കുട്ടികളിൽ സ്ക്രീന്‍ സമയം പരിമിതപ്പെടുത്തണോ? അതോ പ്രോത്സാഹിപ്പിക്കണോ?

Mail This Article
ആധുനിക കാലഘട്ടം ഡിജിറ്റല്‍ സ്ക്രീനുകളുടെ ലോകത്തിലാണ് കുഞ്ഞുങ്ങളെ വളരാന്‍ അനുവദിക്കുന്നത്. ഒരു ഫോണോ ലാപ്ടോപ്പോ ഒക്കെ കുഞ്ഞുങ്ങളുടെ കൈകളിലേക്ക് കൊടുത്തിട്ടു ജീവിതത്തിന്റെ തിരക്കിട്ട ഉത്തരവാദിത്വങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. മണിക്കൂറുകള്‍ നീണ്ട സ്ക്രീന്‍ സമയം ആസ്വദിക്കുന്ന കുഞ്ഞുങ്ങള്‍ ഇന്ത്യയിലെ രക്ഷാകര്‍തൃത്വം നേരിടുന്ന വലിയൊരു വെല്ലിവിളി തന്നെയാണ്. ഡിജിറ്റല്‍ സ്ക്രീനുകള്‍ ലോകം കീഴടക്കുമ്പോള്‍, കുട്ടികളുടെ മാനസിക ആരോഗ്യത്തെ അത് മോശമായി ബാധിക്കുമോയെന്നത് മാതാപിതാക്കളുടെ പ്രധാന ആശങ്കയാണ്.
സ്ക്രീന്‍ സമയത്തിന് പിന്നിലെ ശാസ്ത്രം
അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് നടത്തിയ പഠനങ്ങള്‍ അമിതമായ സ്ക്രീന്‍ ഉപയോഗത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ ശാസ്ത്രീയ പഠനങ്ങള്‍ കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള സ്ക്രീന്‍ പരിധികള്‍ നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്ന് ഊന്നിപ്പറയുന്നു. കുഞ്ഞുങ്ങളുടെ അമിതമായ സ്ക്രീന്‍ ഉപയോഗം ഉറക്കമില്ലായ്മ, ഒരു കാര്യത്തിലും ശ്രദ്ധയില്ലായ്മ, അക്കാദമിക് വെല്ലുവിളികള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
സ്ക്രീനുകള്‍ പാടെ ഉപേക്ഷിക്കേണ്ടതുണ്ടോ?
ഡിജിറ്റല്‍ സ്ക്രീനുകള്‍ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള മാധ്യമമായും പ്രവര്‍ത്തിക്കാറുണ്ട്. കൊറോണ കാലഘട്ടത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ അതിന്റെ എല്ലാ ഗുണങ്ങളും അനുഭവിച്ചതാണ്. എന്നാല്‍ അനാവശ്യമായ, ബുദ്ധിശൂന്യമായ സ്ക്രീന്‍ സമയം കുട്ടികള്‍ക്ക് ദോഷകരമാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന രീതിയിലുള്ള സ്ക്രോളിംഗ്, വൈജ്ഞാനിക വികാസത്തെ തടസ്സപ്പെടുത്തുന്നുവെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷണം പറയുന്നു.
സ്ക്രീന്‍ സമയം പരിമിതപ്പെടുത്തണോ അതോ സാങ്കേതിക ഉപയോഗം പ്രോത്സാഹിപ്പിക്കണോ?
ഡിജിറ്റല്‍ സ്ക്രീനുകളുടെ പോസിറ്റീവും നെഗറ്റീവും തിരിച്ചറിയുന്ന മാതാപിതാക്കള്‍ അവസാനം എത്തിച്ചേരുന്നത് ഒരു സംശയത്തിലേക്കാണ്. കുട്ടികളുടെ സ്ക്രീന്‍ സമയം പരിമിതപ്പെടുത്തണോ അതോ അവരുടെ സാങ്കേതിക ഉപയോഗം പ്രോത്സാഹിപ്പിക്കണോ? കുട്ടികളുടെ പ്രായവും ആവശ്യവുമനുസരിച്ചു ബുദ്ധിപരമായ ഒരു ബാലന്‍സ് സ്ക്രീന്‍ സമയത്തിന് കണ്ടെത്തുകയാണ് വേണ്ടത്. ഇവിടെ മാതാപിതാക്കളുടെ കൃത്യമായ ഇടപെടല്‍ നിര്‍ബദ്ധമാണ്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമ്പോള്‍ ശരിയായ ബാലന്‍സ് കണ്ടെത്താന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളാണ്.
ഓര്‍ത്തിരിക്കാന്‍ ചില കാര്യങ്ങള്‍
മാതാപിതാക്കള്‍ കുട്ടികളുടെ ഡിജിറ്റല്‍ ജീവിതത്തില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. സ്ക്രീനുകളുടെ ലോകത്ത് കുടുങ്ങിപ്പോകാതിരിക്കാന്‍ കുട്ടികളുടെ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം. കുട്ടികളില്‍ ഓഫ്ലൈന് ഹോബികള്‍ വളര്‍ത്തുന്നതും അവരുടെ സ്ക്രീന്‍ സമയം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ അതോടൊപ്പം വിദ്യാഭ്യാസത്തിനും മറ്റും സ്ക്രീനുകളുടെ ഗുണങ്ങള്‍ ഉപയോഗപ്പെടുത്താനും മാതാപിതാക്കള്‍ക്കാവണം.