ADVERTISEMENT

വീട്ടിൽ നിന്ന് ജോലിക്കോ അത്യാവശ്യകാര്യങ്ങൾക്കോ പുറത്തേക്ക് പോകേണ്ടി വരുമ്പോൾ പലപ്പോഴും കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാൻ മാതാപിതാക്കൾക്ക് കഴിയാറില്ല. കുഞ്ഞുങ്ങളുടെ പിണക്കവും വഴക്കും കരച്ചിലും വീടു വിട്ടിറങ്ങാൻ മടിയായതുകൊണ്ട് അവരെ തത്കാലത്തേക്ക് ഒന്നു മാറ്റിനിർത്താൻ വീട്ടിലെ മറ്റ് അംഗങ്ങളോട് പല മാതാപിതാക്കളും ആവശ്യപ്പെടാറുണ്ട്. ഇപ്പോഴും പല വീടുകളിലെയും പതിവു കാഴ്ചയാണിത്. എന്നാൽ ഇത്തരത്തിൽ കുഞ്ഞുങ്ങളെ മാറ്റി നിർത്തേണ്ട കാര്യമില്ലെന്നും അത് അവരിൽ അരക്ഷിതബോധം വർധിപ്പിക്കുമെന്നും തിരിച്ചു വരുമെന്ന് കുട്ടികൾക്ക് ഉറപ്പു കൊടുത്തു കൊണ്ട് അവർക്കു മുന്നിലൂടെ തന്നെ പോകണമെന്നും പറയുകയാണ് അവതാരികയും നടിയുമായ അശ്വതി ശ്രീകാന്ത്. 

മൂത്തമകൾ പദ്മ കുഞ്ഞായിരിക്കുമ്പോൾ  വീട്ടിൽ നിന്നും ജോലിക്കു പൊയ്‌ക്കൊണ്ടിരുന്നത് ഒളിച്ചായിരുന്നു എന്നും അവളുടെ കരച്ചിൽ കണ്ടുകൊണ്ടു പോകുക എന്നത് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു എന്നും അശ്വതി പറയുന്നു. ആ സമയങ്ങളിൽ പദ്മ കരയാതിരിക്കുന്നതിനു വേണ്ടി തന്റെ അടുത്ത് നിന്നും മാറ്റിയിരുന്നുവെന്നും അത് അവളിലെ ഇൻസെക്യൂരിറ്റി വർധിപ്പിച്ചു എന്നും പിന്നെ അമ്മ തന്നെ തനിച്ചാക്കി പോകുമോ എന്ന് പേടിച്ചവൾ കൂടുതൽ കൂടുതൽ ഒട്ടിപ്പിടിക്കുകയും ചെയ്തുവെന്നും അശ്വതി പറയുന്നു. ആ അനുഭവം ഉള്ളതുകൊണ്ട്  ഇളയ മകൾ കമല ജനിച്ചപ്പോൾ സ്ട്രാറ്റജി മാറ്റി.  കരഞ്ഞാലും വേണ്ടില്ല, ജോലിക്കു പോകുകയാണെന്നും തിരിച്ചു വരുമെന്നും ഉറപ്പ് കൊടുത്തു കൊണ്ട് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങി. അതുകൊണ്ടു തന്നെ കമലയ്ക്കു തന്റെ അടുത്തു നിന്നും മാറി നിൽക്കുന്നതിൽ ഒട്ടും വിശ്വാസക്കുറവില്ലെന്നും അശ്വതി കൂട്ടിച്ചേർക്കുന്നു. 

മകൾ കമലയ്‌ക്കൊപ്പമുള്ള ഒരു വിഡിയോ കൂടി പങ്കുവെച്ചു കൊണ്ടാണ് അശ്വതി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘അമ്മ ജോലിയ്ക്ക് പൊയ്‌ക്കോട്ടെ’ എന്ന ചോദ്യത്തിന് ആദ്യമുത്തരം നോ എന്നാണെങ്കിലും ഒടുവിൽ ഉമ്മ കൂടി നൽകിയാണ് കമല അമ്മയെ യാത്രയാക്കുന്നത്. വിഡിയോയുടെ താഴെ  നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് കുറിപ്പുകൾ എഴുതിയിരിക്കുന്നത്. തങ്ങളുടെ അനുഭവവും ഏകദേശം ഇത് പോലെ തന്നെയാണെന്നും ഇപ്പോൾ മക്കൾ അതിനു അനുസരിച്ച് അഡ്ജസ്റ്റ് ആയെന്നും ചിലർ എഴുതിയിട്ടുണ്ട്.

Content Summary:

Actress Aswathi Sreekanth's Insights on Preventing Separation Anxiety in Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com