ADVERTISEMENT

ഉയര്‍ന്ന സാക്ഷരതാ നിരക്കിലും വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നതിലും പേര് കേട്ടവരാണ് മലയാളികള്‍. കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം ഭാവിയില്‍ അവര്‍ തെരഞ്ഞെടുക്കേണ്ട തൊഴില്‍ മേഖല ഏത് വേണം എന്ന് തിരഞ്ഞെടുക്കുന്നതിലും കേരളത്തിലെ മാതാപിതാക്കള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. മാതാപിതാക്കളുടെ അനുഭവസമ്പത്തില്‍ ഊന്നിയ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് വലിയ സഹായമാണെങ്കിലും ചില സമയങ്ങളില്‍ അത് ഇരുതല മൂര്‍ച്ചയുള്ള വാളായിരിക്കാം. 

സഹായ മാര്‍ഗ്ഗനിര്‍ദ്ദേശം:  
കുട്ടികള്‍ ഭാവിയില്‍ എന്ത് ജോലിയാണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നതില്‍ കേരളത്തിലെ മാതാപിതാക്കള്‍ക്കുള്ള സ്വാധീനം വളരെ വലുതാണ്. പലപ്പോഴും സ്വന്തം അനുഭവങ്ങളുടെയും മക്കളെ കുറിച്ചുള്ള ആഗ്രഹങ്ങളുടേയും ആകെത്തുകയായിരിക്കും അവര്‍ മുന്നോട്ടു വെക്കുന്ന തൊഴില്‍ മേഖലകള്‍. മക്കളെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങളില്‍ നിന്ന് അവര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ കുട്ടികളുടെ ജീവിതത്തില്‍ സ്ഥിരതയും വിജയവും ഉറപ്പാക്കുന്നതില്‍ ശ്രദ്ധ വെക്കുന്നു. ഇത് പലപ്പോഴും സുസ്ഥിര മേഖലകളായി കരുതപ്പെടുന്ന മെഡിസിന്‍, എഞ്ചിനീയറിംഗ്, സിവില്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലേക്ക് ശ്രദ്ധ തിരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.

സാംസ്‌കാരിക പ്രതീക്ഷകള്‍: 
സുസ്ഥിര മേഖലകളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കുന്നതിനൊപ്പം പലപ്പോഴും കേരളസമൂഹം ചില തൊഴിലുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു എന്നതാണ് വാസ്തവം. അവയെ അന്തസ്സിന്റെയും വിജയത്തിന്റെയും അടയാളങ്ങളായി കാണുന്നു. ചില തൊഴിലുകള്‍ അന്തസ്സുള്ളവയും ചിലത് അന്തസ്സില്ലാത്തതുമായി കരുതുന്നു. പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ഭാവിയില്‍ ഒരു ഡോക്ടറോ, നഴ്സോ, എഞ്ചിനിയറോ ആക്കാന്‍ ശ്രമിക്കുന്നത് ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയും സമൂഹത്തില്‍ അവര്‍ക്ക് ഉയര്‍ന്ന നിലയും ഉണ്ടാകുന്നതിനാണ്.

സമ്മര്‍ദ്ദവും യാഥാര്‍ത്ഥ്യമാകാത്ത സ്വപ്നങ്ങളും: 
തൊഴിലുകള്‍ തമ്മിലുള്ള ഈ തരംതിരിവുകള്‍ കുട്ടികളെ തങ്ങളുടെ സ്വപ്നങ്ങള്‍ ഉപേക്ഷിച്ചു മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ജോലികള്‍ തിരെഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കുന്നു. ഒപ്പം മാതാപിതാക്കളുടെ പ്രതീക്ഷകളുടെ ഭാരം കുട്ടികളെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുകയും അവരുടെ യഥാര്‍ത്ഥ ആഗ്രഹങ്ങള്‍ പിന്തുടരുന്നതിന് തടസ്സമാകുകയും ചെയ്യും. ഇത് മാനസികമായ പിരിമുറുക്കത്തിലേക്കും ഭാവിയില്‍ ഇഷ്ടമില്ലാത്ത ജോലി ചെയ്യേണ്ടി വരുന്നതിന്റെ നിവൃത്തികേടിലേക്കും നിരാശയിലേക്കും പല ചെറുപ്പക്കാരെയും എത്തിക്കുന്നു.

സന്തുലിത അഭിലാഷങ്ങള്‍: 
ഈ പ്രശ്‌നം പരിഹരിക്കുന്നതിന്, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന ആശയവിനിമയം അത്യന്താപേക്ഷിതമാണ്. മാതാപിതാക്കള്‍ കുട്ടികളുടെ തൊഴില്‍ അഭിലാഷങ്ങളും അവരുടെ താല്‍പ്പര്യങ്ങളും പരിഗണിക്കുകയും അവ പരിപോഷിപ്പിക്കുന്നതിനായി പരിശ്രമിക്കുകയും വേണം. നിരവധി പുതിയ തൊഴില്‍ മേഖലകള്‍ വളര്‍ന്ന് വരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ ആഗ്രഹങ്ങള്‍ കൂടെ കണക്കിലെടുത്തു അവര്‍ക്കനുയോജ്യമായ ജോലി കണ്ടെത്തുവാന്‍ അവരെ സഹായിക്കണം. കുട്ടികളുടെ വ്യക്തിഗത കഴിവുകളെ ബഹുമാനിക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളുടെ മനസ്സിനിണങ്ങുന്ന തൊഴില്‍ മേഖല കണ്ടെത്താനും മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തില്‍ കുട്ടികള്‍ ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നതിലെ സമ്മര്‍ദ്ദം ഇല്ലാതാക്കാനും കഴിയും.

English Summary:

The Impact of Parental Influence on Career Choice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com