ADVERTISEMENT

ഒരു പെണ്‍കുട്ടിയെ പരിചയപ്പെടാം, പേര് കിയാന. കിയാനയ്ക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. എന്നാല്‍ കിയാന അവളുടെ അമ്മയെ നേരില്‍ കണ്ടിട്ട്, ആ ശബ്ദമൊന്നു കേട്ടിട്ട് എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. അമ്മ അവളെ ഉപേക്ഷിച്ചു പോയതല്ല, ജയിലിലാണ്. സ്വതന്ത്രരായി നടക്കുന്ന, സന്തോഷത്തോടെയിരിക്കുന്ന, ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കുന്ന, സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീകള്‍ എന്നൊരു സ്വപ്‌നം സദാ ഹൃദയത്തിലേറ്റിയെന്ന കുറ്റത്തിനാണ് കിയാനയുടെ അമ്മ ജയിലിലായത്. സ്ത്രീ സ്വാതന്ത്രത്തിനു വേണ്ടി ഇറാന്‍ ഭരണകൂടത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയതിന് നര്‍ഗീസ് മുഹമ്മദിയെന്ന കിയാനയുടെ അമ്മ ഇപ്പോള്‍ ഇറാനിലെ ടെഹ്‌റാനില്‍ ജയിലിലാണ്.

ഒന്നും രണ്ടുമല്ല പതിമൂന്ന് പ്രാവശ്യമാണ് നര്‍ഗീസിനെ പൊലീസുകാര്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോയത്. സ്ത്രീകള്‍ക്കു വേണ്ടി സംസാരിച്ചു എന്ന നേരിന്റെ വെളിച്ചം കെടുത്താന്‍ വിവിധ വകുപ്പുകള്‍ ചുമത്തി 32 വര്‍ഷത്തെ തടവ് ശിക്ഷയാണ് നര്‍ഗീസിന് വിധിച്ചിരിക്കുന്നത്. ഓരോ തവണ അറസ്റ്റിലാകുമ്പോഴും വീട്ടില്‍ നിന്നിറങ്ങി വന്ന നിമിഷങ്ങളെക്കുറിച്ചുള്ള കണ്ണീരോര്‍മ്മകള്‍ നര്‍ഗീസ് എഴുതിയിട്ടുണ്ട്. ഏറ്റവുമാദ്യം ഒരു രാത്രിയില്‍ പൊലീസവരെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ കുഞ്ഞു കിയാനയ്ക്ക് മൂന്നു വയസ്സു മാത്രമാണ് പ്രായം. ഉറങ്ങാതെ തന്നെ കെട്ടിപ്പിടിച്ചിരുന്ന കുഞ്ഞിനെ കണ്ണീരോടെ വേര്‍പെടുത്തി പൊലീസിനൊപ്പം നീങ്ങിയപ്പോള്‍ പിന്നാലെയെത്തിയ കുഞ്ഞിന്റെ നിലവിളി അമ്മയുടെ ഹൃദയം തകര്‍ത്തു. തിരികെയോടിയെത്തി അമ്മ കിയാനയെ വാരിയെടുത്തുമ്മകള്‍ കൊണ്ട് നിറച്ചു. പിന്നെ തിരിഞ്ഞുനോക്കാതെ നടന്നുനീങ്ങി. 

