ADVERTISEMENT

കാലം അതിവേഗത്തിൽ പുരോഗമിച്ചപ്പോൾ ഫോൺ നമ്മുടെ കൈയിലൊതുങ്ങി. ഒരു വീട്ടിൽ ഒരു ഫോൺ എന്ന പഴയ ചരിത്രം തന്നെ മാറി. ഒരു വ്യക്തിക്ക് തന്നെ രണ്ടും മൂന്നും ഫോൺ ആയി തുടങ്ങി. ഒരു ഫോൺ പോലുമില്ലാത്തവരെ മഷിയിട്ട് നോക്കിയാൽ കാണാത്ത കാലമായി. പക്ഷേ, മാതാപിതാക്കൾ ഈ ഫോണിനു മുകളിൽ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ വീടുകളുടെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടു പോകുന്നത് കുരുന്ന് ബാല്യങ്ങളാണ്.

വളരുന്ന പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് ഏറ്റവും അധികം വേണ്ടത് മാതാപിതാക്കളുടെ സാന്നിധ്യവും അവരുടെ സജീവമായ ഇടപെടലുമാണ്. കളിക്കാനും കഥ പറയാനും മാതാപിതാക്കൾ ഒപ്പം ചേരുമ്പോൾ മാനസികമായി കരുത്തുള്ള കുഞ്ഞുങ്ങൾ കൂടിയാണ്. അച്ഛനും അമ്മയും ഫോൺ താഴെ വെച്ച് തങ്ങൾക്കൊപ്പം ചേരുമ്പോൾ കുട്ടികൾക്ക് കൂടുതൽ സുരക്ഷയും തങ്ങൾ പരിഗണിക്കപ്പെടുന്നുവെന്ന തോന്നലും ഉണ്ടാകും.

അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞ് അടുത്തെത്തുമ്പോൾ മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നതും കുഞ്ഞ് അരികിലെത്തുമ്പോൾ കുഞ്ഞിന് മാത്രം ശ്രദ്ധ കൊടുക്കുന്നതും തമ്മിലുള്ള വ്യത്യാസമാണ് വിഡിയോയിൽ കാണിക്കുന്നത്. ആദ്യത്തെ വിഡിയോയിൽ മൊബൈൽ നോക്കിയിരിക്കുന്ന അച്ഛന് അരികിലേക്ക് കുഞ്ഞ് എത്തുന്നതും മൊബൈൽ കൈയിൽ ഇല്ലാത്ത അച്ഛൻ അരികിലേക്ക് കുഞ്ഞ് എത്തുന്നതുമാണ് ചിത്രീകരിച്ചിരുന്നത്.

മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്ന അച്ഛന് അരികിലേക്ക് എത്തുമ്പോൾ കുഞ്ഞിന്റെ മുഖത്ത് ചെറിയൊരു ഭയമുണ്ട്. വളരെ പതിയെ നടന്നുവന്ന് അച്ഛൻ നോക്കിക്കൊണ്ടിരിക്കുന്ന ഫോണിലേക്ക് നോക്കുന്ന കുഞ്ഞ് സാവധാനം ഫോൺ കരസ്ഥമാക്കുകയാണ്. അച്ഛന്റെ മുഖത്തേക്ക് ഒന്ന് കൂടി നോക്കി ഫോണുമായി പുറത്തേക്ക് പോകുകയാണ് കുഞ്ഞ്. എന്നാൽ, അതേ അച്ഛൻ ഫോൺ കൈയിൽ ഇല്ലാതെ ഇരിക്കുമ്പോൾ മുറിയുടെ വാതിൽക്കൽ എത്തുമ്പോൾ തന്നെ കുഞ്ഞ് കൈ ഉയർത്തി കാണിക്കുകയാണ്. അച്ഛൻ ഇരുകൈയും നീട്ടി നിൽക്കുമ്പോൾ കുഞ്ഞ് ഓടിയെത്തുകയും അച്ഛൻ വാരിയെടുത്ത് സ്നേഹചുംബനം നൽകുകയും ചെയ്യുന്നു. സന്തോഷത്തോടെ കുഞ്ഞ് തിരികെ ഓടിപ്പോവുകയാണ്.

രണ്ടാമത്തെ വിഡിയോയിൽ കുഞ്ഞിനെ എടുത്തുകൊണ്ടു വരുന്ന സമയത്തുള്ള വ്യത്യസ്ത നിമിഷങ്ങളാണ് കാണിക്കുന്നത്. ഫോണിൽ നോക്കിക്കൊണ്ട് അച്ഛൻ കുഞ്ഞിനെ എടുത്തുകൊണ്ടു വരുമ്പോൾ കുഞ്ഞും ഫോണിൽ നോക്കി തന്നെ ഇരിക്കുകയാണ്. എന്നാൽ, ഫോൺ കൈയിലില്ലാത് കുഞ്ഞിനെ കളിപ്പിച്ച് കൊണ്ട് അച്ഛൻ എടുത്തുകൊണ്ടു വരുമ്പോൾ കു‍ഞ്ഞ് ചിരിക്കുന്നതും പിതാവിന്റെ സ്നേഹപ്രകടനം ആസ്വദിക്കുന്നതും കാണാം.

അടുത്ത രണ്ടു വിഡിയോയിലും കുഞ്ഞിനൊപ്പം അച്ഛൻ കളിക്കാൻ ചേരുന്നതും, കളിക്കാൻ ചേരാതെ മൊബൈലിൽ നോക്കിയിരിക്കുന്നതുമാണ്. അച്ഛൻ മൊബൈലിൽ നോക്കിയിരിക്കുന്ന വിഡിയോയിൽ കുഞ്ഞ് തനിയെ കളിക്കാൻ ശ്രമിക്കുന്നതും മുഖത്ത് ചെറിയ സങ്കടവും കാണാം. അച്ഛൻ കളിക്കാൻ ഒപ്പം ചേരുമ്പോൾ കുഞ്ഞ് ചിരിക്കുകയും കളി ആസ്വദിക്കുകയും അഭിമാനത്തോടെ നോക്കുന്നതും കാണാം.

സോഷ്യൽ മീഡിയയിൽ വലിയ വരവേൽപ്പ് ആണ് ഈ വിഡിയോയ്ക്ക് ലഭിച്ചത്. ഇത് കണ്ണു തുറപ്പിക്കുന്ന വിഡിയോ ആണെന്നാണ് ചിലർ കുറിച്ചത്. ഏതായാലും മക്കളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കുമെന്നും മക്കൾ വരുമ്പോൾ ഫോൺ താഴെ വെക്കുമെന്നും ചിലർ തീരുമാനിച്ചു കഴിഞ്ഞു.

English Summary:

Viral video reveals eye-opening effects of phone-free parenting on babies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com