ മരുന്ന് കുഞ്ഞുങ്ങള്‍ക്ക് ദോഷകരമാണെന്ന് മറ്റ് ചിലര്‍ വാദിക്കുന്നു. അവസാനം ഏതാണ് ശരിയെന്നറിയാതെ അനാവശ്യ സംശയങ്ങളിലേക്ക് മാതാപിതാക്കള്‍ എത്തുന്നു.

മൂന്നാമതായി ഈ ഗ്രൂപ്പുകളില്‍ അമിതസമയം ചിലവഴിക്കുന്ന മാതാപിതാക്കള്‍ മറ്റൊന്നും ചെയ്യാന്‍ സമയമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കണ്ട സമയം ഗ്രൂപ്പുകളില്‍ ചിലവഴിക്കുന്ന രീതിയിലേക്ക് മാതാപിതാക്കള്‍ മാറുന്നു.

എന്ത് ചെയ്യാം? എങ്ങനെ മാറ്റാം?
ഒന്നാമതായി ഓണ്‍ലൈന്‍ ഇടങ്ങള്‍ക്ക് നല്‍കുന്ന സമയത്തിന് ഒരു അതിര് നിശ്ചയിക്കുക. ഒരവസ്ഥയിലും ഈ സമയത്തില്‍ അധികം ഈ ഇടങ്ങളില്‍ ചിലവഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. രണ്ടാമതായി ഇവിടെ നിന്നും ലഭിക്കുന്ന അറിവുകള്‍ അന്തിമമല്ലെന്നും അവ വിലയിരുത്തലിന് വിധേയമാകേണ്ടതാണെന്നും തിരിച്ചറിയുക. ആധികാരികമായ ഇടങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ മാത്രം പാലിക്കുക. മൂന്നാമതായി എല്ലാ കുഞ്ഞുങ്ങളും വ്യത്യസ്തരാണെന്നും താരതമ്യപ്പെടുത്തലുകള്‍ കൊണ്ട് യാതൊരു ഗുണവുമില്ലെന്നും തിരിച്ചറിയുക. ഓണ്‍ലൈന്‍ ഗ്രൂപ്പുകളുടെ ഗുണത്തോടൊപ്പം അവയുടെ ദൂഷ്യഫലങ്ങളും അറിഞ്ഞിരിക്കുന്നത് കൂടുതല്‍ നന്നായി ഈ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ മാതാപിതാക്കളെസഹായിക്കും.

Content Highlight-  Social media exposure and parents | Negative impact of online groups on parents | Psychological problems caused by social media comparison | Avoiding unnecessary doubts in online parenting groups | Benefits and drawbacks of online parenting communities | Parenting |

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com