പിന്നെയും പലതവണ കിയാനയുടെ കണ്‍മുന്നില്‍ നിന്ന് ഹൃദയം കീറി മുറിക്കുന്ന വേദനയോടെ അവളുടെ അമ്മ പൊലീസുകാര്‍ക്കൊപ്പം പടിയിറങ്ങി. സമാധാനമില്ലാത്ത രാത്രികളും പകലുകളും അവരനുഭവിച്ചു. സങ്കടപ്പെയ്ത്തില്‍ കിയാനയ്‌ക്കൊപ്പം അവളുടെ ഇരട്ട സഹോദരനും നനഞ്ഞുകുതിര്‍ന്നു. ഇന്നിതാ 2023ല്‍ സമാധാനത്തിന്റെ നൊബേല്‍ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത് ആ അമ്മയെയാണ്. നര്‍ഗീസ് മുഹമ്മദി എന്ന കിയാനയുടെ അമ്മയെ. നോക്കുക ഒരു പെണ്‍കുട്ടി നടന്നു വന്ന വഴി. ഒരു രാത്രി പുലരുമ്പോഴേക്കും ഒരാള്‍ക്കും സമരവീര്യമുള്‍ക്കൊള്ളുന്ന നര്‍ഗീസുമാരാകാന്‍ കഴിയില്ല. അതിനവളെ പരുവപ്പെടുത്തിയ ഒരു വഴിത്താരയുണ്ടാകും. അവള്‍ താണ്ടിയ വഴി. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടണമെന്ന്, ഒന്നിനു മുന്‍പിലും തല കുനിക്കരുതെന്ന്, സങ്കടങ്ങളില്‍ വീണു പോകരുതെന്ന്, മരിക്കേണ്ടി വന്നാലും പിന്മാറില്ലെന്ന് അവളെ ഉറപ്പിച്ചു നിര്‍ത്തിയ ആ കരുത്ത് അതവള്‍ അനുഭവങ്ങള്‍ കൊണ്ട് സ്വായത്തമാക്കിയതാണ്. 

ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം. നമ്മുടെ പെണ്‍മക്കള്‍ വളര്‍ന്നു വരികയാണ്. മുന്നോട്ടുള്ള യാത്രയില്‍ അവരോരോരുത്തരും പ്രകാശം പരത്തുന്ന പെണ്‍കുട്ടികളാകണമെങ്കില്‍ അവരുടെ വഴികളില്‍ ആദ്യം പ്രകാശമാകാന്‍ നമുക്ക് കഴിയണം. നാളെ സമാധാനത്തിന്റെ, സ്വാതന്ത്രത്തിന്റെ പുരസ്‌കാരങ്ങള്‍ അവരിലൂടെ അടയാളപ്പെടണമെങ്കില്‍ നേരിന്റെ നിറവുള്ള പാതയിലൂടെ നമ്മളവരെ കൈപിടിച്ചു നടത്തണം. അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നടക്കാന്‍, അവകാശങ്ങള്‍ക്കു വേണ്ടി ഉറക്കെ സംസാരിക്കാന്‍ അവരെ പഠിപ്പിക്കണം. പെണ്‍കുട്ടിയാണെന്ന കാരണത്താല്‍ ഒരിടത്തും മാറ്റി നിര്‍ത്തപ്പെടേണ്ടതില്ലെന്ന്, ഒരിടത്തും മാറി നില്‍ക്കരുതെന്ന് ബോധ്യപ്പെടുത്തണം. 

പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിന് അവര്‍ക്കായി ഒരു ദിവസം. 'നമ്മുടെ സമയം ഇപ്പോഴാണ്, നമ്മുടെ അവകാശങ്ങള്‍, നമ്മുടെ ഭാവി' എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ തീം. ഇത്തവണ ഈ ദിനം വീണ്ടുമെത്തുമ്പോള്‍ ബന്ദികളാക്കപ്പെട്ട, കൊല്ലപ്പെട്ട ഒരുപാട് പെണ്‍ കുരുന്നുകള്‍ ലോകത്തിന്റെ നെറുകയില്‍ കണ്ണീര്‍ക്കണമാകുന്നുണ്ട്. യുദ്ധത്തിന്റെ ഇരകളെപ്പോഴും നിരപരാധികളായിരിക്കും. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരുപാടു പെണ്‍കുഞ്ഞുങ്ങളുടെ വിലാപത്തിന്റെ നേര്‍ത്ത ശബ്ദത്തില്‍ ഇത്തവണ ഈ ദിനത്തിന്റെ പകിട്ടു മങ്ങിപ്പോകുന്നു.

A Daughter's Journey with Her Jailed Activist Mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com