ADVERTISEMENT

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസവും വാക്കുതര്‍ക്കവുമൊക്കെ അസാധാരണമായ കാര്യമല്ല. ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കളും കുട്ടികളും നിയന്ത്രണം വിട്ട് അവര്‍ക്ക് തോന്നിയതൊക്കെ പറയുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകാറുണ്ട്. സ്വന്തം മക്കളാണെങ്കിലും തങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാകുമ്പോള്‍ പല മാതാപിതാക്കളുടെയും നിയന്ത്രണം പോകും. കോപം കൊണ്ട് കണ്ണ് കാണാതായാല്‍ പിന്നെ മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങളും കൈവിട്ടതാകും. ഇങ്ങനെ പറയുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി തന്നെ നശിപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്. മാതാപിതാക്കള്‍ കുട്ടികളോട് പറയാന്‍ പാടില്ലാത്ത നാല് കാര്യങ്ങള്‍ നോക്കാം.

നിന്റെ ചേട്ടനെ നോക്ക്, നിനക്ക് അവനെപ്പോലെ ആയാലെന്താ / നീ നിന്റെ അപ്പന്റെ പോലെ തന്നെ 
കുട്ടികള്‍ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോള്‍ ചില മാതാപിതാക്കള്‍ തങ്ങളുടെ പങ്കാളികളുമായി അവരെ താരതമ്യം ചെയ്യാറുണ്ട്. ഈ താരതമ്യപ്പെടുത്തലില്‍ പങ്കാളി അല്പം മോശം കഥാപാത്രമായിരിക്കും. അതായത് കുട്ടിയോട് പറയുകയാണ് നീ നിന്റെ അപ്പനെപ്പോലെ/അമ്മയെപ്പോലെ മോശമാണെന്ന്. അല്ലെങ്കില്‍ നന്നായി പഠിക്കുന്ന ചേച്ചിയെ കാണിച്ചു കൊണ്ട് അനിയനോട് പറയും. നിന്നെ എന്തിന് കൊള്ളാം, അവളെ കണ്ടു പഠിക്ക്. ഏറെക്കുറെ സ്ഫടികം സിനിമയിലെ ചാക്കോ മാഷിനെപ്പോലെ. താരതമ്യപ്പെടുത്തലുകള്‍ മുതിര്‍ന്നവര്‍ക്കെന്നത് പോലെ കുഞ്ഞുങ്ങള്‍ക്കും തീരെ ഇഷ്ടമുള്ള കാര്യമല്ല. ഇത്തരം താരതമ്യപ്പെടുത്തലുകള്‍ അവര്‍ക്ക് യാതൊരു നന്മയും ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

നിന്നെ കൊണ്ട് ഞാന്‍ തോറ്റു, എനിക്ക് വേണ്ട നിന്നെ 
കുട്ടികളുടെ വികൃതി കാരണം ചില മാതാപിതാക്കള്‍ 'നിന്നെ കൊണ്ട് ഞാന്‍ തോറ്റു, എനിക്ക് നിന്നെ വേണ്ട' തുടങ്ങിയ പ്രതികരണങ്ങള്‍ കുട്ടികളോട് നടത്താറുണ്ട്. ഇത് കേള്‍ക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും. തങ്ങള്‍ക്ക് സ്‌നേഹവും സംരക്ഷവും ആഹാരവും വസ്ത്രവും എല്ലാം നല്‍കുന്ന മാതാപിതാക്കള്‍ അവരോടു പറയുകയാണ്. നിന്നെ എനിക്ക് വേണ്ടെന്ന്, നിന്നെക്കൊണ്ടു ഞാന്‍ മടുത്തെന്ന്. പിന്നെ ഈ കുട്ടികളുടെ പിടിവള്ളിയെന്താണ്. സ്ഥിരമായി ഇങ്ങനെ കേള്‍ക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്താണ്. അതവരുടെ ജീവിതത്തിലെ വലിയ മുറിവായിരിക്കും, മാതാപിതാക്കളോടുള്ള ബന്ധം പിളര്‍ത്താന്‍ കെല്‍പ്പുള്ള മുറിവ്.

എനിക്ക് നിന്നെ ഇഷ്ടമല്ല 
ഒരു വഴക്കില്‍ ജയിക്കാന്‍ വേണ്ടി എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന് പറയുന്ന മാതാപിതാക്കള്‍ അവരുടെ കുട്ടിയുടെ പക്വതയിലേക്ക് തരം താഴുകയാണ്. കുട്ടികള്‍ അവരുടെ പക്വതയില്ലായ്മയില്‍ നിന്നും എനിക്ക് അച്ഛനെ/അമ്മയെ ഇഷ്ടമല്ലെന്ന് പറയുമ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കുന്ന മാതാപിതാക്കള്‍ തങ്ങള്‍ അവരുടെ സമപ്രായക്കാരായ കുട്ടികളെപ്പോലെ പെരുമാറരുത് എന്ന കാര്യം മറന്ന് പോകരുത്.

നിനക്ക് ബുദ്ധിയില്ലേ, എന്ത് മണ്ടനാണ് നീ
കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ മാതാപിതാക്കളുടെ വാക്കുകള്‍ക്കാവും. കുഞ്ഞുങ്ങളുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നിനക്ക് ബുദ്ധിയില്ലേ, നീ മണ്ടനാണോ എന്നൊക്കെ ചോദിക്കുന്ന മാതാപിതാക്കളും നമുക്കിടയിലുണ്ട്. മാതാപിതാക്കള്‍ ഇങ്ങനെ പറയുമ്പോള്‍ കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം വേരോടെ പിഴുതെടുക്കപ്പെടുകയാണ്.

കുഞ്ഞുങ്ങളുമായുള്ള ബന്ധത്തില്‍ പിടി വിട്ടു പോകുന്ന നിമിഷങ്ങള്‍ എല്ലാ മാതാപിതാക്കളുടെയും ജീവിതത്തില്‍ ഉണ്ടാകും. പക്ഷെ, പക്വമതികളായ മാതാപിതാക്കള്‍ക്ക് നൂല് പൊട്ടിയ പട്ടം പോലെ തങ്ങളുടെ മക്കളോട് പ്രതികരിക്കാനാവില്ല. മറ്റുള്ള കഴിവുകള്‍ പോലെ തന്നെ കുഞ്ഞുങ്ങളോട് നിയന്ത്രണത്തോടെ പെരുമാറാനുള്ള കഴിവ് കൂടി വളര്‍ത്തിയെടുക്കാനും എല്ലാ മാതാപിതാക്കള്‍ക്കും കഴിയണം.

English Summary:

Four harmful phrases parents should never say to their children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com